ഓരോരോ കാരണങ്ങളാൽ പലർക്കും ആകർഷകമായിരുന്നു സൌത്ത് ആഫ്രിക്ക. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും സമ്പന്നം. പ്രകൃതിരമണീയം, സുഖസമൃദ്ധി. സുഖവാസത്തിനു പറ്റിയ നാട്. അവസരങ്ങളുടെ കേദാരം. പക്ഷെ, അവിടെയുള്ള മണ്ണിന്റെ മനുഷ്യർ മറ്റൊരു കഥ പറഞ്ഞു. തദ്ദേശവാസികളെയും കൂലിപ്പണിക്ക് കൊണ്ടുവന്ന ഇന്ത്യക്കാരെയും അടക്കിഭരിച്ച വെള്ളക്കാർ പുതിയ നിയമങ്ങൾ, ക്രൂരപരിഷ്ക്കാരങ്ങൾ തദ്ദേശീയരിൽ അടിച്ചേൽപ്പിച്ചു.
വംശീയമായും നിറത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശവാസികളെയും മറ്റു വർഗ്ഗങ്ങളെയും വെള്ളക്കാരിൽനിന്നും മാറ്റിനിർത്തി. ആഫ്രിക്കൻ മണ്ണിൽ ജനിച്ചുവളർന്നവർക്ക് ആ മണ്ണിൽ അവകാശം ഇല്ലാത്ത അവസ്ഥ പരിതാപകരം.
കൃഷിപ്പണിക്കായി ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് വന്നവരോ അവസരങ്ങളെ അന്വേഷിച്ചുവന്നവരോ ആയവരെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചു. “No Dogs and Indians allowed” എന്ന ബോർഡുകൾ വെള്ളക്കാരുടെ കടകൾക്ക് മുൻപിൽ സാധാരണമായിരുന്നു. തദ്ദേശവാസികൾക്കായി പ്രത്യേകം കോളനികൾ സ്ഥാപിച്ചു.
ഇത്തരുണത്തിൽ ഓർക്കേണ്ട മഹത് വ്യക്തികളിൽ പ്രധാനിയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി.
ഭാരതത്തിൽ സ്വാതന്ത്ര്യസമരത്തിനും സമരമുറകൾക്കും ഒരു പാഠശാല ആയിരുന്നു, അദ്ദേഹം പീറ്റർമാരിസ്ബർഗിൽ (Pietermaritzburg) ജീവിച്ച നാളുകൾ. അദ്ദേഹം താമസിച്ച വീട് ഇന്നും അതുപോലെ സംരക്ഷിക്കുന്നുണ്ട് ഇവിടത്തെ സർക്കാർ.
(1893ലെ ജൂൺ മാസം ഏഴാം തീയതി രാത്രി, ജോഹാന്നസ്ബർഗിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തെ തീവണ്ടിയിൽ നിന്നും പീറ്റർമാരിസിലെ റെയിൽവേ സ്റ്റേഷനിൽ, രാത്രി ഇറക്കിവിട്ടു എന്നത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ച ഒരു പരീക്ഷ ആയിരുന്നു. ജൂൺ – ജൂലൈ മാസങ്ങൾ ഇവിടെ കൊടുംതണുപ്പാണ്. ഈ രാത്രി പിന്നീട് ചരിത്രം സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ മനസ്സിൽ സത്യഗ്രഹത്തിന്റെ വിത്തുവിതച്ചാണ്, നിരായുധപ്രതിഷേധമുറ).
P. W. ബോത്തയ്ക്കു ( P. W. Botha) ശേഷം 1989 ൽ F. W ഡി ക്ലെർക് (F. W. De Klerk) സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്റ് ആയപ്പോൾ സ്ഥിതി മാറി. അപ്പാർത്തേയ്ഡ് പോളിസികൊണ്ട് സമാധാനപരമായി നാടുഭരിക്കുവാൻ സാധ്യമല്ലെന്ന് അറിഞ്ഞ അദ്ദേഹം ഒരു പുതിയ സൗത്ത് ആഫ്രിക്കയ്ക്കു വേണ്ടി നെൽസൻ മണ്ടേല അടക്കമുള്ള നേതാക്കളുമായി, ഒരു സമത്വസുന്ദരമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സമാധാനപരമായി എല്ലാവർക്കും ദക്ഷിണാഫ്രിക്കയിൽ ജീവിക്കുവാനുംവേണ്ടി മുന്നോട്ടുള്ള വഴികളെക്കുറിച്ചുള്ള ചർച്ചയിൽ ഏർപ്പെട്ടു.
ഡി ക്ലെർകിനും നെൽസൻ മണ്ടേലയ്ക്കുമായിരുന്നു 1993 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നുകൂടി സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. സ്വാതന്ത്ര്യാനന്തരം സൌത്ത് ആഫ്രിക്ക അറിയപ്പെടുന്നത് മഴവിൽ രാഷ്ട്രം (Rainbow Nation) എന്നാണ്.
സൗത്ത് ആഫ്രിക്കയുടെ ചരിത്രത്തിനു ഇന്ത്യയുമായി അഭേദ്യമായ ബന്ധവും ഉണ്ട് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
1450കളിൽ കോൺസ്റ്റാന്റിനാപ്പിൾ വീണപ്പോൾ യൂറോപ്പ് അസ്വസ്ഥമായി. അവരുടെ തീൻമേശയിൽ കറുത്തപൊന്നില്ലാതെയായി (കുരുമുളക്). പ്രമുഖ യൂറോപ്പ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കേറ്റ അടി തന്നെയായിരുന്നു കോൺസ്റ്റാന്റിനാപ്പിളിന്റെ പതനം.
ഭാരതഭൂഖണ്ഡത്തിലെ സുഗന്ധദ്രവ്യങ്ങൾ ലഭ്യമാകാൻ യുറോപ്യൻ രാഷ്ട്രങ്ങൾക്ക് പുതിയ മാർഗം തേടേണ്ടിവന്ന സ്ഥിതിവിശേഷം രാഷ്ട്രീയപരമായി സംജാതമായി. കരമാർഗം ഭാരതത്തിലേക്ക് എത്തുവാൻ വയ്യാതായി. വായുമാർഗ്ഗം പുഷ്പകവിമാനങ്ങൾ പറന്നുതുടങ്ങിയിട്ടില്ല. ശേഷിച്ചത്ജലമാർഗ്ഗം. കിഴക്കുദിക്കു നോക്കി കപ്പലൊഴുക. ദിക്കുതെറ്റിയ കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതും ചരിത്രം.
വെല്ലുവിളി അവസരമായി. അങ്ങനെ അധികമാരും അറിയാത്ത ആഫ്രിക്ക ചുറ്റി ഭാരതത്തിലെത്തുവാനുള്ള ശ്രമം പലേ രാഷ്ട്രങ്ങളും ശ്രമിച്ചു.
ആ കാലഘട്ടത്തിലെ യൂറോപ്പ് അതിനു സജ്ജമായിരുന്നു. വ്യവസായം നാവികശക്തിയുമായി ഏറെ ബന്ധപ്പെട്ടതിനാൽ കടൽയാത്രയിലൂടെ പുതിയ കരകൾ കണ്ടെത്താൻ രാഷ്ട്രങ്ങൾ ഉത്സാഹിച്ചു. നാവികർക്കുവേണ്ടതായ കോപ്പുകൾ കൊടുത്തും രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചു. അന്യനാടുകളിലെ മുത്തും പവിഴവും സ്വർണവും, സുഗന്ധദ്രവ്യങ്ങളും അടിമകളും സ്ത്രീകളും നല്ല വരുമാന മാർഗ്ഗം തന്നെ യൂറോപ്പിന്റെ കമ്പോളത്തിൽ.
ഭാരതത്തിലെ സുഗന്ധദ്രവ്യങ്ങൾ, പട്ടുവസ്ത്രങ്ങൾ, ആഡംബര വസ്തുക്കൾ എല്ലാം യൂറോപ്പിന്റെ വരേണ്യവർഗ്ഗത്തിന്റെ സുഖലോലുപതയ്ക്ക് അത്യന്താപേക്ഷിതവുമായിരുന്നു.
ബർത്തൊലോമിയ ഡയസ് തുടങ്ങിയവർ മുൻപേനടന്നു വഴിക്കാട്ടികളായി. ദക്ഷിണാഫ്രിക്ക ഭൂമിയിൽ ഉണ്ടെന്നും ആശയുടെ മുനമ്പ് നാവികർക്ക് ഒരു വിശ്രമതീരമെന്നും അനുഭവിച്ചറിഞ്ഞു.
നാവികശക്തിയുമായി ഭാരതത്തിലേക്കു വരും വഴി സൌത്ത് ആഫ്രിക്ക ഒരു വിശ്രമകേന്ദ്രമായി വളർന്നു. 500 വർഷം മുൻപുള്ള ചരിത്രമാണ്. ഈ വിശ്രമകേന്ദ്രം അവസരങ്ങളുടെ മണ്ണാണെന്നറിഞ്ഞപ്പോൾ ഭാഗ്യാന്വേഷികൾ അവിടേയ്ക്ക് കാറ്റുപോലെ പാഞ്ഞുവന്നു.
സൌത്ത് ആഫ്രിക്ക അങ്ങനെ പാശ്ചാത്യരാഷ്ട്രങ്ങളുടെ കോളനി ആയിമാറി. അവരിൽ പ്രമുഖരായിരുന്നു പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ സാമ്രാജ്യങ്ങൾ.
പിന്നീട് ലോകം കണ്ടത് അടിച്ചമർത്തലിന്റെ ചരിത്രം. അസമത്വം, അസ്വാതന്ത്ര്യം, അടിമത്തം ഇങ്ങനെ പലേ ദുരവസ്ഥകളുടെയും ദുരന്തങ്ങളുടെയും സംഘർഷങ്ങളുടെയും കേദാരമായി മാറി സൗത്ത് ആഫ്രിക്ക. ആ മണ്ണിന്റെ സ്വത്വം, സമ്പത്ത്, പുരോഗതി എല്ലാം വെള്ളക്കാരായ അധികാരികളിലേക്ക് ഒഴുകിയെത്തി.
ഈ ഒരു ചരിത്രമുറങ്ങുന്ന നാട്ടിൽ അധ്യാപകനാകാനുള്ള ഒരവസരമാണ് തേടിവന്നത്, ഞാൻ!
സ്വർണത്തിന്റെയും വജ്രത്തിന്റെയും രത്നങ്ങളുടെയും നാട്. അവസരങ്ങളുടെയും സമ്പത്തിന്റെയും നാട്. നെൽസൺ മണ്ടേലയുടെ നാട്!
ചന്ദ്രനും കേശവൻനായർ സാറും എന്നെ തള്ളിവിട്ടത് ഈ ഒരു മരുപ്പച്ചയിലേക്കാണ്. അതിനാദ്യം ല്സോത്തോയിൽ എത്തണം. ജോഹാന്നസ്ബർഗ് വഴി മസേറു ആണ് യാത്രയുടെ ലക്ഷ്യം. 1991 ജൂലൈ ആണ് കാലം.
ഗംഭീരമായ ചരിത്ര വർണ്ണന. പുതിയ അറിവുകൾ തരുന്നു
നന്ദി ശൈലജ