ദക്ഷിണാഫ്രിക്കയിലെ തോട്ടങ്ങളിൽ, കരിമ്പിൻകൃഷിക്ക് കൂലിപ്പണിക്കായി വന്നവരാണല്ലോ ദക്ഷിണാഫ്രിക്കയിലെ ആദ്യകാല ഇന്ത്യൻ വംശജർ.
1860ൽ ആണ് ആദ്യമായി ഒരുകൂട്ടം ഇന്ത്യക്കാർ ഔദ്യോഗികമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. അതിനുമുൻപേ പോർച്ചുഗീസുകാരും ഡച്ചുകാരും അവരെ അടിമകളായി കടത്തിക്കൊണ്ടുവന്നിരുന്നു എങ്കിലും അതു നിയമവിരുദ്ധമായി പ്രഖ്യാപിച്ചപ്പോൾ വ്യവസ്ഥകളിലൂടെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ സൌത്ത് ആഫ്രിക്കയിലേക്ക് തോട്ടപ്പണിക്ക് ആളുകളെ എത്തിക്കുവാൻ തുടങ്ങി.
അടിമവേല നിരോധിച്ചപ്പോൾ കണ്ടുപിടിച്ച മാർഗ്ഗമാണ് ഈ കോൺട്രാക്ട് രീതിയിൽ ഇന്ത്യ, ചൈന, ശ്രീലങ്ക തുടങ്ങിയ നാട്ടിൽ നിന്നും കരിമ്പിൻ തോട്ടത്തിലേക്ക് കൂലിക്കാരായി ആളുകളെ കൊണ്ടുവരുന്ന രീതി.
നിർബന്ധിത വ്യവസ്ഥയിൽ (indenture labour system) ഇന്ത്യയിൽ നിന്നും തൊട്ടപ്പണിക്ക് വന്ന കൂലിക്കാരെ വെള്ളക്കാരായ തോട്ടം മുതലാളികൾ, “ഹേയ്, കൂലീ…” എന്ന് അഭിസംബോധന ചെയ്യുന്നത് കേട്ട് പാവം തദ്ദേശീയരും ഇന്ത്യൻ വംശജരെ ബഹുമാനത്തോടെ അങ്ങനെ വിളിച്ചുതുടങ്ങി. ആഫ്രിക്കൻ രീതി അനുസരിച്ച്, വിദേശികൾ വന്ന നാടിനോട് ‘മ’ ചേർത്തു, അവരെ ബഹുമാനപുരസരം അഭിസംബോധന ചെയ്യും (മയൂറോപ്, മചൈന എന്നൊക്കെ. കെന്യയിൽ ഇന്ത്യക്കാരെ മൊയിന്റി എന്നു വിളിക്കുന്നത് ഇത്തരുണത്തിൽ ഓർത്തുപോകുന്നു). കൂലിക്കായി വന്ന ഇന്ത്യക്കാരെ തോട്ടം ഉടമകൾ ധാർഷ്ട്യത്തോടെ നിസ്സാരവൽക്കരിക്കുംവിധം “കൂലി” എന്നു വിളിക്കുന്നത് കേട്ടാവാം, തദ്ദേശീയർ “മ” ചേർത്ത് മക്കൂള എന്ന് അവരെ വിളിച്ചുതുടങ്ങിയതും അതു സാർവ്വത്രികമായതും. ഇന്ത്യക്കാർ എന്നാണു വിവക്ഷ.
അതുപക്ഷേ, ആധുനികഭാരതത്തിൽ നിന്നും വന്ന പുതുതലമുറയിൽ പെട്ടവർക്ക് അപമാനകരമായി തോന്നാം, ദേഷ്യത്തോടെ ചിലർ പ്രതികരിക്കുന്നതും കണ്ടിട്ടുണ്ട്. ഇന്ന് മക്കൂള എന്ന പദം ഒരു സിസോത്തോ പദമായി അറിയുന്നു. ലെഖുവ (വെള്ളക്കാരൻ – lekhoa) എന്നു sur name ആയ ഒരു അധ്യാപിക എന്റെ സുഹൃത്തായി ഉണ്ടായിരുന്നു.
നമുക്ക് ചരിത്രത്തിലേക്ക് വരാം. S S Truro എന്ന കപ്പൽ മദ്രാസിൽ നിന്നും പുറപ്പെട്ടു 1860 നവംബർ 16 നു ഇന്നത്തെ ദർബനിൽ ആദ്യത്തെ ഔദ്യോഗിക ഇന്ത്യക്കാർ എത്തി (ആ ഓർമ്മയുടെ 160-മത്തെ വർഷമാണ് 2021).
അതിജീവനത്തിനായി തോട്ടംതൊഴിലാളികളായി വന്നുചേർന്ന ഈ പാവപ്പെട്ടവർക്കൊപ്പം, ഭാഗ്യാന്വേഷികളായ സ്വതന്ത്ര യാത്രികരും കൊച്ചു വ്യവസായികളും മറ്റും ദർബൻ തുടങ്ങിയ പട്ടണങ്ങളിൽ തമ്പടിച്ചു. കൊച്ചുകൊച്ചു കച്ചവടം തുടങ്ങിയവരിൽ ചിലർ ല്സോത്തോയിലേക്കും വന്നെത്തി.
തുണിത്തരങ്ങളും മറ്റു അവശ്യവസ്തുക്കളുമായി ഇവിടേയ്ക്ക് കച്ചവടത്തിനായി വന്നിരുന്ന ഇന്ത്യൻ സമുദായത്തിന്റെ ഒരു ചെറിയ കോളനി അങ്ങനെ ഇവിടെയും ഉണ്ടായി, ബൂത്തബൂത്തെ എന്ന കൊച്ചു പട്ടണത്തിൽ.
ചുരുക്കത്തിൽ, ഏകദേശം ഒരേ കാലഘട്ടത്തിൽ തന്നെയാണ് ഇന്ത്യക്കാർ ല്സോത്തോയിലും ദക്ഷിണാഫ്രിക്കയിലും കുടിയേറിത്തുടങ്ങിയത് എന്നത് കൗതുകകരമാണ്.
പിന്നെയും മുപ്പതോളം വർഷങ്ങൾ കഴിഞ്ഞാണ് നമ്മുടെ സ്വന്തം മോഹൻദാസ് കരംചന്ദ് ഗാന്ധി ദർബനിൽ എത്തുന്നത്, 1893ൽ, S. S. സഫാരി എന്ന കപ്പലിൽ. എന്നുവച്ചാൽ, ഈ മുപ്പതുവർഷത്തെ കാലയളവിനുള്ളിൽ ഇന്ത്യൻ വംശജർ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയെങ്കിലും സാമൂഹികമായും രാഷ്ട്രീയമായും അധമസ്ഥിതിയിലായിരുന്നു. ഗാന്ധിജിയെ ദർബനിലേക്ക് ക്ഷണിച്ചതും അവരുടെ നിയമപരമായ രക്ഷയ്ക്കുവേണ്ടിയായിരുന്നു. അതു ഗാന്ധിജിയുടെ ജീവിതത്തിലും ഭാരതീയ രാഷ്ട്രീയത്തിലും ലോകനേതാക്കളുടെ ചിന്താഗതിയിലും സ്വാധീനം ചെലുത്തിയത് എങ്ങനെയെന്നു മിക്കവാറും എല്ലാഭാരതീയർക്കും കാണാപാഠം തന്നെ. അതുകൊണ്ടുതന്നെ, ഞാനും ഒരു ഭാരതീയനെന്നുറക്കെ പറയുമ്പോൾ, ഓർക്കുമ്പോൾ അഭിമാനപൂരിതമാകും അന്തരംഗം!
മോഹൻദാസ് കരംചന്ദ് ഗാന്ധി സൗത്ത് ആഫ്രിക്കൻ മണ്ണിൽ കാലുകുത്തുന്നതിനും രണ്ടുവർഷം മുൻപേ 1891 ൽ S. S. Umtata എന്ന കപ്പലിൽ ഒരു പൊന്നുചാമിയും രണ്ടു ഭാര്യമാരും തോട്ടം തൊഴിലാളികളായി വന്നിരുന്നു. പൊന്നുചാമിയുടെ നാലാം തലമുറയിൽ പെട്ട രവി നായിക്കർ എന്റെ ഉറ്റ ചങ്ങാതിയാണ്. ആ കഥ പിന്നെ പറയാം.
നമുക്ക്, നമ്മുടെ ല്സോത്തോയിലേക്കും അവിടത്തെ യുവരാജാവിലേക്കും വരാം.
ചരിത്രം എന്നത് അനുഭവങ്ങളുടെ സാക്ഷ്യങ്ങളാണു.
രേഖപ്പെടുത്തപ്പെട്ട ഈ വ്യത്യസ്ത സാക്ഷ്യപ്പെടുത്തലുകൾ ആണു പിൻഗാമികളായ ആയിരങ്ങൾക്ക് വഴികാട്ടിയും മുന്നറിയിപ്പുകളും .!
ദക്ഷിണാഫ്രിക്ക പോലുള്ള വിദൂര , അജ്ഞാത പ്രദേശത്തെക്കുറിച്ചുള്ള ഒരുപാട് അറിവുകൾ അജയ്‌ഘോഷ് സാർ ഈ ലേഖനത്തിലൂടെ പകർന്നുനൽകുന്നു. ഉപയോഗിച്ചിരിക്കുന്ന ഭാഷയും പദാവലികളും അങ്ങേയറ്റം ലളിതവും സുഗ്രാഹ്യവുമാകയാൽ നല്ല വായനാസുഖം നൽകുന്നുണ്ട്. നിർമ്മലമായ ഒരു നിഷ്കളങ്കത താങ്കളുടെ എഴുത്തുകളിൽ അനുഭവിക്കാൻ സാധിക്കുന്നുണ്ട്.
ഗാന്ധിജി യുടെ കാലവും കടന്ന് അങ്ങനെ സഞ്ചരിക്കുകയാണല്ലേ…നല്ല കുറിപ്പുകൾ.,.ഹേയ് കൂലീ….. നമ്മൾ ഓരോരുത്തരും കേൾക്കേണ്ട വാക്കാണത്… അതിൽ ആരും കുണ്ഠിതപ്പെടേണ്ട കാര്യമില്ല …