അമ്മയുടെ സാരിത്തുമ്പില്‍ ഞാന്ന് എന്നും രവിലെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തില്‍ പോകാറുള്ള ഉണ്ണിക്കുട്ടന്‍. അമ്പലത്തില്‍ പോയി ഈശ്വരനെ തൊഴുന്നതിനേക്കാള്‍ ഉണ്ണിയുടെ മനസ്സില്‍ ചൂടുനേദ്യപായസത്തിന്റെ രുചിയും വഴിയരുകില്‍ അന്ന് കാണാന്‍ പോകുന്ന കാഴ്ചകളുമായിരിക്കും തത്തിക്കളിക്കുക. മുന്നില്‍ കാണുന്ന സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിയാത്ത മനസ്സില്‍ ലേശവും മാലിന്യമേല്‍ക്കാത്ത ബാല്യകാലം, അത് ഉണ്ണിയുടെ മുഖത്ത് നോക്കിയാല്‍ കാണാം. അമ്മിഞ്ഞപ്പാലിന്‍റെ അളവല്‍പ്പം കൂടിയത് കൊണ്ടാവാം എന്റെ ഉണ്ണിയുടെ മനസ്സ് മുഴുവന്‍ അമ്മ മാത്രമായിരുന്നു. അവന്റെ ലോകവും അമ്മ തന്നെ. വികൃതി കാണിച്ചാലും വേദനിപ്പിക്കാത്ത നുള്ളും, ചുണ്ട് പുളരുമ്പോള്‍ സാന്ത്വനമായി നല്‍കാറുള്ള ഉമ്മയുടെ സ്വാദും, മടിയിലിരുത്തി നന്മകള്‍ ചാലിച്ച ഉപദേശങ്ങളും അമ്മയില്‍ നിന്ന് മാത്രം കിട്ടാറുള്ള ഉണ്ണിക്ക് അമ്മയായിരുന്നു അക്കാലത്ത് അവന്റെ ഏകലോകം.
ആ ചെറുപ്രായത്തില്‍ ഉണ്ണികള്‍ക്ക് പലതും ഓര്‍മ്മിച്ചിരിക്കാന്‍ നന്നേ പ്രയാസമാണെങ്കിലും അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു വാക്കും ഒരു മുഖവുമുണ്ടാവും. അവരുടെ മാത്രമായ അമ്മ! ഉണ്ണി പിറക്കാറായ നാളുകളിലേക്ക് പോയാല്‍ നമുക്കറിയാം, ഉണ്ണി പിറക്കും മുന്‍പ് തന്നെ, ഉണ്ണിയുടെ മുഖം കാണും മുന്‍പ് തന്നെ, ഉണ്ണിയുടെ ശബ്ദം കേള്‍ക്കും മുന്‍പ് തന്നെ, ഉണ്ണിയെ സ്വപ്നത്തില്‍ കണ്ട് സ്നേഹിക്കാന്‍ തുടങ്ങിയ ഒരു മനുഷ്യഹൃദയമുണ്ടെങ്കില്‍ അതാവും ഉണ്ണികളുടെ അമ്മ! ഉദരത്തില്‍ മറിഞ്ഞ് കളിക്കുന്ന ഉണ്ണിക്കതറിയുമോ? ഇല്ലെന്ന് പറയാന്‍ പ്രയാസമാണ്. കാരണം ശാസ്ത്രം ഉദരത്തിലെ ഉണ്ണിയുടെ മനസ്സ് പഠിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല ഇന്നും. അതു പോലെ ഉണ്ണികള്‍ നാമറിയുന്ന ഭാഷ സംസാരിക്കുന്നതിനു മുന്‍പ് തന്നെ ഈശ്വരനോട് നേരിട്ട് സംസാരിക്കുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നത് ഇന്നും ഓര്‍ക്കുന്നു. നമുക്ക് കേള്‍ക്കാതെയോ അല്ലെങ്കില്‍ മനസ്സിലാവാത്ത ശബ്ദവീചികളാലോ ആണത്രെ ഉണ്ണികള്‍ ഈശ്വരനോട് സംസാരിക്കുക. വിശ്വാസമാണെങ്കിലും അങ്ങിനെയായിക്കൂട എന്നു പറയുവാനാവുന്നില്ല.
ഉണ്ണി പിറന്നപ്പോള്‍ കരയാന്‍ ഉണ്ണി മാത്രം. ആനന്ദിക്കാനോ തദ്ദേശം മുഴുവനും! പ്രകൃതി നിയമത്തില്‍ നിന്നുണ്ടായ ആചാരനിഷ്ഠയതാണല്ലോ? നമ്മുടെ ഉണ്ണി പിറന്നപ്പോഴും ആ അനുഷ്ഠാനം തെറ്റിയില്ല. ആറ്റുനോറ്റിരുന്നു നിധികിട്ടിയ സന്തോഷത്തില്‍ ഉണ്ണിക്ക് വരവേല്‍പ്പ്. വീട്ടിലാകമാനം സന്തോഷത്തിന്റെ തിമിര്‍പ്പേറ്റി. ലോകമറിയാത്ത ഉണ്ണിയുടെ മുഖം ഒരുനോക്ക് കണ്ട് ആനന്ദനിര്‍വൃതിയടയുവാനും, ഉണ്ണിയിലുണര്‍ന്ന പൈതൃകസിദ്ധി നേരിലറിയുവാനും ഓടിയെത്തിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും ലാളനയില്‍, ഉണ്ണി കൈകളില്‍ നിന്നും കൈകളിലേയ്ക്ക് അമ്മാനമാടി. എന്നാല്‍ അമ്മയുടെ കരങ്ങളില്‍ അവനു കിട്ടിയ സുരക്ഷിതത്വവും, അമ്മയുടെ മാറിന്റെ ചൂടും മറ്റാരിലും കിട്ടാതെ വന്നതറിഞ്ഞപ്പോള്‍, ഉണ്ണിക്ക് പരിചയമുള്ള ചൂടും താങ്ങും തിരിച്ചുകിട്ടാനുള്ള ആവശ്യം പറയുകയായിരുന്നിരിക്കാം സങ്കടം നടിച്ചു കൊണ്ടുള്ള അവന്റെ കരച്ചിലും കണ്ണീരും. അതിനു നമ്മള്‍ പറയുന്നതെന്താണ്? കുട്ടിക്ക് പരിചയക്കേടാണ്. അതാണവന്‍ കരയുന്നത്. അവിടേയും നാമറിയാത്തതൊന്ന് ഉണ്ണിയറിഞ്ഞു. അല്ലെങ്കില്‍ ഉണ്ണിയുടെ മനസ് നമ്മള്‍ അറിഞ്ഞില്ല.
ആദ്യദര്‍ശനത്തില്‍ തന്നെ ഉണ്ണിയ്ക്ക് കണ്ണുപറ്റാതിരിക്കാന്‍, സന്ധ്യ കഴിയുമ്പോള്‍ ഉണ്ണിയുടെ നെറുകയില്‍ തൊട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ്, കടുകും ചുവന്നമുളകും നാമം ജപിച്ചു കൊണ്ട് ഉള്ളംകൈയ്യില്‍ നിന്നും അഗ്നിദേവന് ഹോമിക്കും മുത്തശ്ശി. അന്നും അതുണ്ടായി. ഉണ്ണിയെ ഒക്കത്തെടുത്തിരുന്ന മുത്തശ്ശി, ഉഴിഞ്ഞ ഹോമവസ്തുക്കള്‍ അടുപ്പിലേക്കിട്ടു. മനസ്സിലാക്കിയിട്ടാണോ എന്തോ മുത്തശ്ശിയുടെ ആകാംക്ഷയുതിര്‍ന്ന മുഖം കണ്ടപ്പോള്‍ ഉണ്ണിയ്ക്ക് മന്ദസ്മിതമുണര്‍ന്നു. അതിനോടൊപ്പം, തീയില്‍ വീണ മുളക് പൊട്ടിയപ്പോള്‍ ജനിച്ച രാസവായു ഉണ്ണിക്ക് മൂന്ന് നാല് ഇടവിടാത്ത തുമ്മലും സമ്മാനിച്ചു.
തുമ്മലു കേട്ട മുത്തശ്ശി പറഞ്ഞു, “ദേ കണ്ടില്ലേ കുട്ടിക്ക് കണ്ണുപറ്റീട്ടിണ്ടാര്‍ന്നു. ഒന്നുഴിഞ്ഞപ്പൊ ഒക്കെ തുമ്മിപ്പോയി. എന്റീശ്വരാ…. എന്റുണ്ണിക്ക് ന്നും ഇണ്ടാവല്ലേ ഭഗവാനേ.. ആരാണാവോ എന്റുണ്ണിയെ കണ്ണുവെച്ചിട്ട് പോയ്യേ”
ലോകമറിയാത്ത ഉണ്ണി ഇതെല്ലാം കണ്ട് അന്ധാളിച്ചിരിക്കണം! അവനെ ഭൗതീകമറിയാനയച്ച ഈശ്വരനോട് മറ്റാര്‍ക്കുമറിയാത്ത ഭാഷയില്‍ ഉണ്ണി ചോദിച്ചിരിക്കാം, “എന്‍റീശ്വരാ, എന്റെമേല്‍ എന്തിനീ ആരോഹണ ക്രീടകള്‍? എന്നില്‍ അത്ര മാത്രം നിര്‍മ്മലതയും നിഷ്കളങ്കതയും പവിത്രതയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടോ?” ഈശ്വരന്‍ അതിനുത്തരം വ്യംഗ്യമായി ഉണ്ണിയിലര്‍പ്പിച്ചു കാണും. കാരണം, വൃശ്ചികമാസത്തില്‍ പൂത്തുലഞ്ഞ പിച്ചകപ്പന്തലില്‍ തൊട്ടുരുമ്മി പൂമുഖവും കടന്നെത്തിയ പൂന്തെന്നലായി ഈശ്വരന്‍ ഉണ്ണിയെ തൊട്ടു തലോടി മറുപടിയേകി. പൂന്തെന്നലിനേക്കാള്‍ നിര്‍മ്മലമായ ഉണ്ണിയെ തലോടിയ ഇളംതെന്നലിന് കുളുര്‍മ്മയേറിയിരിക്കാം. പാവനമായ ആ മനസ്സിന്റെ ഉച്ഛ്വാസവായുവില്‍ അലിഞ്ഞു ചേര്‍ന്ന മാരുതന്‍ ധന്യനായി. തന്റെ ചാരിതാര്‍ഥ്യം വാതില്‍പ്പാളികളില്‍ തൂക്കിയിട്ടിരുന്ന മണിചിലങ്കകള്‍ കിലുക്കിക്കൊണ്ടു വായുഭഗവാന്‍ സത്യം വെളിപ്പെടുത്തി. പാവം, ലോകമറിയാത്ത ഉണ്ണിയുണ്ടോ പഞ്ചഭൂത സാത്വികമറിയുന്നു? ഉണ്ണിക്കതൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആ കുളിര്‍മ്മയുള്ള കാറ്റുകൊണ്ടപ്പോള്‍ ഉണ്ണിയുടെ കണ്ണടഞ്ഞു വന്നു.
അതു കണ്ട മുത്തശ്ശി ഉണ്ണിയുടെ അമ്മയോട് പറഞ്ഞു, “കുട്ടിക്ക് ഉറക്കം വരുണൂന്നാ തോന്നണേ.. കണ്ണടയണുണ്ട്. കൊണ്ടു പോയി പാലുകൊടുത്ത് ഉറക്കിക്കോളു…. നേരം ശ്ശി ആയീട്ടൂണ്ട്”.
ഇരുളടഞ്ഞ മുറിയിലെ തൊട്ടിലില്‍ ഒറ്റയ്ക്കായപ്പോള്‍ ഉണ്ണിയ്ക്ക് ഭീതി തോന്നിയിരിക്കണം. ഉണ്ണി കരഞ്ഞു. “എന്നെ ഇത്രവേഗം ആര്‍ക്കും വേണ്ടാതായല്ലോ” എന്ന് അവന്‍ മനസ്സിലോര്‍ത്തപ്പോഴായിരിക്കണം കരച്ചിലിന്റെ വീചികള്‍ ആ വീട്ടില്‍ മാറ്റൊലി കൊള്ളുംവിധം ഉച്ചത്തിലായത്. ഉണ്ണിയുടെ അമ്മ ഓടിവന്ന് അവനെ മാറോടണച്ചു. “എന്തുപറ്റി എന്‍റെ കണ്‍മണിയ്ക്ക്?”എന്ന ജിജ്ഞാസഭാവം വിളിച്ചറിയിക്കുന്ന ഉണ്ണിയുടെ അമ്മയുടെ മുഖത്തെ ദയനീയതയും മനസ്സിന്‍റെ ചാഞ്ചല്യവും ഉണ്ണിയറിഞ്ഞില്ല. ഉണ്ണിയുടെ മനസ്സ് അമ്മയും. ആ ഉദരത്തില്‍ കിടന്ന് പത്ത് മാസം അനുഭവിച്ചിരുന്ന മാതൃതാപം പിറന്നാല്‍ അമ്മയുടെ മാറില്‍ നിന്നെങ്കിലും കിട്ടിയില്ലെങ്കില്‍ അവനെങ്ങിനെ ഉറങ്ങും? അവന്‍ ജനിച്ചു വീണ ഈ ഭൗതീകത്തിന്‍റെ പഞ്ചഭൂതങ്ങളുടെ വലയത്തിലാണ് ആറാടുന്നതെന്ന് അവന്‍ അറിഞ്ഞില്ല. പാവം ഉണ്ണി! അമ്മയുടെ കൈകള്‍ക്കുള്ളില്‍ മാറോടണഞ്ഞപ്പോള്‍ ചുണ്ടില്‍ തടഞ്ഞ എന്തില്‍ നിന്നോ മാധുര്യമേറിയ മാതൃപീയൂഷം നുകര്‍ന്നിറക്കി അവന്‍ സുഖനിദ്രയിലാണ്ടു.
സംസാരത്തിന്‍റെ ഇരട്ടിയാവണം വീക്ഷണമെന്ന് മുങ്കൂട്ടി കരുതിയിട്ടാവാം ഉണ്ണിയായി പിറന്ന നമുക്കെല്ലാം ഒരു നാവും രണ്ട് കണ്ണുകളും ഈശ്വരന്‍ നല്‍കിയത്. ഉണ്ണിക്കുട്ടനിലെ വളര്‍ച്ചയോടൊപ്പം അവനിലെ വീക്ഷണത്തില്‍ നിന്നു വിടര്‍ന്ന ചോദ്യങ്ങളും വളര്‍ന്നു. എന്നാല്‍ ഉണ്ണി അറിയാതെ പോയ സത്യങ്ങളും ഉണ്ണിയറിഞ്ഞിട്ടും നാമറിയാതെ പോയ സത്യങ്ങളും എത്രയെത്ര? പിച്ച വെച്ചവന്‍ നടക്കാന്‍ തുടങ്ങി. സ്വരവ്യത്യാസങ്ങള്‍ അവന്‍ തിരിച്ചറിയാന്‍ തുടങ്ങി. അവന്‍റെ മനസ്സ് നിറഭേതങ്ങളിലൂടെ തിരിച്ചറിവുള്ളതായി തീര്‍ന്നു. മുറ്റത്ത് തത്തിക്കളിക്കുന്ന മൈനകളും, കുരുവികളും അവന്റെ കൂട്ടുകാരായി മാറി. ഉണ്ണി ഒരു സന്ധ്യയ്ക്ക് ഈശ്വരനോട് ചോദിച്ചു, “എന്‍റീശ്വരന്‍ എന്നോടെന്തേ മിണ്ടാത്തത്?” ഉണ്ണിയുടെ ചോദ്യം തീരാന്‍ താമസം, മാവിന്‍ക്കൊമ്പിലിരുന്ന കുരുവി പാടി. ഉണ്ണിക്കത് മനസ്സിലായില്ല. ഉണ്ണി ഒന്നുകൂടി ഉറക്കെ ചോദിച്ചു, “ഞാന്‍ ചോദിച്ചത് എന്‍റീശ്വരന്‍ കേട്ടില്ല?” ഉണ്ണിയുടെ വായടയും മുന്‍പ് ആകാശത്തിലൂടെ വെള്ളിവാള്‍ വീശി ഇടിമുഴങ്ങി. എന്നാല്‍ അതിന്റെയര്‍ത്ഥവും ഉണ്ണിക്ക് മനസ്സിലായില്ല. എന്നാല്‍ ഇടിമുഴക്കം കേട്ട് ഉണ്ണിയൊന്നു ഞെട്ടി.
ഉണ്ണി ആകാശത്തേക്ക് ഉറ്റുനോക്കി പറഞ്ഞു, “എന്റീശ്വരന്‍ എന്റെ കണ്മുണ്‍പില്‍ വരുമോ?”
പറഞ്ഞുതീരേണ്ട താമസം ആയിരമായിരം നക്ഷത്രങ്ങള്‍ മാനത്തുദിച്ചു. ഉണ്ണിക്കതിന്റെ അര്‍ത്ഥവും മനസ്സിലായില്ല, എന്നാല്‍ മിന്നാമിനുങ്ങിനെ പോലെ മാനം മുഴുവന്‍ താരകങ്ങളെ കൊണ്ട് നിറഞ്ഞപ്പോള്‍ അവന്‍ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞീശ്വരന്റെ ആ പുഞ്ചിരി കണ്ടപ്പോള്‍ ദൈവത്തിനും സന്തോഷമായിക്കാണണം. കാരണം, ഉടന്‍ ഈശ്വരന്‍ മാനത്തെ ഒരു താരത്തെ നുള്ളിയെടുത്ത് മിന്നാമിനുങ്ങാക്കി ഉണ്ണിയുടെ ഉള്ളം കൈയ്യില്‍ വെച്ചു കൊടുത്തു. കൈയ്യില്‍ ഇരുന്നു മിന്നിയ മിന്നാമിനുങ്ങിനെ അമ്മയെ കാണിക്കുവാന്‍ ഉണ്ണി ഓടിക്കയറി അകത്തേക്ക്. ഉണ്ണിയുടെ ഓട്ടത്തില്‍ കൈയ്യനങ്ങിയപ്പോള്‍ മിന്നാമിനുങ്ങ് പറന്ന് പോയി! പാവം ഉണ്ണി. ഉണ്ണിക്ക് സങ്കടമായി. മിന്നുന്നത് വേണമെന്ന് വാശിയായി.
അമ്മ ഉണ്ണിയെ വാരിയെടുത്തിട്ട് പറഞ്ഞു, “എന്നുണ്ണിക്ക് അമ്മ തരാലോ മിന്നാമിനുങ്ങിനെ. നമുക്ക് മിന്നാമിനുങ്ങിനെ വിളിക്കാം. അപ്പൊ മിന്നാമിനുങ്ങ് ഓടി വരും…”
അമ്മ ഉണ്ണിയെ താരാട്ടി പാടി, “മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ… എങ്ങോട്ടാണേങ്ങോട്ടാണീ തിടുക്കം…ഉണ്ണീ തനിച്ചാവില്ലേ…..ഉണ്ണിയെ കരയിക്കല്ലേ…. ഉണ്ണിക്കു കൂട്ടായ്…. ഒന്നിങ്ങു വന്നൂടെ…”
അമ്മയുടെ ഈണത്തിലുള്ള താരാട്ടു പാട്ടു കേട്ട ഉണ്ണി മിന്നാമിനുങ്ങിനെ മറന്നു മയക്കത്തിലേക്ക് പോയി…
മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു വീണു. ഉണ്ണിയ്ക്ക് വയസ് മൂന്നു കഴിഞ്ഞു. വീട്ടിലെ അധിപനായി, എല്ലാവരുടേയും ആരോമലായി വിലസി? ഉണ്ണി അന്നു വരെ കഴിഞ്ഞു പോന്നു. എല്ലാ ദിവസങ്ങളിലുമുള്ള പോലെ ഉണ്ണിയെ മടിയിലിരുത്തിയുള്ള സന്ധ്യാസമയത്തെ നാമജപത്തിനു ശേഷം, ഉണ്ണി എണീക്കാന്‍ ഭാവിച്ചപ്പോള്‍ അമ്മ പിടിച്ചു മടിയിലിരുത്തി തലോടിക്കൊണ്ട് അവനോട് ചോദിച്ചു.
“ഉണ്ണിക്ക് കളിക്കാന്‍ കൂട്ടിനൊരു കുഞ്ഞുണ്ണിയെ വേണ്ടേ?”
ഉണ്ണി കേട്ടപാതി തലയാട്ടി വേണമെന്ന് മറുപടിയേകി.
ഉണ്ണിയുടെ അമ്മ ഉണ്ണിയെ മടിയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു. എന്നിട്ട് പുറത്തു തള്ളി കാണാന്‍ പാകമായ സ്വന്തം അടിവയറു തടവിക്കൊണ്ട്
“ദേ ഇങ്ങട് നോക്കു ഉണ്ണീ. ഈ വയറിനകത്ത് എന്റെ ഉണ്ണിക്കായി ഒരു കുഞ്ഞുണ്ണി ണ്ട്. ഇത്തിരി കൂടി വളരട്ടെ. എന്നിട്ട് അമ്മ കുഞ്ഞുണ്ണിയെ ഉണ്ണിയ്ക്ക് എടുത്ത് തരാം ട്ടോ”.
ഒന്നുമറിയാത്തെ വായടിയായി മാറിയിരുന്ന ഉണ്ണി
“ഉം… അതെന്താ ഇപ്പൊ തരാത്തെ? ഉണ്ണി താഴെ ഇടാണ്ട് നോക്കാലോ.”
അമ്മ “അയ്യോ… ഇപ്പൊ വേണ്ടാ ട്ടോ.. അച്ഛന്‍ ദേഷ്യപ്പെടും”.
ഉണ്ണിയ്ക്ക് അച്ഛനോട് ദേഷ്യം തോന്നി അത് കേട്ടപ്പോള്‍. അവന്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും, “ഈ അച്ഛനെന്താ… ഇങ്ങിനെ? അച്ഛനു ഉണ്ണീയോട് ഒട്ടും ഇഷ്ടം ഇല്ല്യാന്നാ തോന്നണേ. ഉണ്ണി അച്ഛനോട് പിണക്കാ”.
ഉണ്ണി അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും അമ്മ പറഞ്ഞതും തനിക്ക് കിട്ടുവാന്‍ പോകുന്ന കുഞ്ഞുവാവയേയും ഓര്‍ത്തു കിടന്നു. അതിനു പുറമെ അച്ഛനോടുള്ള അവന്റെ ദേഷ്യവും. ദേഷ്യം തികട്ടി വന്നപ്പോള്‍ അവന്‍ കൂടുതല്‍ ഉറക്കത്തില്‍ ശബ്ദമുണ്ടാക്കി പിച്ചും പേയ്യും മാതിരി ഉറക്കത്തില്‍ ചോദിച്ചു, “എന്റീശ്വരാ, ഒരല്‍ഭുതമായിട്ടെങ്കിലും എനിക്ക് എന്റെ കുഞ്ഞുവാവയെ അമ്മ പറഞ്ഞതിലും നേരത്തെ തന്നുകൂടേ?” ഈശ്വരന്‍ അവന്റെ പ്രാര്‍ത്ഥന കേട്ടിട്ടാണോ എന്തോ അറിയില്ല, ഉണ്ണിയുടെ അമ്മ 8 മാസത്തില്‍ ഒരു കുഞ്ഞുവാവയെ ഉണ്ണിയുടെ ലോകത്തേക്ക് കൊണ്ടു വന്നു. അങ്ങിനെ ഉണ്ണിക്കൊരനുജന്‍ പിറന്നു. പ്രതീക്ഷിച്ചതില്‍ നിന്നും വളരെ ഏറെ നേരത്തെ ആയിരുന്നതിനാല്‍ സിസേറിയന്‍ ആയിരുന്നു. വാവയുടെ കരച്ചില്‍ അകത്തു നിന്നുയര്‍ന്ന സമയം ഉണ്ണി കുഞ്ഞുവാവയെ കാണാന്‍ തിരക്കു കൂട്ടി. ഉടനെ അകത്തേക്ക് പോകാന്‍ പറ്റില്ല, അല്പം കഴിയട്ടെ എന്നു ഉണ്ണിയോട് പറഞ്ഞിട്ട് അവനേയും കൊണ്ട് അച്ഛന്‍ വരാന്തക്കപ്പുറമുള്ള പൂങ്കാവനത്തിലേക്കിറങ്ങി. അവനതു ഇഷ്ടപ്പെട്ടില്ല. ഉണ്ണിയുടെ കണ്ണുനിറഞ്ഞു.
അവന്‍ ഈശ്വരനോട് വീണ്ടും കേണു, “ഇവര്‍ക്കൊന്നും എന്നെ മനസ്സിലാവില്ല. എനിക്കെന്റെ വാവയെ കാണാന്‍ ഒന്നെന്റെ അടുത്ത് വന്നു എന്നെ അകത്തേക്ക് കൊണ്ടു പോയി വാവേ കാണിക്കു. ഇതെവിടെയാ മറഞ്ഞിരിക്കുന്നത്? എന്നെ ഒന്നു തൊട്ടിരുന്നെങ്കില്‍ ഇവിടെ ഉണ്ടെന്നെങ്കിലും ഞാനറിയുമായിരുന്നല്ലോ?”
ഉണ്ണിയുടെ ഈശ്വരന്‍ കൈനീട്ടി ഉണ്ണിയെ സ്പര്‍ശിച്ചു. അവന്റെ തോളില്‍! എന്നാല്‍ ഉണ്ണി തോളില്‍ വന്നിരുന്ന ചിത്രശലഭത്തെ തട്ടിക്കളഞ്ഞ് അച്ഛന്റെ തോളില്‍ കരച്ചില്‍ മാറ്റി അതൊരു തേങ്ങലാക്കി കിടന്നു.
ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞു കാണും. ഉണ്ണിയെ മുറിക്കകത്തേക്ക് കൊണ്ടു പോയി. ഉണ്ണി കട്ടിലില്‍ കിടക്കുന്ന അമ്മയെ നോക്കി. അമ്മയുടെ മാറില്‍ ഒരു പൊതിക്കെട്ട്! അതെന്താണ്? ഉണ്ണി സൂക്ഷിച്ചു നോക്കി. ഒരറ്റത്ത് ഒരു കുഞ്ഞിത്തല മറ്റേ അറ്റത്ത് രണ്ട് കുഞ്ഞുക്കാലുകള്‍! ഉണ്ണി ഉണ്ണിയോടു തന്നെ പറഞ്ഞു, “ഇതാരാ ഇങ്ങിനെ ഒരു ജന്മം? ഇതാണോ എനിക്ക് തരാമെന്ന് അമ്മ പറഞ്ഞ വാവ? അയ്യേ, ഞാന്‍ കരുതി, എന്നെ പോലെ ഉള്ള വാവയായിരിക്കുമെന്ന്”.
ഉണ്ണിക്ക് വാവയുടെ ആ രൂപം കണ്ടിട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല. അമ്മ ഉണ്ണീയെ പറ്റിച്ചു എന്നു ഉണ്ണി കരുതി. അതവനെ വല്ലാതെ വേദനിപ്പിച്ചു. പിന്നെയും കരച്ചില്‍ വന്നു. ഉണ്ണി കരയാന്‍ തുടങ്ങിയപ്പോള്‍ അടുത്തുണ്ടായിരുന്ന മുത്തശ്ശി പറഞ്ഞതെന്താണെന്നോ?
“കണ്ടില്ലേ, കുഞ്ഞുവാവ അമ്മയുടെ അടുത്ത് ഉണ്ണിയുടെ സ്ഥാനം പിടിച്ചത് ഉണ്ണീക്ക് സഹിക്കിണില്ല്യാ. അസൂയക്കുട്ടന്‍!”
പാവം! ഉണ്ണിക്കെന്തറിയാം അസൂയയെ കുറിച്ച്? ആ പാവം കരഞ്ഞതിന്റെ അര്‍ത്ഥം അവനുമാത്രം അറിയാം!
ഉണ്ണിയെ സമാധാനിപ്പിക്കാന്‍, അച്ഛന്‍ അവനെ കൈയ്യില്‍ എടുത്ത് ടവലില്‍ പൊതിഞ്ഞ വാവയുടെ അടുത്തു കൊണ്ടു ചെന്ന് ഉമ്മ കൊടുക്കാന്‍ പറഞ്ഞു. ഉണ്ണി ആ കുഞ്ഞിക്കവിളില്‍ അവന്റെ ആദ്യചുംബനം അര്‍പ്പിച്ചു! അപ്പോള്‍ അമ്മ പതുക്കെ പറയുന്നത് ഉണ്ണി കേട്ടു, “ദാ ഞാന്‍ പറഞ്ഞ ഉണ്ണീടെ കുഞ്ഞനുജന്‍ വാവ”.
ഉണ്ണി ആ കുഞ്ഞുമുഖത്തേക്ക് നോക്കി. അറിയാതെ അവനും കണ്ണടച്ചു കിടക്കുന്ന വാവയ്ക്കും ചിരി വന്നു. മനസ്സുകള്‍ തമ്മിലുള്ള ചിരി. വാവയുടെ ആ ചിരി കണ്ടപ്പോള്‍ ഉണ്ണിയ്ക്ക് അവന്റെ കുഞ്ഞുവാവയെ ഇഷ്ടമാവാന്‍ തുടങ്ങി. അവന്‍ എത്തിപ്പിടിച്ചു ഒരുമ്മ കൂടി കൊടുത്തു.
ഉണ്ണിയോര്‍ത്തു “എന്തോ ഒരു പ്രത്യേക മണം വാവയ്ക്ക്! എവിടെയോ ഞാനും അനുഭവിച്ച മണം!”
അതു അമ്മയുടെ ഗര്‍ഭപാത്രത്തിന്റേതാണെന്നത് ഉണ്ണി മറന്നിരുന്നു. പക്ഷെ ഉണ്ണിക്കാ ഗന്ധം സുഗന്ധമായി തോന്നി. അതുകൊണ്ടു തന്നെ ഉണ്ണി കുഞ്ഞനുജനെ ഏറെ ഇഷ്ടപ്പെടുവാന്‍ തുടങ്ങി.
കുഞ്ഞനുജന്‍ വന്നതില്‍ പിന്നെ ഉണ്ണീക്ക് സന്ധ്യാസമയം നാമം ചൊല്ലാന്‍ അമ്മയെ കിട്ടാറില്ല. അന്നു മുതല്‍ സന്ധ്യാദീപം കൊളുത്തി ഉമ്മറത്തിരുന്ന് ഈണത്തില്‍ നാമം ചൊല്ലുന്ന അമ്മുമ്മയുടെ അരികത്ത് മുടങ്ങാതെ അവനെത്തുക പതിവായി. ഒരിക്കല്‍, സന്ധ്യാദീപം നോക്കിയിരുന്ന ഉണ്ണി ഈശ്വരനോട് ചോദിച്ചു, “എന്റെ മുത്തശ്ശി എന്നും വിളക്ക് കൊളുത്തി നാമം ചൊല്ലുന്ന പോലെ എന്‍റീശ്വരനും ചെയ്യാറുണ്ടോ?” ഉണ്ണിയുടെ ആ ചോദ്യത്തിനും ഈശ്വരന്‍ മറുപടിയേകി. നിമിഷങ്ങക്കുള്ളീല്‍ പൂര്‍ണ്ണചന്ദ്രന്‍ മേഘക്കീറുകളില്‍ നിന്നും പുറത്തുവന്നു ശോഭിച്ചു. തേന്‍മാവില്‍ കൊമ്പത്തിരുന്ന് ചേക്കേറുന്ന കിളികള്‍ തമ്മില്‍ത്തമ്മില്‍ ഏറ്റുപാടാനും തുടങ്ങി. പക്ഷേ, വിളക്കിന്റെ ശോഭ മാത്രം നോക്കിയിരുന്ന ഉണ്ണി ഇപ്പറഞ്ഞതൊന്നും കണ്ടതുമില്ല, കേട്ടതുമില്ല, ഈശ്വരന്‍ കാണിച്ചു തന്നതൊക്കെ താന്‍ ചോദിച്ചതിനുള്ള ഉത്തരമായിരുന്നു എന്ന് അറിഞ്ഞതുമില്ല.
മാമുണ്ണാനും മുലപ്പാലല്ലാത്ത പാലു കുടിക്കാനും ഉണ്ണിക്കുള്ളൊരു വാശി! വിശപ്പില്ലാഞ്ഞിട്ടല്ല, വാശിപിടിച്ചാലും ഉണ്ണിക്കു വേണ്ടത് കിട്ടുമെന്ന് അവനറിയാം. ആ ഉരുളയ്ക്കും, പീയൂഷത്തിനും അമ്മയുടെ സ്നേഹക്കൂട്ടുകൂടി ചേരുമ്പടിയായി ഉണ്ടാവുമെന്നും അവനറിയാം. ഉണ്ണിയേയൂട്ടാന്‍ മിനക്കേടിന്റെ നെല്ലിപ്പലക കണ്ടൊരമ്മ. എന്നാലും അമ്മയില്‍ നിറഞ്ഞ് നില്‍ക്കും ക്ഷമയെന്ന അമൂല്യം. അന്നും അതു തന്നെയാണ് സംഭവിച്ചത്.
ഉണ്ണിക്കുരുള നീട്ടി അമ്മ കഥ പറയുവാന്‍ തുടങ്ങും
“ദേ ഇതു കഴിക്കാച്ചാല്‍ അമ്മ ഉണ്ണിക്ക് കഥ പറഞ്ഞു തരാം.(ഉരുള ഉണ്ണിയുടെ വായക്ക് നേരെ നീട്ടിക്കൊണ്ട് അമ്മ)..ഒരിടത്തൊരിടത്ത്……..(അമ്മ തുടങ്ങി)”
അത്രയും കേള്‍ക്കുമ്പോഴേ ഉണ്ണി കരുതും ഇതു കേട്ടുമടുത്ത കഥ തന്നെ! കൊഞ്ചിക്കൊണ്ട് ഉണ്ണി പറഞ്ഞു.
“ഇതുണ്ണിക്കു വേണ്ട. വേറെ കഥ മതി”.
വേറെ കഥ അമ്മയുടെ മനസ്സില്‍ അപ്പോള്‍ വന്നില്ല. അമ്മയ്ക്കൊരു ബുദ്ധിതോന്നി. ഉണ്ണിയോട് അമ്മ പറഞ്ഞു.
“ എന്നാല്‍ ഒരിടത്തൊരിടത്തു വേണ്ട മറ്റൊരിടത്തൊരിടത്താവാം”.
ഉണ്ണി തലയാട്ടി ഉണ്ണി കരുതി അതൊരു പുതിയ കഥയായിരിക്കുമെന്ന്. അങ്ങിനെ ഉണ്ണിയെ പറ്റിച്ചുരുളകള്‍ കൊണ്ടുചെന്നെത്തിക്കേണ്ടിടത്ത് അമ്മയെത്തിക്കും.
ഉണ്ണിയുടെ വിദ്യാരംഭത്തിന്‍റെ സമയം വന്നെത്തി. ഉണ്ണിയെ കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ അമ്മ കോടിമുണ്ടുടുപ്പിച്ചു. അന്നുവരെ അവനണിയാത്ത വേഷം. പൌഡറിട്ട് ഒരു ചന്ദനക്കുറിയും. കണ്ണാടിയില്‍ കാണീച്ച് ഉണ്ണിയോട് അമ്മചോദിച്ചു, “എങ്ങിനെയുണ്ട് എന്റെ പൊന്നുംകുടം?”
ഉണ്ണി കണ്ണാടിയില്‍ നോക്കി. സുന്ദരക്കുട്ടന്‍. ഉണ്ണിക്ക് ഉണ്ണിയെ തന്നെ ഇഷ്ടമായി! അവന്‍ കവിളത്ത് കൈവെയ്ച്ച് തല അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കണ്ണാടി നോക്കി ആവോളം ആസ്വദിച്ചു സ്വന്തം മുഖം!
അന്നത്തെ ദിവസത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് അവന് മനസ്സിലായി. പൂജാമുറിയില്‍ നിറപറയും, നിലവിളക്കും, കിണ്ടിയില്‍ നിറയെ സ്ഫടികജലവും, ഉരുളിയില്‍ അരിയും, മറ്റ് പൂജാദ്രവ്യങ്ങളും ചിട്ടയോടെ അടുക്കി വെയ്ച്ചിരിക്കുന്നു. ഒന്നിന്റേയും പൊരുളുകളെന്തെന്ന് അറിഞ്ഞില്ലെങ്കെിലും ഉണ്ണിയ്ക്കതെല്ലാം ഇഷ്ടമായി. വിളക്കിനു മുന്‍പില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മ അവനെ ഇരുത്തി. അന്നത്തെ വിളക്കിന് നാളങ്ങള്‍ ഒന്നിലധികമുണ്ടായിരുന്നതിനാല്‍ മുത്തശ്ശിയുടെ വിളക്കിനേക്കാള്‍ പ്രഭയുണ്ടായിരുന്നു. ഉണ്ണി വിളക്കിനെ നോക്കി ഏറെ നേരം ഇരുന്നു. അവന്റെ മനസ്സിലുദിച്ച മറ്റൊരു സംശയം അവന്‍ വീണ്ടും ഈശ്വരനോട് ചോദിച്ചു, “ഈ തിരിനാളങ്ങളേക്കാള്‍ തേജസേറിയതെന്തെങ്കിലും എന്‍റീശ്വരന്‍ ഈ ലോകത്തിന് നല്‍കിയിട്ടുണ്ടോ?” ദീപത്തില്‍ നിന്നുദിച്ച പ്രഭയെ കൈക്കുള്ളിലാക്കാന്‍ ഉണ്ണി ചിരിച്ചുകൊണ്ട് മുന്‍പോട്ടാഞ്ഞു. ആ സമയം അവന്റെ പുഞ്ചിരിയാര്‍ന്ന മുഖം മുന്‍പിലിരുന്ന കിണ്ടിയിലെ സ്ഫടികജലത്തില്‍ തെളിഞ്ഞത് അവന്‍ കണ്ടു. ഈശ്വരന്‍ അവന് നല്‍കിയ മറുപടിയാണെന്ന് അറിയാതിരുന്ന ഉണ്ണി മുഖഛായയെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു!
ഉണ്ണീടച്ഛന്‍ അവന്‍റെ വലതുകൈയ്യിലെ ചൂണ്ടുവിരല്‍ പിടിച്ച് അരിമണികളില്‍ “ഹരി ശ്രീ….” എഴുതിച്ചു. അരിമണികളില്‍ രൂപങ്ങള്‍ തെളിഞ്ഞപ്പോള്‍ ഉണ്ണിയ്ക്ക് ഇഷ്ടമായി. ഉണ്ണി അച്ഛനെ നോക്കി ഊറിച്ചിരിച്ചു. വീണ്ടും രൂപങ്ങള്‍ കാണാന്‍ അവന്‍ വാശിപിടിച്ചു. അങ്ങിനെ ഉണ്ണി മനസ്സറിയാതെ അവിദ്യയില്‍ നിന്നും വിദ്യയിലേക്കുള്ള പ്രണാമം കുറിച്ചു. പൈതൃകമായി അച്ഛനില്‍ നിന്നും ഉണ്ണിയ്ക്ക് കിട്ടിയ ആദ്യത്തെ സരസ്വതീമന്ത്രത്തിന്‍റെ ബാലപാഠങ്ങള്‍! സരസ്വതീമന്ത്രമെന്തെന്ന് അവന്‍ അറിയുന്ന ദശയില്‍ ആരംഭം എവിടെ നിന്നായിരുന്നെന്നും എങ്ങിനെയായിരുന്നെന്നും അവനോര്‍ക്കുമോ ആവോ? പക്ഷെ മറ്റൊന്നവന്‍ അറിയും പിന്നീട് അവന്റെ ജീവിതത്തില്‍. അന്ന് ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ താനിരുന്ന ആ മടിയും, തന്നെ കൈപിടിച്ചെഴുതിച്ച ആ കരങ്ങളും, എന്തിന് ഉണ്ണിയുടെ അച്ഛന്റെ ആ ദേഹവും ദേഹിയും ഉണ്ണിക്ക് ജീവിതത്തില്‍ ആല്‍മരത്തേക്കാള്‍ കൂടുതല്‍ തണലും ഉണ്ണിക്കായ് വിയര്‍ത്ത വിയര്‍പ്പിന്റെ സ്നേഹമായിരിക്കും എന്ന സത്യം!
ഈവിധം എത്രയെത്ര ഉണ്ണിമനസ്സുകളും ആ മനസ്സുകള്‍ പറയുന്ന കഥകളും നാമറിയാതെ പോകുന്നു. അതിനോടൊപ്പം ബാല്യത്തിന്റെ മാധുര്യവും! കാലമുരുളുമ്പോള്‍ തിരുവോണങ്ങള്‍ പലവുരു വീണ്ടും വരും, തളിരിന് നഷ്ടമായ പൂവും കായും വീണ്ടും വരും. എന്നാല്‍ നമുക്ക് നഷ്ടമായ ആ ഓര്‍മകള്‍ മങ്ങാത്ത, കാപട്യങ്ങള്‍ തീണ്ടാത്ത, സമയത്തിന് വരമ്പുകളില്ലാത്ത, മൊഴികളില്‍ മറയുമെങ്കിലും മിഴികളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ ബാല്യമോ…….? ഇനിയുമുണ്ടാവില്ലൊരു ബാല്യം എന്നോര്‍ക്കുമ്പോള്‍ എത്രയൊക്കെ വളര്‍ന്നാലും, പറഞ്ഞാലും മനസ്സിപ്പോഴും അന്നുണ്ടാക്കിയൊഴുക്കിയ കടലാസുവഞ്ചിയിലിരുപ്പാണ്…..