“എനിക്കു ശ്വസിക്കാൻ വയ്യ”, യെന്നാ , –
മദ്ധ്യവയസ്ക്കന്റെ രോദനം
കേട്ടിട്ടും കൈ പോക്കറ്റിൽ നിക്ഷേപി –
ച്ചൊരധമന്റെ കാൽമുട്ടിലമരുന്ന
കഴുത്തിനിവിടെയെന്തു വില! ;
കാഴ്ചക്കാരുടെ യാചനയ്ക്കുമില്ല വില ;
കൂടാതെ, കുട്ടിപ്പോലീസുകാർക്കു –
മാപ്പഹയനെ ഭയമായിരുന്നു പോലും !
‘ചാവിൻ’ എന്നാണു ബാഡ്ജിലെ പേരു –
പോലു മെന്തൊരു വൈപരീത്യം!
നാനൂറു കൊല്ലത്തെ യടിമത്തചിന്ത –
യ്ക്കിന്നു മൊരു മോചനമുണ്ടാകയില്ലയോ?
ലേലത്തിൽ പിടിച്ച പാവം മനുഷ്യനെ
ചങ്ങലക്കിട്ടു പണി ചെയ്യിച്ചു
പണക്കാരനായ വെള്ളക്കാരനുണ്ടോ
സ്വയം തെറ്റു തിരുത്തുവാൻ ഭാവം!
“എനിക്കൊരു സ്വപ്ന” മുണ്ടെന്നു ചൊല്ലിയ,
സമാധാന സമരം നയിച്ചൊരു കിങ്ങിനെ
നിഷ്ക്കരുണം വെടിവച്ചതോ പൗരുഷം !
‘ജൂൺടീന്തി’ നെതിരെ കലാപവെറിയോ,
അടിമത്തം തുടരാൻ ‘കോൺഫിഡറസി’യോ ,
ഏതാണു നിങ്ങൾക്കിഷ്ടവിനോദം !
‘അളമുട്ടിയാൽ ചേരയും കടിയ്ക്കു’ മെ-
ന്നാരോ പറഞ്ഞതുപോലെ യിന്നത്തെ
നീറുന്നൊരു മനസ്സിന്റെ യുടമയൊരു
‘ടൈംബോംബാ’യി മാറിയാലതിശയമോ ?
പ്രതിഷേധ സമരം തുടങ്ങിയാലതെങ്ങിനെ
‘രാജ്യദ്രോഹ’ മാകും പ്രസിഡന്റേ ?