ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ ‘ദേവായനം’ ഇനി ഇതിഹാസമുറങ്ങുന്ന വീട്. പ്രിയപത്നി ശ്രീദേവി അന്തർജനം അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്തായാണ് മഹാകവിയ്ക്കും ചിതയൊരുക്കിയത്. മൂത്ത മകൻ അക്കിത്തം വാസുദേവൻ നമ്പൂതിരി ചിതയ്ക്ക് തീ കൊളുത്തി.
കേരളസാഹിത്യ അക്കാദമിയിലും സ്വവസതിയിലും പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ രാഷ്ട്രീയസാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒന്നരയ്ക്കു ശേഷം കുമരനെല്ലൂരിലെ വീട്ടിൽ മന്ത്രി സി രവീന്ദ്രനാഥ്. തൃത്താല എംഎൽഎ വിടി ബൽറാം എന്നിവർ അടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് നാല് മുപ്പതിനാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. ആചാരവെടിക്ക് പകരം ബ്യൂഗിൾ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
Click this button or press Ctrl+G to toggle between Malayalam and English