ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് ; അധ്യായം 17


തോക്ക്‌ ഒരു ശക്തമായ ആയുധമെന്നറിഞ്ഞു എങ്കിലും അതിലും വിശിഷ്ടമായ ഒരായുധവും മൊഷ്വേഷ്വേ കണ്ടു, ക്രിസ്തുമതം.

യൂറോപ്പിൽ നിന്നും ഇവാൻജലിക്കൽ, ആംഗ്ലിക്കൻ, കാത്തോലിക്കാ മിഷനറികൾ തദ്ദേശ്ശീയരെ ദൈവത്തിന്റെ കുഞ്ഞാടുകളാക്കിമാറ്റാൻ കപ്പൽ കയറിവന്നു. അതിലൂടെ ആധുനിക വിദ്യാഭ്യാസരീതിയും ദക്ഷിണ ആഫ്രിക്കൻ നാടുകളിലേക്ക് കടന്നുവന്നു.
തന്റെ പ്രജകൾക്ക് പുരോഗമനത്തിന്റെ മന്ത്രം ആവശ്യമെന്നറിഞ്ഞ രാജാവ് തന്റെ ഉപദേശകർ വഴി ക്രിസ്തീയമത നേതാക്കളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
ചരിത്രം തിരുത്തിക്കുറിച്ച തീരുമാനം ആയിരുന്നു അത്. അങ്ങനെ, ആധുനിക ജീവിതരീതി ഇവിടെയ്ക്കും വന്നുതുടങ്ങി. അദ്ദേഹം പക്ഷേ ക്രിസ്തുമതം സ്വീകരിച്ചില്ല എന്നതും ഒരു വിരോധാഭാസമോ ആരെയും മുഷിപ്പിക്കേണ്ട എന്നൊരു രാജതന്ത്രമോ ആകാം. അദ്ദേഹം 1870 മാർച്ച്‌ 11നു ദിവംഗതനായി.

മൊഷ്വേഷ്വേയുടെ കാലത്തുതന്നെ മിഷനറിമാർ രാഷ്ട്രീയകാര്യങ്ങളിൽ രാജാവിനെ ഉപദേശിച്ചു തുടങ്ങി. വിദ്യാഭ്യാസത്തിൽ ബ്രിട്ടീഷ് രീതി രീതിയാണ് ഈ നാട് സ്വീകരിച്ചത്. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സംരക്ഷണയിൽ ല്സോത്തോ പുരോഗതി നേടി. മറ്റുനാടുകളിൽ സംഭവിച്ചതുപോലെയുള്ള അടിച്ചമർത്തലുകളോ അതിനെതിരായ ദേശീയ സമരങ്ങളോ ഇവിടെയുള്ളവർക്ക് നേരിടേണ്ടിവന്നില്ല എന്നതിനു പല സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളുമുണ്ട്.
ഒരു കാരണം, ല്സോത്തോയിൽ ആകർഷണീയമായതൊന്നും ബ്രിട്ടീഷുകാർ കണ്ടില്ല എന്നതാണ്. നാടിന്റെ നല്ല ഭാഗങ്ങൾ പലതും സൗത്ത് ആഫ്രിക്കയുടെ കീഴിലായിരുന്നു. ആ പ്രദേശമാണെങ്കിൽ നാൾതോറും കലുഷിതമായിക്കൊണ്ടുമിരുന്നു.

ഇത്തരുണത്തിൽ ബ്രിട്ടീഷുകാർക്ക് നല്ലൊരു തട്ടകമായിരുന്നു ല്സോത്തോ. കാലക്രമേണ ല്സോത്തോ ഒരു ബാധ്യതയായി മാറിയപ്പോൾ, ബ്രിട്ടീഷ് സംരക്ഷണത്തിൽ നിന്നും (British Protectorate of Basutoland) അവർ ഔദ്യോഗികമായി പിന്മാറി. അങ്ങനെ, 1966 ഒക്ടോബർ 4 ന് ല്സോത്തോ ഒരു സ്വതന്ത്രരാഷ്ട്രമായി. പിന്നെയും മുപ്പതിനടുത്തു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സൗത്ത് ആഫ്രിക്കയിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടന്നത് എന്നോർക്കുമ്പോഴാണ്, ല്സോത്തോയുടെ രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. സൗത്ത് ആഫ്രിക്കയുടെ സ്വാതന്ത്ര്യസമരത്തിൽ ല്സോത്തോയ്ക്കും ഒരു നല്ല പങ്ക് വഹിക്കുവാൻ സാധിച്ചതും അവർക്ക് കിട്ടിയ ഈ സ്വാതന്ത്ര്യബോധമാണ്.

അവിടെയുള്ള നേതാക്കൾക്ക് ഒളിവിൽ കഴിയുവാൻ ഒരിടമായിരുന്നു ല്സോത്തോ. സൗത്ത് ആഫ്രിക്കയിലെ പല വലിയ നേതാക്കളും പഠിച്ചത് ഈ നാട്ടിലായിരുന്നു എന്നത് ഇവർക്ക് ഏറെ അഭിമാനം തരുന്നതായിരുന്നു. 1994 ൽ സൗത്ത് ആഫ്രിക്കയിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുന്നത് ഞങ്ങളും ആഘോഷിച്ചിരുന്നു.
നമുക്ക് ല്സോത്തോയിലേക്കും എന്റെ ജീവിതത്തിലേക്കും തിരിച്ചുവരാം.

ല്സോത്തോയുമായി  പന്ത്രണ്ടോളം അതിർത്തികൾ സൗത്ത് ആഫ്രിക്ക പങ്കിടുന്നു. സൗത്ത് ആഫ്രിക്ക വഴിയല്ലാതെ അന്യദേശക്കാർക്ക് ഇവിടേക്ക് കടക്കുവാനും സാധ്യമല്ല. വിമാനം വഴിയെങ്കിൽ ജോഹാന്നസ്ബർഗ്ഗിൽ പറന്നെത്തണം. അവിടെനിന്നും ല്സോത്തോയുടെ തലസ്ഥാനമായ മസേരുവിലേക്കും വായുമാർഗ്ഗം സഞ്ചരിക്കാം.
കെന്യയിൽ നിന്നും ഞാനും അങ്ങനെയാണ് മസേരുവിൽ ആദ്യമായി എത്തിയത്.

വന്നത് 1991 ജൂലൈ അവസാനം. അധികഠിനമായ ശൈത്യകാലം. ഞാനോ, മുൻകൂട്ടി തയ്യാറാറെടുത്തിരുന്നില്ല, തണുപ്പിനെ നേരിടുവാൻ. സീറോ ഡിഗ്രിക്കും താഴെയാണ് ടെമ്പറേച്ചർ. ജോഹന്നാസ്ബർഗിൽ മസേരുവിലേക്കുള്ള കൊച്ചുവിമാനം കാത്തിരിക്കുമ്പോൾ ഒരു കന്യാസ്ത്രിയമ്മയെ പരിചയപ്പെട്ടു. അവരാണ് ല്സോത്തോയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ പറഞ്ഞുതന്നത്.

രണ്ടു വസ്തുതകൾ എന്റെ മനസ്സിൽ അടിയുറച്ചു. ഒന്ന് ല്സോത്തോ ദക്ഷിണാഫ്രിക്കയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്രരാഷ്ട്രമാണ്. ഞാൻ അധ്യാപകനാകുന്നത് ഒരു കത്തോലിക്കാ സ്കൂളിൽ ആണ്. ആദ്യപാഠങ്ങൾ നമ്മുടെ ചോരയിൽ ലയിച്ചു ചേരും. ല്സോത്തോയിൽ കാലുകുത്തിയപ്പോൾ അറിഞ്ഞില്ല, എന്റെ വരുംകാല ജീവിതം, മുപ്പതുവർഷത്തിലും അധികം കാലം ഞാൻ കാത്തോലിക്കാ സ്‌കൂളുകളിൽ, അവരുമായി ഏറെ ഇടപഴകിയാകും എന്റെ അധ്യാപനവൃത്തി, പഠനം, ഗവേഷണം, കരിയർ എല്ലാം മുന്നോട്ടുപോവുക എന്നത്.
മറ്റൊന്ന്, ഈ സ്വതന്ത്രമണ്ണിനു വേണ്ടി എനിക്കും, എനിക്കുവേണ്ടി ഈ നാട്ടുകാർക്കും ഏറെ ചെയ്യാനുണ്ടാകും എന്നതും.

പക്ഷേ, ഇതൊന്നും അറിയാതെയാണ് എന്റെ യൗവനകാലത്ത് ഒരു ഭാഗ്യാന്വേഷിയായി ആ മണ്ണിലിറങ്ങിയത്, വലതുകാൽ വച്ച്!

മൊഷ്വേഷ്വേ വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കുവാൻ ഭാനുസാർ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും ഇറങ്ങിയ ഞാൻ പേടിച്ചു, അത്ഭുതപ്പെട്ടു. ചുറ്റും മലകൾ, ജനവാസമില്ലാത്ത ഒരു വലിയ പ്രദേശം! അന്നും ഇന്നും വിമാനത്താവളത്തിന് വലിയ വ്യത്യാസമില്ലതാനും!

അദ്ദേഹത്തോടൊപ്പം ഇറങ്ങി. വിമാനത്താവളത്തിൽ നിന്നും ഇരുപതോളം കിലോമീറ്റർ അകലെ ആണ് മസേറു നഗരം. ആ നഗരത്തിന്റെ കേന്ദ്രമായി കാണുന്ന കത്തീഡ്രലിൽ ആണ് ചെന്നെത്തിയത്.

1943 ൽ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ല്സോത്തോയിലെ പട്ടാളം വിജിഗീഷുകളായി തിരികെവന്നപ്പോൾ വിജയപ്രതീകമായും നന്ദിപ്രകടനമായും അവരുടെ ചിലവിൽ പണികഴിച്ച കത്തോലിക്കാപള്ളി നഗരത്തിന്റെ അഭിമാനസ്തംഭം ആണ്. അതുകൊണ്ട്, ആ പള്ളിയ്ക്ക് ഇട്ട പേര്, Cathedral of Our Lady of Victorious എന്നാണ്.
അവിടെ കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ ഒരു മിഷൻ ഉണ്ട്. വിശുദ്ധനാമത്തിലെ സഹോദരികൾ (Sisters of Holy Names). പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ കാനഡയിൽ ഉടലെടുത്ത ഈ ക്രിസ്തീയ സഹോദരീപ്രസ്ഥാനത്തെ ഒബ്ളേറ്റുകൾ ഈ നാട്ടിലേക്ക് ക്ഷണിച്ചതിൻപടി 1930 ൽ ല്സോത്തോയിലേക്ക് ക്രിസ്തുവിൻറെ സുവിശേഷങ്ങൾ പഠിപ്പിക്കുവാൻ വന്നു.

ല്സോത്തോയിലെ മൂന്നു പ്രധാന ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്ന കത്തോലിക്കാ വിഭാഗത്തിന് വിദ്യാഭ്യാസം, നീതി, ആതുരശുശ്രൂഷ, സുവിശേഷം തുടങ്ങിയവയിൽ പ്രവർത്തിക്കുവാനും ആത്മീയതയിലേക്ക് തദ്ദേശീയരെ ആകർഷിക്കുവാനും ലക്ഷ്യമാക്കി ഏറെ ഉപവിഭാഗങ്ങൾ ഉണ്ട്. നൂറ്റമ്പതോളം വർഷങ്ങൾക്കു മുൻപേ അവരുടെയെല്ലാം പരിശ്രമത്തിന്റെ ഫലമായാണ് ല്സോത്തോ ആധുനികലോകത്തെക്കും പുരോഗമനത്തിലേക്കും കാലെടുത്തുവച്ചത് എന്നുറപ്പിച്ചു പറയുവാൻ സാധിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവറ്റ്
Next articleസി.ഖാലിദ് പുരസ്‌കാരം സുഗതകുമാരിക്ക്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here