അതിജീവനത്തിന്റെ ഭാഗമാണ് എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് പച്ചപ്പ് തേടിയുള്ള നിരന്തരയാത്ര! പിന്തിരിഞ്ഞു നോക്കുമ്പോൾ മൂന്നുവർഷത്തെ കെന്യൻ ജീവിതം തന്നത് എന്താവാം?
അപരിചിത സംസ്കാരം, പുതിയ മുഖങ്ങൾ, അറിയാത്ത ആചാരങ്ങൾ, ജീവിതരീതികൾ. ഇവയിൽ ചിലത് കണ്ടു, അറിഞ്ഞു. ഇതേവരെ അറിയാത്ത മനുഷ്യരെ, അവരുടെ സ്നേഹത്തെ, ആതിഥ്യമര്യാദകളെക്കുറിച്ചുമറിഞ്ഞു.
എവിടെച്ചെന്നാലും കാണുന്ന മലയാളികളെ അറിഞ്ഞു. എവിടെച്ചെന്നാലും ജീവിക്കാം എന്ന മലയാളി ഭാവത്തിൽ തീവ്രതയോടെ മുന്നോട്ടുനീന്തി.
ഇംഗ്ലീഷ്ഭാഷയിൽ ഒരുമാതിരി പിടിച്ചുനിൽക്കാം എന്ന വിശ്വാസമുണ്ടായത് കെന്യയിൽവച്ച്, പുസ്തകവായനയിലൂടെയുമാണ്. കമ്പ്യൂട്ടർ വിദ്യാഭ്യാസം ഒരു ആവശ്യമായി മാറിയിട്ടില്ല അന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഒരു സർട്ടിഫിക്കറ്റും നേടി. മറ്റൊരു നാട്ടിൽ ജീവിതം ക്ലച്ചുപിടിക്കാൻ ഇത്രയൊക്കെ മതി.
പിന്നിലാക്കിയതോ, കൗമാര കൗതുകങ്ങളും യൗവനകാമനകളും. മൂന്നുവർഷം പഠനങ്ങളുടെ നാളുകളായിരുന്നു. വ്യക്തിബന്ധങ്ങൾ അധികം ഉണ്ടായിരുന്നില്ല. ചന്ദ്രന്റെ കരുതലും പ്രമീളചേച്ചിയുടെ വാത്സല്യവും കൂടെയുണ്ടായിരുന്നു.
അവിടം വിട്ടുപോന്നപ്പോൾ ആകാംക്ഷയും ഉൽക്കണ്ഠയും ഒപ്പം ആത്മവിശ്വാസവും മാത്രം കൈമുതൽ. അതുപറയാൻ കാരണവും ഉണ്ട്.
1991 ഏപ്രിലിൽ നാട്ടിൽ വച്ച് വിവാഹനിശ്ചയം കഴിഞ്ഞു. അതിനുശേഷമാണ് ജൂലൈയിൽ ല്സോത്തോയിലേക്ക് ചേക്കേറിയത്. സാമ്പത്തികം വട്ടപ്പൂജ്യം!
1991 ഡിസംബറിൽ വിവാഹത്തിന് നാട്ടിലേക്ക് വീണ്ടും യാത്രയുണ്ട്. വരുന്നിടത്തുവച്ചു കാണാം എന്ന തനി മലയാളഭാവവും കാലം അനുഭവത്തിലൂടെ പഠിപ്പിച്ച ആത്മവിശ്വാസത്തിലുമാണ് ഓരോ ദശാസന്ധിയും നേരിട്ടത്, അന്നും ഇന്നും.
ല്സോത്തോ എല്ലാം തന്നു. ജീവിതം, കരിയർ, പുതിയ ബിരുദങ്ങൾ, ഗവേഷണം, പഠനം, പുതിയ ലോകം!
അങ്ങനെ മറ്റൊരു യാത്ര തുടങ്ങി.
ല്സോത്തോയുടെ തലസ്ഥാന നഗരി ആയ മസേറുവിൽ എത്താൻ സൌത്ത് ആഫ്രിക്കയുടെ മണ്ണിൽ വന്നിറങ്ങണം ആദ്യം.
പക്ഷേ, ജോഹാന്നസ്ബർഗിലേക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ ഇതൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ഉറപ്പില്ലാത്ത, പച്ചപിടിക്കാത്ത ഒരു ജീവിതവും എന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു പെണ്ണും മാത്രം.
അന്തോംകുന്തോം ഇല്ലാതെ ഏതിലും എടുത്തുചാടുന്ന എന്റെ കൂടെ ജീവിച്ച ഉമയെ സമ്മതിച്ചുകൊടുക്കണം. എന്റെ എല്ലാ തോന്നിയവാസങ്ങൾക്കും കൂട്ടുനിൽക്കുന്ന ഉമയും ഞാനും 30 വർഷങ്ങളായി ഇവിടെ ജീവിക്കുന്നു. അതാണ് കൂടുതൽ വിരോധാഭാസം! മലയാളഭാവത്തിൽ ജനിച്ചു, വളർന്നു, പഠിച്ചു ചിന്തിച്ച ഞാൻ എത്തിച്ചേർന്നത് ആഫ്രിക്കയിൽ. കൂടെയുള്ളത് ആന്ധ്രപ്രദേശിൽ ജനിച്ചുവളർന്നു, മലയാളനാട്ടിൽ ഒരുവർഷം മാത്രം ജീവിച്ച ഉമ. അധ്യാപികയാവാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഉമ ഇന്ന് ഇന്റർനാഷണൽ കോളേജിൽ അധ്യാപിക! അറിയാത്ത വഴിയിലൂടെ തന്നെയായിരുന്നു ഞങ്ങളുടെ യാത്രയും.
“അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന
മർത്യൻ തൻ കഥയെന്തുകണ്ടു!”
എന്നതുപോലെയാണ് ജീവിതം നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്.
സൗത്ത് ആഫ്രിക്കയിൽ ജീവിതം തുടങ്ങാൻ ആഗ്രഹിച്ച ഞാൻ മസേറുവിൽ തങ്ങി. ഇനിയാണ് ജീവിതം തുടങ്ങുന്നത്.
ഒന്നുമില്ലാതെ, കയ്യുംവീശിയാണ് ല്സോത്തോയിലേക്ക് പറന്നത്. പ്രതീക്ഷമാത്രം കൈമുതൽ. പണ്ട് വാസ്കോ ഡ ഗാമയും ഇതുപോലെയാവുമോ ദക്ഷിണദിക്കിലേക്ക് സഞ്ചാരിച്ചത്.
എനിക്കുതോന്നുന്നു, ഓരോ സഞ്ചാരിയുടെയും അനുഭവം ഇതൊക്കെതന്നെയാകും. ഭാഗ്യം തേടിയുള്ള യാത്ര, ഒരുതരം ചൂതുകളിയാണ്.
ചെൽപ്പോ ശരിയാകും, ചെൽപ്പോ തെറ്റും. എന്റേത് ശരിയായി. ഭാഗ്യം.
എനിക്കുതോന്നുന്നു, 90ന്റെ ആ കാലയളവിൽ ദക്ഷിണാഫ്രിക്കയിലും ല്സോത്തോയിലും കുടിയേറിയ പലരും ഭാഗ്യവാന്മാരായിരുന്നു.
ഓരോരുത്തർക്കും പറയാനുണ്ടാകും കണ്ണീരിൽ, കഷ്ടപ്പാടിൽ ചാലിച്ച വിജയഗാഥ.
ഒരു കണക്കിന് ഓരോ പ്രവാസിയുടെയും മനസ്സൊരു സഞ്ചാരിയുടേതാണ്. അവൻ തനതായ ഒരു ലോകം വാർത്തെടുക്കുന്നു, അതിൽ രാജാവായി വാഴുന്നു.
ല്സോത്തോയിൽ ഞാനും എന്റെ ഒരു സ്വർലോകം തീർത്തു. മുപ്പത്തുവർഷക്കാലം, ഇതാ, ഇന്നും ഈ ലോകത്ത്, എന്റേതായ സ്വപ്‌ന സൗധത്തിൽ വിരാജിക്കുന്നു.
എന്താല്ലേ…! ഇനിയാണ് ജീവിതം തുടങ്ങുന്നത്. ഓരോ പരീക്ഷണവും ഓരോ അനുഭവമാണ്. കാരണം, വിട്ടുപോന്നത് ഭാരതീയസംസ്കാരത്തിൽ അടിയുറച്ച ജീവിതരീതികളും മൂല്യങ്ങളുമാണ്. മുന്നിലുള്ളത്, ആഫ്രിക്കൻ ജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ ഉണർത്തുന്ന വെല്ലുവിളികളും കൗതുകങ്ങളും! അതിജീവനമന്ത്രം പഠിക്കണമെങ്കിൽ നിങ്ങൾ ഗ്രാമത്തിലേക്ക് പോകുവിൻ. അവിടെയാണ് ജീവിതത്തിന്റെ പഠനക്കളരി, പരീക്ഷണശാല!
മാഷിൻ്റ അനുഭവങ്ങൾ വായിച്ചറിയുവാനും,
മാഷേ മനോഹരം,, മാഷിൻ്റെ എഴുത്തിൻ്റെ ശൈലി പ്രത്യേകം അഭിനന്ദനീയം, തുടർന്നു. കാത്തിരിക്കുന്നു
വളരെ നല്ലത്….. “അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന
മർത്യൻ തൻ കഥയെന്തുകണ്ടു!”
…..അടുത്തതിനായി …. ഞാൻ കാത്തിരിക്കുന്നു..