ഞാൻ ഇവിടെ വന്ന കാലത്ത്, തൊണ്ണൂറുകളിൽ കാത്തോലിക്കാ വിഭാഗത്തിന് മുന്നൂറോളം പ്രൈമറി സ്കൂളുകളും നൂറോളം സെക്കന്ററി സ്‌കൂളുകളും ഉണ്ടായിരുന്നു. അവരായിരുന്നു ഈ നാട്ടിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി (National University of Lesotho – NUL) പിന്നീട് രൂപപ്പെട്ട സെന്റ് പയസ്സ് സ്ക്കൂൾ പണിതതും. അങ്ങനെ, വിവിധ വിദ്യാഭ്യാസ പുരോഗമന പ്രവർത്തികളിലൂടെ ഈ നാടിനെ മുന്നോട്ടു നയിക്കുവാൻ കാത്തോലിക്കാ മതവിഭാഗം ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. തീർച്ചയായും ഇത്തരം പ്രവർത്തികളുടെ ആത്യന്തികമായ ലക്ഷ്യം evangelization കൂടി ആയിരുന്നു.
അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തിന്റെ ഒരു മഠത്തിൽ കുറച്ചുദിവസം തങ്ങുവാനുള്ള അവസരം ആണ് അന്ന് എനിക്ക് ലഭിച്ചത്.
ഈ നാടിന്റെ ആതിഥ്യമര്യാദ പ്രശംസനീയമാണ്. ജനപദങ്ങൾ ചേർന്നു കിടക്കാത്ത ഭൂവിഭാഗത്തിൽ, കുന്നും മലകളും ചുറ്റിലുമുള്ള നാട്ടിൽ ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു നാട്ടിൽ എത്തിയാൽ, അവിടെ തങ്ങുവാൻ ഒരിടം ഉണ്ടായേതീരു. ആ ഒരു സംസ്കാരമാണ് ഞങ്ങൾക്കും പ്രയോജനപ്പെട്ടത്.
ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്, പിറ്റേദിവസം വിജയൻ എന്ന ഒരാൾ കൂടി വരുന്നു. അയാളെയും വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചശേഷമേ ഞങ്ങൾക്ക് തുടർയാത്ര ഉണ്ടാകൂ.
ഭാനുസ്സാർ കരുതിത്തന്നെയാണ്!
വിജയനെയും കൂട്ടി ഭാനുസ്സാറും ഞാനും പിറ്റേദിവസം യാത്രയായി, മാമോഹാവു (Mamohau) എന്ന സ്ഥലത്തേയ്ക്ക്. മസേരുവിൽ നിന്നും മപുട്സ്വേ (Maputsoe) എന്ന ഇൻഡസ്ട്രിയൽ പട്ടണത്തിലേക്ക്, അവിടെ നിന്നും ലെരിബേ (Leribe) എന്ന പട്ടണത്തിലേക്ക്, പിന്നെ പിറ്റ്സേങ്ങിലേക്ക് (Pitseng), അവിടെ നിന്നും ഒടുവിൽ മാമോഹാവിലേക്ക്! ഏകദേശം 180 കിലോമീറ്റർ. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് യാത്രചെയ്തെത്തിയല്ലോ!
സസ്യകോമളശ്യാമളസുന്ദരഭൂമി, സ്വർഗ്ഗീയസുന്ദരഭൂമീന്നൊക്കെ പറയാമോ ആവോ? വിടർന്ന കണ്ണോടെ മലമുകളിൽനിന്നും താഴേക്ക് നോക്കി, എന്താ ഒരു ഭംഗി!
മുകളിലേക്കും നോക്കി, സൂര്യനെ തൊട്ടെടുക്കാം, വെട്ടം കൈവെള്ളയിൽ ഒതുക്കാം… എന്താല്ലേ!
നാലു ടാക്സികൾ മാറിക്കേറി മാമോഹാവിലേക്ക്, എന്റെ പുതിയ ലോകത്തേക്ക്. ടാക്സി എന്നുപറയുമ്പോൾ 16 പേർക്കിരിക്കുവാനുള്ള ഒരു വാഹനം (Combie) നിറയുംവരെ കാത്തിരിക്കണം. പരിചയമില്ലാത്ത ഭാഷ, ശരീരഭാഷ, മുഖഭാവങ്ങൾ… ഇതിനിടയിൽ മുട്ടിക്കൂടി ഞാനും വിജയനും ഭാനുസ്സാറും. സാറാണെങ്കിൽ ഒന്നും വിട്ടുപറയുന്നില്ല. കാണാൻ പോകണ പൂരം പറഞ്ഞറിയേണ്ട എന്നമട്ടിൽ, അൽപ്പം ഗൗരവത്തോടെ ഇരിക്കുന്നു. കൂടെയുള്ള വിജയൻ (ഇന്ന് വിജയൻ വലിയൊരു സ്കൂളിലെ – Sophia International – പ്രിൻസിപ്പൽ ആണ്). വിജയൻ ആദ്യമായാണ് ഇന്ത്യയ്ക്ക് വെളിയിൽ വന്നിരിക്കുന്നത്.
സ്വപ്‌നങ്ങൾകൊണ്ടുള്ള കൂടാരം തേടി രണ്ടുയുവാക്കൾ! ഒടുവിൽ മാമോഹാവു ഗ്രാമത്തിൽ എത്തി. വരണവഴി ആഫ്രിക്കയുടെ ഏറ്റവും മുകളിൽ, സ്വർഗ്ഗത്തിനും തൊട്ടടുത്തുകൂടിയുള്ള ടാറിട്ട പാതയും കടന്നാണ് ഞങ്ങളുടെ ടാക്സി അവിടെ എത്തിയത്. ചുറ്റിലും മലനിരകൾ കുന്നുകൂടികിടക്കുന്നു!
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മൊട്ടക്കുന്നുകൾ മാത്രം (Maloti Mountains) നഗ്നയായി, അലസയായി മലർന്നുകിടക്കുന്നു. അതിനിടയിൽ വളഞ്ഞുപുളഞ്ഞും വെള്ളിക്കൊലുസ്സുപോലെ മഡിബ-മാറ്റ്സു നദി (Maliba Matsu river). ഈ കാഴ്‌ച, കേരളത്തിലായിരുന്നുവെങ്കിൽ, “ഹിമഗിരി കന്യക കൂവളമലർമാല അണിയിക്കും അണിയിക്കും ആതിരരാവിനെ” ഭാവനയിൽ കണ്ടു കവിതകുറിച്ചേനെ! ഇവിടെ അതിനുള്ള മനസ്സല്ല, കാതും മനസ്സും തണുപ്പുകൊണ്ട് വരണ്ടിരിക്കുന്നു. കണ്ണുകൾ തുറിച്ചിരിക്കുന്നത്, കാഴ്ചകൾ കാണുവാൻ തന്നെ. പേടിയില്ല…
ഭൂമിയുടെ ഇങ്ങേയറ്റത്തു ഒരു മൂലയിൽ ടാക്സിയിൽ ഇറങ്ങി. മുകളിൽ, അങ്ങുമുകളിൽ എന്തോ ചൂണ്ടിക്കാട്ടി ഭാനുസ്സാർ പറഞ്ഞു, അവിടെയാണ് സ്കൂൾ. ബാ, കയറാം…
യാത്ര തുടങ്ങി, സ്വപ്നത്തിലേക്ക്, സ്വർഗ്ഗത്തിലേക്ക്, ജീവിതത്തിലേക്ക്, ഉയരത്തിലേക്ക്….
Click this button or press Ctrl+G to toggle between Malayalam and English