ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- അദ്ധ്യായം: 20

This post is part of the series യാത്രാവിവരണം

 

 

ഞങ്ങൾ വന്ന കാലത്ത്, മാമോഹാവു ഹൈസ്കൂൾ അധികം പുരോഗമിച്ചിട്ടില്ലാത്ത ഒരു വിദ്യാലയമായിരുന്നു.

 

 

 

ഞങ്ങൾ അവിടെയെത്തി പിറ്റേദിവസം തന്നെ പ്രിൻസിപ്പൽ കോആഡി മൊയ്‌മയെ കണ്ട് തമ്മിൽ പരിചയപ്പെടുത്തി ഭാനുസ്സർ. (Koali Moima – ല്സോത്തോയിലെ Sesotho ഇംഗ്ലീഷ് alphabets ഉപയോഗിച്ചു എഴുതുമ്പോൾ ഡി എന്ന ശബ്ദം കിട്ടാൻ, Li എഴുതണം. സൗത്ത് ആഫ്രിക്കൻ Sesotho ൽ Di എന്നെഴുതും).

ല്സോത്തോയുടെ ആചാരമനുസ്സരിച്ചു മുതിർന്നവരെയും ആദരണീയരെയും ന്റാറ്റെ (Ntate – അച്ഛൻ), മ്മേ (Mme’ – അമ്മ) എന്നാണ് അഭിസംബോധനചെയ്യേണ്ടത്.

നമ്മുടെ നാട്ടിലെങ്കിൽ വരണോരേം പോണോരേം ചേട്ടാ, ചേച്ചീ എന്നൊക്കെയാവും മിക്കവാറും വിളിക്കുക. സ്വരഭേദം നോക്കി അതിൽ അടുപ്പമോ അടുപ്പമില്ലായ്മയോ യാന്ത്രിക ഭാവമോ അസഹിഷ്ണുതയോ എല്ലാം ശ്രോതാക്കൾ ഊഹിച്ചുകൊള്ളണം. പിന്നെ പ്രാദേശിക വകഭേദങ്ങളും ഉണ്ടാകാം. മാഷ് എന്നതും സർവ്വസാധാരണമാണല്ലോ (എനിക്കു മടിയാണ് അങ്ങനെ വിളിക്കുവാൻ. പക്ഷേ, ഇപ്പോൾ ശീലമായി. ചേട്ടൻ, ചേച്ചി എന്നൊക്കെ വിളിക്കണമെങ്കിൽ മാനസികമായ അടുപ്പം ഉണ്ടായിവരണം).

പ്രവാസിയായതിൽപിന്നെ, Mr, Mrs, Miss ചേർത്തും Sir ചേർത്തും പിന്നീട് അക്കാദമികലോകത്ത് എത്തിയശേഷം പ്രഫസർ, ഡോക്ടർ എന്നിങ്ങനെയും മിക്കവാറും അഭിസംബോധന ചെയ്യുന്ന രീതിയും ശീലമായി. ല്സോത്തോയിൽ പക്ഷെ ഏറ്റവും സാർവജനീയമായതും എളുപ്പത്തിൽ ഹൃദിസ്ഥമായതും അവരുടെ ആചാരത്തിൽ അധിഷ്ഠിതമായ, എളിമയോടെയുള്ള, അച്ഛാ, അമ്മേ എന്ന രീതിയാണ്. ജനിച്ചനാൾ മുതലേ വേരുറച്ച ഒരുപാട് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവരുടെ രക്തത്തിൽ അങ്ങനെ അലിഞ്ഞു ചേർന്നിട്ടുണ്ട്. എല്ലാം വഴിയേപറയാം.

ഏതായാലും ന്റാറ്റെ മൊയ്മയെ കണ്ടു, പരിചയപ്പെടുത്തി അന്നുതന്നെ ഭാനുസ്സാർ സൗത്ത് ആഫ്രിക്കയിലേക്ക് പോയി. അദ്ദേഹത്തിന് അവിടെ ജോലികിട്ടിയിരുന്നു ആയിടയ്ക്ക്. ഇനി ഞങ്ങളായി, ഞങ്ങളുടെ പാടായി.

ഞങ്ങളുടെ പ്രിൻസിപ്പൽ,  ന്റാറ്റെ മൊയ്‌മ നല്ല ബുദ്ധിയും സാമാർത്ഥ്യം ഉള്ള വ്യക്തി ആണ്. ഇന്ന് അദ്ദേഹം അറിയപ്പെടുന്ന ഒരു രാഷ്ട്രീയനേതാവുമാണ്. മാമോഹാവുവിൽ ഉണ്ടായിരുന്ന എന്റെ നല്ല ഒരു സുഹൃത്ത്, മൊയ്‌മയുടെ ഡെപ്യൂട്ടി പ്രിൻസിപ്പൽ ആയിരുന്ന ന്റാറ്റെ മോആഖി (Moakhi) യും രാഷ്ട്രീയത്തിൽ തന്നെയാണ് ഇന്ന്. എംപിയും മന്ത്രിയുമായി വിലസുന്നു. കൂട്ടത്തിൽ പറയട്ടെ, എന്റെ ഒരു പൂർവ്വ വിദ്യാർഥിയും ഇവിടെ ഒരു വർഷം മുൻപുള്ള സർക്കാരിന്റെ മന്ത്രിസഭയിൽ മന്ത്രിയായിയിരുന്നു. കഴിവും അർപ്പണബോധവും ഉള്ള വ്യക്തികൾക്ക് ഏറെ ഉയരങ്ങൾ താണ്ടുവാൻ കഴിയുന്ന വളക്കൂറുള്ള മണ്ണാണ് ല്സോത്തോ.

മൊയ്‌മയെ പരിചയപ്പെട്ടപ്പോൾ ഉള്ള കാര്യം പറഞ്ഞു. കുക്കിംഗ്‌ ഗ്യാസ്, പലചരക്ക് ഒക്കെ വേണം, ശമ്പളം അഡ്വാൻസ് വേണം. അല്ലെങ്കിൽ കട്ടപ്പൊകയാകും, ജീവിതം!
കിട്ടി. പിന്നെ സ്കൂളിന്റെ വക എണ്ണ, ഗോതമ്പ് മാവ്,  ചോളപ്പൊടി, പഞ്ചസാര, ഉപ്പ്‌ തുടങ്ങിയവ. പോരേ. വിജയനും ഞാനും ഒരുമിച്ചായിരുന്നു താമസം.

അന്നെല്ലാം ല്സോത്തോയിലെ മിക്കവാറും എല്ലാ സ്‌കൂളുകളും കുട്ടികൾക്കായി ഹോസ്റ്റൽ നടത്തിയിരുന്നു. കണ്ടാൽ കഷ്ടം തോന്നുംവിധമാണ് അതിന്റെ അവസ്ഥ. ദൂരെയുള്ള പലേ ഗ്രാമങ്ങളിൽനിന്നുമാണ് കുട്ടികൾ പഠിക്കുവാൻ വരുന്നത്. പട്ടണത്തിലാണെങ്കിലും മാതാപിതാക്കൾ ജോലിത്തിരക്കുമൂലം ദൂരെയിടങ്ങളിൽ പോകുന്നതിനാൽ കുട്ടികളുടെ ചുമതല വീട്ടിൽ താമസിക്കുന്ന വൃദ്ധർക്കോ മറ്റു ബന്ധുജനങ്ങൾക്കോ ആകും.

ഇന്നും ഏകദേശം ഈ ഒരു ജീവിതരീതിയാണ് ഇവിടെ. അതിന്റെ ഒരു ഗുണം എന്നാണെന്ന് വച്ചാൽ, കുട്ടികൾ സ്വതന്ത്രചിന്താഗതിയിൽ വളരും. ബാല്യകാലത്തിൽ തന്നെ കുട്ടികൾ ഹോസ്റ്റലിൽ പഠിക്കുന്ന രീതിയും ഉണ്ട്. ഓർത്താൽ കഷ്ടം തോന്നും. നമ്മുടെയെല്ലാം കുട്ടികളെ ലാളിച്ചു വഷളാക്കും നമ്മളിൽ (മലയാളികൾ) പലരും. എന്തുചോദിച്ചാലും കൊടുക്കും. ഇല്ല എന്ന ഉത്തരം കേൾക്കാൻ നമ്മുടെ കുട്ടികൾ ശീലിച്ചിട്ടുമില്ല. അതിന്റെ ദോഷം നമ്മുടെ സമൂഹത്തിൽ കാണാനുമുണ്ട്. എന്റെയെല്ലാം യൗവനകാലത്തു പക്ഷേ വട്ടച്ചിലവിനു ഞാൻ ട്യൂഷൻ എടുക്കുമായിരുന്നു. കണക്കിനോടുള്ള പ്രത്യേകതാല്പര്യംകൊണ്ട്, എന്നെ അറിയാവുന്ന മാതാപിതാക്കൾ അവരുടെ കുട്ടികളെ കണക്ക് പഠിപ്പിക്കുവാനും എന്നെ വിളിക്കും. അതൊരു വല്ലാത്ത കാലമായിരുന്നു.

നമുക്ക്, നമ്മുടെ കുട്ടികളിലേക്ക് വരാം. നിത്യചൈതന്യയതിയുടെ ഒരു നിരീക്ഷണം ഇതേകുറിച്ചുണ്ട്. പാശ്ചാത്യരുടെ കുട്ടികൾ വളരെ സ്വാതന്ത്ര്യം അനുഭവിച്ചും കൊണ്ടൊരു ലോകം സ്വയം തീർക്കുമ്പോൾ നമ്മുടെ കുട്ടികൾ പരാന്നജീവികളെപ്പോലെ മറ്റുള്ളവരെ ആശ്രയിക്കുകയും ഒരു വികാര ജീവിയായി, പ്രദർശനജീവി ആയി മാറുകയും ചെയ്യുന്നുവത്രേ. രണ്ടവസ്ഥകളുടെയും ഒരു മധ്യമപാതയാവാം സമൂഹത്തിനു ഇന്ന് ആവശ്യം!

നമ്മുടെ നാട്ടിലെ പഴയകാലത്തെ തറവാട്ടുരീതിയാണ് ഇവിടെയും. കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാൻ കുടുംബനാഥൻ ഇല്ലെങ്കിൽ അയൽവക്കകൂട്ടവും (Mokhotsi) തയ്യാറാകും. സൗത്ത് ആഫ്രിക്കയിലെ ഖനികളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്നവരാണ് ഇവിടെയുള്ള ഭൂരിപക്ഷം പുരുഷന്മാരും. അതുകൊണ്ടുതന്നെ സ്ത്രീകൾക്കായിരുന്നു പല കുടുംബങ്ങളുടെയും നടത്തിപ്പ് ചുമതല.

ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും സ്ത്രീകളെയും കുട്ടികളുടെ ഗണത്തിലാണ് പാരമ്പര്യമായി കണക്കാക്കാക്കിയിരുന്നത്. ഉദ്യോഗസ്ഥരെങ്കിലും ഈയിടെവരെ, സ്ത്രീകൾക്ക് ബാങ്കിൽനിന്നും കടം എടുക്കുവാനുള്ള അവകാശം ഉണ്ടായിരുന്നില്ല ഈ നാട്ടിൽ!

അപ്പോൾ, പറഞ്ഞുവന്നത് സ്കൂൾ ഹോസ്റ്റലിനെക്കുറിച്ചാണ്. ഈ സ്‌കൂളുകൾക്കെല്ലാം WHO വഴി ഭക്ഷണം ഡോണേഷൻ ആയി കിട്ടുമായിരുന്നു  എല്ലാമാസവും. അതിലൊരു പങ്ക് അധ്യാപകർക്കും വീതിച്ചുകിട്ടും .
അങ്ങനെ, മിക്കവാറും ഒരു മാസം തള്ളിനീക്കുവാനുള്ള പലവ്യഞ്ജനങ്ങൾ ഒത്തു.

പലേ ബോർഡിങ്ങ് സ്കൂളുകൾക്കും കൃഷി ഒരു പഠനവിഷയം ആയിരുന്നതിനാൽ, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കും ഓരോ ചെറിയ പ്ലോട്ട് കിട്ടും. അവിടെ കൃഷി ചെയ്യാം.
ചുരുക്കത്തിൽ, അത്യാവശ്യം കൃഷിയുമൊക്കെയായി ഒരു അധ്യാപകന് ഭംഗിയായി താമസിക്കാം പരാശ്രയമില്ലാതെ, ഇവിടെ! അപ്പോൾ ശമ്പളം തൊടണ്ടാല്ലേ…
കേട്ടാൽ തോന്നും, ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ, അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്!
മുഗൾ ചക്രവർത്തി ജഹാംഗീറും പിന്നീട് നെഹ്‌റുവും കാശ്മീറിനെക്കുറിച്ചു പറഞ്ഞതാണിത്.
നിങ്ങൾ ഒരു സഞ്ചാരിയെങ്കിൽ ഭൂമിയുടെ എത് ഭാഗത്തുപോയാലും ഇത് പറയാം,
“If there is a paradise on earth, it is here, it is here, it is here”.

പക്ഷേ, പുതുമ മാറുമ്പോൾ, ജീവിച്ചുതുടങ്ങുമ്പോൾ മണ്ണിൽ കാലുറച്ചു നിവർന്നു നടക്കാൻ പഠിക്കണം! നാട്ടുകാർക്കൊപ്പം, നാടിനൊപ്പം! അതിജീവനത്തിന്റെ പ്രാഥമിക പാഠമാണ്.

=====

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here