ഇരുൾ പെരുക്കത്തിനിടയിൽ വച്ചെങ്ങോ
തടഞ്ഞു കൈത്തുമ്പിലൊരു തിരിനാളം
വരണ്ട മണ്ണിനെ പുണർന്നുറക്കത്തിൽ
പുളകമായിടും പുതുമഴയാവാം
കുസൃതി ബാല്യതതിനിടവഴിയിലായി
കളിച്ച ഗോട്ടി തൻ തിളക്കവുമാകാം.
കുരുന്നു ചിന്തകൾ ചെറുവരാന്തയിൽ
ചിറകനക്കുന്നതറിഞ്ഞതില്ല ഞാൻ.
ഒരു ക്ഷണം കാറ്റൊന്നിടറി വീശുമ്പോൾ
ഇടതു കയ്യിനാൽ തടുത്തതില്ലെന്‍റെ
കരങ്ങളിൽതെല്ലു നനവു വച്ചുകൊ-
ന്റനൽപ്പമാം സ്വർണ്ണപ്രഭ ചൊരിഞ്ഞൊരാ
വെളിച്ചമെന്മുന്നിൽ കരിന്തിരി കെട്ടു.
നിറം കെടുന്നൊരെൻ ജരാനരകളെ
തിരിച്ചെടുക്കുവാൻ യൗവനത്തിന്റെ
പകിട്ടുമായ് വന്ന നിശാശലഭത്തിൻ
നിറമെഴുന്നൊരാ ചിറകിനടിയിലെ
മിടിപ്പിനെ കൈയ്യാൽ ഞെരിച്ചുടച്ചുവോ?