അടയുന്ന ജാലകങ്ങള്‍

 

 

 

 

അമ്മ മുറിയില്‍ തനിച്ചായിരുന്നു. ജാലകത്തിനപ്പുറം കത്തുന്ന പകല്‍ . അവരുടെ ഭര്‍ത്താവ് മുന്‍പെ മരിച്ചു പോയിരുന്നു.

മക്കള്‍ വിവാഹിതരും കുഞ്ഞുങ്ങള്‍ ഉള്ളവരുമായ അവരുടെ ആണ്മക്കള്‍. അവര്‍ തന്നെയാണ് അമ്മയെ ചിത്തരോഗാശുപത്രിയില്‍ എത്തിച്ച് സ്ഥലം കാലിയാക്കിയത്. അമ്മയ്ക്കു ഭ്രാന്താണെത്രെ.

മക്കള്‍ അമ്മക്ക് ഇപ്പോഴും ചെറിയ കുട്ടികള്‍. സ്വന്തം കരവലയത്തിനുള്ളീല്‍‍ അവരെ സംരക്ഷിച്ചു പാലിക്കാന്‍ അവര്‍ കൊതിക്കുന്നു . അമ്മ ജാലകം തുറന്നു . പകല്‍ ഇതള്‍ കൊഴിയുന്നു. കണ്ണീരണിഞ്ഞ വാനം. ഇരുട്ടിന്റെ പാമ്പുകള്‍ ഇഴഞ്ഞു വരുന്നു . അമ്മ ജനലഴിക്കുള്ളിലൂടെ കൈ നീട്ടി.

കുഞ്ഞുങ്ങള്‍ താഴത്തും തലയിലും വെയ്ക്കാതെ താന്‍ വളര്‍ത്തിയ തന്റെ കുട്ടികള്‍. അവര്‍ക്ക് ആ നിമിഷം തന്നെ മക്കളെ കെട്ടിപ്പിടിച്ച് നെറുകയില്‍ നുകര്‍ന്ന് ഒന്നു പൊട്ടിക്കരയണമെന്നു തോന്നി . പക്ഷെ ആശുപത്രി മുറിയില്‍ താന്‍ തനിച്ചാണെന്നും ഒരു ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട തന്നെ കാണാന്‍ ഇനി ഒരിക്കലും അവര്‍ വരില്ല എന്നും ആ അമ്മ അറിഞ്ഞതേയില്ല.

നിലാവില്‍ തിളങ്ങുന്ന വീഥിയിലേക്ക് അവര്‍ വഴിക്കണ്ണും നട്ടു നിന്നു . പിന്നെ എന്റെ മക്കളേ എന്നു വിലപിച്ച് തണുത്ത നിലത്തേക്ക് ഊര്‍ന്നിരുന്നു.

ജാലകത്തിനപ്പുറം പരന്നൊഴുകിയ കദനനിലാവില്‍ ആകാശം നിറഞ്ഞ് നിന്നിരുന്ന നക്ഷത്രങ്ങള്‍ നിസംഗ നെടുവീര്‍പ്പോടെ കണ്‍ചിമ്മാതെ നിന്നു . നിമിഷങ്ങള്‍ അടര്‍ന്നു വീഴുന്ന ഒച്ച മാത്രം അവിടെ നിറഞ്ഞു മുഴങ്ങി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here