കാറ്റിന് ഗന്ധം മാറി
രക്തഗന്ധത്തിൻ വാഹിനിയായ് .
പൂക്കൾക്ക് നിറംപോയ്
ചോരചിന്തിയ പോരുകൾക്കിടയിൽ മുഖം വാടി.
തരുണിമാർ ശാന്തിയുടെ വെളുത്ത തട്ടങ്ങൾ കൊണ്ട്
കറുത്ത ദുഖത്തെ മറയ്ക്കുന്നു.
പുകയുടെ ജിന്നിൻെറ നൃത്തം ഭയന്ന് മർത്യൻെറ
ചുണ്ടുകൾ തുറക്കാതെ ഹൃദയങ്ങൾ മാത്രം കരയുന്നു .
വെടിക്കുഴലുകൾ ചൂണ്ടി അന്തരീക്ഷത്തിൽ
അരക്ഷിതത്വത്തിൻെറ നിറങ്ങൾ .
കണ്ണുകൾ തോക്കിൻ കുഴലുകളായ്
അപരൻെറകണ്മണിയോർക്കാതെ
ജീവനെ കവരുവാൻ വെമ്പുന്നു.
തരുണിമാരപ്പഴും വെളുത്ത തട്ടങ്ങളിൽ ദുഖമൊതുക്കുന്നു.
കറുത്ത താടിക്കാർ കടിച്ചു കീറുമോ ?
വെണ്മയുടെ പത്രങ്ങൾ കറുത്ത അക്ഷരത്താൽ കുറിക്കുന്ന
നാളെത്തെ മെഴുകുശില്പങ്ങളാകുമോ?
കാശ്മീരിൻെറ മഞ്ഞിനോളം ,ഗാന്ധാരത്തിൻെറ വിശുദ്ധിയോളം
അഴകോടെയാണാ കവിൾത്തടങ്ങൾ.
മൺതരികൾക്കും മരങ്ങൾക്കും നദികൾക്കും
ഒരുപോലെയാണാ മാലാഖമാർ