കറുപ്പ് വിഴുങ്ങിയവർക്കിന്നും
ആഫ്രിക്ക കറുപ്പാണ്.
നയനങ്ങളിൽ
നൈലിന്റെ നീരൊലിപ്പ്
വിങ്ങലിന്റെ രസതന്ത്രമാണെന്ന്
എന്തിനിപ്പോഴും വാശി പിടിക്കണം?
നിധിശേഖരത്തിനായി
ഇരുമ്പുമറകൾ തേടുന്നത്
മോഷ്ടാക്കളുടെ
കൗടില്യം കൊണ്ടു കൂടിയാണ്.
പ്രതീക്ഷാ മുനമ്പുകൾ
മുന്നോട്ടു തള്ളി നിന്നാലും
കലഹാരിയുടെ കനലുകൾ മാത്രം
നിന്നെ പൊള്ളിക്കുന്നതിൽ
വ്യാകുലതകൾ ബാക്കിയുണ്ട്.
ഉടലിനെ
തുല്യ വലിപ്പമുള്ള
രണ്ടർധ ഭാഗങ്ങളായി മാറ്റിയിട്ടും
കുത്തുവാക്കുകൾ മാത്രം
കേൾക്കാൻ വിധിക്കപ്പെട്ടവൾ.
നാഗരികതകളുടെ കളിത്തൊട്ടിലായിട്ടും
നിന്റെ നിറം ഇപ്പോഴും
ഇരുണ്ടതാണെന്ന് പരിഷ്ക്കാരികൾ
തിട്ടൂരമിറക്കുന്നു.
പച്ച പിടിച്ച നിന്റെ ഉടലിനെ
അകലെ നിന്ന് നോക്കുന്നവർക്ക്
ഇരുണ്ടതായി മാത്രമേ കാണാനാവൂ..
കറുപ്പു വിഴുങ്ങിയവർക്കും..