അലൻസിയറുടെ സ്ത്രീവിരുദ്ധപരാമർശം കേട്ടപ്പോൾ ഒരു സിനിമയിൽ കവലച്ചട്ടമ്പിയായി അഭിനയിക്കുന്ന കൊച്ചിൻ ഹനീഫയെ ഓർത്തുപോയി. അയാൾ കവലയിൽ നിന്ന്, ‘ആരുണ്ടെടാ എന്നോട് മുട്ടാൻ’ എന്ന് എല്ലാവരെയും വെല്ലുവിളിക്കുന്നു. അപ്പോൾ ഒരാൾ മുന്നോട്ട് വന്നു, ‘ഞാനുണ്ടെടാ.’ എന്ന് പറയുന്നു. മുന്നോട്ട് വന്ന ആളെക്കണ്ടു പകച്ച്, ‘ഞങ്ങൾ രണ്ടാളോടും അടിക്കാൻ ആരുണ്ടെടാ.’ എന്ന് വീണ്ടും ചോദിച്ചു കോമഡിയാക്കുന്ന സീൻ.
അലൻസിയറെയും മുഖ്യമന്ത്രിയെയും ഒരുമിച്ച് ഒരു വേദിയിൽ മിക്കവരും കണ്ടിട്ടില്ല. ടെലിവിഷനിലെ അലൻസിയറുടെ മിക്ക കഥാപാത്രങ്ങളും പ്രതാപകാലം കഴിഞ്ഞ ഒരു വയസ്സൻകുതിരയെയാണ് ഓർമപ്പെടുത്തുന്നത്. എന്നാൽ, തന്റെ ആൺകേമത്തം എങ്ങും പോയിട്ടില്ല എന്നയാൾക്ക് ലോകരെ ബോധ്യപ്പെടുത്തണം എന്നു തോന്നും. പുള്ളിയെ കാണുന്ന ആർക്കും അങ്ങനൊരു കേമത്തം ബോധ്യപ്പെടാനിടയില്ല. അപ്പോൾ പിന്നെ എന്താണ് വഴി. അങ്ങനെയാണ് ടിയാൻ അതിന് മുഖ്യമന്ത്രിയെ കൂട്ടുപിടിക്കുന്നത്; മുഖ്യമന്ത്രിയോട് തന്നെ സാദൃശ്യപ്പെടുത്താൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതകൾ ഉള്ളയൊരാൾ എന്ന രീതിയിൽ ചിലത് പറഞ്ഞു വെക്കുന്നത്.(ശാരീരികമായ ന്യൂനതകൾ മുഖ്യമന്ത്രിയുടെ പ്രവർത്തനമേഖലയിൽ വലിയൊരു പ്രശ്നമായി നാം കാണുന്നില്ല എന്നതുകൊണ്ടും അലൻസിയറെപ്പോലെ സ്ത്രീവിരുദ്ധപരാമർശങ്ങൾ മുഖ്യമന്ത്രി നടത്തുന്നില്ല എന്നതുകൊണ്ടും കാടടച്ച് വെടിവെക്കാനുള്ള ശ്രമമാണ് അലൻസിയർ നടത്തുന്നത്.
അലൻസിയർ പറഞ്ഞതിന്റെ ചുരുക്കം:
ഒന്ന് : കിട്ടിയ അവാർഡിൽ തൃപ്തനല്ല.
രണ്ട് : അവാർഡ് തുകയിലും തൃപ്തനല്ല.
മൂന്ന് : സമ്മാനമായി കിട്ടിയ പെൺപ്രതിമ കാണുമ്പോൾ എന്തൊക്കെയോ ഇക്കിളി അനുഭവപ്പെടുന്നു.
അലൻസിയർക്കുള്ള എന്റെ മറുപടി:
ഒന്ന് : അർഹിച്ചതല്ലേ അവാർഡായി തരാൻ കഴിയൂ.
രണ്ട്: കാശിന്റെ വലുപ്പമാണ് അവാർഡിന്റെ മേന്മ എന്ന് കരുതുന്നത് വിവരക്കേട് കൊണ്ടാണ്.
മൂന്ന്: ലോകത്തെ വലിയ അവാർഡുകൾ പലതും( ഓസ്കാർ ഉൾപ്പെടെ) പെൺപ്രതിമയിൽ ഉള്ളതാണ്. അതു കാണുമ്പോൾ ഇക്കിളി തോന്നുന്നത് ഞരമ്പ് രോഗം ഉള്ളത് കൊണ്ടാണ്.
നാല് : ഒരു പോപ്പുലർ കലാരൂപം എന്നനിലയ്ക്ക് സിനിമയ്ക്ക് സാമൂഹികമായ ചില ഉത്തരവാദിത്വങ്ങൾ കൈവരുന്നു. അവാർഡുകൾ അത്തരമൊരു ലക്ഷ്യം കൂടി മുൻനിർത്തിയാണ് വിതരണം ചെയ്യുന്നത്. സമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ സിനിമ പോലുള്ള സ്വാധീന മാധ്യമങ്ങളിൽനിന്നു ഒഴിവാക്കണം. ചുരുക്കത്തിൽ, ടിയാന്റെ സിനിമകൾ കാണാതിരുന്നാലും അത്ര വലിയ നഷ്ടമൊന്നും ആർക്കും വരാനില്ല.
Click this button or press Ctrl+G to toggle between Malayalam and English