പ്രശസ്ത കഥാകാരി ഇന്ദുമേനോൻ പങ്കുവെച്ച കുറിപ്പ് വായിക്കാം:
എല്ലുകളിലും സന്ധികളിലും ആമവാതം വന്നു തൂങ്ങിയ ജീവിത സന്ധ്യയിൽ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കി. ഒടുക്കം ഒന്ന് മാത്രമേ ശേഷിപ്പായുള്ളൂ. അത് നീയായിരുന്നു.. ചുളിവുകൾ വീണു തുടങ്ങിയ സ്വർണ്ണത്തൊലിയിലെ യൗവ്വനം, നരവീഴുന്ന വെള്ളിവരയെ മാറ്റി നീട്ടിയ കറുത്ത പട്ടുനൂൽ മുടിയുടെ സ്നേഹഗന്ധം, പ്രാത: കാല പ്രകാശരശ്മി പോലെ ജീവിതത്തെ തണുപ്പിക്കയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നീളക്കണ്ണുകളിലെ പ്രേമം. നനഞ്ഞ ഓറഞ്ചല്ലിപ്പതുപ്പിന്റെ തുപ്പലുമ്മകളിൽ പകുത്ത് തേയ്ക്കുന്ന കാമം, നെഞ്ചിന്റെ ഇടതുഭാഗത്ത് തലചേർത്തുവെക്കാൻ നീട്ടുന്ന ഹൃദയത്തലയിണയുടെ ജീവത്മിടുപ്പ്. ഓരോ കൂടിച്ചേരലുകളിലും നാവുകൊണ്ട് നിറചിത്രങ്ങൾ വരച്ചും പല്ലുകാർന്ന് ഗുഹാച്ചിത്രങ്ങളുടലിൽ മുദ്രിതമാക്കിയും നീ തരുന്ന ആഴമുള്ള വേദന.. പ്രാണനറുന്ന് ഊർന്ന് വരുന്ന ആഹ്ലാദങ്ങളും വിയർത്ത പുറന്തണുപ്പും. ഉറക്കത്തിൽ നമ്മളിരു പേരും ഒറ്റ പുതപ്പിൽ ഒട്ടി, പരസ്പരം ശ്വസിച്ച്, ഉരുകിത്തീരുന്നു.
രാവിലെയിൽ ഒരു വിളിയാണ് നീ…. നെറ്റിയിൽ തണുവിരൽ കൊണ്ടൊന്നുരതി . മുടിച്ചുരുളുപദ്രവങ്ങളെ ചെവിക്ക് പുറകിലേക്ക് മാടി, കവിളിൽ മൃദുവായൊരുമ്മ തൊട്ട് നീയെന്റെ ഉണർച്ചയിലേക്കുള്ള കാത്തിരിപ്പാകുന്നു. ചിലപ്പോൾ കാപ്പിപ്പൂ ക്കൾ ഒന്നിച്ചു പൂത്ത വയനാടൻ പ്രഭാതം, നാട്ടുപശുക്കൾ ഇല്ലാത്ത നഗരത്തിൽ, മിൽമപ്പാലൊഴിച്ച് നീയെനിക്ക് നീട്ടുന്നു. പ്രാതൽ വിശപ്പിൽ ചിലപ്പോൾ നീ പാതി വെന്ത കോഴിമുട്ടയുടെ പ്രാക് രുചി. മറിച്ച് പൊട്ടിയ അരി ദോശയിലെ മൊരിഞ്ഞ ചട്ടണിക്കഷണം. വിശപ്പൊടുക്കിയാൽ നീ പിന്നെ തണുത്തൊരു ഷവറാണ്. ചാറ്റൽ മഴക്കാലങ്ങളുടെ ആഹ്ലാദം നീയെന്റെ നഗ്നതയിൽ അലിവായ് പെയ്യുന്നു. ബേബീ സോപ്പിന്റെ ഉറുമാമ്പഴമണവും പാന്റീൻ ഷാമ്പുവിന്റെ രഹസ്യപ്പൂമണവും നീയെന്റെ ഉടൽ ചൂടിക്കുന്നു… എന്റെ മുടിയിഴകൾക്കും പിങ്കഴുത്തിനുമിടയിലെ ഇരുട്ടിലാണ് നീ വസന്തം സൂക്ഷിച്ചത്.ചിലപ്പോൾ നീ എന്റെ ഭംഗിയാകുന്നു. ബേബിക്രീമുകളും പൗഡറുമിട്ട് കരിതേച്ച് എന്നെ തിളക്കുന്നു. ചോന്ന പൊട്ടു കുത്തി എന്നെ പെണ്ണാക്കുന്നു. നീലച്ചുട്ടി പതിഞ്ഞ ആയിരം ഉഗ്രനിറങ്ങളിൽ ഉടുപ്പുകളും പട്ടിന്റെയും പരുത്തിയുടേയും പുതു രഹസ്യങ്ങൾ എനിക്ക് നീട്ടുന്നു.
ഞാൻ കരയുമ്പോൾ സങ്കടപ്പെടുമ്പോൾ കഠിന വിഷാദ സമുദ്രത്തിൽ മുങ്ങിച്ചാവുമ്പോൾ നീ പ്രേമക്കനലിലൂതിയ സന്തോഷങ്ങളുമായ് വരുന്നു. എന്റെ സ്വപ്നത്തിൽ എന്റെ അമ്മയ്ക്ക് പകരം വെച്ചൊരാൾ നീയാണ്. ചൂടുവെള്ളം ശമിപ്പിക്കാത്ത വേദനകളെ കാൽ കയറ്റി വെച്ചും രാത്രി മുഴുവൻ തലോടിയമർത്തിയും നീയെന്നിലെ രക്തസപ്ത രാത്രികളെ ആശ്വസിപ്പിക്കുന്നു . ഒരു പുരുഷന് കാമുകനും ഭർത്താവും മകനും അച്ഛനുമാകാൻ എളുപ്പമാണ് പക്ഷെ അതൊക്കെ ആയിരിക്കെത്തന്നെ ഉന്മാദിയായൊരു സ്ത്രീയ്ക്ക്, ഉള്ള് കൊണ്ട് നിസ്സഹായയും സദാ ദുർബലയുമായ ഒരുവൾക്ക് അവളുടെ അമ്മ കൂടിയായിത്തീരുക എളുപ്പമല്ല…. നീയങ്ങനെയാണ്…. തണുപ്പുള്ള മഴ ചാറ്റലിന്റെ ഈറൻ പോലൊരാൾ…. കൊടും ശൈത്യത്തിൽ ചൂടുപകരുന്ന സൂര്യവെളിച്ചം പോലൊരാൾ… ഇരുട്ടിൽ ചന്ദ്ര വെട്ട മുതിർത്ത് എനിക്ക് കാഴ്ചയായൊരാൾ…. ഞാനയാളെ സ്നേഹിക്കുന്നു…. ഞാനയാളെ പ്രേമിക്കുന്നു….. അയാളെന്റെ ജീവിതത്തിൽ എന്തല്ല എന്നറിയുന്ന അത്യാഹ്ലാദത്തിൽ…. ഞാനവനെ എന്നിലേക്കു പൂഴ്ത്താൻ പ്രേമത്തിന്റെ ആദ്യ മുറിവാകുന്നു …
എന്റെ രക്തപ്പൂക്കൾ കൊണ്ട് വസന്തകാലം ഭൂമിയെ ചോപ്പിച്ചതു പോലെ, അരൂത വിത്ത് കവിളിൽ സൂക്ഷിച്ചവനെ എന്റെ ഓമനച്ചെറുക്കാ ഞാൻ എന്റെ ഓർമ്മ കെട്ട കാലത്ത് നിന്നെ പ്രേമിച്ചു കൊണ്ടേയിരിക്കുന്നു.മുടികൾ വെള്ളി കെട്ടിയും ശബ്ദത്തെ ബധിരതയെടുത്തും കാഴ്ചയെ ആന്ധ്യതിമിരം മൂടൽ മങ്ങിച്ചും വാർദ്ധക്യത്തിന്റെ അസ്ഥികൾ നഗ്നമായ ഈ നിമിഷത്തിലും പ്രിയനേ ഞാൻ നിന്നിൽ ഇടവകാല ഞാവൽമരമായി തളിർത്ത്, പ്രേമത്തിന്റെ വയലറ്റാകുന്നു.