പിന്നെയും

 

 

ഇറക്കിവിട്ട പരിഭവങ്ങളുടെ
ഇടയ്ക്കിടെയുള്ള പൂച്ചമാന്തൽ
മറവിയിലേയ്ക്കുള്ള ദൂരം കൂട്ടുന്നു
പിന്നെയും..

സമൂലം പിഴുതെറിഞ്ഞിട്ടും
ചില നുണവേരുകൾ
അട്ടഹാസ ഇടിമുഴക്കങ്ങളിൽ
ഇല്ലാക്കഥകളുടെ പിന്നാമ്പുറങ്ങളിൽ
പൊട്ടിച്ചിനയ്ക്കുന്നു
പിന്നെയും…

അമർത്തിപ്പിടിച്ച അലമുറകളും
അടക്കിവച്ച വേവലാതികളും
ഇടയ്ക്കിടയ്ക്ക് ആമകൾ
തല നീട്ടുന്നതുപോലെ
പിന്നെയും…

പ്രതീക്ഷകളുടെ ഉരുൾപൊട്ടലിൽ
നിരാശപ്പാറകൾ ഉരുണ്ടിറങ്ങിയിട്ടും
സ്വാർത്ഥതയുടെ അനങ്ങാപ്പാറകൾ
വഴിമുടക്കികൾ തന്നെ
പിന്നെയും

അനുഭവക്കിണറിന്നാഴത്തിലെ
കൂറ്റൻ സങ്കടപ്പാറകളിൽ
ആത്മരോഷത്തിൻ വെടിപൊട്ടിച്ച്
സാന്ത്വനത്തെളിനീർ കണ്ടവർ
പൊട്ടക്കിണറിന്നിരുട്ട് കോരുന്നു
പിന്നെയും..

അടക്കം പറച്ചിലുകൾ
എത്ര ഒതുക്കിപ്പിടിച്ചിട്ടും
ശതമോർമ്മകൾ വേനലായ്
പിന്നെയും..

കലങ്ങിമറിഞ്ഞും
തെളിഞ്ഞു കവിഞ്ഞും
ഒഴുകും പുഴപോൽ ജീവിതം
പിന്നെയും..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here