“അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ…കുടീല് പെണ്ണ് ഒറ്റക്കാ…”
മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നില്‍ക്കുന്ന കണ്ടങ്കുട്ടി തന്റെ സ്വതവേ വളഞ്ഞ നടു അല്പ്പം കൂടി വളച്ചു.
“നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സര്‍ക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താന്‍ തൊടങ്ങീട്ട് രണ്ടീസായില്ലെ… ഇന്നത് തീര്‍ത്തില്ലെങ്കിലാ. ങ്‌ഹാ…”
ഉമ്മറ വാതില്‍ക്കല്‍ ചെറ്യമ്പ്രാന്റെ ചുവന്നു തുടുത്ത മുഖം തെളിഞ്ഞതും വല്ല്യമ്പ്രാട്ടി കൂനിക്കൂടി നടന്ന് അകായിലേക്ക് മറഞ്ഞു.
മുറ്റത്ത് നിന്ന് നോക്കുമ്പോള്‍ അകായിലെപ്പോഴും ഇരുട്ടാണ്. ആ ഇരുട്ടിന് തന്റെ നിറമാണെന്ന് കണ്ടങ്കുട്ടിക്കെപ്പോഴും തോന്നാറുണ്ട്.
“ചെറ്യമ്പ്രാ…”
അയാളുടെ തൊണ്ടയില്‍ നിന്നും ഞെങ്ങിഞ്ഞെരുങ്ങി പുറത്ത് ചാടിയ വിളി ചീറിപ്പാഞ്ഞകലുന്ന കറുത്ത കാറിന്റെ ഇരമ്പലില്‍ ചതഞ്ഞരഞ്ഞു.
തെക്കേത്തൊടിയെന്ന രണ്ടേക്കര്‍ പറമ്പിന്റെ ഒരറ്റത്ത് കണ്ടങ്കുട്ടി കൈക്കോട്ടുമായി നിന്നു. വര്‍ഷങ്ങളായി കേസില്‍ പെട്ട് കിടന്ന പറമ്പില്‍ കാവ് നില്‍ക്കുന്നിടത്ത് ചെറ്യമ്പ്രാന് ക്ഷേത്രം പണിയാമെന്ന് കോടതി വിധിച്ചത് കഴിഞ്ഞാഴ്ച്ചയാണ്. മനുഷ്യ സ്പര്‍ശമേല്‍ക്കാതെ കാടു മൂടിക്കിടന്ന് ഉറച്ചു പോയ മണ്ണ് കണ്ടങ്കുട്ടിയുടെ പാറ പോലെ ഉറച്ച മെയ്യിനും മനസ്സിനും വഴങ്ങിത്തുടങ്ങിയതാണ്. എന്നാല്‍ പറമ്പ് മുഴുവനായും തെളിച്ചെടുക്കാന്‍ ഒരാഴ്ച്ചയെങ്കിലും വേണം. ചെറ്യമ്പ്രാനും അതറിയാവുന്നതാണ്. എന്നിട്ടാണിങ്ങനെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നത്. വേഗത്തില്‍ ഉയര്‍ന്ന് താഴുന്ന കൈക്കോട്ട് മണ്ണില്‍ വിള്ളലുകള്‍ തീര്‍ത്തു.
ഉച്ചവെയില്‍ ഉച്ചിയിലെത്തി നില്‍ക്കുന്നു. മാളുവിനെ ഊണ് നല്‍കി ഉറക്കി കിടത്തി പന്ത്രണ്ടരയുടെ ബസ് പിടിക്കാനായി ചീരു ഇറങ്ങിക്കാണും. മാളു ഉണരുമ്പോഴേക്കും താനെത്തും എന്ന ഒറ്റ ഉറപ്പിലാണ് ചീരു പോകുന്നതെന്ന് അയാള്‍ക്കറിയാം. ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്റെ ഉപ്പ് രസം കണ്ടങ്കുട്ടി നാവിലറിഞ്ഞു.
കണ്ടങ്കുട്ടിയുടേയും ചീരുവിന്റേയും മൂത്ത മകളുടെ മകളാണ് മാളു. അവളുടെ അമ്മ മരിച്ചപ്പോള്‍ ബുദ്ധിസ്ഥിരതയില്ലാത്ത മാളുവിനെ ഉപേക്ഷിച്ചാണ് അച്ഛന്‍ രണ്ടാങ്കെട്ടിനൊപ്പം പൊറുതി തുടങ്ങിയത്. അന്ന് തൊട്ട് മാളു മുത്തനും മുത്തിക്കുമൊപ്പമാണ്.
പാടത്തും പാടം നികന്ന പറമ്പിലും കണ്ടങ്കുട്ടിക്ക് ഒപ്പത്തിനൊപ്പം നിന്ന് പണിയെടുക്കുന്ന ഉശിരുള്ള പണിക്കാരിയായിരുന്നു ചീരു. മാളു വന്നതോടെ ചീരു പാടത്തേയും പറമ്പിലേയും പണിയുപേക്ഷിച്ച് ചുറ്റുമുള്ള വലിയ വീടുകില്‍ പുറമ്പണിക്ക് പോയിത്തുടങ്ങി. ഒപ്പം മാളുവിനേയും കൂട്ടും. എന്നാല്‍ പ്രായം മറന്ന് മാളുവിന്റെ ശരീരം വളര്‍ന്ന് തുടങ്ങിയപ്പോള്‍, അവളെ വീട്ടിലടച്ചു വളര്‍ത്തുകയല്ലാതെ ആ വൃദ്ധര്‍ക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കുട്ടയും പായയും മെടഞ്ഞ് ചീരു കുടിയില്‍ തന്നെ ഒതുങ്ങിക്കൂടി.
ആദ്യമായാണ് ചീരു മാളുവിനെ വിട്ട് എങ്ങോട്ടെങ്കിലും പോകുന്നത്. അതും തീരെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഇളയ മകളെ പ്രസവത്തിനായി ആശുപത്രീലാക്കിയെന്ന് ഇന്ന് പുലര്‍ച്ചെയാണ് അയലത്തെ മാപ്ലാര്ടവിടെ ഫോണ്‍ വന്നത്. പോകാതിരിക്കാനാവില്ലല്ലോ. മാളുവിനെ കൊണ്ട് പോകാനുമാവില്ല. ഒടുക്കം കണ്ടങ്കുട്ടിയെ എല്ലാം പറഞ്ഞേല്‍പ്പിച്ച് മനസ്സില്ലാമനസ്സോടെയാണ് ചീരു പോകാന്‍ തീരുമാനിച്ചത്.
താനെത്തുന്നത് വരെ കുടിയില്‍ മാളു തനിച്ചാണെന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അവള്‍ക്കരികിലേക്ക് ഓടിച്ചെല്ലാന്‍ മനസ്സു വെമ്പുമ്പോഴും കാലുകള്‍ അനങ്ങാന്‍ കൂട്ടാക്കുന്നില്ല. എതോ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടത് പോലെ. അയാള്‍ക്ക് വല്ലാത്ത ദാഹം തോന്നി. പറമ്പിന്റെ കിഴക്കേ മൂലയിലുള്ള വെട്ടുകിണറ്റിലെ വെള്ളം എത്ര കോരിക്കുടിച്ചിട്ടും അയാളുടെ ദാഹം ശമിച്ചില്ല.
“അടിമച്ചങ്ങല പൊട്ടിച്ചെറിയുക” എന്ന മുദ്രാവാക്യവുമായി പകലു മുഴുവന്‍ കൊടി പിടിച്ചു നടന്ന്, അന്തിക്ക് കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കുമൊപ്പം പട്ടിണി കിടക്കുന്ന തന്റെ അനുജന്‍ കോരനോട് അയാള്‍ക്കെന്നും പുച്ഛമായിരുന്നു. ചങ്ങലക്കിട്ടാലും തീറ്റ തരുന്നവന്റെ മുന്നില്‍ വാലാട്ടി നില്‍ക്കാന്‍ ബുദ്ധീം വിവരോല്ലാത്ത നായക്കു പറ്റുമെങ്കില്‍ മനുഷ്യനെന്തു കൊണ്ടായിക്കൂടാ എന്നാണയാളുടെ ചോദ്യം. കമ്യുണിസ്റ്റുകാര്‍ അവകാശപ്പെടുമ്പോലെ, വഴി നടക്കാനും പെണ്ണുങ്ങള്‍ക്ക് മാറ് മറക്കാനുമൊക്കെയുള്ള അനുവാദം കൊടി പിടിച്ച് നേടിയെടുത്തതല്ലെന്നും രാജ്യം ഭരിക്കുന്ന എതോ വിക്കന്‍ നമ്പൂതിരിപ്പാട് പതിച്ചു നല്‍കിയതാണെന്നും മറ്റു പലരേയും പോലെ അയാളും വിശ്വസിച്ചു പോന്നു.
കണ്ടങ്കുട്ടിക്ക് എങ്ങനേയും മാളുവിനടുത്ത് എത്തണം. അനങ്ങുമ്പോള്‍ കാലില്‍ നിന്നുയരുന്ന ചങ്ങലക്കിലുക്കം അയാളുടെ ചിന്തകളേയും വിശ്വാസങ്ങളേയും മാറ്റി മറിച്ചു. വെള്ളമെത്ര കുടിച്ചിട്ടും ശമിക്കാന്‍ കൂട്ടാക്കാത്ത തന്റെ ദാഹം സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ കൈയ്യില്‍ നിന്നും വഴുതിപ്പോയ കൈക്കോട്ട് അയാളുടെ ഇടം കാലിലെ തള്ള വിരല്‍ അറുത്തെടുത്തു. തെക്കേത്തൊടിയില്‍ നിന്നും കുടിയിലേക്കുള്ള ദൂരം അയാളുടെ രക്തം അടയാളപ്പെടുത്തി.
വേലിക്കലെത്തി കിതക്കുന്ന അയാളുടെ നോട്ടം ചെന്ന് തറച്ചത് കുടിയുടെ വാതില്‍ക്കല്‍ തെളിഞ്ഞ ചെറ്യമ്പ്രാന്റെ വിളറി വെളുത്ത മുഖത്താണ്.
“പെണ്ണിന്റെ നെലോളി കേട്ടിട്ട് കേറീതാ ഞാന്‍. ഒരുത്തന്‍ ആ മാപ്ലാര്ടെ മതില് ചാടി പോണത് കണ്ടു.”
ചെറ്യെമ്പ്രാന്‍ മുറ്റത്തേക്കിറങ്ങി കണ്ടങ്കുട്ടിക്കരികിലെത്തി.
“എന്താടാ… നെനക്ക് ഞാമ്പറഞ്ഞത് വിശ്വാസായില്ലേ?”
“ഓമ്പ്രാ…”
കത്തി ജ്വലിക്കുന്ന തീക്കണ്ണുകള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനെ പഴുപ്പിച്ചു.
അകത്ത് തറയില്‍ മാളു നൂല്‍ബന്ധമില്ലാതെ ചോരയൊലിപ്പിച്ച് കിടക്കുന്നു. പോവുന്ന വഴി ചെറ്യമ്പ്രാന്‍ തിരുകിക്കൊടുത്ത നോട്ടുകള്‍ അയാളുടെ കൈവെള്ളയിലിരുന്ന് പൊള്ളി. അയാളില്‍ നിന്നുയര്‍ന്ന ആര്‍ത്തനാദം ചതച്ചരച്ചു കൊണ്ട് ആ കറുത്ത കാര്‍ ഇരമ്പിയകന്നു.
********************
തീച്ചാമുണ്ഡിയുടെ വരവറിയിച്ചു കൊണ്ട് വാദ്യഘോഷം മുറുകി. ആര്‍പ്പ് വിളിയോടെ തെയ്യക്കോലം പ്രവേശിക്കുന്നു. ഒപ്പം, കുരുത്തോലയാല്‍ പൊതിഞ്ഞ ഉടലിനെ ചുറ്റിയ കയറു പിടിച്ചവന്‍ ഇരുവശത്തും. മുറ്റത്തിന് നടുവില്‍ കൂട്ടിയിട്ട തീക്കൂനക്ക് ചുറ്റും തെയ്യം വലം വെക്കുന്നു. ഇടക്ക് അതിലേക്കെടുത്ത് ചാടുമ്പോള്‍ ഒപ്പമുള്ളവര്‍ വലിച്ച് പുറത്തേക്കിടുന്നു. ചുറ്റുമുള്ളവര്‍ ചിതറി തെറിച്ച കനലുകള്‍ കൂനയിലേക്ക് പെറുക്കിക്കൂട്ടുന്നു. പൊയ്ക്കണ്ണിന്റെ സൂചിപ്പഴുതിലൂടെ ആള്‍ക്കൂട്ടത്തെ ഉഴിയുന്ന നോട്ടം കാണികള്‍ക്ക് മുന്നിലായി മരക്കസേരയിരിക്കുന്ന ചെറ്യമ്പ്രാന്റെ ചുവന്ന് തുടുത്ത മുഖത്ത് തറക്കുന്നു. തള്ളവിരലില്ലാത്ത ഇടംകാല്‍ നിലത്താഞ്ഞ് ചവിട്ടി തെയ്യം കൂകിയാര്‍ക്കുന്നു. വാദ്യമേളം മുറുകുന്നു. ചുറ്റിപ്പിടിച്ച കയറുകള്‍ പൊട്ടിച്ച് തീക്കൂനയിലേക്ക് ഓടിക്കയറുന്ന തീച്ചാമുണ്ഡിയുടെ കറുത്ത കൈക്കും കുരുത്തോല ദേഹത്തിനുമിടയില്‍ ചെറ്യമ്പ്രാന്റെ വെളുത്ത കഴുത്ത് ഞെരിഞ്ഞമര്‍ന്നു.
Click this button or press Ctrl+G to toggle between Malayalam and English