ഖമീസ് മുഷൈത്ത് : കേരള സർക്കാരിൻറെ സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ അബഹ മേഖലാ കമ്മിറ്റിയുടെയും അസീർ പ്രവാസി സംഘത്തിൻറെയും സംയുക്താഭി മുഖ്യത്തിൽ അബഹ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഖമീസ് മുഷൈത്ത് ജൂബിലി ആഡിറ്റോറിയത്തിൽ നടത്തിയ പ്രവേശനോത്സവം മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർമാനും ലോകകേരള സഭ അംഗവുമായ ഡോ.മുബാറക്ക് സാനി ഉദ്ഘാടനം ചെയ്‌തു. അനുഭവങ്ങളും ജീവിത പരിസരങ്ങളുമായും ബന്ധപ്പെടുത്തി ഭാഷാപരമായ അറിവുണ്ടാക്കാൻ കുട്ടികളെ സ്വയം പ്രാപ്തരാക്കുന്ന നൂതനവും ശാസ്‌ത്രീയവുമായ മാതൃഭാഷാ പഠനബോധന സമ്പ്രദായമാണ് മലയാളം മിഷൻ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് മുഖ്യ പ്രഭാഷണം നടത്തി. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ മലയാളികളുടെ ആഗോള ജനകീയ പ്രസ്ഥാനമായി മാറിയതായും മാതൃഭാഷാ പഠനത്തിനും പ്രചാരണ പ്രവർത്തനങ്ങൾക്കും സമീപകാല ചരിത്രത്തിൽ ഇത്രയേറെ പ്രാധാന്യമേറിയ ഒരു കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസീർ പ്രവാസി സംഘം സെക്രട്ടറി സുരേഷ് മാവേലിക്കര അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ മേഖലാ കോ-ഓർഡിനേറ്റർ റഷീദ് ചെന്ദ്രാപ്പിന്നി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, പ്രസിഡൻറ് വഹാബ് കരുനാഗപ്പള്ളി, നിസാർ എറണാകുളം എന്നിവർ ആശംസകൾ നേർന്നു.അസീർ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൈരളി മാതൃഭാഷാ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവത്തിൽ നടന്നു.
ഭാഷാ പ്രതിജ്ഞാ ചടങ്ങിൽ കവി കെ.സച്ചിദാന്ദൻ രചിച്ച ഭാഷാ പ്രതിജ്ഞ രാജഗോപാൽ ക്ളാപ്പന ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ അധ്യാപകരായ രാഹുൽ രാമചന്ദ്രൻ, ധർമ്മരാജ് എന്നിവർ കവിതകൾ ആലപിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി നവ്യാനുഭവം പകർന്നു. പാട്ടുകളും കഥപറച്ചിലും സംവാദവും കൂട്ടിയിണക്കിയ മുഖാമുഖം പരിപാടിക്ക് മലയാളം മിഷൻ അദ്ധ്യപകൻ ഹാഷിഫ് ഇരിട്ടി നേതൃത്വം നൽകി. അധ്യാപകരായ അനീഷ് രാജും ധർമ്മരാജനും കുട്ടികൾക്കായി കഥകൾ അവതരിപ്പിച്ചു.
അസീർ പ്രവാസി സംഘത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൈരളി മാതൃഭാഷാ പഠന കേന്ദ്രങ്ങളിൽ മലയാളം മിഷൻറെ പ്രാഥമിക പഠന കോഴ്‌സായ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടക്കുന്നത്. മലയാളം മിഷൻറെ ഈ സൗജന്യ മാതൃഭാഷാ പഠനകോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും മേഖലാ കോ-ഓർഡിനേറ്റർ റഷീദ് ചെന്ദ്രാപ്പിന്നി(0508526066)യുമായി ബന്ധപ്പെടാവുന്നതാണ്.