അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് ലോകമാകെ നാശം വിതറി പരന്ന കോവിഡ് കാലത്തെ രണ്ട് നോമ്പുകളും ആളും ആരവവും ഒഴിഞ്ഞ പെരുന്നാളുകളും. പള്ളികൾ നിറഞ്ഞു കവിയുന്ന കാലമായിരുന്നു റംസാൻ മാസക്കാലം. പകലും രാവും ആളുകൾ പ്രാർത്ഥനയിലും ആരാധനയിലും മുഴുകുന്ന കാലം. നോമ്പ് മാസം മാത്രമുള്ള തറാവീഹ് എന്ന രാത്രി പ്രാർത്ഥനയും വിത്ർ എന്ന നമസ്ക്കാരവും. ഒരു മണിക്കുർ നേരം നീണ്ടു നിൽക്കും രണ്ടു നമസ്ക്ക്കാരങ്ങളും കൂടി.
നോമ്പ് മാസത്തിൽ അതിശ്രേഷ്ടമായ രണ്ട് ദിനങ്ങൾ കൂടിയുണ്ട്,പതിനേഴാം രാവും ഇരുപത്തേഴാം രാവും. പതിനേഴാമത്തെ ദിനം ഇസ്ലാമിക ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനമാണ്. അന്നായിരുന്നു അതിജീവനത്തിനായി മക്കയിലെ ബദർ എന്ന സ്ഥലത്തെ പോരാട്ടം. നോമ്പ് അനുഷ്ടിച്ചു കൊണ്ട് ശത്രുക്കളോട് പോരാടി വിജയിച്ച മുഹമ്മദ് നബി[സ.അ] യുടെ അനുചരൻമാർ ബദ്‍രീങ്ങൾ[റ] എന്ന് അറിയപ്പെടുന്നു. അന്ന് അവരുടെ പ്രകീർത്തനങ്ങളും അന്നദാനവും എല്ലാ പള്ളികളിലും നടത്തപ്പെടുന്നു.
ഇരുപത്തേഴാമത്തെ നോമ്പ് രാത്രി അതിവിശിഷ്ടമാണ്. ‘’ലൈലത്തുൽ ഖദ്ർ ‘’ അഥവാ ആയിരം രാത്രികളെക്കാൾ പുണ്യമുള്ള രാത്രി എന്നാണ് ഖുർആൻ ഈ രാത്രിയെ വിശേഷിപ്പിക്കുന്നത്. അന്നാണ് രാപകൽ വിശ്വാസികൾ പള്ളികൾ കേന്ദ്രീകരിച്ച് പ്രാർത്ഥനകൾ നടത്തി സജീവമാക്കിയിരുന്നത്. തങ്ങളിൽ നിന്ന് വേർ പിരിഞ്ഞവർക്കുള്ള പ്രാർത്ഥനയും ഈ രാത്രിയുടെ പ്രത്യേകതയാണ്.
ഇങ്ങനെ സജീവമായ നോമ്പ് മാസത്തെയാണ് രണ്ട് വർഷങ്ങൾ വീട്ടിനുള്ളിൽ തന്നെ പ്രാർത്ഥനയുമായി കഴിയാൻ വിശ്വാസികളെ നിർബന്ധിതമാക്കിയത്. അടച്ചിടപ്പെ
പുതുവസ്ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും പുറത്തൊന്നിറങ്ങാൻ കഴിഞ്ഞെങ്കിൽ എന്നതായിരുന്നു ആ സമയത്തെ ഏറ്റവും വലിയ ആഗ്രഹം . നിശ്ചിത സമയങ്ങളിൽ മാത്രം തുറക്കുന്ന കടകളിൽ നിന്നും സാധനങ്ങൾ അകലം പാലിച്ചു നിന്നു വാങ്ങേണ്ടി വന്ന കാലവും മറക്കാൻ കഴിയില്ല. വായിച്ചു മാത്രം പരിചയമുണ്ടായിരുന്ന ലോക്ക്ഡൗണും കർഫ്യൂ സമാനമായ അവസ്ഥയും സഞ്ചാര സ്വാതന്ത്ര്യമില്ലാതെ സാക്ഷ്യപത്രം പൂരിപ്പിച്ച് മാത്രം പുറത്തിറങ്ങാൻ കഴിഞ്ഞിരുന്ന കാലവും കഴിഞ്ഞെന്ന് നമുക്ക് വിശ്വസിക്കാം. രണ്ടു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങാനും നിയന്ത്രണങ്ങൾ പാലിക്കാതെ പള്ളികളിൽ പോകാനും കഴിഞ്ഞപ്പോൾ അതിന്റെ ആശ്വാസം ഒന്നു വേറെ തന്നെ.
അസ്വാതന്ത്ര്യം അനുഭവിച്ചപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് നമുക്ക് മനസ്സിലായത്. ഇനി ഒരിക്കലും അങ്ങനെ ഒരവസ്ഥയുണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർഥമായി നമുക്ക് പ്രാർത്ഥിക്കാം. എല്ലാ വിശ്വാസികൾക്കും അവരവരുടെ ആരാധനാലയങ്ങളിൽ പോകാൻ ഒരു നിയന്ത്രണവുമീല്ലാത്ത കാലം നില നിൽക്കട്ടെ എന്ന് നമുക്ക് ആശിക്കാം. ഡെൽഹിയിലും ചെന്നൈയിലും വീണ്ടും മാസ്ക്ക് നിർബന്ധമാക്കിയെന്ന വാർത്ത താൽക്കാലികമായിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. എല്ലാ മതങ്ങളും സാഹോദര്യപൂർവ്വം കഴിയുന്ന ഒരു കാലമാകട്ടെ വരും കാലം. ഖുർആൻ പറഞതതു പോലെ ‘’ നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.’’ എന്ന വീക്ഷണം നമ്മൾ പ്രാവർത്തികമാക്കിയാൽ മതങ്ങൾ തമ്മിലുള്ള സ്പർധയും വിദ്വേഷങ്ങളും തീരുമെന്ന് തോന്നുന്നു. സാഹോദര്യവും സമാധാനവുമായിരിക്കട്ടെ ഈ നോമ്പ് കാലത്ത് നമ്മുടെ ലക്ഷ്യം..