മുകളിലെ നിലയിൽ കിടക്കുന്ന അമ്മയുടെ ദീർഘനിശ്വാസങ്ങളും രോദനങ്ങളും താഴെ ഇടക്കു കേൾക്കാം . ശുശ്രുഷക്കായി നിർത്തിരിക്കുന്ന ശാന്തക്കാണെങ്കിൽ ചെവി കേൾക്കില്ല.എങ്കിലും അവൾ അമ്മയുടെ എല്ലാ കാര്യവും നോക്കുന്നുണ്ട്. അമ്മ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ഉടനെ വിളിച്ചു പറയും.
‘കുട്ടീ ഇവിടെ ഒന്ന് വരൂ ‘അമ്മ പറഞ്ഞാൽ കേൾകിണില്യ !;
പിന്നെ എന്റെ ഏറെ നേരത്തെ ആശ്വസിപ്പിക്കലും എല്ലാം കഴിയുമ്പോൾ എന്തെങ്കിലും ഒരു വഴിപാട് പോലെ അമ്മ എന്തെങ്കിലും കഴിച്ചുന്നു വരുത്തും. അന്ന് അമ്മക്ക് ആധി കൂടുതലായിരുന്നു. കണ്ണടച്ച് ഒറ്റ കിടപ്പാണ് . വിളിച്ചാലും മിണ്ടില്ല്യ മലമൂത്ര വിസർജനം കിടക്കയിലായി . വൈകുന്നേരത്തു എപ്പോഴോ അമ്മ എന്നെ വിളിക്കണ ശബ്ദം കേട്ട് ഞാൻ ഓടി ചെന്നു.
അമ്മ കട്ടിലിൽ തനിച്ചു ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ കുറെ എന്തൊക്കെയോ പറഞ്ഞു . ഏറ്റവും ഒടുവിൽ പറഞ്ഞത് മനസ്സിൽ തറച്ചു നില്ക്കുന്നു ഇപ്പോഴും . കാഷായം എടുത്തിട്ടും മറക്കാനാവാതെ..
” ഞാൻ പോവായി കുട്ട്യേ . ഇനി അധികല്ല്യാ .അച്ഛൻ വിളിക്കണ പോലെ തോന്നാ”
അച്ഛൻ മരിച്ചിട്ടു നാൽപതു തികഞ്ഞിട്ടില്ല . അമ്മയെ സമാധാനിപ്പിച്ചു ന്
“വെറുതെ തോന്നണതാവും അമ്മ കിടന്നോളു”
ശാന്ത കുളിക്കാൻ പോയി വന്നു. ഭഗവാന്റെ മുന്നിൽ അന്തിത്തിരി കൊളുത്തി കയ്യിൽ പുരണ്ട എണ്ണ തലയിൽ ഉരച്ചു പറഞ്ഞു.
” കുട്ടി ഇവിടെ ഇരുന്നോളൂ അമ്മക്കു അതൊരു ആശ്വാസാകും ഞാന് കഞ്ഞി എടുത്തിട്ട് വരാം ”
മിണ്ടാതെ എന്റെ മുഖത്തേക്കു തന്നെ നോക്കി കിടന്ന അമ്മയുടെ അടുത്തിരുന്നു പറഞ്ഞു.
” അമ്മ ശ്വാസത്തിൽ ശ്രദ്ധിക്കു അത് നാമജപം പോലെ തന്നെ ആണ്”
അമ്മയുടെ മിഴികൾ എന്തിനോ വെറുതെ നനഞ്ഞ പോലെ തോന്നി. പിന്നെ വളരെ സങ്കടത്തോടെ പറഞ്ഞു.
“ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കോ? പോണെന്റെ മുന്നേ അത് വേണം ഇല്ലെങ്കിൽ കഷ്ടാവും”
” സാരല്യ അമ്മ പറഞ്ഞോളൂ”
എന്റെ കൈപ്പടത്തിൽ മുറുകെ പിടിച്ചു അമ്മ എന്നെ കുറേ നേരം നോക്കി.
” എന്നോട് ക്ഷമിക്ക്യ ! ഇത്രേം കാലം നീ എന്നെ നല്ലോണം നോക്കി എല്ലാം ചെയ്തു ഒരമ്മക്കു വേണ്ടി. പറയാനുള്ള ധൈര്യം ഇല്ല്യാത്തോണ്ടാ ഞാൻ നിന്റെ അമ്മയല്ല നിന്റെ അച്ഛനുണ്ടായിരുന്ന അവിഹിത ബന്ധത്തിൽ നിന്നാണ് നിന്റെ ജനനം. അത് ഞാൻ ഏറ്റെടുത്തു. ഞങ്ങൾടെ വിവാഹം നടക്കാൻ വേണ്ടി ! അച്ഛനെ അത്രക്കയു എനിക്കിഷ്ടായിരുന്നു ”
വെട്ടേറ്റ പോലെ ഞാൻ ഇരുന്നു .. ശാന്ത വന്നു പിടിച്ചു കുലുക്കിയപ്പോഴാണ് ഓർമകളിൽ നിന്നുണർന്നത്. അമ്മ എന്നെ തന്നെ നോക്കി കിടക്കുന്നു. തുറന്നു പിടിച്ച കണ്ണുകളിൽ ചൈതന്യമില്ല. രണ്ടു വരി നീർചാലുകൾ കവിളുകളിൽ മുറുക്കി പിടിച്ച കൈപ്പടം ഒരു വിട വാങ്ങൽ പോലെ അപ്പോഴും ഉഷ്മളമായിരുന്നു.
” എന്താണ്ടായേ?” ശാന്ത വല്ലാതെ പരിഭ്രമിച്ചിരുന്നു.
” ഒന്നൂല്യ അമ്മ പോയി അത്രേള്ളൂ ”
തുറന്ന കണ്ണുകൾ അടപ്പിച്ചു ഞാൻ എഴുന്നേറ്റു പാദം തൊട്ടു വന്ദിച്ചു ..
” ആരേച്ചാല് അറിയിച്ചോളു ഞാൻ പോണു ”
നടന്നകലുമ്പോൾ മനസ്സിലോർത്തതു ആദി ശങ്കരന്റെ മാതൃ പഞ്ചകത്തിലെ വരികളായിരുന്നു.
” ന ദത്തം മാതാസ്തേ മരണ സമയേ തോയമപി വാ
സ്വധാ വാ നോ ധെയ മരണദിവസേ ശ്രാദ്ധ വിധിനാ
ന ജപതോ മാതാസ്തേ മരണ സമയേ താരക മനു
അകലെ സംപ്രാപ്തേ മയി കുരു ദായം മാതരതുലാം ”
ശങ്കരന്റെ വിലാപം എന്റെ മനസ്സിലെവിടെയോ ഒരു അക്ഷരത്തെറ്റ് പോലെ …