പ്രായം കൂടിക്കൂടി വരികയാണോ?
എന്നും അയാൾക്ക് ടെൻഷനായിരുന്നു.പത്രം ഓടിച്ചു നോക്കിയിട്ട് പതിവു പോലെ സാഹിത്യ മത്സരങ്ങളുടെ വാർത്തകളിലേക്ക് അയാൾ കണ്ണോടിച്ചു.രണ്ടു മൂന്ന് മൽസരങ്ങളുടെ വാർത്തകളുണ്ട്. അഡ്രസ്സ് എഴുതിയെടുക്കാൻ വേണ്ടി അയാൾ പേനയെടുത്തു, പക്ഷേ , അവസാനം കണ്ട അറിയിപ്പ് അയാളെ ഞെട്ടിച്ചു. മുപ്പത് വയസ്സിന് താഴെയുള്ളവർ മാത്രം സൃഷ്ടികൾ അയക്കുക.
മുപ്പതിനു മുകളിൽ എന്നോ കടന്നു പോയ ഓരോ വയസ്സിനെയും അയാൾ വല്ലാതെ ശപിച്ചു. നരച്ചു തുടങ്ങിയ മുടിയിലെ മുൻ നിര രോമങ്ങൾ ഇന്നു തന്നെ അമോണിയ ഇല്ലാത്ത ഏതെങ്കിലും ഷാമ്പു തേച്ച് കറുപ്പിക്കണം.
പ്രതീക്ഷയോടെ അടുത്ത അഡ്രസ്സിൽ അയാൾ കണ്ണോടിച്ചു,
‘’മുപ്പത്തിയഞ്ച് കഴിഞ്ഞിട്ടില്ലാത്ത യുവ കവികൾ മാത്രം സൃഷ്ടികൾ അയക്കുക.’’
എല്ലാ ദിവസവും ഇതു തന്നെ കളി. പ്രായ നിബന്ധനയില്ലാത്ത ഒരു മത്സരത്തിനായി അയാൾ കാത്തിരുന്നു.
ഒടുവിൽ അയക്കാൻ വേണ്ടി വെച്ചിരുന്ന സൃഷ്ടികളെല്ലാം കീറി ചവറ്റു കുട്ടയിലേക്കിട്ടു. അപ്പോൾ അയാൾക്ക് വല്ലാത്ത ഒരാശ്വാസം തോന്നി.
പിറ്റേന്നത്തെ പത്രത്തിൽ അയാൾക്കായി ഒരു വാർത്ത കാത്തു കിടന്നിരുന്നു.’’വമ്പിച്ച സാഹിത്യ മൽസരങ്ങൾ, പ്രായപരിധിയില്ലാതെ ആർക്കും സൃഷ്ടികൾ അയക്കാം..’’