അൽ എയിൻ – യു.എ.ഇ.യിലെ ഒയാസിസ്‌- 1

 

കറുത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന തിരക്കേറിയ പാതകളും, ശില്പചാതുര്യമെന്നോ നിർമ്മാണ വൈദ്യഗ്ദ്ധമെന്നോ വിശേഷിപ്പിക്കാവുന്ന ഫ്ലൈ ഓവറുകളും, ചില്ലുകൊട്ടാരം പോലുള്ള കെട്ടിടങ്ങളും, അതിനേക്കാൾ തിരക്കേറിയ ജോലിയും മടുപ്പിച്ചാൽ ആ മടുപ്പ് അകറ്റാൻ എളുപ്പം കഴിയുന്ന ഒരു എമിറേറ്റ് ആണ് അൽ എ യിൻ. ഇരുവശത്തും, വൺവേ തിരിക്കുന്ന മധ്യത്തിലും പുൽപ്പരവതാനികളും, പൂപ്പരവതാനികളും, നിബിഡ വൃക്ഷങ്ങളും, ചെറു വൃക്ഷങ്ങളുമുള്ള അൽ എയിൻ നിരത്തുകൾ കണ്ടാൽ മരുഭൂമിയിലാണെന്ന് തന്നെ മറന്നു പോകും. ഇതൊക്കെ ഈ ചൂടിലും ഈ മരുഭൂമിയിൽ  ഭംഗിയായി ഒരുക്കി നിർത്താൻ അധികൃതർ ബദ്ധശ്രദ്ധരാണ് എന്നത് ശ്ലാഖനീയമാണ്.

ദുബൈയിലെ തിരക്കും ഷാർജയിലെ ട്രാഫിക്കും അജ്മാനിലെ ചെറിയ നിരത്തുകളും നിരത്തിനിരുവശവുമുള്ള കടകളും ഒന്നും തന്നെ അൽ എയിനില്ല. അബുദാബിയിലെ പോലെ ശാന്തമായ എമിറേറ്റ് അതിനേക്കാൾ ജനസംഖ്യയും കുറവ്. പകൽ നേരങ്ങളിൽ അൽ എയിൻ നഗരം ഉറങ്ങുകയാണെന്ന് തോന്നും, അത്ര ശാന്തം, തിരക്കിട്ട് പായുന്ന വാഹനങ്ങളും നിരത്തു മുറിച്ചു കടക്കുന്ന മനുഷ്യരും ഒന്നും ഇവിടെ ദൃശ്യമല്ല. വിശാലമായ തോട്ടങ്ങളുണ്ട്. റാസ് അൽ ഖൈമയിലും അൽ എയിനിലുമാണ് അധികവും കൃഷിയുള്ളത്.

ഇവിടത്തെ പ്രധാന ആകർഷകങ്ങളിൽ ഒന്ന് മുബാസറ ചൂട് നീരുറവയാണ്. ഇവിടെ ഏതു കാലത്തും ചൂട് വെള്ളം ഭൂമിക്കടിയിൽ നിന്നും പുറത്തേയ്ക്ക് പ്രവഹിക്കുന്നു. ചില ദിവസങ്ങളിലും ചില സമയങ്ങളിലും ചൂട് കൂടുതലായിരിക്കും ചെറിയ കയ്യാണിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ നമുക്ക് കാലിട്ടിരിക്കാം. അങ്ങനെ കാലിട്ടിരിക്കുന്ന അവസരത്തിൽ തന്നെ വെള്ളത്തിന്റെ താപനില ഉയരാൻ ഉള്ള സാധ്യതയും ഉണ്ട്. നിരവധി ധാതുലവണങ്ങൾ അടങ്ങിയ ഉറവയാണെന്ന വിശ്വാസം ഉള്ളതിനാൽ നിരവധി പേർ ചൂട് വെള്ളത്തിൽ കാലിട്ടിരിക്കുന്നത് കാണാം. ഇതിനു പുറമെ മുബാസറ പാർക്ക് വളരെ വിശാലമേറിയ മനുഷ്യനിർമിതമായ  പുൽത്തകിടികളും, ഈന്തപ്പനകളും, ബാർബെക്യു സ്ഥലങ്ങളും കുട്ടികളുടെ പാർക്കും, ഭക്ഷണ ശാലകളും ഉൾക്കൊള്ളുന്ന വലിയ ഒരു പാർക്ക് ആണ്.

ജബൽ ഹഫീത് മലയുടെ  താഴ്വാരത്തിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്  ജബൽ എന്ന അറബ് വാക്കിന്റെ അർത്ഥം പർവ്വതം  എന്നാണ്. അങ്ങനെ ആണ് ജബൽ ഹഫീത് എന്ന് അറിയപ്പെടുന്നത്. കുടുംബങ്ങൾക്ക് ഒഴിവ് ദിനങ്ങളിലെ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ഉള്ള എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന മുബാസറ പാർക്കിൽ പകൽ പൂന്തോട്ട ജോലിക്കാർ മാത്രമേ കാണൂ. അവർ സദാനേരവും പുതിയ ചെടികൾ വച്ചുപിടിപ്പിക്കുകയും പുൽത്തകിടി നനയ്ക്കുകയും ഒക്കെ കൃത്യമായി നടത്തുന്നതിന്റെ പരിണിതമാണ് പാർക്ക് ഏതു വേനലിലും ഇങ്ങനെ നിലനിൽക്കുന്നത്. മുബാസറ പാർക്കിൽ തന്നെയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ചു “ബാത്ത് ” കെട്ടിടം ഒരുക്കിയിരിക്കുന്നത്. ചൂട് നീരുറവയുടെ ജലം ഇങ്ങോട്ട് കൂടി വഴിതിരിച്ചു വിട്ടിട്ടുണ്ട് ആരോഗ്യത്തിന് നല്ലതെന്ന് കരുതുന്ന ഈ കുളിക്ക് വേണ്ടി ബാത്ത് എപ്പോഴും തിരക്കുള്ളതാണ്.

ചൂട് നീരുറവ ഒഴുകുന്ന കയ്യാണിയുടെ ഇരുവശവും അരികിൽ ധാതുലവണങ്ങൾ അടിഞ്ഞു കൂടി പാറപോലെ ഉറച്ചതായും നടുവിൽ പൂപ്പൽ ഉള്ള സ്ഥിര ജല സംസർഗ്ഗത്തിന്റെ സാധാരണ സ്വഭാവവും ഉള്ളതാണ്. ഈ പാർക്കിന് വശത്തായി ജബൽ ഹഫീതിന്റെ കുറെയധികം ചെറുമലനിരകളും അതിൽ ഏറ്റവും വലുതായ ജബൽ ഹഫീതിനെയും കാണാം. ഏതോ വികൃതി കുട്ടികൾ കടലാസ് ബോർഡിൽ വെട്ടിയെടുത്ത്, വെട്ടിയത് തൃപ്തിയാകാതെ ചുരുട്ടിക്കൂട്ടിയെറിഞ്ഞു കളഞ്ഞ് പിന്നെയും മനമില്ലാ മനസ്സോടെ തിരിച്ചെടുത്തു നിവർത്തി വച്ചത് പോലെ നിരവധി ചുളിവുകളും ചെത്തിയെടുത്ത അരികുകളും ഒക്കെ ഉള്ള മലനിരകൾ.

ഉഷ്ണമേഖലയിലുള്ള മലകളുമായി സാദ്ര്യശ്യലേശമെന്യേ യാതൊരു വിധ ഹരിതകവും അണിയാത്ത മലയ്ക്ക് ഏക ഹരിതവർണ്ണം ഉള്ളത്  മുബസറയിലുള്ള മലനിരകളിലാണ്. അത് തന്നെ രണ്ടു നേരവും തുള്ളി നനയും സ്പ്രിങ്ക്ൾറും ഒക്കെ ഘടിപ്പിച്ചു കൃത്രിമമായി ഏറെ പരിശ്രമം കൊണ്ടുണ്ടാക്കിയെടുത്തത്, ഏതോ നിർമ്മാണ സ്ഥലത്തേയ്ക്ക് ആകാശ മാർഗേ ധൃതിയിൽ  കൊണ്ട് പോകുന്നതിനിടയിൽ ഭൂമിയിലേക്ക് പതിച്ചവ എന്ന് ദ്യോതിപ്പിക്കുന്ന; വലിയ വലിയ പാറക്കഷ്ണങ്ങൾ ചാഞ്ഞും ചെരിഞ്ഞും ഒക്കെ നിലകൊള്ളുന്ന ഈ മലനിരകൾ 26 കിലോമീറ്ററോളം ലംബത്തിലും 5 കിലോമീറ്ററോളം വീതിയും ഉള്ളതാണ്. ചുണ്ണാമ്പു കല്ലുകളാണ് പ്രധാനമായും ഉള്ളത്.

ഒമാനിലെ ഹജ്ജാർ മലനിരകളിലേതെന്ന് തന്നെ കരുതുന്ന ജബൽ ഹഫീത് അബുദാബിയിലെ ഏക മല നിരകളാണ് ഉയരത്തിലാണെങ്കിൽ സമുദ്ര നിരപ്പിൽ നിന്നും 1249 മീറ്റർ ഉയരത്തിൽ അബുദാബി ഒമാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. നിരവധി ഫോസിലുകളും കക്കകളും പവിഴപ്പുറ്റിന്റെ അവശിഷ്ടങ്ങളുമൊക്കെ ധാരാളമായി കാണപ്പെടുന്ന ഈ മലനിരകൾ ഒരിക്കൽ സമുദ്രത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ഇവിടെ നിന്നും സമുദ്രം എത്രത്തോളം പിറകോട്ട് മാറി എന്നത് അദ്ഭുതാവഹമാണ്.

70 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുരാതന സമുദ്രമായ “തെതിസ്സ്‍” ആയിരുന്നു യൂ ഏ ഇ മുഴുവനായും എന്നാണ് ഗവേഷകർ പറയപ്പെടുന്നത്. അത് ശെരിവയ്‌ക്കേണ്ടി വരുന്നത് പലപ്പോഴും നടത്തിയിട്ടുള്ള ഫുജൈറ വാഡി യാത്രകളിലും ദുബൈയിലെ ലിസാലി മണൽക്കൂനകളിൽനിന്നും കണ്ടുകിട്ടിയ കക്കയുടെ അവശിഷ്ടങ്ങൾ തന്നെയാണ്. പുരാവസ്തു ഗവേഷണ കേന്ദ്രങ്ങൾ അനവധിയുള്ള ഇവിടെ ഇപ്പോഴും ഗവേഷണങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്തിയാറ്
Next articleമഴത്തുള്ളി കഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here