മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത നടനും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് അന്ത്യം.
നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി.
1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.