നിഷ്കളങ്കത
‘സാർ, ആ ചൂരല് തരാൻ പറഞ്ഞു.’
സ്റ്റാഫ്റൂമിൽ വന്ന് നാലാം ക്ലാസിലെ കുട്ടി ആവശ്യപ്പെട്ടു.
‘ആരാ പറഞ്ഞത്?’ ദാമോദരൻ മാഷ് ചോദിച്ചു.
‘വട്ടൻ കുറുപ്പുമാഷ്.’
ദാമോദരൻ മാഷ്ക്ക് കലിയിളകി.
‘ആരാടാ?’
‘വട്ടൻ കുറുപ്പുമാഷ്.’
ദാമോദരൻ മാഷ് ചൂരലെടുത്ത് പയ്യനെ രണ്ടു വീക്കി. പിന്നെ, അത് കൈയിൽ കൊടുത്തു.
ചുരലുമായി മടങ്ങുമ്പോൾ പയ്യൻ ഓർക്കുകയായിരുന്നു. എന്തിനാണ് ദാമോദരൻ മാഷ് എന്നെ തല്ലിയത്? വട്ടൻ കുറുപ്പുമാഷോടുള്ള എന്തോ ദേഷ്യം എന്നോട് തീർത്തതാണോ? ഏതായാലും വട്ടൻമാഷോട് സംഗതി പറയണം.
കള്ളൻ
സ്കൂളിൽ കള്ളൻ കയറി.
ഹെഡ്മിസ്ട്രസിന്റെ മേശയിലുണ്ടായിരുന്ന കുറച്ചു രൂപ കള്ളനോടൊപ്പം ഇറങ്ങിപ്പോയി.
ഹെഡ്മിസ്ട്രസ്സിന് പണത്തിന്റെ സ്ഥാനത്ത് ഒരു കത്ത്.
‘മാഡം, ക്ഷമിക്കണം. നിവൃത്തിയില്ലാഞ്ഞിട്ടാണ്. പഠിപ്പുണ്ടായിട്ടും ഒരു ജോലിയായില്ല. ഒരു കുടുംബത്തെ രണ്ടു മൂന്നുനാളത്തെ പട്ടിണിയിൽനിന്നെങ്കിലും കരകയറ്റാൻ ഈ തെറ്റ് ചെയ്യുന്നു.’
വിവരമറിഞ്ഞ് ഞങ്ങൾ സഹജീവികൾ ഒത്തുചേരുന്നു.
‘ഇതിവിടെ പഠിച്ച കുട്ടിയല്ല…’ ഹെഡ്മിസ്ട്രസ് പറഞ്ഞു.
‘എന്താ ഉറപ്പ്…’ ഫസ്റ്റ് അസിസ്റ്റന്റ് ചോദിച്ചു.
‘ഇവിടെ പഠിച്ച ഒരു കുട്ടിക്ക് ഇത്ര ഭംഗിയായി മലയാളം എഴ്താനാവില്ല.’
കൂട്ടച്ചിരിക്കിടയിൽ അറബിക്കിന്റെ അന്ത്രുമാൻ എന്നെ ഒരു നോട്ടം. പിന്നെ ഒരു പ്രസ്താവന.
‘ശരിയാ- ഇബനല്ലേ ഇബ്ടെ മലയാളം എഡ്ക്ക്ന്നെ? പിന്നെങ്ങനെ നേര്യാവാനാ…’