വീടിൻ്റെ നവദ്വാരങ്ങളുടെ
എല്ലാ കൊളുത്തുകളും
പലതവണ ഊരിയും കൊളുത്തിയും
കൊണ്ടിരുന്നു അവൾ.
ഒരു പപ്പടം കാച്ചിത്തിന്നാൻ
തോന്നിയതും
തിളക്കുന്ന എണ്ണയിൽ
മുഴയ്ക്കുന്ന പപ്പടച്ചൂരിൽ
ഋതുക്കളാറും
വീടിനുള്ളിൽ നിറയുന്നതും
ഒപ്പമായിരുന്നു.
ഓരോ
പൊള്ളങ്ങളെയും
തഴുകുമ്പോൾ
വിരലറ്റത്ത് ചെറു ചൂട്
ഓരോ കവിളിലും
ചുണ്ടു ചേർത്തപ്പോൾ
എണ്ണയുടെ മണം
ചൂടിൻ്റെ കൊടുമുടിയിൽ
ഇലകൾ പൊഴിഞ്ഞ്
വേരുകളുടെ അറ്റത്ത്
തണുപ്പിൻ്റെ തടാകമുണ്ടായി
തൊട്ടിടത്തൊക്കെ
പായുന്ന പിണരുകൾ,
കിളിർക്കുന്ന മൊട്ടുകൾ,
പൊട്ടാൻ തുടിക്കുന്ന
ആത്മബിന്ദു
അപ്പോഴാണ് വാതിലിൽ മുട്ടുകേൾക്കുന്നത്
ഉsലാകെ പൂത്ത ചെടി
ഒന്നു ഞെട്ടിയപ്പോൾ
ഉതിർന്നു വീണ
ഉന്മാദഗന്ധം
പാതി തുറന്ന വാതിലിലൂടെ
ഉള്ളിലേക്ക് കൈ നീട്ടുകയാണ്
ഉച്ചവെയിൽ
ഇമയനങ്ങും മുമ്പത്
വസന്തത്തെ കയ്യടക്കി,
മറ്റോരോ ഋതുക്കളും
തന്നിൽ നിന്നടർന്ന്
വെയിലോടു ചേരുന്നത് കണ്ട്
ആരു വന്നാലും വാതിൽ തുറക്കരുതെന്ന
അമ്മക്കല്പന തെറ്റിച്ചല്ലോയെന്ന്
ഒറ്റയ്ക്ക് ഒരു പെൺകുട്ടി
ഓർക്കാതിരുന്നില്ല…