പതിനഞ്ചാമത്തെ അക്ഷയകേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചു.’’ഈ ആധാർ കാർഡും പാൻ കാർഡുമൊന്ന് ലിങ്ക് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്?മുജ്ജൻമത്തിൽ വല്ല ഭാര്യാഭർത്താക്കൻമാരായിരുന്നിരിക്കണം ഈ കാർഡുകൾ!പല വിധത്തിൽ പലരും നോക്കിയിട്ട് രക്ഷയില്ല.കുറെ ദിവസമായിട്ട് ഇതു തന്നെയാണ് പ്രധാന ജോലി.രാവിലെ കാർഡുകളുമായിട്ട് ഇറങ്ങും.പോകുന്ന വഴിയിൽ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ കയറും.നീളമുള്ള ക്യൂവിന്റെ പുറകിൽ നിൽക്കുമ്പോൾ ആലോചിക്കാതെയുമല്ല.ഇങ്ങനെ ഓരോ കാര്യത്തിനായി എപ്പോഴും ക്യൂവിൽ നിൽക്കാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്?
ഒരു മണിക്കൂറിലധികം കൗണ്ടറിന് മുന്നിൽ ക്യൂ നിന്ന് ഒടുവിൽ അടുത്തെത്തിയപ്പോൾ കാർഡുകൾ വാങ്ങി ചെക്ക് ചെയ്തിട്ട് കൗണ്ടറിലിരിക്കുന്ന കുട്ടി മധുര മനോഹര ശബ്ദത്തിൽ പറഞ്ഞു.’’സാറിന്റെ കാർഡ് ലിങ്ക് ചെയ്യാൻ പറ്റില്ല.പാൻ കാർഡിലെ പേരുമായി നോക്കുമ്പോൾ ഒരു ‘’എച്ച്’’’ കൂടുതലുണ്ട്’’ . ഇത്രയും നേരം ക്യൂ നിന്ന് സമയം കളഞ്ഞത് മിച്ചം.എന്റെ പേരിന്റെ കട്ടി പോരെന്ന് തോന്നിയിട്ട് ആധാർ കാർഡിൽ ഒരു ‘’എച്ച്’’ കൂടി സമ്മാനിച്ച ആ മഹാനറിയുന്നുണ്ടോ അതിന്റെ പേരിൽ ഞാനനുഭവിക്കുന്ന പെടാപ്പാടുകൾ..!
‘’ഇതു തിരുത്തിയിട്ട് ലിങ്ക് ചെയ്തു തരാൻ പറ്റില്ലേ?’’ ദയനീയമായിരുന്നു എന്റെ ചോദ്യം.ബഹളത്തിനിടയിൽ അഞ്ചാറു തവണ ചോദിച്ചിട്ടാണ് മറുപടി കിട്ടിയത്. തിരക്ക് കൂടിയതു കൊണ്ടാകാം എല്ലാവരും വലിയ ഗൗരവത്തിലാണ്.’’ഇവിടെ ഇത് തിരുത്തൻ പറ്റില്ല.അതിന് ബയോ മെട്രിക് സംവിധാനമുള്ള അക്ഷയകേന്ദ്രത്തിൽ പോകണം.’’
അതെന്തു സംവിധാനമെന്ന് ചിന്തിച്ച് അന്തം വിട്ടു നിൽക്കുമ്പോഴാണ് വിശദീകരണം വന്നത്.’’ഇവിടെ രണ്ടു സ്ഥലത്തേയുള്ളു,നേരെ അങ്ങോട്ട് വിട്ടോ..’’ അവർ പറഞ്ഞു തന്ന സ്ഥലവും തിരക്കി പിന്നെ അങ്ങോട്ടായി യാത്ര.കണ്ടു പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല.നീളമുള്ള ക്യൂ കണ്ടപ്പോൾ മനസ്സിലായി,ഇതു തന്നെ സ്ഥലം.അകത്തേക്കൊന്നും പോകേണ്ട കാര്യമില്ലായിരുന്നു.നേരെ ക്യൂവിൽ ചെന്ന് സ്ഥലം പിടിച്ചു.അവിടെയും കുറെ നേരം തിക്കിത്തിരക്കി കൗണ്ടറിൽ ചെന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു.എങ്കിലും സമാധാനിച്ചു,ഇനി ലിങ്ക് ചെയ്തിട്ട് ഓഫീസിൽ പോകാമല്ലോ?
‘’ഞാൻ ഒരു മണിക്കൂറായി ഈ ക്യൂവിൽ നിക്കുകയാണ്.എന്റെ കാർഡൊന്ന് തിരുത്തി ലിങ്ക് ചെയ്തു തന്നാൽ ഓഫീസിൽ പോകാമായിരുന്നു.’’ പറഞ്ഞയുടനെ അയാൾ എന്റെ കാർഡുകൾ വാങ്ങി ലിങ്ക് ചെയ്തു തരുമെന്നായിരുന്നു എന്റെ വിശ്വാസം.പകരം പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ അയാൾ പറഞ്ഞു.’’നിങ്ങൾ ഒരു മണിക്കൂറല്ലേ ആയുള്ളൂ നിൽക്കാൻ തുടങ്ങിയിട്ട്.ഇവരൊക്കെ വെളുപ്പിനെ മുതൽ വന്നു നിൽക്കുന്നതാ..ആധാറിന്റെ സെർവർ കംപ്ളയിന്റായിരിക്കുകയാണ്.ഇവരുടെത് ശരിയാക്കി കൊടുത്തിട്ട് നിങ്ങളുടെ കാർഡ് വാങ്ങിക്കാം.’’
എല്ലാ പ്രതീക്ഷയും നശിച്ചു.ഇനി എന്താണ് ചെയ്യുക?’’വേറെ എവിടെപ്പോയിട്ടും കാര്യമില്ല,എല്ലാവരും കൂടി സൈറ്റിൽ കയറിയത് കാരണം സൈറ്റ് ജാമായിരിക്കുകയാണ്.’’ അയാളുടെ വിശദീകരണം കൂടി വന്നപ്പോൾ എല്ലാം പൂർണ്ണമായി.ഇനി ഒരു കംപ്ളയിന്റുമില്ലാതിരിക്കുകയാണെങ്കിലും ഞാൻ ചെല്ലുമ്പോൾ അവിടെയും ജാമാകുമെന്നതിൽ ഒരു സംശയവുമില്ല.’’പാപി ചെല്ലുന്നിടം പാതാളം ‘’എന്നു പറഞ്ഞതു പോലെയാണ് എന്റെ അവസ്ഥ.കാര്യം നടന്നില്ല,ഇനി പോയി ഓഫീസ് കാര്യമെങ്കിലും നടത്താമെന്നോർത്ത് ഞാൻ പുറത്തിറങ്ങി.
പലരും പറഞ്ഞതനുസരിച്ച് പല സ്ഥലത്തുമുള്ള അക്ഷയകേന്ദ്രങ്ങളിൽ കയറിയിറങ്ങി.എല്ലായിടത്തു നിന്നും ഒരേ മറുപടി.’’സാറേ,ഈ സൈറ്റൊന്ന് ശരിയായിക്കോട്ടെ സാറിന്റെ കാർഡുകൾ അപ്പോൾ ശരിയാക്കി തരാം..’’ എന്നാണ് ആ സുന്ദര സുദിനം ആഗതമാകുന്നതെന്ന വേവലാതിയോടെ അനാഥമായ ആധാർ കാർഡും പാൻ കാർഡുമായി അക്ഷയകേന്ദ്രങ്ങൾ തോറും അക്ഷയമായ പ്രതീക്ഷയോടെ നടക്കാനാണ് വിധി എന്ന് തോന്നുന്നു.ഏതായാലും അടുത്തുള്ള റെസ്റ്റോറന്റിൽ കയറി ഒരു ചായ കുടിച്ച് കളയാം എന്നു കരുതി.അങ്ങനെയെങ്കിലും അൽപം ടെൻഷൻ കുറയുന്നെങ്കിൽ കുറയട്ടെ.കാലിച്ചായയും കുടിച്ച് കൗണ്ടറിൽ ചെന്ന് പത്ത് രൂപ എടുത്തു കൊടുത്തപ്പോൾ കാഷ്യർ പറഞ്ഞു..’’ബില്ല് നോക്കിയില്ലേ,ചായക്ക് ഇരുപത് രൂപയാ..’’
അതിന് പഞ്ചസാരയുടെയും തേയിലയുടെയുമൊന്നും വില കൂടിയില്ലല്ലോ എന്ന സംശയം പ്രകടിപ്പിച്ചപ്പോൾ പുച്ഛം നിറഞ്ഞ ഭാവത്തിൽ അയാൾ ചോദിച്ചു. ’’സാറ് പത്രമൊന്നും വായിക്കാറില്ലേ,ജി.എസ്.ടി.നടപ്പിലാക്കിയ കാര്യം എല്ലാവരും അറിഞ്ഞല്ലോ?..’’ പത്ത് രൂപ കൂടി എടുത്തു കൊടുക്കുമ്പോൾ ഞാനോർത്തു,ദൈവമേ,ഇനി ചായ കുടിച്ചാൽ ചായയുടെ കാശ് മാത്രമല്ല ടാക്സും കൊടുക്കണോ. .അതിന്റെ വിഷമത്തിൽ ലിങ്ക് ചെയ്യാൻ കഴിയാതിരുന്നതിന്റെ വിഷമം ഞാൻ മറന്നു.