This post is part of the series യാത്രാവിവരണം
Other posts in this series:
- ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- 22 (Current)
- ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- അദ്ധ്യായം: 20
ജീവിതം തുടങ്ങി. ശീതകാലാവധിയും കഴിഞ്ഞു കുട്ടികൾ സ്കൂളിലേക്ക് വന്നുതുടങ്ങി. അധ്യാപകരും. പുതിയ മുഖം കണ്ടു കുട്ടികൾക്ക് കൗതുകമായി. അധ്യാപകരിലോ, ഒരു നിസംഗതയോ പുച്ഛമോ ഒളിഞ്ഞുകിടന്നിരുന്നു.
അവിടെവച്ചാദ്യം ഞാൻ നേരിട്ടചോദ്യം,
“എന്നാണ് നിങ്ങൾ ഇവിടം വിട്ടുപോവുക?”
എന്നതായിരുന്നു. കുഴപ്പം പിടിച്ച ഈ ചോദ്യത്തിൽ ഒരു വിദ്യാഭ്യാസസിസ്റ്റം അനുഭവിച്ച നഷ്ടങ്ങളാൽ നിറയുന്ന വൈകാരികതയുണ്ട്. പ്രവാസികളായ പലരും ല്സോത്തോയിലേക്കു വന്നത് ഒരു താൽക്കാലിക മാർഗ്ഗം എന്ന നിലയിലാണ് എന്ന് മുൻപേ സൂചിപ്പിച്ചിരുന്നുവല്ലോ. മേച്ചിൽപുറം തേടിയുള്ള യാത്രയിൽ, സൗത്ത് ആഫ്രിക്കയിൽ ജോലികണ്ടെത്തും വരെ ജീവിക്കാനുള്ള ഒരു മാർഗ്ഗം. അതായിരുന്നു പലേ പ്രവാസികൾക്കും ഈ നാട്. ഇവിടെ കിട്ടുന്നതിനേക്കാൾ മൂന്നിരട്ടിയെങ്കിലും ശമ്പളം അവിടെ കിട്ടും. അപ്പോൾപിന്നെ ശ്രമിക്കേണ്ടത് നമ്മുടെയും ഉത്തരവാദിത്തമാണ്.
പലേ സ്‌കൂളുകളും രണ്ടുകയ്യും നീട്ടി വരവേറ്റവരെങ്കിലും അവരെ ഉപേക്ഷിച്ചു കൂടും കുടുക്കയുമായി രായ്ക്കുരാമാനം അപ്രത്യക്ഷമായവരും പ്രവാസികളിൽ ഏറെയുണ്ട്. അതിൽ മറ്റു ആഫ്രിക്കൻ നാടുകളിൽ നിന്നും വന്നവരും മലയാളികളും ഉണ്ട്. സൌത്ത് ആഫ്രിക്കയുടെ സാമ്പത്തിക പച്ചപ്പ് മാടിവിളിക്കുന്നു. രാഷ്ട്രീയമാറ്റവും ഭരണമാറ്റവും മറ്റുസൗകര്യങ്ങളും സൌത്ത് ആഫ്രിക്കയിൽ വന്നുകൊണ്ടിരിക്കുന്നു. കാര്യങ്ങൾ സുഗമമാണ്, അവിടെയെത്തിയാൽ. ചുരുങ്ങിയ പക്ഷം സാമ്പത്തിക ഭദ്രതയെങ്കിലും ഉണ്ടാകും. കഷ്ടപ്പെടുവാൻ നമ്മൾ തയ്യാറുമാണ്. അങ്ങോട്ട് കടന്നവരിൽ പലരുംതന്നെ സൗത്ത് ആഫ്രിക്കയിൽ സ്വന്തം നിലയിൽ വിജയം പ്രാപിച്ചിരിക്കുന്നു. സന്ദർഭം കിട്ടിയിരുന്നു എങ്കിൽ തീർച്ചയായും ഞാനും പോയേനെ. ആരും അവസരങ്ങൾ സ്വർണ്ണത്തളികയിൽ വച്ചുനീട്ടിയില്ല. അതുകൊണ്ട് കിട്ടാത്ത മുന്തിരി എനിക്ക് നല്ലതുപോലെ പുളിച്ചുകാണും!
ഇവിടെ അധികം നാൾ താമസിക്കാതെ മറുനാട്ടിലേക്ക് പോകുവാൻ തയ്യാറായി വരുന്ന എല്ലാ വിദേശീയരെയും സംശയദൃഷ്ട്യാ നോക്കിയിരുന്നു ഇവിടത്തുകാർ. ഈ അവസ്ഥയിൽ തദ്ദേശീയരായ അധ്യാപകസമൂഹം വല്ലാതെ ക്ഷുഭിതരായി, ഒപ്പം നിസ്സഹായരും. പച്ചപ്പ് തേടി പോകുന്നവർ ഇട്ടേച്ചുപോകുന്ന കുട്ടികളിൽ ഒരു വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ തിരി കൂടി ഇട്ടേച്ചുപോയി, പുതിയ മരുപ്പച്ചതേടിവന്ന വിദേശികൾ. അതിൽ മറ്റു ആഫ്രിക്കൻ നാടുകളിൽ നിന്നും വന്നവരും മലയാളികളും പെടും.
ഇതിനും മറുഭാഗം ഉണ്ട് കേട്ടോ, ഒരു പുരോഗതിയും ഇല്ലാത്ത ഈ നാട്ടിൽ ജീവിക്കുക ഒരു സാഹസം തന്നെയാണുതാനും.
ഭാഗ്യം നല്ലതുപോലെ വേണം പലതും അതിജീവിക്കുവാൻ. 1998 ൽ ഇവിടെ ഒരു രാഷ്ട്രീയ അരക്ഷിതത്വം ഉണ്ടായിരുന്നപ്പോൾ ഞങ്ങളെല്ലാം കയ്യിൽ കിട്ടിയതും വാരിയെടുത്തു അതിർത്തി കടന്ന സംഭവവും ഉണ്ട്. അത് പിന്നാലെ പറയാം.
നമുക്ക് മാമോഹാവു ഹൈസ്‌കൂളിലേക്ക് വരാം. പ്രവാസി അധ്യാപകരുടെ കൊഴിഞ്ഞുപോക്കിൽ ഈ ഗ്രാമവും ഒരു ഇരയായിരുന്നു. ഇതൊന്നും അറിയാത്ത ഞാൻ, ഈ നാടിനെ അറിയാത്ത ഞാൻ എന്തുപറഞ്ഞാലാവും അവർക്ക് ബോധ്യമാവുക?
വിട്ടേച്ചുപോവില്ലെന്നു പറയുവാൻ എങ്ങനെ കഴിയും, ഞാനും അക്കരെ പോകുവാൻ കാത്തിരിക്കുന്ന ഒരു വ്യക്തിയല്ലേ! പോകും എന്നു അവരോടു നേരിട്ടു വെട്ടിത്തുറന്നു പറഞ്ഞാലോ, എട്ടിന്റെ പണി പച്ചവെള്ളത്തിലും കിട്ടും, പാലുംവെള്ളത്തിലും കിട്ടും.
ഏതായാലും, “കാത്തിരുന്നു കാണുക” എന്ന തർക്കുത്തരത്തിൽ തത്കാലം പരീക്ഷണം ജയിച്ചു. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു മുപ്പതുസംവത്സരങ്ങൾ ഈ നാട്ടിൽ അവരോടൊപ്പം ജീവിച്ചു ഞാനും എന്റെ കുടുംബവും. എന്താല്ലേ!
1991 ഡിസംബറിൽ നാട്ടിൽ പോയി വിവാഹം കഴിഞ്ഞുവന്നു. എല്ലാം മംഗളമായി നടന്നു. അന്നെല്ലാം വേനലവധി ഒന്നര മാസവും ശീതകാല സ്‌കൂളവധി ഏകദേശം രണ്ടുമാസവും ഉണ്ട്. അവധി കഴിഞ്ഞു തിരികെ വന്നപ്പോൾ ആണ് ഒരു സമരം വിദ്യാഭ്യാസമേഖലയിൽ നടക്കുന്നത്!
നേരത്തേ സൂചിപ്പിച്ചതുപോലെ ഇവിടെയുള്ള സ്‌കൂളുകളെ നിയന്ത്രിക്കുന്നത് മൂന്നു പ്രധാന പള്ളികളാണ്. ഏകദേശം നൂറു വീതം ഹൈസ്‌കൂളുകളും മുന്നൂറുവീതം പ്രൈമറി സ്‌കൂളുകളും കാത്തലിക്, ഇവാൻജലിക്കൽ, ആംഗ്ലിക്കൻ പള്ളികൾക്കായി ഉണ്ട്. ഈ പള്ളികൾക്കെല്ലാം അവരുടെ വിദ്യാലയം നിയന്ത്രിക്കുവാൻ ഓരോ സെക്രട്ടറിയറ്റും ഉണ്ട്. ആ ഓഫീസ് മുഖേന അധ്യാപക നിയമനം നടക്കും. 91 ലെ കാര്യമാണ്.
പിന്നെ പ്രാദേശിക സമുദായത്തിന്റെ വകയായും (community schools) സർക്കാർ വകയായും കുറച്ചു സ്കൂളുകൾ ഉണ്ട്. ഭൂരിപക്ഷം അധ്യാപകർക്കും ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽനിന്നുതന്നെ.
എന്നിരുന്നാലും സ്‌കൂളുകളുടെ നടത്തിപ്പിന്നായി ഒരു നിശ്ചിത തുക വാർഷിക ഫീസായി വിദ്യാർത്ഥികളിൽ നിന്നും ഓരോ സ്കൂൾ മാനേജ്മെന്റും വാങ്ങുന്നു. ഈ കാലഘട്ടത്തിലാണ് സ്‌കൂളുകളിലെ നടത്തിപ്പിൽ കൂടുതൽ നിയന്ത്രണം വേണമെന്ന ആശയപരമായ ഒരു തീരുമാനം സർക്കാർ എടുത്തെങ്കിലും ഉഭയകക്ഷികളെ ഉൾപ്പെടുത്തിയായിരുന്നില്ല തീരുമാനം കൈകൊണ്ടത്.
ഇക്കാരണത്താൽ പള്ളിയധികാരികൾ കൂട്ടായി ഒരു തീരുമാനം എടുത്തു. വിദ്യാർഥികളെയും അധ്യാപകരെയും സർക്കാരിന് ഏറ്റെടുക്കാം, പക്ഷെ പള്ളിവകയായുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കുവാൻ പറ്റില്ല.
അങ്ങനെ, രണ്ടാഴ്ചയോളം സ്കൂളുകൾ തുറന്നില്ല. ഒടുവിൽ സർക്കാർ അടിയറവുപറഞ്ഞു.
ഇതിന്റെ പരിണിതഫലമായാവാം ഓരോ ജില്ലയിലും സർക്കാർ വക സ്കൂളുകൾ പണിതു തുടങ്ങി. ജപ്പാൻ തുടങ്ങിയ നാടുകളുടെ സാമ്പത്തികസഹായവും ഉണ്ടായിരുന്നു ഈ സംരംഭത്തിന്.
ഏകദേശം 10 വർഷം കഴിഞ്ഞപ്പോഴേക്കും വിദ്യാഭ്യാസ നയത്തിൽ അടിമുടിമാറ്റം ഉണ്ടായെന്നുമാത്രമല്ല, സർക്കാരിനിപ്പോൾ നൂറോളം ഹൈസ്‌കൂളുകളും മുന്നൂറോളം പ്രൈമറി സ്‌കൂളുകളും ഉണ്ട്. ഇത് 2020- ലെ അവസ്ഥ.
ഇതിനിടയിൽ സ്വാഭാവികമായും കരിക്കലവും സിലബസ്സും മാറിയിട്ടുമുണ്ട്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഈ നാടിന്റെ രീതി വളരെ പ്രധാനപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കൻ ദേശങ്ങളിൽ വിദ്യാഭ്യാസത്തിനു പ്രത്യേകം പ്രാധാന്യം കൊടുക്കുന്ന നാടുമാണ് ല്സോത്തോ.
മൂന്നുകാലുള്ള ഇരുമ്പിന്റെ കലങ്ങളിലാണ് (’malikotoana, potoana) ഇവർ പാരമ്പര്യമായി ഭക്ഷണം പാകം ചെയ്യുന്നത്. വിദ്യാഭ്യാസം മൂന്നുകാലുള്ള ഇരുമ്പുപാത്രമെന്ന ഒരു ആശയമാണ് ഇന്നാട്ടിലുള്ളവർക്ക്. പാത്രത്തിന്റെ ഒരു കാൽ അധ്യാപകൻ, ഒരു കാൽ മാതാപിതാക്കൾ, മൂന്നാമത്തെ കാല് സർക്കാർ. അങ്ങനെ മൂന്നു പ്രസ്ഥാനങ്ങളുടെ കൂട്ടായ ഫലമായി ഒരു കുട്ടി വിദ്യാഭ്യാസപരമായി പാകപ്പെടുന്നു. എത്ര നല്ല ആശയം!
പിൽക്കാലത്ത്, എന്റെ എംഫിൽ പഠനത്തിന് ഈ ആശയം കടംവാങ്ങി ഒരു പേപ്പർ എഴുതി നല്ല മാർക്കും കിട്ടിയിരുന്നു.
വിവാഹം കഴിഞ്ഞുവന്നപ്പോൾ എനിക്കും കുടുംബത്തിനും താമസിക്കുവാൻ സ്കൂൾ വക വീടുകിട്ടി. അറ്റാച്ഡ് ബെഡ്‌റൂം, അടുക്കള, സിറ്റിംഗ് റൂം എല്ലാമുള്ള കൊച്ചുവീട്.
അവിടെ ഞങ്ങൾ താമസമാക്കി. ഇതിനിടയിൽ, ഞങ്ങളുടെ വീട്ടിൽ താമസമുണ്ടായിരുന്ന വിജയന് ലെരീബെയിലെ ഒരു സ്കൂളിൽ ജോലി ശരിയായി. പട്ടണത്തിൽ താമസിക്കുവാനുള്ള അവസരം കിട്ടിയല്ലോ.
വിജയൻ പോയ ഒഴിവിൽ ഉമയ്ക്ക് ഇവിടെ ജോലിയായി.
അങ്ങനെ ഏകദേശം ഭംഗിയായി കാര്യങ്ങൾ നടക്കുന്നു. ജോലിയും ആസ്വദിക്കുന്നു. മാമോഹാവു ഹൈസ്‌കൂളിൽ സയൻസ്, മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റ്ന്റെ തലവനുമാക്കി എന്നെ. ആദ്യത്തെ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുത്തു.
ഈ കാലഘട്ടത്തിലാണ് എനിക്ക് കൂടുതൽ അവസരങ്ങളും കൈവന്നത്. ചിലതൊക്കെ അങ്ങനെയാണ്. സംഭവിക്കുകയാണ് ചെയ്യുക അത്തരം അനുഭവങ്ങളിൽ ഏറ്റവും പ്രധാനം, കണ്ടുമുട്ടിയ സൗഹൃദങ്ങളാണ്.
ഡോ. ജെറാർഡ് മാഥോട്ട് (നെതർലൻഡ്), രവി നായ്ക്കർ (ദർബൻ), ന്റൊആനെ കനൂനു (Ntoane Kanono – സെനസ് ഹൈസ്കൂൾ, മസേറു), ന്റാറ്റെ മൊയ്‌ല്വ. ഈ നാലു സൗഹൃദങ്ങളും എന്നെ പലവിധത്തിൽ സ്വാധീനിച്ചു, ഭാവിയിൽ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എന്റെ കരിയറിലും സ്വാധീനം ചെലുത്തി. അവരെക്കുറിച്ചേറെ പറയുവാനുമുണ്ട്.