നോവായ് തുളുമ്പിച്ചിതറുമൊരു
രാമഴ
ബാധയായ് പിന്നാലെ കൂടി…
തേങ്ങിക്കരയുന്ന കുഞ്ഞിന്റെ
മേനിയിൽ
ബാധ കേറാതിരിക്കുവാൻ
പേമഴ തൂവാതിരിക്കുവാൻ
ആകാശം വീഴാതിരിക്കുവാൻ
സാരിത്തലപ്പിനാൽ മൂടി
ചുറ്റിലും നോക്കി-
യവൾ പേടിയോടെ…
ഏകാഗ്രയെങ്കിലും വിഹ്വലയായ്
പൊന്നു പൈതലേ മാറോടണച്ചും
മേഘമഴയുടെ മർമ്മരത്തിൽ
തടഞ്ഞെങ്ങോ നിറുത്തിയ
ഗദ്ഗദമഴയും
മിഴിനീർമഴയും
പുറംകയ്യാൽ ഗതിമാറ്റാൻ തുടച്ചും
കൂരിരുട്ടിൽ
ദിക്കറിയാതെയുഴറും
ചകോരിപോൽ
മുൻപോട്ടു നീങ്ങിയവൾ…
രാത്രി മഴയപ്പോഴും
ശാപവാക്കോതി
നടന്നു പിന്നാലെ
നിഴൽമഴയായ്!