പടിയിറങ്ങാന്‍ നേരം അപശകുനം മാതിരിയാണ് കരിമ്പൂച്ച കുറുകെ ചാടിയത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി അച്ഛന്റെ സന്തതസഹചാരിയായിരുന്നു ഈ പൂച്ച. അതിനാലായിരിക്കണം എല്ലാവരാലും വെറുക്കപ്പെട്ട പൂച്ച എനിക്ക് ഏറെ പ്രിയപ്പെട്ടതായത്.
പൂച്ചയുടെ നിറം പൊതുവെ കറുപ്പാണെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പല നിറങ്ങളുടെ ചാരുത. കറുപ്പ്, ചാരം, മഞ്ഞ,വെളുപ്പ്,തവിട്ട് അങ്ങനെ നിറങ്ങളുടെ ഒരു കൊളാഷ്. ചിത്രകാരനായ അനിയന്‍ രതീഷിനെ ആകര്‍ഷിച്ചതും ആ നിറക്കൂട്ട്. ആരാലോ വഴിയി ല്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ രതീഷ് അമ്മയ്ക്ക് മൂന്നു വര്‍ഷം മുമ്പാണ് സമ്മാനിച്ചത്. ആരെയും പേടിപ്പെടുത്തുന്ന ഒരു ഭീകരത ആ കരിമ്പൂച്ചയ്ക്കുണ്ടെങ്കിലും എന്തോ പ്രത്യേകതയും ആകര്ഷ്ണീയതയുമുണ്ടതിന്. അന്ന് കണ്ണ് തുറക്കാത്ത അതിനെ അമ്മ പശുവിന്‍ പാല് കൊടുത്താണ് വലുതാക്കിയത്. പില്ക്കാലത്ത് ന്യൂജെ ന്‍ കുട്ടികളിലെ ദുശ്ശീലം മാതിരി പായ്ക്കറ്റ് പലഹാരം അതിനും പഥ്യമായി.
എന്റെ മടക്കയാത്ര പൂച്ച എങ്ങനെയോ മണത്തറിഞ്ഞിരുന്നു. അതിനാലായിരിക്കണം രാവിലെ മുതല്‍ എന്നോട് ഒരു അതിര് കവിഞ്ഞ സ്നേഹപ്രകടനം. കസേരയില്‍ ഇരിക്കുമ്പോള്‍ കാലുകള്‍ക്കി ടയിലൂടെ നൂന്ന് കയറിയുള്ള പരിലാളനം. അച്ഛന്‍ പോയപ്പോഴേക്കും പൂച്ചയാകെ മെലിഞ്ഞു.
“ചോറ് തിന്നണമെങ്കില്‍ അതിനു നിത്യവും മീന്‍ കറി വേണം..”
അകത്തെ കട്ടിലില്‍ നിന്നും അമ്മയുടെ പരിഭവം കുത്തിയൊഴുകി.
“അച്ഛനെക്കുറിച്ചുള്ള ഓര്ച്ചയാണതിന്..ഓരോ മുക്കിലും മൂലയിലും അവരെ പരതുകയാണ്..”
അമ്മയുടെ തേങ്ങലിന്റെ ഒച്ച നേര്‍ത്തിരുന്നു. ഇത്ര പെട്ടെന്ന് അച്ഛന്‍ പടിയിറങ്ങിപ്പോകുമെന്ന് ഞങ്ങളും സ്വപ്നേപി നിരീച്ചതല്ല.
ഭാരമുള്ള ബാഗുമായി അനിയന്‍ മുന്നെ നടന്നു. അമ്മയോട് യാത്ര പറയുന്നതിനിടയില്‍ ഇരുത്തിയിന്മേല്‍ മറന്നു വച്ച ടാബുമായി മാമന്‍ പിന്നാലെ ഓടിയെത്തി.
“സൂക്ഷിക്കണേ..ടിക്കറ്റൊക്കെ എടുത്തില്ലേ…”
മാമന്‍ ഒച്ച താഴ്ത്തി പറഞ്ഞു. തിരിഞ്ഞു നോക്കാതെ തന്നെ ഞാന്‍ ആ മുഖഭാവം വായിച്ചു.
വളപട്ടണം പാലത്തില്‍ മഴക്കാല ഓട്ടയടവ് കാരണം വലിയ വാഹനക്കുരുക്ക്. അതിനാല്‍ വിപരീത ദിശയിലേക്ക് സഞ്ചരിച്ച് പയ്യന്നൂരില്‍ നിന്നാണ് ഞങ്ങള്‍ ഇപ്രാവശ്യം തീവണ്ടി കയറുന്നത്. കാറുമായെത്തിയ അളിയന്‍ പാതി വഴിയില്‍ നിന്നും ഭാരമുള്ള ബാഗ് ഏറ്റു വാങ്ങി അനിയനെ വിമുക്തനാക്കി.. ഫ്ലൈറ്റില്‍ ഇങ്ങോട്ട് വരുമ്പോള്‍ എന്റെയും ഭാര്യയുടെയും ഉടുതുണി മാത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഏതോ ഒരു വേളയില്‍ മറുനാട്ടിലെ തേങ്ങയുടെ വിലയെക്കുറിച്ചുണ്ടായ ചര്‍ച്ച ഏച്ചി കേട്ടിരിക്കണം. എന്നാല്‍ ഭാരിച്ച എന്തെങ്കിലും ഇരിക്കട്ടെ എന്ന നിര്‍ബന്ധ ബുദ്ധിയായിരിക്കും അഞ്ചു പത്ത് മുട്ടന്‍ തേങ്ങകള്‍ അനിയനെക്കൊണ്ട് ബാഗില്‍ കുത്തിത്തിരുകിച്ചത്. അതാണ് ബാഗിനിത്ര ഭാരം.
അനിയന്‍ മ്ലാനനായിരുന്നു. ഇനി വീട്ടില്‍ അച്ഛന്റെ വിടവ് അവന്‍ നികത്തട്ടെ. കറവപ്പശുവും, വയല്കൃഷിയും ഇനി അവന്റെ മേല്നോട്ടം.
“എന്താ മോനെ.”
ഇനി ആ വിളിയില്ല. അമ്മ കൈമാറുന്ന ഫോണ്‍ അച്ഛന് കയ്യേല്‍ക്കുമ്പോള്‍ ആദ്യത്തെ സംബോധന അങ്ങനെയാണ്.
കറുത്ത അംബാസഡര്‍ കാര്‍ വരഡൂല്‍ പാലം പിന്നിട്ടിരുന്നു. പെട്ടെന്ന് എന്തോ ഒരു പ്രത്യേക ഗന്ധം മൂക്കില്‍ പടരുന്നതായി തോന്നി. ഇടത്തോട്ട് തിരിയുന്ന അമ്പലത്തിനു പിന്നിലുള്ള കുന്നിലാണ് കൃത്യം പതിനാലു ദിവസം മുമ്പ് അച്ഛനെ അടക്കിയത്. സൂക്ഷ്മമായി ആ തിരിവില്‍ തന്നെ കാറ് പണി മുടക്കി.
“എന്ത് പറ്റീ..’
അളിയന്‍ ചോദിച്ചു.
അറിയില്ലെന്ന് ഡ്രൈവര്‍ തലയാട്ടി.
ഞാന്‍ കണ്ണുകളെ അപ്പോള്‍ ആ കുന്നിലേക്ക് പായിച്ചു. മഴയുടെ മൂടാപ്പിലൂടെ മേയുന്ന കോടമഞ്ഞ് ആകാശത്തെ തൊടാന്‍ വെമ്പി അന്തരീക്ഷത്തില്‍ അലസമായി ചുഴറ്റുന്നു.
“അഛാ ഞങ്ങളെ കാക്കണേ..”
പ്രതിഭ അങ്ങനെ ഉരുവിടുന്നത് കേട്ടു. പിന്നിലെ ടയറില്‍ ലേശം കാറ്റ് കുറവാ..സാരമില്ല. എന്നൊക്കെ ആരോടെന്നില്ലാതെ പിറുപിറുത്ത് കൊണ്ട് ഡ്രൈവര്‍ തിരിച്ചു വന്ന് സീറ്റിലേക്ക് വീണു.
ഭ്രാന്തന്‍കുന്ന് കയറിയപ്പോഴേക്കും ഗ്രാമം വഴിമാറി.
പട്ടണപ്രവേശം ചെയ്ത കാറിനെ തിരക്കിലൂടെ തത്രപ്പെട്ട് ഡ്രൈവര്‍ പായിച്ചു. വണ്ടി വരാനിനി കഷ്ട്ടിച്ച് അരമണിക്കൂര്‍ ബാക്കി. മാനം അപ്പോഴേക്കും വീണ്ടും ഇരുണ്ടു. ചരല്‍ വാരിയെറിയുന്നത് മാതിരി ചില്ലിന്‍ പുറത്ത് മഴ തല്ലിട്ടു.
വീടിനെക്കുറിച്ചുള്ള വേവലാതി വീണ്ടും കടന്നു കൂടി… മഴ പെയ്യുമ്പോ ള്‍ ഓട്ടിനിടയിലൂടെ നേര്‍ത്ത ചോര്‍ച്ചയുണ്ട്. അച്ഛന്‍ അന്ത്യശ്വാസം വലിച്ച അതേ കട്ടിലില്‍ തന്നെയായിരുന്നു ഞങ്ങളുടെ കിടത്തം. നാട് വിടുന്നത് വരെ ഞാന്‍ ഉപയോഗിച്ച മുറി.
അച്ഛനോടോപ്പം രാത്രി സ്ഥിരമായി പൂച്ചയും കൂടെ കട്ടിലില്‍ കയറി കിടക്കുമത്രേ. എത്ര ആട്ടിപ്പായിച്ചാലും എങ്ങനെയെങ്കിലും നുഴഞ്ഞ് അത് കമ്പിളിയ്ക്കുള്ളില്‍ സ്ഥാനം പിടിക്കും.
ഒരുദിവസം അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ശ്രീമതി എന്നെ തൊട്ട് വിളിച്ചു.
“ഈ റൂമില്‍ ആരുടെയോ പെരുമാറ്റമുണ്ട്..”
അവളാകെ വിരണ്ടിരുന്നു. അനിയന്‍ സമ്മാനിച്ച ബ്രൈറ്റ് ലൈറ്റെടുത്ത് കട്ടിലിനടിയിലേക്ക് അടിച്ചപ്പോള്‍ ഞാന്‍ വാസ്തവത്തില്‍ ഞെട്ടി വിറച്ചു പോയി. കരിമ്പൂച്ച എന്നെ തുറിച്ചു നോക്കുന്നു. വാതില്‍ തുറന്നു പൂച്ചയെ ഒരുവിധത്തില്‍ പുറത്താക്കി. ഒച്ച കേട്ട് എഴുന്നേറ്റ അനിയന്‍ പൂച്ചയെ എന്തൊക്കെയോ ശകാരിക്കുന്നത് കേട്ടു. ഇറയത്ത് നിന്നുമുയരുന്ന അതിന്റെ ദയനീയമായ കരച്ചില്‍ പുലരുവോളം ഞങ്ങളുടെ ഉറക്കം കെടുത്തി. ഇടയ്ക്ക് വാതില്‍ തുറന്നപ്പോള്‍ ഇരുത്തിയിന്മേല്‍ മഴച്ചാറ്റലേറ്റ് കിടക്കുന്ന പൂച്ച സങ്കടത്തോടെ തലയുയര്‍ത്തി എന്നെ നോക്കി.
“ഉയരത്തില്‍ കിടന്നാലേ അതിനുറക്കം വരൂ..”
അമ്മയുടെയും അനിയന്റേയും അനിയത്തിയുടെയും ഇടയ്ക്കിടയെയുള്ള വായ്ത്താരി.
കസേരയില്‍, കിണറിന്റെ ഇരുത്തിയില്‍, വൈക്കോല്‍ കൂനയില്‍, യ്ക്കരികില്‍, തൊഴുത്തിന്റെ ഉത്തരത്തില്‍, അട്ടത്ത്…വീട്ടില്‍ ഇപ്പോള്‍ ഒരൊറ്റ എലി ഇല്ല. അരണ, പാറ്റ, ഓന്ത്, പല്ലി ഇവയെയൊക്കെ രാത്രിയില്‍ വേട്ടയാടിപ്പിടിച്ച് തല്ക്കാലം മീന്‍ കറിയുടെ രുചിക്കൂറ്‍ നികത്തുന്നു.
ആ പൂച്ചയാണിപ്പം ഞാന്‍ മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ വിലങ്ങനെ ചാടി ശകുനം മുടക്കിയിരിക്കുന്നത്. ഒരുവേള അച്ഛന്റെ സാന്നിദ്ധ്യം ഇവിടൊക്കെയുണ്ടെന്നതിനുള്ള തെളിവല്ലെ അത്?
മനസ്സങ്ങനെ മുരണ്ടു.
“എന്നാലും പൂച്ച…”
പ്രതിഭ മൂഡൗട്ടിലായിരുന്നു.
“സാരമില്ല..സാരമില്ല…” ഞാനവളെ ആശ്വസിപ്പിച്ചു.
തിമര്‍ത്ത് പെയ്യുന്ന മഴ കാറിന്റെ ചില്ലിനെ തച്ചുടക്കാനെന്നോണം വീണ്ടും രൗദ്ര ഭാവം കൈക്കൊണ്ടു. സകലതിനേയും തട്ടി മാറ്റി പട്ടണത്തിന്റെ ഉള്‍പ്പിരിവുകളിലൂടെ അതിവേഗം സ്റ്റേഷനെ ലാക്കാക്കി കുതിക്കുന്ന കാറ് പെട്ടെന്ന് ഭീമാകാരം പൂണ്ട ഒരു കരിമ്പൂച്ചയായി പരിണമിക്കുന്ന കാഴ്ച എന്റെ കണ്ണുകളെ തികച്ചും അവിശ്വസനീയമാക്കി.