അച്ഛന്റെ പെൻഷനും മകന്റെ പരോളും

 

 

 

 

 

 

“ഒരിന്ത്യ ഒരു പെൻഷൻ! മഹത്തായ ഈ വിപ്ലവചിന്തയോട് ഒട്ടും ചായ്‌വില്ലെന്നാണോ ഡാഡി പറയുന്നത്?”

“അതേടാ. ഓരോ ഇന്ത്യക്കാരനും ഒരേ പെൻഷൻ ആയാൽ കഷ്ടപ്പെടുന്നത് ആരാ? നിന്റെ സ്വന്തം ഡാഡി! ഭാവിയിലെ ആ കഷ്ടപ്പാടോർത്തു സങ്കടം വരുന്നെടാ. നീ വേം ഒരെണ്ണം കൂടി ഒഴിക്ക്.”

“നോ നോ! ഇപ്പംതന്നെ അച്ഛൻ ഓവറാ.”

“വേം ഒഴിക്കെടാ. നിന്റെ ‘അമ്മപ്പൂതന ദീപാരാധന തൊഴുത് മടങ്ങാറായി. കൈ വിറക്കുന്നത് കൊണ്ടല്ലേ നിന്നോടിങ്ങനെ കെഞ്ചേണ്ടി വരുന്നത്.
കോടീശ്വരനായ ഒരു പെൻഷനറുടെ ഗതികേട്!”

“ഒരു പെഗ്ഗ് കൂടി തരാം. പക്ഷെ അതിനു മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം
കിട്ടണം. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ.”

“ചോദ്യം തൊടുത്തു തുലയ്ക്ക്, ഡിയർ സൺ ഓഫ് എ ബിച്ച്! ”

“രൂപയുടെ എത്ര തൂണുകൾ കാണും അച്ഛന്റെ അടുത്തൂൺപാലത്തിനു?
കണക്ക് പാലാരിവട്ടമാകരുതേ!”

“ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ , നിനക്കെന്റെ പെൻഷൻ അറിയണം.
എടാ, പരനാറി, നിന്റെ അമ്മയോടുപോലും പറയാത്ത പരമരഹസ്യമാണത്.”

” ഇന്നലെ താടി വടിച്ചു തന്നതാരാ! ഡാഡി ഒന്നോർത്താട്ടെ, നാളെ മുടി വെട്ടിച്ചു തരാൻ പോകുന്നതാരാ? മറ്റന്നാൾ അച്ഛന്റെ കാലിലെ കൊസ്രാക്കൊള്ളി നഖം……അവസാനം വെന്റിലേറ്ററിൽ കൊണ്ടിടേണ്ടത് ആരാ……ബലിക്കാക്കയെ വിളിക്കാൻ കൈകൊട്ടേണ്ടത് ആരാ ? ”

“അധികം സെന്റിമെന്റലാക്കല്ലേ.”

“പൊന്നച്ഛാ പ്ളീസ്, ഒരു മകനെന്ന നിലയിൽ എനിക്കും ചില വിവരാവകാശമൊക്കെയുണ്ട്. ആ രഹസ്യവിവരം ഈ തൃസന്ധ്യയിൽ ഒന്ന് പരസ്യമാക്കൂ. അച്ഛനാണ സത്യം, മരിച്ചാലും ഇക്കാര്യം അമ്മയോട് പറയില്ല.”

“ശമ്പളവും പെന്ഷനും മറ്റും ചോദിക്കുന്നത് ഒരമേരിക്കൻ മര്യാദകേടാ. എങ്കിലും നമ്മുടെ രണ്ടാളുടെയും ഡി എൻ എ ഒന്നായിപ്പോയില്ലേ. പറയാം, മനസ്സിൽ കൂട്ടി നോക്കട്ടെ. കിട്ടാനുള്ളത് പതിനെട്ടു മാസത്തെ ഡി എ. ആ കുടിശിക കൂടി ചേർത്താൽ ഏകദേശം…… അര…അതെ ഒരു അര കടക്കും. നടപ്പുപെൻഷനിൽ , ലഗ്നാധിപൻ, അമ്പതിനായിരത്തിനു ഒരഞ്ചിന്റെ കൊറവു കാണുന്നുണ്ട്! പിന്നെ രണ്ടു പാപന്മാർ ലഗ്നത്തെ വളച്ചുകെട്ടിയിട്ടുണ്ട്. രാഹുകേതുക്കളാ . രാഹു നിന്റെ അമ്മയാണെന്ന് എനിക്കറിയാം. കേതു നീയാണോടാ, മോനെ?”

“തമാശ കള. എനിക്കൊരു തെറ്റ് പറ്റിപ്പോയി. മ്മ്‌ണി ബല്യ പെൻഷൻ പറ്റണ അച്ഛനെ ഞാൻ എനിക്ക് തന്നെ സ്കെച്ചിട്ട് കൊടുത്താൽ മതിയായിരുന്നു.”

“പൊന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും ഫ്രൈ ആക്കുമോഡാ, കഴുവേറി.”

“പണ്ടേ അത് ചെയ്‌തെങ്കിൽ അച്ഛന്റെ തൊഴിൽ ഇപ്പം ഓസിനു എനിക്ക് കിട്ടിയിട്ടുണ്ടാവില്ലേ. പോക്കറ്റ്മണിക്കായി ദിവസേന ഒരു കഞ്ചൂസനോട് ഇരക്കേണ്ട ഗതികേട് അങ്ങനെ ഒഴിവാകില്ലെ.”

“അച്ഛനോടും അമ്മയോടും ഇരക്കുന്ന കാര്യത്തിൽ എന്തിനു നാണിക്കണം! അവരെന്താ അന്യരാ? കുറച്ചു നേരം മുന്പല്ലേ വളരെ സീനിയർ ആയ ഞാൻ ഒരു പെഗ്ഗിനു വേണ്ടി നിന്നോട് ഇരന്നത്!”

“അക്കാര്യം വിട് . നാളെ പാതിരാക്ക് ഒരു കരിമൂർഖനെ വിട്ട് ആരെങ്കിലും അച്ഛന്റെ കഥ കഴിക്കുകയാണെങ്കിൽ, അടുത്ത മാസം മാതാശ്രീക്കെത്ര കിട്ടും?”

“ഇപ്പോൾ അവളുടെ കർത്താവ് പറ്റുന്നതിന്റെ അറുപത് ശതമാനം. ആമേൻ!”

“ബാക്കി നാല്പത് എനിക്കല്ലേ?”

“അവസാനത്തെ പെഗ്ഗിനു വിലക്കേർപ്പെടുത്തിയ ഏകസന്താനമേ, നീ പിക്ച്ചറിലേ ഇല്ല! ആ നാൽപ്പത് ശതമാനം ഞാനെടുക്കും. സർക്കാർ അത് മണിയോർഡർ ആയി എനിക്ക് പതിച്ചു തരും, അല്ലെങ്കിൽ തരണം.”

“മരിച്ച ഒരാൾക്ക് വീണ്ടും പെൻഷനോ, മൈ ഗോഡ് !”

“നരകത്തിൽ എന്റെ ഡ്രിങ്ക്സിനുള്ള പ്രത്യേക ബത്തയായി
മന്തിസഭ അത് പാസ്സാക്കണം. വെള്ളമടി ചൊട്ടയിലെ ശീലല്ലേ, ചുടലക്കപ്പുറവും ചുമന്നോണ്ട് നടന്നാൽ ബിവറേജസുകാർ
ഖുശി ഖുശി.”

“അരിഷ്ടത്തിൽ പി സയനൈഡ് കലർത്തി കൂടത്തായി മോഡലിൽ ‘അമ്മയെയും തീർത്തെന്ന് കൂട്ടിക്കോ, വരും മാസത്തിന്റെ അടുത്തതിൽ പെൻഷൻ തുക ഒരു പൈ കുറയാതെ എന്റെ കയ്യിലാവില്ലേ?”

“അപ്പോൾ കയ്യിലാവുക പെന്ഷനാവില്ല, അറസ്റ്റ് വാറന്റ്!
പിറകെ മറ്റേതും വരും.”

“ഏത്?”

“കയ്യാമം!”

“അനാഥനായ എനിക്കപ്പോൾ ജീവിതം ദുരിതമാവില്ലേ, പിതാവേ!”

“അതോർത്തു പൾസ്‌ അഡ്രിനാലിൻ ഇത്യാദി അബ്നോർമലാക്കണ്ട. ജീവപര്യന്തം മോന് മാമം ഫ്രീയാണ് ! കുടുംബവീട്ടിലല്ല, അങ്ങ് കണ്ണൂർ സെൻട്രൽ ജയിലിൽ!! ഡാ, പൂതനയുടെ ബൈക്കിന്റെ ഒച്ചയല്ലേ ഈ കേക്ക്ന്ന് . അവളെങ്ങാൻ റംകുപ്പി കണ്ടാൽ നമ്മളുടെ കാര്യം പോക്കാ. ജയിലിൽതന്നെ ഇങ്ങനെ അന്തം വിട്ട് നില്ക്കാതെ പരോളിൽ ഇറങ്ങി വാടാ! എന്നിട്ട് ഈ കുപ്പി ടോയ്‌ലെറ്റിലോ അലമാരയിലോ എവിട്യേങ്കിലും ഒന്ന് ഒളിപ്പിക്കാൻ നോക്ക്; പ്ളീസ് !”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമോണോലോഗുകൾ
Next articleകുഞ്ചിരി 27
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here