This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
ഈ നിലയിൽ ക്ലിന്റന് 322 ഇലക്ടറൽ വോട്ടുകൾ കിട്ടും എന്നാണ് എന്റെ അനുമാനം (ജയിക്കാൻ 270 മതി).
അമേരിക്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യക്രമത്തിന്റെ ഒരു ആഘോഷം തന്നെയാണ്: ആദ്യം സ്ഥാനാർഥി സ്വന്തം പാർട്ടിക്കാരോടുതന്നെ മത്സരിച്ച് സ്ഥാനാർഥിത്വം ഉറപ്പിക്കണം; ചിലവിന് വേണ്ടുന്ന പണം ജനങ്ങളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നുംസംഭരിക്കണം; വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാനോ പോസ്റ്റൽ വോട്ടാണു ചെയ്യുന്നതെങ്കിൽ അത് പൂരിപ്പിച്ച് അയപ്പിക്കാനോ ഉള്ള പ്രോത്സാഹനങ്ങൾ ചെയ്യണം; മാധ്യമങ്ങളുമായി നിരന്തരം സമ്പർക്കണം പുലർത്തണം; സ്വകാര്യ പോളുകൾ നടത്തി ശ്രദ്ധ കൂടുതൽ കൊടുക്കേണ്ട കാര്യങ്ങൾ കണ്ടെത്തണം; എതിരാളികളുടെ ആക്രമണങ്ങൾക്ക് ചുട്ട മറുപടികൾവൈകാതെ കൊടുക്കണം; അവരുമായി നേരിട്ടുള്ള സംവാദങ്ങളിൽ ഏർപ്പെടണം.
വളരെ ദൈർഘ്യം ഉള്ള ഈ തിരഞ്ഞെടുപ്പു രീതി അനാവശ്യമാണെന്ന് നമുക്ക് ആദ്യം തോന്നിയേക്കാം. പക്ഷേ, അതിശക്തമായ ഒരു രാജ്യത്തിന്റെ ചുക്കാൻ പിടിക്കുവാൻ പോകുന്നയാൾ ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന് വോട്ടർമാർക്ക് നേരിട്ടറിയാനുള്ള ഒരു അവസരം കൂടിയാണ് അത്. സ്ഥാനാർഥികൾ അതിൽ വരുത്തുന്ന പിഴവുകൾ അവരുടെ തോല്‍വിക്ക് പ്രധാന കാരണം ആകാറുണ്ട്.
സ്ഥാനാർഥികൾ നേരിട്ട് മാറ്റുരക്കുന്നത് ഡിബേറ്റുകളിലാണ്. നേരിട്ടല്ലാതെയുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ സഹായികളുടെ ബലത്തിൽ ചെയ്യാമെങ്കിലും ഡിബേറ്റിൽ സ്ഥാനാർഥികളുടെ കുറവുകൾ തീർച്ചയായും പുറത്തുവരും. നയപരമായ കാര്യങ്ങളിലുള്ള സ്ഥാനാർഥികളുടെ അവഹാഗം; വിദേശകാര്യങ്ങളിലുള്ള അറിവ്; പെട്ടന്ന് പ്രതികരിക്കാനുള്ള കഴിവ് എന്നിവയൊക്കെ 3 ഡിബേറ്റുകൾ കഴിയുമ്പോൾ വോട്ടമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും. പാർട്ടിക്കാരുടെ വോട്ടൊന്നും ഡിബേറ്റിലെ പ്രകടനം കൊണ്ട് മറിയില്ലെങ്കിലും അഴയിൽ ഇരുന്ന് ആടുന്ന സ്വതന്ത്രരുടെ നിർണായകമായ വോട്ടുകൾ തീരുമാനിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. അതുകൊണ്ട് കടുത്തമത്സരങ്ങളിൽ ഡിബേറ്റിൽ ശോഭിക്കേണ്ടത് അത്യാവശ്യവുമാണ്.
ക്ലിന്റന്റെ ന്യൂമോണിയ എപ്പിസോഡിനു ശേഷം അവരുടെ നില കുറച്ചു കഷ്ടത്തിലായിരുന്നു. ഒരു വൻ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന അവരുടെ മുന്നേറ്റത്തിന്ന് അറുതി വരികയും ട്രമ്പ് പല പോളുകളിലും നേരിയ ഭൂരിപക്ഷത്തിൽ എത്തുകയും ചെയ്തു.
പക്ഷേ, ട്രമ്പ് കഴിഞ്ഞ തിങ്കളാഴ്ച ക്ലിന്റനുമായി ഡിബേറ്റിനെത്തിയത് ഒട്ടും തയ്യാറെടുത്തല്ല. ദശാബ്ദങ്ങളുടെ രാഷ്ട്രീയപരിചയമുള്ള ക്ലിന്റൻ, അവർക്ക് സംസാരിക്കാൻ അത്ര മിടുക്കൊന്നുമില്ലെങ്കിലും, ട്രമ്പിനെ മലർത്തിയടിച്ചു എന്ന് ചുരുക്കി പറയുന്നതാണ് ശരി. കാറ്റ് വീണ്ടും ക്ലിന്റന്റെ വശത്തേക്കാണ് വീശുന്നത്.
ഏറ്റവും അധികം ആളുകൾ കണ്ട പ്രസിഡൻഷ്യൽ ഡിബേറ്റായിരുന്നു അത്. താൻ പ്രസിഡന്റ് ആകാൻ ഒട്ടും യോഗ്യനല്ല എന്ന് അടിവരയിട്ടു കാണിക്കുന്ന പ്രകടനമാണ് ട്രമ്പ് അന്ന് പുറത്തെടുത്തത്. ട്രമ്പിന് അമേരിക്കൻ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ, നയപരമായി എന്തെങ്കിലും മുന്നോട്ടു വയ്ക്കാൻ പറ്റുമോയെന്നോ ഉള്ള ഒരു വിശ്വാസം അദ്ദേഹത്തിന്റെ വാദങ്ങൾ കേട്ടാൽ വോട്ടർമാർക്ക് ഉണ്ടാവുകയില്ല. ഏബ്രഹാം ലിങ്കന്റെ പാർട്ടിയുടെ സ്ഥാനാർഥിത്വം എങ്ങനെയാണ് ഇദ്ദേഹം അടിച്ചെടുത്തതെന്ന് ഇപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നവർ ധാരാളം.
സ്ത്രീകളെ അപമാനിക്കുക എന്ന ട്രമ്പിന്റെ പതിവുപരിപാടി ഡിബേറ്റിലും ഉണ്ടായി. ക്ലിന്റൻ സൂത്രത്തിൽ ഇട്ടുകൊടുത്ത ചൂണ്ടയിൽ കുരുങ്ങാനുള്ള ചെറിയ ബുദ്ധിയേ ട്രമ്പിനുള്ളൂ എന്ന് ഡിബേറ്റ് കാണുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. അലീഷിയ മച്ചാഡോ എന്ന ഒരു പഴയ മിസ് യൂണിവേഴ്സിനെ ക്ലിന്റൻ ഇരയായി ഡിബേറ്റിനിടയിൽ ഇട്ടുകൊടുത്തു; ട്രമ്പ് അവരുമായി ട്വിറ്ററിൽ നടത്തുന്ന കലാപം ഇനിയും അവസാനിപ്പിച്ചിട്ടില്ല.
അലീഷ മച്ചാഡോ 1996-ൽ മിസ് യൂണിവേഴ്സ് ആയിരുന്നപ്പോൾ ട്രമ്പ് ആയിരുന്നു ആ പാജന്റിന്റെ ഉടമസ്ഥൻ. മച്ചാഡോക്ക് തടി കൂടിയത് ട്രമ്പിന് ഇഷ്ടപ്പെട്ടില്ല. അതിന്ന് അവരെ ധാരാളം മാനസിക പീഢനത്തിന് ഇരയാക്കുകയും ചെയ്തു അദ്ദേഹം. വെനിസ്വേലക്കാരിയായിരുന്ന മച്ചാഡോ പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ക്ലിന്റൻ അവരെ ഒരു തുരുപ്പ് ആക്കി വച്ചിരിക്കുകയായിരുന്നു. പഴയ കഥകളെല്ലാം വീണ്ടും മാധ്യമങ്ങളും ട്രമ്പു തന്നെയും പുറത്തുകൊണ്ടു വന്നു. സ്ത്രീ-വിരോധിയാണ് ട്രമ്പ് എന്ന ലേബലിൽ ഒന്നുകൂടി അടിവരയിടുകയും ചെയ്തു.
പരസ്യമായി പെണ്ണുങ്ങളെ അപമാനിക്കുക എന്നത് ഒരു ഹോബി തന്നെയാണ് ട്രമ്പിന്. വെളുത്ത സ്ത്രീകൾ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കാണ് സാധാരണ വോട്ടു ചെയ്യുക. ഇത്തവണ അതിന്ന് മാറ്റമുണ്ടാകുമെന്നാണ് പോളുകൾ സൂചിപ്പിക്കുന്നത്; അവരുടെ ഇടയിൽ ക്ലിന്റനാണ് ഇപ്പോൾ മുന്തൂക്കം.
മച്ചാഡോയുമായി ബന്ധപ്പെട്ടുള്ള കോലാഹലത്തിനിടയിൽ, വളരെക്കാലമായി ട്രമ്പ് വരുമാന നികുതിയൊന്നും അടച്ചുകാണില്ല എന്ന ന്യൂ യോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ, അദ്ദേഹത്തിന് തിരഞ്ഞെടുപ്പിലുള്ള സാധ്യതകൾ ഇല്ലാതാക്കി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇനി രണ്ട് ഡിബേറ്റുകൾ കൂടി ഉണ്ട്. ക്ലിന്റൻ വൻ വിഢിത്തങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ വിജയം അവരുടെ തന്നെ ആയിരിക്കും. വോട്ടിംഗിന് ഇനിയും 5 ആഴ്ചകൾ ഉണ്ടെങ്കിലും പോസ്റ്റൽ വോട്ടുകൾ തിരിച്ചയച്ചു തുടങ്ങൽ അതിന്ന് മുമ്പേ ആരംഭിക്കും; നല്ലൊരു പങ്ക് വോട്ടർമാർ തപാൽ വോട്ടർമാരാണ് അമേരിക്കയിൽ.
ഈ നിലയിൽ ക്ലിന്റന് 322 ഇലക്ടറൽ വോട്ടുകൾ കിട്ടും എന്നാണ് എന്റെ അനുമാനം (ജയിക്കാൻ 270 മതി). രണഭൂമികളെന്ന് വിളിക്കുന്ന സംസ്ഥാനങ്ങളിൽ അയോവയിലും ഒഹായോയിലും ട്രംമ്പ് ജയിക്കാൻ സാധ്യത ഇപ്പോഴുമുണ്ട്. ബാക്കിയുള്ളിടങ്ങളിൽ ക്ലിന്റൻ ലീഡ് തിരിച്ചുപിടിച്ചതായാണ് കാണുന്നത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള വിശദാംശങ്ങൾ ഈ സ്പ്രെഡ് ഷീറ്റിൽ കാണാം.
ട്രമ്പ് ജയിക്കുക എന്ന സാധ്യതയെ അമേരിക്കയുടെ സഖ്യകക്ഷികൾ വളരെ ഉൽക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്.
ദീർഘമായ തിരഞ്ഞെടുപ്പുക്രമം നല്ല സ്ഥാനാർഥികളെ ഇത്തവണ പ്രധാനം ചെയ്തില്ല എന്ന് രണ്ടു പാർട്ടികളൂടെ പ്രവർത്തകരും മുറുമുറുക്കുന്നുണ്ട്.
തുടർന്ന് വായിക്കുക :
ട്രമ്പ് എന്ന വഷളൻ