നുഷ്യനോളം തന്നെ തിരിച്ചറിവുള്ളവയാണ് ചെടികളും മരങ്ങളും .നിശ്ചലതയുടെ ധ്യാനത്തിൽ നിൽക്കുന്ന അവ ജീവന്റെ കാത്തുസൂക്ഷിപ്പുകാരാണ്. എഴുത്തുകാർക്ക് ജീവജാലനങ്ങളോടുള്ള അടുപ്പം കൗതുകം എന്നതിനപ്പുറം ജൈവികമാണ്. സുഭാഷ് ചന്ദ്രൻ പങ്കുവെച്ച കുറിപ്പ് വായിക്കാം
മുല്ലവള്ളിയും തേന്മാവും എന്നുതന്നെ ഈ ചെറുകുറിപ്പിനു പേരിടാമായിരുന്നു- എന്റെ അഞ്ചു സെന്റിലെ ഏക ഫലവൃക്ഷം ഈ പ്ലാവിനുപകരം ഒരു മാവായിരുന്നെങ്കിൽ! എങ്കിലും എനിക്കു കുണ്ഠിതമില്ല. താതകണ്വന്റെ ആശ്രമമുറ്റത്തുണ്ടായിരുന്ന ആ ശാകുന്തളസൗന്ദര്യത്തിനേക്കാളും ഒട്ടും എളുതല്ല എന്റെ ഇത്തിരിമുറ്റത്തെ ഈ മുല്ല-പിലാവു ദാമ്പത്യത്തിന്റെ മിന്നൽക്കഥയും.
അരനൂറ്റാണ്ടു കാലത്തോളം- അതെ, അമ്പത് സംവൽസരങ്ങളോളം!- കായ്ക്കാതെയും കനിയാകാതെയും ഈ മണ്ണിൽ നിന്നിരുന്ന ഒരു പ്ലാവാണിത്. വീടുപണിക്കാലത്ത് തേപ്പുകാരും പടവുകാരും പിന്നീട് അയൽക്കാരും ഗുണദോഷിച്ചു- ഈ പടുമരത്തെ അങ്ങു പട്ടുകളഞ്ഞേക്കാൻ! പണ്ടേ അനുസരണ കെട്ടവനായ ഞാൻ അതിനൊരു തറകെട്ടിക്കൊടുത്ത് അതിലൊരു മുല്ലവള്ളി പടർത്തുകയേ ചെയ്തുള്ളൂ. അതിനൊരു കാരണമുണ്ടായിരുന്നു- മനുഷ്യൻ പറഞ്ഞാൽ മരങ്ങൾ കേൾക്കുമെന്ന വിശ്വാസം!
ഇതുപോലൊരു വിഷുക്കാലത്ത് അച്ഛനാണതു പറഞ്ഞു തന്നത്: കായ്ക്കാൻ ഇനിയും മടിക്കുന്ന മാവുകളുടേയും പ്ലാവുകളുടേയും ചോട്ടിൽ വച്ച് അച്ഛൻ വിഷുപ്പടക്കങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉഗ്ര ഇനങ്ങളെ പൊട്ടിച്ചുകൊണ്ടു പറഞ്ഞു:” ഇതൊരു ചെറിയ ചികിൽസയാണെടാ. ഒരു ശബ്ദ ചികിൽസ. ഫലത്തിനു കൊള്ളരുതാത്തതിന്റെ പേരിൽ ഈ പ്ലാവിനോടും മാവിനോടുമൊക്കെ നമുക്ക് ദേഷ്യമുണ്ടെന്ന് സ്ഫോടനശബ്ദം കേട്ട് ഈ പാവങ്ങൾ കരുതും. നോക്കിക്കോ, നമ്മുടെ ഇഷ്ടം പറ്റാൻ അടുത്ത വർഷം ഇതൊക്കെ കായ്ക്ക്കും!”
അത്ഭുതം, തൊട്ടടുത്ത വർഷങ്ങളിൽ അവയോരോന്നും കായ്ച്ച് അച്ഛനെ ശരിവച്ചുകൊണ്ടിരുന്നു. ആ പാഠത്തിന്റെ കുറച്ചുകൂടി നേർപ്പിച്ച പാഠാന്തരമാണ് ഞാൻ എന്റെ പ്ലാവിൽ പരീക്ഷിച്ചത്. പറ്റുന്ന നേരങ്ങളിലെല്ലാം കെട്ടിപ്പിടിച്ചുകൊണ്ട് ഞാനീ മിണ്ടാപ്രാണിയോടുപറഞ്ഞു:
” നോക്കൂ, അരനൂറ്റാണ്ടിന്റെ ജാഢ്യമൊക്കെ മറന്നേക്കൂ. നിന്നേക്കാൾ ഇളയ എനിക്കുപോലും മുതിർന്ന മക്കളായി. ഒന്നു ശ്രമിച്ചുകള ചങ്ങാതീ!”
മുല്ലവള്ളി ആർത്തിപൂത്ത കൈകൾകൊണ്ട് അതിനെ വരിഞ്ഞു വരിഞ്ഞു പുൽകി ശ്വാസം മുട്ടിക്കുന്നതു നോക്കി ഞാനെന്റെ ഇത്തിരിമട്ടുപ്പാവിൽ ഇരുന്നു. ഷഹബാസ് അമൻ ഈ മട്ടുപ്പാവിൽ ഇരുന്നു ഗസൽ പാടിയ രാവിൽ മേലാകെ രോമാഞ്ചം പൂത്തതുപോലെ അവൾ പൂത്തുലഞ്ഞിരുന്നു.
ഇന്നിപ്പോഴിതാ, ഈ തരു-വല്ലി ദാമ്പത്യത്തിന്റെ സ’ഫല’, സൗഗന്ധിക ദൃശ്യം കണ്മുന്നിൽ! നിലത്തു നിന്നു തന്നെ പറിക്കാവുന്ന മട്ടിൽ നിറയെ ചക്കയുമായിനിന്ന് പ്ലാവും, മുറ്റം നിറയെ സുഗന്ധതൽപ്പം വിരിച്ചു കൊണ്ട് മുല്ലവള്ളിയും ഈ വിഷുക്കാലത്ത് എന്നോട് പറയാതെ പറയുന്നു:”സ്നേഹത്താൽ കായ്ക്കാത്ത, പ്രണയത്താൽ പൂക്കാത്ത ഏതു പ്രാണനുണ്ട് ‘ഭൂമി’യിൽ?”