ചിതൽകാർന്ന ഭൂപടം .
തിരികെനോക്കി തലതിരിഞ്ഞവൻ .
തട്ടിയാൽ തിരികെയെത്തുന്ന പന്ത്.
വലിച്ചെറിഞ്ഞാൽ പൊട്ടാത്ത ബോംബ് .
ഒരുവനുവേണ്ടി
പലനാവുകളിൽനിന്നും ഉരുത്തിരിയുന്ന പേരുകൾ
പേരിനുപിന്നിലെ വേര് തിരയുമ്പോളറിയാം
സൊമാലിയയുടെയും ഇറാഖിൻെറയും പോലെ
ബലംകുറഞ്ഞ കരങ്ങളാണവൻെറ
പലരുമായ്പ്പിരിഞ്ഞു അവരിലേക്ക് തന്നെ തിരിയുമ്പോൾ
പ്രളയവും യുദ്ധവും കൊണ്ട് സമചിത്തത കൈവിട്ട
ഭൂമി പോലെയാണവൻെറ തലയെന്നറിയാം
ആകർഷണമില്ലാതെ അപമാനത്തിൻെറചെളിപുരണ്ട്‍ ചെല്ലുന്നിടങ്ങളിലെല്ലാം
സ്ഥിരമല്ലാതെ ഉരുണ്ടുകളിക്കയാൽ കാലുകൾക്കരികിൽ
അഭയംതേടുന്ന പന്തിനോടവന് ഉപമ
നെഞ്ചിലെ അമർഷത്തിൻെറയും അപകർഷത്തിൻെറയും ഉമിത്തീയിൽ
വേവുമ്പോഴും നോവുമ്പോഴും പുറത്താക്കപ്പെടുന്നതിനിടെ
എളിമയുടെ പുറംതോട് പൊട്ടാതിരിക്കെ
അവൻ വലിച്ചെറിഞ്ഞാലും പൊട്ടാത്ത ബോംബെന്ന് വാമൊഴി
മൊത്തത്തിൽ ചികയുമ്പോൾ അവനൊരു
ഭൂപടo
പരാജിതനായ് ജീവിതത്തിൻെറ
ചവറ്റുകൂനയിലേക്കെറിയപ്പെട്ട വിടൻ