അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ വണ്ടി കയറുമ്പോള്‍ സുകേശന്‍റെ മനസ് ആകുലമായിരുന്നു.
അല്‍പ്പം മുമ്പാണ് കരീം നഗറിലെ ഫ്ലാറ്റില്‍ നിന്ന് നന്ദിത എന്ന മകള്‍ അയാളെ ഇറക്കി വിട്ടത്.
അച്ഛന് വൃത്തി പോര, വരുന്നവരോട് മാന്യമായി പെരുമാറാന്‍ അറിയില്ല, ഒരു ജോലിയും നേരാം വണ്ണം ചെയ്യില്ല എന്നിങ്ങനെ നൂറു നൂറു കുറ്റങ്ങള്‍ പറയുക പതിവായിരുന്നുവെങ്കിലും ആറു വയസുകാരന്‍ മകന്‍ ആകാശ് ബാത്ത്റൂമില്‍ തെന്നി വീണതാണ് അവളെ പെട്ടെന്ന് ചൊടിപ്പിച്ചത്. അച്ഛന് ബാത്ത്റൂം ശരിക്ക് ക്ലീന്‍ ചെയ്യാതിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് നന്ദിത ഓരോന്ന് പറഞ്ഞു തുടങ്ങിയതോടെ ആ വൃദ്ധന്‍റെയും നിയന്ത്രണം വിട്ടു.
മകളും മരുമകനും രാവിലെ ജോലിക്ക് പോയി മടങ്ങി വരുന്നത് വരെ വീട്ടു കാര്യങ്ങളെല്ലാം നോക്കിയിരുന്നത് സുകേശനാണ്. കൊച്ചു മകനെ ഒരുക്കി സ്കൂളില്‍ കൊണ്ടു വിടുന്നത് മുതല്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതും വീട് വൃത്തിയാക്കുന്നതുമെല്ലാം അതില്‍ പെടും.
അയാള്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഭാര്യ മരിച്ച് ഒറ്റപ്പെടല്‍ അനുഭവിച്ച് തുടങ്ങിയതോടെയാണ് സുകേശന്‍ ഏക മകളുടെ അടുത്തേയ്ക്ക് താമസം മാറ്റിയത്. ആദ്യമൊക്കെ കാര്യങ്ങള്‍ പ്രതിക്ഷിച്ച പോലെ പോയെങ്കിലും നാട്ടില്‍ നിന്നുള്ള അയാളുടെ പെന്‍ഷന് ചില തടസങ്ങളുണ്ടായതോടെ മരുമകന്‍റെ മനോഭാവത്തില്‍ മാറ്റം വന്നു. അത് പിന്നീട് നന്ദിതയിലേക്കും പടര്‍ന്നു. വര്‍ഷങ്ങളായി കേസില്‍ പെട്ട് കിടന്നിരുന്ന സുകേശന്‍റെ കുടുംബസ്വത്ത് കോടതി വിധി വഴി അയാളുടെ സഹോദരന്‍ കൈക്കലാക്കുക കൂടി ചെയ്തപ്പോള്‍ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും ആ വീട്ടില്‍ പതിവായി.
തന്‍റെ പഴഞ്ചന്‍ ബാഗ് പുറത്തേക്കിട്ട് നന്ദിത പിന്നില്‍ നിന്ന് വാതിലടച്ചപ്പോള്‍ സുകേശന്‍ പിന്നെയൊന്നും ആലോചിച്ചില്ല.
ഏതോ തീര്‍ഥാടന കേന്ദ്രത്തില്‍ കൂടി പോകുന്ന പാസഞ്ചര്‍ ട്രെയിനിലെ തിങ്ങി നിറഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍പ്പടിക്കടുത്ത് ഒരു വിധത്തില്‍ സ്ഥാനം പിടിച്ച അയാളുടെ അടുത്തേയ്ക്ക് അഞ്ചോ ആറോ വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി പ്ലാറ്റ്ഫോമിന്‍റെ അങ്ങേയറ്റത്ത് നിന്ന് ഓടി വന്നു.
ദാദാജി, മുച്ചേ ഭൂഗ് ലഗ് രഹീ ഹേ
മുഷിഞ്ഞു നാറിയ ഒരു പെറ്റിക്കോട്ട് മാത്രമണിഞ്ഞ, അടികൊണ്ട് ദേഹമാസകലം ചുവന്നു തുടുത്ത അവളെ കണ്ടപ്പോള്‍ സുകേശന്‍ ഒരുവേള ഭൂതകാലത്തിലേക്ക് ഊളിയിട്ടു.
വിവാഹം കഴിഞ്ഞ് ഒരു വ്യാഴവട്ടം കഴിഞ്ഞെങ്കിലും ഒരു കുഞ്ഞിക്കാല്‍ പോലും കാണാന്‍ ഭാഗ്യമില്ലാതെ സുകേശനും ഭാര്യ കമലയും നേര്‍ച്ചകളും വഴിപാടുകളുമായി അലയുന്ന കാലം. അങ്ങനെ ഏതോ ആശ്രമത്തിലെത്തി നേരം തെറ്റി രാത്രി മടങ്ങുമ്പോഴാണ് കോയമ്പത്തൂര്‍ തിരുവള്ളുവര്‍ ബസ് സ്റ്റാന്‍റില്‍ വച്ച് ആ കൊച്ചു പെണ്‍കുട്ടി അവരുടെ അടുത്തേയ്ക്ക് ഓടി വന്നത്. കീറിപ്പറിഞ്ഞ വേഷമണിഞ്ഞ അവള്‍ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ടെന്ന് വ്യക്തം. അങ്ങിങ്ങായി യാചകര്‍ കിടന്നുറങ്ങുന്ന ഒരു ഇരുണ്ട കോണിലേക്ക് അവള്‍ കൈ ചൂണ്ടിയെങ്കിലും അസ്വഭാവികമായി ഒന്നും അവിടെ കണ്ടില്ല. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്നു അവളുടെ കണ്ണുകള്‍ അവരോട് വിളിച്ചു പറഞ്ഞു. സഹായത്തിനായി പരിസരത്താരുമില്ലെന്ന് വ്യക്തമായപ്പോള്‍ കമലയിലെ അമ്മമനസ് പിടയുന്നത് സുകേശന്‍ അറിഞ്ഞു.
നിന്‍റെ കണ്ണുനീരിന് ദൈവം തന്ന സമ്മാനമാണിത്. നമുക്കിവളെ കൊണ്ടു പോകാം : അവസാനം അയാളങ്ങനെ പറഞ്ഞപ്പോള്‍ കമല സന്തോഷം അടക്കാനാവാതെ അവളെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞു.
ഓടിത്തുടങ്ങിയ തീവണ്ടിയിലേക്ക് ചില ചെറുപ്പക്കാര്‍ ചാടിക്കയറിയപ്പോഴാണ് സുകേശന്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നത്. പെട്ടെന്ന് ഹൃദയം പിടച്ച അയാള്‍ പോക്കറ്റില്‍ നിന്ന് അക്ഷരങ്ങള്‍ മങ്ങിയ പഴയ നോക്കിയ ഫോണ്‍ എടുത്ത് ഏതോ നമ്പറിലേക്ക് വിളിച്ചു. മറുവശത്തെ ലാന്‍ഡ് ഫോണില്‍ നിന്ന് ആ പ്രിയപ്പെട്ട
ഒന്നുമില്ല, മോളെ. നിന്‍റെ ശബ്ദം ഒന്നു കേള്‍ക്കാന്‍ വേണ്ടി വിളിച്ചതാ,ശബ്ദം കേട്ടതും അയാളുടെ കണ്ണ് നിറഞ്ഞു
പറഞ്ഞ് തുടങ്ങുമ്പോഴേക്കും തിക്കിലും തിരക്കിലും പെട്ട് സുകേശന്‍ പുറകോട്ട് മറിഞ്ഞു. മൊബൈല്‍ വഴുതി താഴേക്ക് വീണു. പ്ലാറ്റ്ഫോമിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ അയാളുടെ നിലവിളി ട്രൈനിന്റെ രൌദ്ര ഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നു.
മൂന്നു ദിവസം കഴിഞ്ഞ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ ഫ്രീസറില്‍ നിന്ന് നമ്പര്‍ ടാഗ് പിടിപ്പിച്ച ഒരു വൃദ്ധന്‍റെ മൃതദേഹം പുറത്തേക്കെടുക്കുമ്പോള്‍ പോലീസുകാരന്‍ കബീര്‍ ലാല്‍ സൂക്ഷിപ്പുകാരനോട് ഹിന്ദിയില്‍ ഇങ്ങനെ പറഞ്ഞു :
ഇയാള്‍ ഒരു മദ്രാസിയാ. ട്രെയിനില്‍ നിന്ന് വീണു മരിക്കുകയായിരുന്നു. ഇവിടെയടുത്ത് കരിം നഗറിലുള്ള മകളെ കണ്ട് മടങ്ങുമ്പോഴാ സംഭവം. വിവരമറിയിക്കാന്‍ അവരെ വിളിച്ചെങ്കിലും ഇങ്ങനെയൊരു അച്ഛനില്ലെന്ന മറുപടിയാ ലഭിച്ചത്. കാണാന്‍ വന്നതുമില്ല. നമുക്ക് പണിയുണ്ടാക്കാന്‍ വേണ്ടി ഇങ്ങനെ ഓരോരുത്തന്മാര്‍ വന്നോളും. അല്ലാതെന്താ ?