അഭയാർത്ഥി

abhayarthi

 

തന്റേതല്ലാത്ത കാരണത്താൽ

ഭാണ്ഡം ചുമന്നു തളർന്നവൻ ഞാൻ
സ്വന്തമെന്നു പറയാൻ ശിരസ്സിലെ
ഓർമ്മതൻ ഭാരിച്ച ഭാണ്ഡം മാത്രം.

പൊട്ടിത്തെറിച്ച ഷെല്ലുകൾക്കുള്ളിൽ
പൊട്ടിക്കരയുന്നൊരോമൽ ബാല്യം.
കത്തിയമരുന്ന കൂരയിൽ നിന്നും
പൊന്തിപ്പറക്കുന്ന ധൂമ വൃക്ഷങ്ങൾ.
ആർത്തനാദങ്ങളാൽ ചെകിടടപ്പിക്കുന്ന
പോർവിമാനത്തിന്റെ യന്ത്രച്ചിറകുകൾ
നെട്ടോട്ടമോടും മനുഷ്യ കോലങ്ങളിൽ
നിലവിളിച്ചോടുന്നു അമ്മയും പെങ്ങളും.
പെറ്റു വീണ ധരണിയെയും നോക്കി
കണ്ണീരൊഴുക്കും വൃദ്ധജന്മങ്ങളും.
ഇന്നലെ കാറ്റിൽ ഉലഞ്ഞ മരങ്ങളും
ഇന്നിതാ കരിയുടെ ചേല ചുറ്റുന്നു.
സ്വർണ്ണവർണ്ണാങ്കിത ഗോതമ്പു വയലുകൾ
കരിക്കട്ടയായി കരിഞ്ഞുണങ്ങി.

മലകളും മേടും കടലുകളും താണ്ടി
കാറ്റിൽ പറക്കും കരിയിലയാണു ഞാൻ.
നാടു കത്തിച്ചെന്റെ വീട് തീയിട്ടവർ
അഭയാർത്ഥിയെന്നൊരു പേര് തന്നു.
വേടന്റെ മുന്നിൽ വിറയാർന്ന കൈകളാൽ
രക്ഷയ്ക്കായ് കേഴുമൊരഭയാർത്ഥി ഞാൻ.

തന്റേതല്ലാത്ത കാരണത്താൽ
ഭാരം ചുമന്നു തളർന്നവൻ ഞാൻ
എന്റേതെന്നു പറയുവാൻ കൈകളിൽ
ഭാരിച്ച ഓർമ്മതൻ ഭാണ്ഡം മാത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here