ഞാനില്ലായ്മകൾ

 

ഞാനില്ലായ്മയിൽ
മുറ്റത്തെ
അരിമുല്ല
നാല് മണി
നേരങ്ങളിൽ
ഒരിറ്റ്
നിണനീരിനായി
എന്നെ
തേടുമായിരിക്കും….

മണ്ണിനെ
ചുംബിച്ചു
മുറ്റത്തു പതിച്ചു
കിടക്കുന്ന
കരിയില-
ക്കൂട്ടങ്ങളും
എന്നെ
അന്വേഷിക്കു-
മായിരിക്കും….

കിഴക്ക്
ദിക്കിൽ
വെള്ള
കീറുമ്പോൾ
തത്തി തത്തി-
യെത്തുന്ന
കരിയില
ക്കിളികൾ
ഒരു പിടി
നെന്മണിക്കായി
കരഞ്ഞു
തളരുമായിരിക്കും….

വടക്ക്-കിഴക്ക്
ഈശാൻ
കോണിലെ
അടുക്കളയിൽ
ഇനിയും തീ
കൂട്ടാതിരിക്കുമ്പോൾ
എന്റെ
വിറക് അടുപ്പും
സന്ദേഹ-
പ്പെടുമായിരിക്കും
”അമ്മ
എവിടെപോയി”
എന്ന്….

അതിരാവിലെ
തമ്മിൽ
തട്ടിതടഞ്ഞ്
കോലാഹല
ശബ്ദമുയർത്തുന്ന
പിഞ്ഞാണങ്ങളും
തിരയുമായി-
രിക്കുമെന്നെ….

അത്രയേറെ
ആഗ്രഹിച്ചു
മടക്കിയൊതുക്കി
വെച്ചോരാ
പുത്തൻമണം
വിട്ടുമാറാത്ത
പട്ടുസാരിയും
തിരയുമായിരിക്കും,
ഉത്സവനാളായിട്ടുമെന്തേ
ഇന്നും എന്നെ
തിരഞ്ഞെത്താതെന്ന്….

തടി അലമാരായിലെ
പകുതി പൊട്ടിയ
കണ്ണാടിയിൽ
അന്ന് ഞാൻ
പതിപ്പിച്ച് വെച്ച
എന്റെ ചുവന്ന
വട്ടപൊട്ടും എന്നെ
തിരയുന്നുണ്ടാകും…

ചുമരുകൾ
മാറാലയുടെ
കൈപ്പിടി-
യിലമരുമ്പോൾ,
അവരും
തിരിഞ്ഞു
ചിന്തിക്കു-
മായിരിക്കും
‘ഞാൻ എത്രത്തോളം
ഭദ്രതയോടെയാണ്
അവരെ
കാത്തുസൂക്ഷി-
ച്ചിരുന്നതെന്ന് ‘……

തിളക്കം
നഷ്ട്ടപ്പെട്ട
മേനിയോടെ
നിർജ്ജീവമായി
മാറിയൊരെൻ
ഭവനവും
ഞാനില്ലായ്മ
യിൽ
വീർപ്പു
മുട്ടുന്നുണ്ടാവും….

ഞാനില്ലായ്മയിൽ
നിശബ്ദമായി
പോകുന്ന
എന്നിടങ്ങൾ…..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here