ജബൽ ഹഫീത് താഴ്വരയിൽ 400 ഹെക്ടറിലായി പരന്നു കിടക്കുന്ന അൽ എയിൻ പാർക്ക് സ്ഥാപിച്ചത് 1978 ഇൽ യു എ ഇ ഭരണകർത്താവായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ്. പിന്നീട് പല കാലയളവിലായി പാർക്ക് മോടിപിടിപ്പിക്കുകയും പുതിയ മൃഗങ്ങളും സംവിധാനങ്ങളും കൂട്ടിച്ചേർക്കുകയും ഉണ്ടായി.
ആദ്യമായി ഈ പാർക്കിൽ പോയത് 2006ലായിരുന്നു. കൂട്ടിലടയ്ക്കാതെ കിടങ്ങുകൾക്കും കട്ടിച്ചില്ലു ജനലിനും അപ്പുറത്തും യഥേഷ്ടമായി ഇത്തിരിവട്ടത്തിൽ നടക്കുന്ന മൃഗങ്ങളെ കാണുന്നത് അന്നും ഇന്നും ആഹ്ളാദപ്രദമാണ്. ഇത്തിരിവട്ടക്കൂട്ടിൽ അടച്ചിട്ട മൃഗങ്ങളെ മനുഷ്യപഠനാവശ്യത്തിനായാലും പ്രജനനത്തിനായാലും വളർത്തുന്നതിൽപ്പരം ക്രൂരത വേറൊന്നുമില്ലെന്ന് വിശ്വസിക്കുന്നവളായതിനാൽ അൽ എയിൻ മൃഗശാല ഭൂലോക സഹജീവി സ്നേഹത്തിൽ നിന്നും നിന്നുയരുന്ന കുറ്റബോധത്തിൽ മുക്കാറില്ല.
ഒരു സാധാരണ മൃഗശാലയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടം. കൂട്ടിലടച്ചിരിക്കുന്ന മൃഗങ്ങളാണെങ്കിലും അവയ്ക്ക് ചലന സൗകര്യമുണ്ട് എന്നതാണ് പ്രധാനം. മറ്റൊരു ആകർഷണം ഭംഗിയായി ഒരുക്കിയിരിക്കുന്ന വിശാലമായ പുൽത്തകിടികളാണ്. രാവിലെ വന്നാൽ വൈകുന്നേരം വരെ കാണാനുള്ള കാഴ്ചകളുള്ളതിനാൽ ഒരു പിക്‌നിക്ക് പോലെ ഭക്ഷണം തയ്യാറാക്കി കൊണ്ട് വരുന്നവർക്ക് ഉച്ച സമയം ഈ പുൽത്തകിടികൾ ഉപയോഗപ്പെടുത്താം, അതല്ലാതെ മൃഗശാലയ്ക്കുള്ളിൽ തന്നെ വിവിധ തരം ഭക്ഷണശാലകളുമുണ്ട്. നടന്നു കാണാനായി മരത്തണലുകളും പലതരം പൂച്ചെടികളും നട്ടുപിടിപ്പിച്ച നടപ്പാതകളും തണലിനായി വലിച്ചു കെട്ടിയ ടാർപോളിനുകളും ഉള്ള വലിയൊരു പാർക്ക് എന്നേ ഈ മൃഗശാലയെക്കുറിച്ച് പറയാനാകൂ.
4000ത്തിൽ പരം മൃഗങ്ങളുള്ള ഇവിടത്തെ പ്രധാന ആകർഷണം ജിറാഫിനെ തീറ്റുന്നതും, ഒട്ടക സവാരിയും അത് പോലെ ഉരഗ വർഗത്തിന് മാത്രമായുള്ള കെട്ടിടവും, പിന്നെ ആംഫി തീയേറ്ററുമാണ്. ദേശാടനപ്പക്ഷികൾക്ക് തുറന്ന കൂടുകൾ ആയതിനാൽ അവർക്ക് യഥേഷ്ടം പറന്നുപോകാനും തിരികെ വരാനും പ്രകൃത്യാലുള്ള പ്രജനനം നടത്താനും ഉള്ള സൗകര്യമുണ്ട്. അതിനാൽ തന്നെ ഫ്ലെമിംഗോ കൂട്ടങ്ങളിൽ പ്രജനന വേളയിൽ കുഞ്ഞുങ്ങളെയും കാണാംനടന്നു കാണൽ അല്ലാതെ തുറന്ന തീവണ്ടിയിൽ സവാരി ചെയ്ത് എളുപ്പത്തിൽ കാണാനുള്ള സംവിധാനവും, ഒരു ചെറു കുടുംബത്തിന് യാത്ര ചെയ്യാനാകുന്ന ബഗ്ഗികളും, കുട്ടികൾക്ക് യാത്ര ചെയ്യാനായി സ്‌ട്രോളറും ലഭ്യമാണ്. മൃഗങ്ങളിൽ മറ്റു പ്രധാന ആകർഷണം വെള്ളക്കടുവയും, വെളുത്ത സിംഹവും, റൈനോയുമാണ്. പക്ഷികളിൽ ഒട്ടകപ്പക്ഷിയും, എമുവും, വെളുത്ത അരയന്നവും, കറുത്ത അരയന്നവും തുടങ്ങി, അറേബ്യൻ പക്ഷികളായ ഹൊബാറ ബസ്റ്റാര്‍ഡ്, പരുന്ത്, കഴുകൻ എന്നിവയും ദേശാടനക്കിളികളായ ഫ്ലെമിംഗോയും മറ്റനേകം കൊക്കുകളെയും കാണാം.
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആകർഷകമായി വാനര വർഗ്ഗത്തിലുള്ള എല്ലാ ഇനങ്ങളും – കുരങ്ങും, സിംഹവാലനും തുടങ്ങി ചിമ്പാൻസിയും, ഗറില്ലയും , ഒറാങ്കുട്ടാനും വരെ ഇവിടെയുണ്ട്. ഏഷ്യൻ സിംഹവും, വെളുത്ത സിംഹവും, ആഫ്രിക്കൻ വനരാജനും പുള്ളിപ്പുലിയും, കടുവയുമൊക്കെ, വലിയ കിടങ്ങുകൾ തീർത്ത കൂടിനുള്ളിൽ നടക്കുന്നത് ചില്ല് ജനലിലൂടെ നോക്കുമ്പോൾ ആരാണ് കൂട്ടിൽ എന്ന് ഒരുവേള സംശയമാകാം.
2019ഇൽ നവീകരിച്ച മൃഗശാല ഇവർക്കായി കൂടുതൽ സ്ഥലം ഒരുക്കുകയും കൂടെ ഒരു ആംഫിതീയേറ്റർ പിന്നെ പഴയ കാല കൃഷി നന സംവിധാനങ്ങൾ കണ്ടു മനസ്സിലാക്കാനായി വിശാലമായ സ്ഥലത്തിൽ ഒരു പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നവീകരണ പ്രക്രിയയിൽ പെൻഗ്വിനും ഇവിടെ താമസത്തിനെത്തിയിട്ടുണ്ട്.
കൃത്യമായി രേഖപ്പെടുത്തിയ മാപ്പുകൾ നിശ്ചിത സ്ഥലങ്ങളിൽ അറബ് ഭാഷയിലും ആംഗലേയത്തിലും എഴുതിയിരിക്കുന്നത് സഞ്ചാരികൾക്ക് പ്രയോജനപ്രദമാണ്. അതെ മാപ്പിന്റെ ചെറുപതിപ്പ് ടിക്കറ്റ് വാങ്ങാൻ നേരം കൂടെ വാങ്ങാവുന്നതുമാണ്.
പെൻഗ്വിന് തീറ്റ കൊടുക്കാനുള്ള അവസരം കുട്ടികൾക്കും മുതിർന്നവർക്കും, ജിറാഫിന് ക്യാരറ്റ് കൊടുക്കുന്നത് പോലെത്തന്നെ രസകരമാണ്. തീറ്റ അവിടെനിന്ന് തന്നെ വാങ്ങേണ്ടതാണ്. കൈവശം കൊണ്ട് വരുന്ന യാതൊരുവിധ ഭക്ഷണസാധനങ്ങളും മൃഗശാലയിലെ മൃഗങ്ങൾക്ക് കൊടുക്കാവുന്നതല്ല.
“വിങ്‌സ് ഓഫ് ദി സഹാറ” എന്ന ഷോ വൈകുന്നേരമാണ് ഉണ്ടാകുക അതിൽ പ്രാപ്പിടിയൻ, പരുന്ത്, മൂങ്ങ, കഴുകൻ തുടങ്ങി വിവിധതരം പക്ഷികളുടെ പറക്കാനുള്ള കഴിവ് പ്രകടിപ്പിക്കലാണ്. ചിലപ്പോൾ ആഫ്രിക്കൻ തത്തയുടെ കൊഞ്ചലും ഷോയുടെ ഭാഗമാകാറുണ്ട്. ഷോയ്ക്ക് ശേഷം പക്ഷികളുടെ കൂടെ ഫോട്ടോ എടുക്കാനുള്ള സംവിധാനവുമുണ്ട്. ഹിപ്പോപൊട്ടാമസിനെ കൂടുതൽ അടുത്ത് കാണാനായി വൈകന്നേരങ്ങളിൽ പ്രത്യേകമായി “ഹിപ്പോ ആൻഡ് ക്രോക്കഡൈൽ എക്സിബിറ്റ്” ഷോ ഉണ്ട്.
ഒരു ഒഴിവ് ദിനമുണ്ടെങ്കിൽ അതി കാലേ അൽ എയിനിലേയ്ക്ക് യാത്ര തിരിച്ചാൽ രാത്രി വരെ കാണാനുള്ള കാഴ്ചയുണ്ട് ഇവിടെ. ശുചിത്വത്തിൻ്റെ കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ചയുമില്ലാത്ത ഈ മൃഗശാലയുടെ ശ്ലാഖനീയമായ വൃത്തി അവിടത്തെ അസംഖ്യം ജോലിക്കാരുടെ മിടുക്ക് തന്നെയാണ്. സദാസമയം കൂടുകൾ വൃത്തിയാക്കിയും കൃത്യസമയം ഭക്ഷണവുമായി മൃഗങ്ങളും സുഭിക്ഷതയിലാണ്. വിവിധ ഇനം ആടുകളുടെയും മാനുകളുടെയും സീ ബ്രയുടെയും കൂട്ടങ്ങൾ യഥേഷ്ടം അവർക്കായി തരം തിരിച്ചയിടങ്ങളിൽ വനരുചി അറിഞ്ഞു തന്നെ ജീവിക്കുന്നു. ഒരു കൊച്ചുകുട്ടിയ്ക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന ഭീമാകാരന്മാരായ കരയാമകളുടെ കൂട്ടിൽ ധാരാളമായി നൽകിയിരിക്കുന്ന കാബേജും ലെറ്റൂസും അത് ചിപ്സ് തിന്നുന്ന ലാഘവത്തോടെ കഴിക്കുന്ന കാഴ്ചയും കൗതുകമാർന്നതാണ്.
2022 ഇലെ 6 ആമത്തെ അൽ എയിൻ മൃഗശാലാ യാത്രയിൽ ഏറെ ആകർഷിച്ചത് നവീകരിച്ച പ്രവേശന കവാടവും പ്രവേശനകവാടത്തിലേക്കുള്ള നിരത്തിനിരുവശവുമായി തലയെടുപ്പോടെ വരവേൽക്കാൻ നിൽക്കുന്ന കൂറ്റൻ കള്ളിമുൾ ചെടികളും, പേരറിയാത്ത കണ്ടറിയാത്ത പല പൂമരങ്ങളും ആണ്. പ്രവേശനകവാടത്തിൽ കണ്ട അടിമുടി പൂത്തുലഞ്ഞ് വരവേറ്റ ഒരു പൂമരങ്ങളുടേയും പേരറിയില്ലല്ലോ എന്നൊരു ഖേദം പൂമരങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവൾക്കുണ്ടായി. ഇനിയും ഇനിയും വരണമെന്നും ഒഴിവ് ദിനം ചിലവഴിക്കണമെന്നുമുള്ള ആഗ്രഹത്തോടെ മൃഗശാലാസന്ദർശനവും കഴിഞ്ഞു അബുദാബിയിലേയ്ക്ക് മടങ്ങുമ്പോൾ മിശ്രചിന്തകളായിരുന്നു മനസ്സിനെ ഭരിച്ചിരുന്നത്. അതിൽ പ്രധാനം മൃഗങ്ങൾ മനുഷ്യരെ കൂട്ടിലടച്ചാൽ എന്തായിരിക്കും മനുഷ്യരുടെ അവസ്ഥ എന്നതായിരുന്നു. വിശേഷബുദ്ധി മൃഗങ്ങൾക്കില്ലാത്തതിനാൽ അത് സംഭവ്യമല്ല എന്ന സമാധാനത്തോടെയായിരുന്നു അന്നത്തെ നിദ്ര.
Good