അജ്ഞാതൻ

taxi1

“പറഞ്ഞ സമയത്തുതന്നെ എത്തിച്ചതിനു താങ്ക്സ് ”

പൈസയും തന്നു അവർ വീട്ടിലേക്ക് നടന്നുപോയി.
ഈ ജോലി എടുത്തതിൽപ്പിന്നെ പലതരം ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതിൽ സാധാരണക്കാരും, സമ്പന്നരും, കുടുംബങ്ങളും, കമിതാക്കളും, കള്ളുകുടിയന്മാരും എല്ലാം പെടും.

ഓൺലൈൻ ടാക്സി വന്നതിൽപ്പിന്നെ ആളുകൾക്ക് ഈ സഞ്ചാരമാർഗം തേടാൻ എളുപ്പമായി. മൊബൈലിൽ ഒറ്റ ക്ലിക്കിൽ പോകാനുള്ള കാർ റെഡി.

ചെറുപ്പം മുതൽ വണ്ടികളോടുള്ള അഭിനിവേശം കൊണ്ടാവാം ടാക്സി ഡ്രൈവർ എന്ന തൊഴിലിലേക്ക് എന്നെ പ്രേരിപ്പിച്ചത്.

ജനുവരിയിലെ തണുപ്പുള്ള ദിവസങ്ങളിൽ തണുപ്പിന്നെ അതിജീവിക്കാൻ കാർ ആണ് എല്ലാവരുടെയും സഞ്ചാരമാർഗം. അതുകൊണ്ട് ഞങ്ങളെപ്പോലുള്ള ഡ്രൈവർമാർക്ക് ദിവസം മുഴുവൻ പണിയുണ്ടാകും.

രാത്രി വളരെ വൈകിയിരുന്നു, പെട്ടെന്ന് ഫോണിൽ ഒരു ടാക്സി റിക്വസ്റ്റ് വന്നു. ‘ടോം’ എന്നയാളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞാനാ റിക്വസ്റ്റ് സ്വീകരിച്ചു. അടുത്തുള്ള ഷോപ്പിംഗ് മാളിൽ നിന്നയാളെ എടുക്കണം. അതിവിടെ അടുത്താണ്. ആ ദിശയിലേക്കു കാർ ഓടിച്ചു.
മാളിന് മുന്നിൽ ഒരുകൂട്ടം ചെറുപ്പക്കാർ നില്‍ക്കുന്നുണ്ട്. കണ്ടാൽ പ്രശ്നക്കാർ ആണെന്ന് തോന്നിക്കുന്ന ശരീര പ്രകൃതം. കാർ സ്ലോ ആക്കി ഞാനവരെ നോക്കി. എന്തോ ദേഷ്യത്തോടുള്ള മനോഭാവത്തോടെയാണ് അവരെന്നെ തിരിച്ചുനോക്കിയത്. ടോം അതിലേതെന്ന് എനിക്ക് തോന്നി. ആ കൂട്ടത്തിനിടയിൽനിന്ന് മാറാൻ പാർക്കിംഗ് ഭാഗത്തേക്ക് വണ്ടി അടുപ്പിച്ചുനിർത്തി. കാറിന്റെ വലതുവശം ചേർന്ന് പുറകിലായിട്ട് ഒരാൾ നടന്നുവരുന്നുണ്ട്. ഗ്ലാസ് താഴ്ത്തി ഞാൻ ചോദിച്ചു.

“ടോം ആണോ ?”

“yes”.

എന്നു മാത്രം അയാൾ മറുപടി പറഞ്ഞു. അടുത്തേക്ക് വന്ന് കാറിലേക്ക് കയറി എന്റെ പുറകുവശത്ത് ഇരുന്നു. സാധാരണ ഇടതുവശത്തു ഇരിക്കാനാണ് ഞാൻ ആവശ്യപ്പെടാറ് എന്നാലെ എനിക്കവരെ മുന്നിലുള്ള കണ്ണാടിയിലൂടെ നന്നായി കാണാൻ സാധിക്കൂ.

എനിക്കു മെലിഞ്ഞു ഉണങ്ങിയ പ്രകൃതം ആയോണ്ട് അച്ഛൻ എപ്പോഴും സ്വയംരക്ഷക്കു വേണ്ടി ഒരു ബ്ലേഡ് കാറിൽ കരുതാൻ പറയാറുണ്ട്.

അയാൾക്ക് നാൽപ്പതിൽ മുകളിൽ പ്രായം തോന്നിക്കും, അല്പം പരിഭ്രാന്തിയോട് കൂടിയാണ് ഇരിക്കുന്നത്.

“എങ്ങോട്ടാ പോകേണ്ടത്?” ഞാനയാളോട് ചോദിച്ചു.

അയാൾ ഒരു സ്ഥലപ്പേര് പറഞ്ഞു. സിഗരറ്റിന്റെ ഗന്ധമുണ്ട് അയാൾ സംസാരിക്കുമ്പോൾ. ഞാനെന്റെ ഫോണിൽ അഡ്രസ്സ് സേവ് ചെയ്തു. ഇവിടെനിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരം ഉണ്ടാകും അങ്ങോട്ട്. ഇത് സാധാരണ ഉള്ളൊരു ദൂരമാണ്.

ഞങ്ങൾ യാത്ര തുടങ്ങി… പതിവുപോലെ ഞാൻ പലതും സംസാരിക്കാൻ തുടങ്ങി, പക്ഷെ അയാളുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും കിട്ടിയിരുന്നില്ല. ഇനി മറുപടി പറഞ്ഞതുപോലും ഒറ്റ വാക്കിൽ അവസാനിപ്പിച്ചു. മൂളൽ ആയിരുന്നു അധികവും. എനിക്കെന്തോ അസ്വസ്ഥത തോന്നിപ്പിച്ചു.

5 കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയുമുണ്ട് അത്രയും തന്നെ ദൂരം. കുറച്ചു ദൂരവുംകൂടി പിന്നിട്ടപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായി തോന്നിയില്ല, കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കാൻ എനിക്ക് പേടിയായി…. അയാൾ എന്നെത്തന്നെ നോക്കി ഇരിക്കാണോ എന്ന തോന്നൽ എന്നെ വല്ലാണ്ട് പരിഭ്രാന്തിപ്പെടുത്തി. ഞാൻ നോക്കിയാൽ എന്നെ അക്രമിക്കുമെന്ന പേടി നന്നായി ഉള്ളിലുണ്ട്.

എനിക്കുറപ്പായി അയാൾ എന്നെ തന്നെയാണ് നോക്കുന്നതെന്ന്. അല്ലെങ്കിൽ പിന്നെ അയാൾ ഇത്ര നിശബ്ദത്തോടെ ഇരിക്കില്ലലോ! രണ്ടുംകല്പിച്ചു ഞാൻ കണ്ണാടിയിലൂടെ നോക്കി.

പക്ഷെ അയാൾ എന്നെയല്ല നോക്കുന്നത്…താഴോട്ട് നോക്കികൊണ്ടിരിക്കാണ്. ചിലപ്പോ ഞാൻ നോക്കുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ടാവാം…എന്റെ പേടി അപ്പോഴും വിട്ടുമാറിയില്ല.

ഈ യാത്ര എത്രയും പെട്ടെന്നു അവസാനിപ്പിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പോ മനസ്സിലുള്ളു.

8 കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞു. പക്ഷെ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. ഞങ്ങളിപ്പോൾ ഏതോ സ്ഥലത്തു അകപ്പെട്ടിരിക്കുന്നു. റോഡ് എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. ഇതുവഴി മുൻപ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സ്ഥലം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

കാര്യങ്ങൾ കൈയ്‌വിട്ടു പോയികൊണ്ടിരിക്കാണ്,
സാധാരണ ഒരു മനുഷ്യനല്ല എനിക്കൊപ്പം യാത്ര ചെയ്യുന്നതെന്ന തോന്നൽ അലട്ടികൊണ്ടേ ഇരുന്നു.

ഇത്രനേരം ചുറ്റുവട്ടത്ത് വീടുകൾ കാണാമായിരുന്നു പക്ഷെ ഇപ്പോ രണ്ടുവശത്തും വല്യ വൃക്ഷങ്ങൾ മാത്രം. കാറിന്റെ വെളിച്ചം മാത്രമേ മുന്നിലുള്ളൂ. കൈയ്‌വിരൽ കൊണ്ട് മെല്ലെ ഫോണിലെ മാപ്പിൽ റോഡിന്റെ ദിശ നോക്കി. ഞങ്ങളിപ്പോൾ റോഡിന്റെ അന്ത്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു. ചുറ്റും വേറെ സ്ഥാലങ്ങളൊന്നും അതിൽ കാണിക്കുന്നില്ല.

അയാളിപ്പോൾ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ണാടിയിലൂടെ കാണാമായിരുന്നു. പേടി എല്ലാം ഉള്ളിൽ വച്ചുകൊണ്ട് അയാളോട് വീണ്ടും ഞാൻ ചോദിച്ചു.

“ഈ അഡ്രസ്സ് ശരിയാണോ?”

കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രം……
അയാൾ വീണ്ടും എന്റെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായി, പക്ഷെ ഏതാണ്ട് ഒരു 5 സെക്കന്റിനു ശേഷം അയാൾ പറഞ്ഞു;

“അതെ”

ഓരോ സെക്കന്റ് കഴിയും തോറും പേടി ഇരട്ടിച്ചികൊണ്ടിരിക്കുന്നു. ചുറ്റും മരങ്ങൾ മാത്രം ഇടയ്ക്ക് ഉപേക്ഷിക്കപ്പെട്ട ചില കെട്ടിടങ്ങളും.

തന്ന അഡ്രസ്സ് പ്രകാരം സ്ഥലം എത്താറായി…. അവിടെ വീടുകൾ വല്ലതുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാൻ. അവിടെ എത്തിയാലുടൻ രക്ഷപ്പെടണം എന്നു മാത്രമേ മനസ്സിലുള്ളു.

അയാൾ പറഞ്ഞ സ്ഥലം എത്തിക്കഴിഞ്ഞു… ഞാൻ കാറിന്റെ വേഗത അൽപ്പം കുറച്ചു, പക്ഷെ ചുറ്റുപാടും ഇരുട്ട് മാത്രമേ ഉള്ളു. എനിക്കൊന്നും വ്യക്തമായി കാണുന്നില്ല.

ഡോറിന്റെ സൈഡിൽ കരുതിവച്ചിരുന്ന ബ്ലേഡ് പതുക്കെ വലത്തേ കയ്യിലേക്ക് ചേർത്ത് പിടിച്ചു… ഇനി എന്തിനും തയ്യാറായിത്തന്നെ ഞാനിരുന്നു. റോഡ് അവിടെ അവസാനിക്കുന്നത് കാണാം. ഒരു പഴയ വീട് മാത്രമുണ്ട് മുന്നിൽ. അവിടെ ആൾതാമസം ഇല്ല. ഞാൻ കാർ നിർത്തി…. എന്നിട്ട് പറഞ്ഞു;

“സർ ,സ്ഥലം എത്തി”.

ശാരീരികമായും മാനസ്സികമായും ഞാൻ എന്തിനും തയ്യാറായി കഴിഞ്ഞു…
കുറഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു;

“താങ്ക്സ് ഫോർ ദി റൈഡ്”.

ഈ സാഹചര്യത്തിൽ പൈസയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നത് പോലുമില്ല. ഡോർ തുറന്ന് അയാൾ പുറത്തിറങ്ങാൻ പുറപ്പെട്ടു…
ഒരു കാൽ പുറത്തേക്ക് വച്ചതും അയാളെന്നോട് പറഞ്ഞു…

“ഒരുനിമിഷം പുറത്തേക്കിറങ്ങാൻ പറ്റുമോ?…ഡിക്കിൽ ഉള്ള ബാഗ് എടുക്കാൻ എനിക്ക് സഹായം വേണം”.

പക്ഷെ അയാളുടെ കയ്യിൽ ബാഗ് ഇല്ലായിരുന്നു…. എനിക്കറിയാം ബാഗ് ഇല്ലാതെയാണ് അയാൾ ഇതിൽ കയറിയത്. എന്നാലും ഞാൻ മറുപടി കൊടുത്തു.

“തീർച്ചയായും വരാം,നിങ്ങൾ ഇറങ്ങിക്കോളൂ”.

എന്റെ ശബ്ദം വല്ലാണ്ട് ഇടറിയിരുന്നു. അതയാൾക്ക് മനസ്സിലാവുകയും ചെയ്തു.

എന്ത് സംഭവിക്കാൻ പാടില്ലെന്ന് ഞാൻ വിചാരിച്ചോ അത് തന്നെ അടുത്ത നിമിഷം സംഭവിച്ചു….. എന്റെ കഴുത്തിനു പുറകെ അയാളുടെ കൈയ്കൾ പതിച്ചത് മനസ്സിലാക്കാൻ എനിക്ക് അധികം സമയമെടുത്തില്ല.

അയാളുടെ വലതുകൈയ്യ്‌ എന്റടുത്തുള്ള ബ്ലേഡ് കൊണ്ട് വലിച്ചു കീറി.
വേദനകൊണ്ടയാൾ അലറി നിലവിളിച്ചു….അപ്പോഴേക്കും എന്റെ കഴുത്തിന്റെ പിടി വിട്ടിരുന്നു…. ചോരകയ്യുമായി പുറത്തേക്കിറങ്ങി അയാൾ നിലത്തുകിടന്നു.

ഇതാണെന്റെ പറ്റിയ അവസരമെന്ന് മനസ്സിലാക്കി വണ്ടി പെട്ടെന്ന് എടുത്തു തിരിച്ചുള്ള യാത്ര തുടങ്ങി. വൈകാതെ തന്നെ തിരക്കുള്ള റോഡിൽ എത്തിച്ചേർന്നു.

പോലീസിനോട് സംഭവത്തെ കുറിച്ച് പറയാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു. എങ്ങനേലും വീട്ടിൽ എത്തിച്ചേരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

വീട്ടിൽ എത്തിയതും എല്ലാം മറക്കാൻ വേണ്ടി ഉറക്കത്തിലേക്ക് കടന്നു.

ആ സംഭവത്തിനു ശേഷം പിന്നീടൊരിക്കലും ഞാൻ രാത്രി യാത്ര നടത്തിയിട്ടില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here