തീവ്രപരിചരണവിഭാഗത്തില്‍, നൂറുനോവുകളുമായി
ഒത്തിരിവയറുകള്‍ക്കുള്ളില്‍ കുരുങ്ങി-
കിടക്കുകയാണര്‍ദ്ധപ്രാണനായൊരച്ഛന്‍
പരക്കം പായുന്നു ആതുരസേവകര്‍
ഉള്ളിലുത്കണ്ഠ നിറച്ചു
ഉള്‍വരാന്തയില്‍ കാത്തുനില്പ്പുണ്ട് മക്കളാറും
കണ്ണുകളില്‍ തങ്ങിനില്പ്പുണ്ട് വിളിച്ചുവരുത്തിയ-
മാതിരിയിത്തിരി വിഷാദം
ഖിന്നപൂര്‍വ്വം മൊഴിഞ്ഞു ഡോക്ടര്‍മാര്‍
പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല
അറിയിക്കാനുള്ളവരെയൊക്കെ
അറിയിച്ചുകൊള്ളൂ, നിങ്ങള്‍
പിന്നെ കണ്ണുനീര്‍ പ്രവാഹമായി
നെഞ്ചത്തിടിയായി, അലറികരച്ചിലായി
കൂടുതല്‍ ദുഃഖം ആര്‍ക്കെന്ന്‍ സ്ഥാപിക്കുവാന്‍
മക്കളാറും മത്സരമായി
എന്‍റച്ഛാ, പൊന്നച്ഛാ, പുന്നാരയച്ഛാ
വിളികള്‍ കൂടുതലുച്ചത്തിലായി
പതം പറഞ്ഞ് എണ്ണിപെറുക്കലായി
അവിടം നല്ലൊരു നടനവേദിയായി
ദിനം രണ്ടുകഴിഞ്ഞു പിന്നെയും
സസന്തോഷം മൊഴിഞ്ഞു ഡോക്ടര്‍മാര്‍
പേടിക്കാനൊന്നുമില്ല, അച്ഛന്‍
അപകടനില തരണം ചെയ്തു
സ്തബ്ധരായി മക്കളാറും
പിന്നെ ചര്‍ച്ചകള്‍, നീണ്ട ചര്‍ച്ചകള്‍
അച്ഛന്‍ മരിച്ചില്ല, ഇനിയെന്തുചെയ്യും
ആരുനോക്കും അച്ഛനെ
മൂത്തവനു സമ്പത്തില്ല
രണ്ടാമത്തവള്‍ക്കു ലീവില്ല
മൂന്നാമത്തവള്‍ക്കു സുഖമില്ല
ന്യായവാദങ്ങള്‍ നിരന്നു പലതങ്ങനെ
എത്തി മരുമക്കളാറും ,ചര്‍ച്ചകള്‍ പിന്നെയും കൊഴുത്തു
ഒന്നിലുമൊക്കാത്ത ആറുമാറുമൊത്തൊരു വിധിയെഴുതി
ആശുപത്രിയില്‍ നിന്നു നേരെ അച്ഛനെ
നമ്മുക്ക് കൊണ്ടുപോകാം സേവാസദനത്തിലേക്ക്