അഭിമന്യു….. . തീവ്ര സ്വപ്നമേ…..

അഭിമന്യു , ഭൂപതി പുത്രാ

പാതിവഴിയിൽ ആസുര ജന്മങ്ങൾ

പിഴുതെറിഞ്ഞ തീവ്ര സ്വപ്നമേ

പ്രണാമം,  നിണമണിഞ്ഞ

കണ്ണീരാലെൻ പ്രണാമം

നീ നടന്ന രാജ വീഥിയിൽ

ഒഴുകിപ്പടർന്ന നിൻ ജീവ രക്തത്തിൽ

ഒലിച്ചുപോയ ഇരുപതാണ്ടുകൾ

അഭിമന്യു

നിന്റെ മരണത്തിന്റെ കത്തിമുനയിൽ

എന്റെ ബോധസിരകൾ കീറി മുറിഞ്ഞല്ലോ

നിന്റെ വേദനപൂണ്ട വിലാപങ്ങൾ

എന്റെ രാവുകളെ കൊന്നൊടുക്കുന്നു

പാതിരാക്കാറ്റിലൊഴുകിയെത്തുന്ന

നിന്റെ മരണ മണി മുഴക്കങ്ങൾ

എന്റെ നെഞ്ചിലെ സങ്കടപ്പാറയിൽ

നോവ് പെയ്തതായ് തട്ടിത്തകരവെ

അഭിമന്യു

തിരശ്ചീനമായ ഏതോ കാലങ്ങളിൽ

കൊലവെറിയിലുറഞ്ഞ നീച ജന്മങ്ങൾ

സ്വപ്നങ്ങൾ പൂത്തുലഞ്ഞ

പ്രത്യാശയുടെ തന്മാത്രകളിൽ

തണലിടങ്ങൾ തേടിയ

ആകാശാന്തരങ്ങളിൽ

നവസാധകനായ്‌ ഊടാടിയ

നിന്റെ ജീവന്റെ ഉടമ്പടിക്കായ്‌

വിലക്ഷണ പാപധാരയിൽ

മരണവെറി പൂണ്ടാർത്തട്ടഹസിച്ചെത്തിയല്ലോ..

അഭിമന്യു….

മുജ്ജന്മ വീഥികളിലെങ്ങോ

നിന്റെ ചോരയ്ക്കായ്

ചതിയുടെ അകക്കാടുകളിൽ

അവർ  പതുങ്ങിയിരുന്നുവോ

അഭിമന്യു,.

ഉണ്ണാതുറങ്ങാത്ത

വിശപ്പിന്റെ   വേവുപകലുകൾ

നിരാലംബതയുടെ തുടർക്കാലങ്ങൾ

നിനക്ക് ദുരിത ജീർണതയൊരുക്കി

വ്രണിത കാലങ്ങളുടെ മുനമ്പിൽ

നിനവുകൾ പെയ്തിരുന്ന

നിന്റെ നിർമ്മല വദനം ..

ഗൃഹാതുരതയുടെ പൊള്ളിപ്പിടയലിൽ

സങ്കടക്കാറ്റൊഴുകിയ രാപ്പകലുകൾ

ഓർമ്മകളുടെ വ്രണിത കാലങ്ങൾ

പുതുകുതിപ്പായ്   കനവേറിയ

ആര്ദ്രമാം നിൻ ആത്മാവിൽ

മൃതതാളങ്ങളുടെ

അപശ്രുതിയൊഴുകിയതറിഞ്ഞില്ല നീ.

അഭിമന്യു ,

വ്യഥിത യാമങ്ങളുടെ ഉടലുണർച്ചയിൽ

ജഡീകൃത ഉടമ്പടിയുടെ

ഉയിർവേവുകൾ

നിന്നെ പൊതിഞ്ഞുവോ

ഇരുൾമറയിൽ നിന്റെ ജീവനായ്

ആർത്തിയോടലറിയെത്തിയ

അധമ കാപാലികർ തീർത്ത

ചക്രവ്യൂഹത്തിലകപ്പെട്ടു നീ

അഭിമന്യു ,

അർജുനപുത്രനായ്‌

പുനർജനിച്ചവൻ നീ

ക്യാമ്പസ് ഫ്രണ്ടായ്

ജന്മമെടുത്ത കൗരവകാലന്മാർ

കാലത്തിന്റെ കറുത്ത പിൻവഴികളിൽ

നിന്റെ പ്രാണനായ്

കൊലവെറി പൂണ്ടു  പതിയിരുന്നു

അഭിമന്യു ,

ചക്രവ്യൂഹം ഭേദിക്കാനറിയാതെ

മരണക്കെണിയിലൊടുങ്ങിയ

നിന്റെ  നിയോഗമോർത്തു

എന്റെ ചരരാശികൾ

ശപ്തകാലമൊരുക്കി

എന്നെ ശിക്ഷിക്കുന്നു ..

അഭിമന്യു ….

നിനക്കെന്റെ കണ്ണീർ പ്രണാമം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English