യവനിക വീണു, കലാം മറഞ്ഞു,
കാലയവനിക വീണു, യോഗിവര്യനാം കലാം രംഗം വിട്ടു.
വാക്കുകള്‍ക്കൊക്കും കര്‍മ്മമാചരിച്ചൊരു കലാം,
മര്‍ത്ത്യരൂപങ്ങള്‍ക്കൊപ്പം ചരിച്ച മാനുഷദൈവം
ദൈവങ്ങള്‍ കനിഞ്ഞപ്പോളെപ്പോഴും കലഹിക്കും
രാഷ്ട്രീയദൈവങ്ങള്‍, അത്ഭുതം! ആദ്യമായൊരുമിച്ചു
പൂജ്യനായൊരു ദേവദൂതനെപ്പിടികൂടി
രാജ്യത്തിന്നത്യുന്നത പദത്തിലിരുത്തിച്ചു
രാഷ്ട്രപതിയായവിടുന്ന്, ഭാരതി ധന്യയായി
കലാം!
ക്ഷമിച്ചീടുക, ഞാനങ്ങയെയങ്ങിനെ വിളിച്ചോട്ടെ
സ്ഥാനമാനങ്ങള്‍ക്കൊക്കും വാക്കുകള്‍ കൂട്ടീടാതെ,
കാരണം ഭവാനെന്നും ഞങ്ങളെപ്പോലുള്ളോരു
സാധാരണക്കാരന്‍ മാത്രം, എല്ലാര്‍ക്കുമെന്നും മിത്രം
തികച്ചും വിഭിന്നന്‍ മറ്റു രാജശേഖരന്മാരില്‍നിന്നും,
ചെറു പുഞ്ചിരിപ്പുഷ്പം മുഖത്തെപ്പഴും പേറി
ഒരു പൂവാടിയിലോടിക്കളിക്കും ശിശു പോലെ
അവിടുന്ന്, ഇവിടെ ഞങ്ങള്‍ക്കിടയില്‍
ഉടലെടുത്തോരു ദേവപ്രസാദം,
രാഷ്ട്രീയത്തിന്‍ പേക്കാറ്റുകള്‍,
തലയില്ലാ മതങ്ങള്‍, ഉപജാപങ്ങള്‍,
കുടിലതന്ത്രങ്ങള്‍, ഇവക്കൊന്നും
പിടികൊടുക്കാതെ, ചളിക്കുളത്തില്‍
വിടര്‍ന്നോരു താമരയില പോലെ,
നിര്‍ലേപം സ്വതന്ത്രനായ് ചരിച്ച മഹായതി
അത് മഹത്തരമൊരത്ഭുതവിദ്യ.
രാഷ്ട്രത്തിന്‍റെ ആണവ, പ്രതിരോധ, വ്യോമ സ്വപ്നങ്ങള്‍ക്കെല്ലാം
ശില്‍പിയായിരുന്നിട്ടും, പ്രതിഭാസമ്പന്നനാം പുസ്തകകൃത്തായിട്ടും,
മഹത്വം പദവികള്‍ മാനശക്തികളിവ നിതരാം വീശും
ജാലവിദ്യയില്‍ മയങ്ങാതെ, അവിരതം
അവിടുന്നെങ്ങിനെ ചരിച്ചു നിര്‍ലേപനായ്?
ആജീവനാന്തമങ്ങയെ രാഷ്ട്രപതിയായ് ലഭിച്ചീടാന്‍
രാജ്യം മോഹിച്ചു, കഷ്ടം! ആ സ്വപ്നം പൂവിട്ടില്ല!
വഞ്ചന, ചപലമാം അവസരവാദം പിന്നെ
നരകം ചമച്ചീടാന്‍ അമിതമഭിവാഞ്ഛ, ഇവ
ദേവദൂതന്മാര്‍ക്കേകാറില്ല രാജ്യഭാരത്തിന്‍ ചുക്കാന്‍
കലാം!
അവിടുന്നസമാനനേതാവ് മാതൃകായോഗ്യന്‍
രാഷ്ട്രപതിഭവനത്തിന്‍ യശസ്സാകാശം മുട്ടിച്ചവന്‍
വമ്പന്മാരവിടുത്തെ മുന്‍ഗാമിമാരെല്ലാമെ
കുമ്പിട്ടുപോകും നിന്‍റെ ചരിതത്തിനുമുന്നില്‍
നീ പറന്നകന്നല്ലൊ മേഘാവലികള്‍ക്കെത്രയോ മേലെ,
മഴനനയാതെ, നീയെപ്പഴുമുദാഹരിക്കും പരുന്തുപോല്‍!
നൂറുമൊരിരുപത്തിയഞ്ചുകോടി ഭാരതമക്കളിതാ
കൂരിരുള്‍ മുറ്റും വാനം നോക്കി ആകുലം വിളിക്കുന്നു
വരിക, കലാം! വീണ്ടും ഞങ്ങളെ സഹായിക്കൂ
മതേതരത്വമെന്താണെന്നു ലോകത്തെ പഠിപ്പിക്കാന്‍
അണുവെയുടച്ചൊരു ശാന്തിതന്‍ പുഷ്പം തീര്‍ക്കാന്‍
മകുടം തലയില്‍ ചൂടി, ശിശുവെപ്പോലെ മേവാന്‍
സ്നേഹാര്‍ദ്രമായ് ചിരിച്ചാര്‍ത്ത് ദൈവത്തെ നാണിപ്പിക്കാന്‍!
(കലാം ഈ ലോകം വെടിഞ്ഞ ദിവസം എഴുതിയതാണിത്. 27.07.2017 അദ്ദേഹത്തിന്‍റെ രണ്ടാം ചരമവാര്‍ഷികമാണ്.)