ആവി തൊടാത്ത പുഴുക്കും ആവിപറക്കുന്ന ഇഡ്ഡലിയും

 

 

 

 

 

നീരാവി തൊടാത്ത, പൊരിയും പൊട്ടുകടയും അവിലും ചേർന്ന കൂട്ടിനെ, അമ്മ എന്തുകൊണ്ടാണ് പുഴുക്ക് എന്ന് പറയുന്നതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അമ്മയോടത് ചോദിക്കണം എന്നുമുണ്ടായിരുന്നു. എന്നാലും അതു ഞാൻ ഇതുവരെയും ചോദിച്ചിട്ടില്ല. അമ്മ ചിലപ്പോൾ അങ്ങനെയാണ്, അറിഞ്ഞാലും ചിലത് പറഞ്ഞുതരില്ല. അമ്മക്ക് യഥാർത്ഥ പുഴുക്ക് കുറച്ചൊന്ന് കൊണ്ടുകൊടുക്കണം, എന്നിട്ടെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു

അമ്പലത്തിൽ പുസ്തകം വെച്ചാൽ നല്ല പുഴുക്ക് പ്രസാദമായി കിട്ടുമെന്നും, പിന്നെ എന്റെയും അമ്മയുടേയും പുഴുക്കിന്റെ മേലുള്ള സംശയം കൂടി മാറ്റാനുമാണ് ഞാൻ ഇപ്പ്രാവശ്യം ഒരു പുസ്തകം അമ്പലത്തിൽ പൂജവെപ്പിന് കൊടുത്തത്. പൂജാരിയുടെ കൂടെ നിന്ന്, അമ്പലത്തിലേക്ക് വരുന്നവർക്കുള്ള വഴിപാടികൾക്കും മറ്റുമായി സഹായിക്കാനുള്ള ചേട്ടനാണ് പൂജക്ക് ശേഷം പുസ്തകവും, പ്രസാദമായി പുഴുക്കും എനിക്ക് തന്നത്. അവലും ശർക്കരയും വൻപയറും നെയ്യിൽ വറുത്തെടുത്ത എള്ളും തേങ്ങയും ഏലക്കായയും ചേർത്ത പുഴുക്ക്.

അപ്പോഴാണ് യഥാർത്ഥ പുഴുക്കിന്റെ സ്വാദ് എനിക്ക് മനസ്സിലായത്. ചെരുപ്പ് അഴിച്ചുവെച്ച, അരളിമര ചുവട്ടിലെ തിണ്ണമേൽ ഇരുന്നാണ് ആ പുഴുക്ക് കഴിച്ചത്. അമ്മക്ക് കൊണ്ടുകൊടുക്കാൻ മാത്രമുള്ള അളവ് പുഴുക്കൊന്നും കിട്ടിയതും ഇല്ല. ഒരു കൈക്കുമ്പിൾ നിറയെ- അത്രമാത്രം. നെയ്യായ കൈ ആദ്യം ട്രൗസറിലേക്ക് പോയെങ്കിലും പിന്നെ ഒരു ഉണക്കയിലമേൽ തുടച്ച്, കൈ വൃത്തിയാക്കി.

ക്ലാസ്സിലെ അശ്വിനും കാർത്തിക്കും അപ്പോഴാണ് അവരുടെ ചെരുപ്പിടായി അവിടെ എത്തിയത്. അശ്വിൻ. എസ്. നായർ എന്നാണ് അശ്വിന്റെ ഹാജർ പട്ടികയിലെ പേര്. അവനും
കാർത്തിക്കും നല്ല സുഹൃത്തുക്കളാണ്. എങ്കിലും എന്നോട് വല്ലപ്പോഴും സംസാരിക്കുക കാർത്തിക്ക് മാത്രമാണ്. എന്നത്തേയും പോലെ കാർത്തിക് അവന്റെ നെറ്റിമേൽ വലിയ ഗോപിക്കുറിയൊക്കെ ഇട്ടിട്ടുണ്ട്.

ഒരു വെള്ളമുണ്ടിലാണ് അവനിപ്പോൾ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കും മുണ്ടുടുക്കാൻ കഴിയുമെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. അശ്വിൻ എന്നെ നോക്കിയിട്ട് വലിയ ഭാവമാറ്റം കൂടാതെ മുഖം തിരിച്ചു. കാർത്തിക് അവന്റെ വെളുത്തു മെലിഞ്ഞ സുന്ദരമായ മുഖത്തുനിന്ന് എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഞാൻ തിരിച്ചും നൽകി.

അവർ രണ്ടുപേരും ചെരുപ്പിടുന്ന സമയത്താണ് അശ്വിനോട് കാർത്തിക്ക് ചോദിച്ചത്.

“നിന്റെ കണക്ക് പേപ്പർ എന്റെ കയ്യിലല്ലേ, വേണ്ടേ? വീട്ടിൽ വന്നാൽ തരാം?”

“എത്ര മാർക്കുണ്ടെടാ എനിക്ക്?”

“മുപ്പത്തിരണ്ട്”

“നിനക്കോ?”

“എനിക്ക് നാല്പത്തിനാല്”

കാർത്തിക്, എന്നെ അവരുടെ സംസാരത്തിൽ ഉൾപ്പെടുത്താൻ എന്ന വണ്ണം എന്നോടും ചോദിച്ചു.

“ജയന്തന് എത്രയാ?”

“നാല്പത്തിയെട്ട്!”- ഞാൻ പറഞ്ഞു. അപ്പോഴാണ് അശ്വിൻ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കിയത്.

രണ്ടുപേരും അവരവരുടെ സൈക്കിളിൽ പോവാൻ തുടങ്ങുന്ന സമയത്ത്, കാർത്തിക്ക് തിരിഞ്ഞ് എന്നോട് ചോദിച്ചു.

“ജയന്താ, വീട്ടിലേക്ക് വരുന്നോ?”

ഞാൻ മരത്തിണ്ണയിൽ നിന്ന് എഴുന്നേറ്റു. വീട്ടിലേക്ക് തിരിച്ചു ചെന്നാൽ-
അമ്മ പണിക്ക് പോയിട്ടുണ്ടാവും. ഒറ്റമുറി വീട്ടിൽ എത്ര നേരം ഇരിക്കും. അമ്പലത്തിൽ നിന്ന് തിരിച്ചു വന്നാൽ എല്ലാ പുസ്തകങ്ങളും ഒരുവട്ടം വായിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതിപ്പോ വൈകീട്ടായാലും വായിക്കാലോ! പക്ഷെ, വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വാതില് – ഓടാമ്പൽ വെറുതേ ഇട്ടിട്ടേ ഉള്ളൂ. കയറുകൊണ്ടു നന്നായി കെട്ടിവെക്കണം എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അത് ചെയ്തിട്ടില്ല. എന്നാലും സാരമില്ല. അമ്മ വരുമ്പോഴേക്കും ഞാൻ തിരിച്ചെത്തുമല്ലോ.

“വരാലോ”- ഞാൻ പറഞ്ഞു.

അവർക്കിടയിൽ സംസാരിക്കാൻ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. സൈക്കിൾ, കമ്പ്യൂട്ടർ ഗെയിം, ട്യൂഷൻ ക്ലാസ്, അവരുടെ സുഹൃത്തുക്കൾ, നവരാത്രി, അമ്പലം, ബൊമ്മക്കൊലു. അങ്ങനെ നീണ്ട അവരുടെ സംസാരത്തിനിടക്കു ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും തലയാട്ടിക്കൊണ്ടിരുന്നു.

ബൊമ്മക്കൊലുവിനെകുറിച്ച് കാർത്തിക്കിനോട് ചോദിക്കണം എന്നുണ്ടായിരുന്നു. എന്തായാലും അവന്റെ വീട്ടിൽ ചെന്നാൽ നേരിട്ട് കാണാലോ! പിന്നെന്തിനാണ് ഇപ്പോൾ ചോദിക്കുന്നതെന്നാലോചിച്ച് ഒന്നും മിണ്ടാതെ അവരോടൊപ്പം നടന്നു.

റോഡ് എത്തുവോളം അവർ സൈക്കിൾ ഉരുട്ടിയാണ് നടന്നത്. പിന്നീട് പ്രധാന റോഡ് എത്തിയപ്പോൾ ഞാൻ കാർത്തിക്കിന്റെ സൈക്കിളിൽ കേറി. അവരിരുവരും കൃത്യമായി സൈക്കിളിൽ റോഡിലൂടെ അരികു ചേർന്ന് ചവിട്ടിയും സംസാരിച്ചും നീങ്ങിക്കൊണ്ടിരുന്നു.

പഴയതെന്ന് തോന്നിക്കുന്ന വലിയ വീടുകളുടെ നിര. അതിനിടയിൽ പ്രത്യേകം വേർതിരിച്ചറിയാനാവാത്ത പലവീടുകൾക്കിടയിലുള്ള ഒന്നായിരുന്നു കാർത്തിക്കിന്റെ വീട്. ഗേറ്റ് കടന്ന ഉടൻ രണ്ട് പേരും സൈക്കിൾ മുറ്റത്ത് തന്നെ നിർത്തി.

കാർത്തിക്ക് എന്നോട് “വാ ജയന്താ” എന്ന് പ്രത്യേകം പറഞ്ഞു.

അമ്പലത്തിൽ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന മണത്തേക്കാൾ കൂടുതൽ നല്ല മണമായിരുന്നു കാർത്തിക്കിന്റെ വീടിന് ഉണ്ടായിരുന്നത്.

ഉമ്മറ വരാന്തയിലേക്ക് കയറുന്നതിന് മുൻപ് അശ്വിൻ വളരെ വേഗത്തിൽ കാലുകൾ കഴുകി. കാർത്തിക്ക് പക്ഷെ വളരെ സാവധാനത്തിലാണ് അവന്റെ വെളുത്ത കാലുകൾ കഴുകിയത്. കഴുകിക്കഴിഞ്ഞപ്പോൾ അവന്റെ കാലുകൾ ചുവന്നു തുടുത്തു.

പുസ്തകം വരാന്തയുടെ ഒരറ്റത്തുവെച്ച്, വെള്ളം നിറച്ച ചെമ്പുപാത്രത്തിൽ നിന്ന് സ്റ്റീൽ കപ്പിൽ വെള്ളമെടുത്തപ്പോൾ, നല്ല കനം തോന്നി. ഞാനും നല്ല പോലെ കാലുകൾ കഴുകി. കഴിഞ്ഞ ദിവസം ഇരടിമുറിഞ്ഞ തള്ളവിരൽ ഒന്നെരിഞ്ഞു. ഞാൻ കഴുകി തീരും മുൻപേ രണ്ടുപേരും അകത്തേക്ക് കയറിപ്പോയിരുന്നു. അശ്വിൻ ഇതിന് മുമ്പും ധാരാളം തവണ ഇവിടെ വന്നിട്ടുണ്ടാവും. ഉമ്മറവാതിൽ കഴിഞ്ഞാൽ കാണുന്ന കോണിപ്പടിയിലൂടെ കയറിപ്പോയ വേഗത അത് ശരിവെക്കുന്നതായിരുന്നു.

ഞാൻ അകത്തേക്ക് കയറാൻ ആവാതെ പുറത്തുതന്നെ നിന്നു. പിന്നെ രണ്ടടി പുറകോട്ട് വെച്ചു. വിശാലമായ ആ ഉമ്മറ വരാന്തയിൽ ഞാനും പിന്നെ മുന്നിൽ തറയിൽ പതിഞ്ഞുകാണുന്ന എന്റെ നനഞ്ഞ കാൽപ്പാദത്തിന്റെ വെള്ളത്താലുള്ള അടയാളവും മാത്രം.

ബൊമ്മക്കൊലുവും അതിന്റെ ചുറ്റും കൊളുത്തിവെച്ചിട്ടുള്ള വിളക്കുകളും കൊണ്ടാവാം ആദ്യത്തെ മുറിയിൽനിന്നും നല്ല മഞ്ഞ വെളിച്ചം പുറത്തേക്ക് വരുന്നതുപോലെ എനിക്ക് തോന്നിയത്. അകത്തുനിന്നു അടുക്കള സംബന്ധമായ സംസാരങ്ങളും ശബ്ദങ്ങളും മാത്രമായിരുന്നു പുറത്തുവരുന്നുണ്ടായിരുന്നത്.

കാർത്തിക്കിന്റെ ഊണിനൊക്കെ എന്നും പ്രത്യേകത ഉണ്ടായിരുന്നു. നാലാമത്തെ ബെഞ്ചിൽ ഇരിക്കുന്ന എന്റെ മൂക്കിലേക്ക് വരെ അവന്റെ പേരറിയാത്ത പല മെഴുക്കുപുരട്ടികളുടേയും പിന്നെ തൈരിന്റെയുമൊക്കെ ഗന്ധം ഓടിയെത്തും. അവനും അശ്വിനും തമ്മിലായിരുന്നു എല്ലാ പങ്കുവെപ്പും. കഴിഞ്ഞ പൂജാ അവധിയുടെ പിറ്റേദിവസമാണ് അവൻ ആ സ്വാദിഷ്ടമായ പുഴുക്ക് കൊണ്ടുവന്നത്.

ക്ലാസ്സിലേക്ക് കയറി വന്ന ഉടനെ കാർത്തിക് തന്റെ ബാഗിൽ നിന്നും ആദ്യം ഒരു പാത്രം എടുത്ത് അശ്വിന്റെ കയ്യിലാണ് കൊടുത്തത്. അശ്വിൻ അത് അവന്റെ ബാഗിനുള്ളിൽ വേഗത്തിൽ എടുത്തുവെച്ചു. പിന്നെ കാർത്തിക്, അതേ വലിപ്പത്തിലുള്ള വേറൊരു ചോറ്റുപാത്രത്തിൽ നിന്നുമാണ് മറ്റെല്ലാവർക്കുമായി പങ്കുവെച്ചത്. പേരിന് സ്വാദുനോക്കാൻ എനിക്കും കിട്ടിയെന്ന് മാത്രം.

ഇപ്പഴും അതിന്റെ മണം വരുന്നതു പോലെ. ഇന്ന് ചിലപ്പോൾ അത് ധാരാളം കിട്ടുമായിരിക്കും!

രണ്ടു മിനിട്ട് ഞാൻ അങ്ങനെതന്നെ അവിടെ നിന്നു.

“ഡേയ് സാപ്പിട വാടാ”

മുകളിലേക്ക് ശബ്ദം അയച്ചെന്നപോലെ ഉറക്കെ വിളിച്ചു പറഞ്ഞ്, പ്രായമേറിയ ഒരു സ്ത്രീ മറൂൺ സാരിചുറ്റി എന്റെ മുന്നിലേക്ക് വന്ന് നിന്നു. കാർത്തിക്കിന്റെ മുത്തശ്ശി ആയിരിക്കണം. എന്നെ കണ്ട ഉടനെ ശബ്ദം വളരെ കുറച്ച് ചോദിച്ചു.

“യാറ് നീ?”

“ഞാൻ…”

അപ്പോഴേക്കും കോണിപ്പടിയിലൂടെ ചാടിയിറങ്ങി ആദ്യം അശ്വിനും പിന്നെ കാർത്തിക്കും വന്നു. കാർത്തിക്ക് പറഞ്ഞു.

“പാട്ടീ, ഇതു ജയന്തൻ, എന്നോടേ ക്ലാസ്സിലെ പഠിക്കിറവൻ”

അവർ എന്നോട് പിന്നീടൊന്നും ചോദിച്ചില്ല. പകരം മൂന്നു പേരോടുമായി-

“മൊതൽലെ സാപ്പിട ഉക്കാറ്. കാലയിലെ പച്ചത്തണ്ണികൂടെ സപ്പിടാമെ പോനത് താനെ”

മൂന്നുപേരും വരാന്തയിൽ ഇരുന്നു. അകത്തുപോയ കാർത്തിക്കിന്റെ പാട്ടി, മുറിച്ച മൂന്ന് ചെറിയ വാഴയിലകളും ഒരു പ്ലേറ്റിൽ നിറച്ച് ഇഡ്ഡലികളും കൊണ്ടുവന്നു. എന്റെ ഇലക്കുമാത്രം അൽപം വാട്ടം കൂടുതൽ ഉള്ളതായി എനിക്ക് തോന്നി.

ഇഡ്ഡലി അവർ ഒരു സ്പൂൺ ഉപയോഗിച്ചാണ് എന്റെ ഇലയിലേക്ക് ഇട്ടത്. നാലെണ്ണം ഇട്ടു. ബാക്കിയുള്ളത് കാർത്തിക്കിന്റെയും അശ്വിന്റെയും മുന്നിലേക്ക് വെച്ച് അവർ അകത്തേക്ക് പോയി.

ഇഡ്ഡലിയിൽനിന്ന് അന്നേരം നല്ലവണ്ണം ആവി പറക്കുന്നുണ്ടായിരുന്നു. നല്ല മണമുള്ള സമ്പാറുമായാണ് അവർ തിരിച്ചു വന്നത്. എന്റെ നാല് ഇഡ്ഡലിക്ക് മീതെ അവർ സാമ്പാർ ഒഴിച്ചു തന്നു. ഒരല്പം കൂടുതൽ ആയോ എന്നുള്ള ഒരു തോന്നൽ എനിക്ക് അന്നേരം ഉണ്ടായി. കാരണം വളരെ കുറച്ച് സാമ്പാർ മാത്രമാണ്, അവർ കാർത്തിക്കിന്റേയും അശ്വിന്റെയും ഇലയിലേക്ക് ഒഴിച്ചത്. ഒരുപക്ഷെ അവർ ഓരോന്നായി എടുത്ത് കഴിക്കുന്നതുകൊണ്ടാവാം അവരങ്ങനെ ചെയ്തത്.
സമ്പാറിന് വല്ലാത്ത ഒരു സ്വാദ് ഉണ്ടായിരുന്നു. അതിനാൽ ഇഡ്ഡലി മുറിച്ച്, സമ്പാറിൽ കുഴച്ച്, സാവധാനത്തിലാണ് ഞാൻ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നത്.

അവർ രണ്ടുപേരും വേഗത്തിൽ കഴിച്ചെണീറ്റു. എന്റെ ഇലയിൽ ഒരു ഇഡ്ഡലി കൂടി ബാക്കി ഉണ്ടായിരുന്നു. കാൽ കഴുകാൻ വെള്ളം നിറച്ചുവെച്ച പാത്രത്തിന് താഴെയായി ഒരു പ്ളാസ്റ്റിക് ബക്കറ്റിലേക്ക് അവർ അവരുടെ കഴിച്ച എച്ചിലില ഇട്ട്, കൈ കഴുകി. തിരിച്ചു കേറാൻ നേരം കാർത്തിക്ക് പറഞ്ഞു.

“മെല്ലെ കഴിച്ചാൽ മതി”

അവർ കോണിപ്പടി കയറി വീടിന് അകത്തേക്ക് വീണ്ടും പോയി. അവിടെ മുകളിലാവാം കാർത്തിക്കിന്റെ മുറി. പഴയ വീടെങ്കിലും വൃത്തിയും വാസനയും നല്ലപോലെ ഉണ്ട്.

സമയം കൂടുതൽ ആയപോലെ തോന്നി.

നാലാമത്തെ ഇഡ്ഡലി ഞാൻ വേഗത്തിൽ കഴിച്ചു തീർത്തു. വിശപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. കാർത്തിക്കിന്റെയും അശ്വിന്റെയും മുന്നിലേക്ക് വെച്ചിരുന്ന ഇഡ്ഡലിയുടെ പ്ലേറ്റിൽ അപ്പോഴും രണ്ടെണ്ണം ബാക്കിയുണ്ടായിരുന്നു. ഞാൻ ചുറ്റിലും നോക്കി. ഉമ്മറ വരാന്തയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും എനിക്ക് ഇഡ്ഡലി പ്ളേറ്റിൽ നിന്നും എടുക്കാൻ ധൈര്യം വന്നില്ല. ഞാൻ സാവധാനം എണീറ്റു. ഇലയിൽ സാമ്പാർ കുറച്ചുകൂടി ബാക്കിയുണ്ടായിരുന്നു. അത് താഴേക്ക് ചോരാതെ വാഴയില ശ്രദ്ധിച്ചെടുത്ത് ആ എച്ചിലിടേണ്ട പ്ളാസ്റ്റിക് ബക്കറ്റിലേക്കിട്ടു.

കൈകഴുകുന്ന സമയത്താണ് അശ്വിൻ വന്ന് പറഞ്ഞത്.

“ഞങ്ങൾക്ക് കുറച്ചു പഠിക്കാനുണ്ട്. നീ ഇറങ്ങിക്കോ. ഞാൻ പിന്നെയേ വരുന്നുള്ളൂ.”

ഞാൻ കഴുകിയ കൈ ട്രൗസറിൽ തുടച്ചു. അശ്വിൻ വരുകയോ വരാതിരിക്കുകയോ എന്നത് എന്റെ വിഷയമായിരുന്നില്ല. ഞാൻ കാർത്തിക്കിന്റെ വരവിനെ പ്രതീക്ഷിച്ചു നിന്നു. കണ്ടില്ല.

ബൊമ്മക്കൊലു ഒന്ന് കാണണം എന്നുണ്ടായിരുന്നു. അശ്വിനോട് ചോദിക്കാൻ മടി. ഞാൻ ഇറങ്ങിയിട്ടേ അവൻ ഇനി അകത്തേക്ക് പോകുന്നുള്ളൂ എന്ന മട്ടിൽ ആണ് അവന്റെ നിൽപ്പ്.

‘ശരി’ എന്നർത്ഥത്തിൽ ഞാൻ തലയാട്ടി. ഇറങ്ങാൻ നേരം അശ്വിൻ മുകളിലേക്ക് കോണിപ്പടിയിലൂടെ ഓടിക്കയറിപ്പോയി.

തോളുകൊണ്ട് ഞാൻ നനഞ്ഞ ചുണ്ട് തുടക്കാൻ ശ്രമിച്ച് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കാർത്തിക്കിന്റെ അമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

“ജയന്താ, അന്ത തണ്ണിയെടുത്ത് നീ ഉക്കാന്ത ഇടത്തിലെ കൊഞ്ചം ഊത്തിക്കിട്ട് പോമാ” അത് പറഞ്ഞ് അവർ അകത്തോട്ട് കയറിപ്പോയി

നല്ല തിളങ്ങുന്ന ചുവന്ന നിറമുള്ള കാവിപാകിയ ഉമ്മറ വരാന്തയിൽ, ഞാൻ ഇരുന്ന ഇടത്തോ, കാർത്തിക്കും അശ്വിനും ഇരുന്ന ഇടത്തോ അഴുക്കൊന്നും കണ്ടില്ല. കേറിവരുമ്പോൾ മൂന്നുപേരും കാലൊക്കെ കഴുകിയിട്ടാണല്ലോ കേറി വന്നത്! എന്നാലും ഞാൻ കാൽ കഴുകാൻ വെച്ചിരുന്ന പാത്രത്തിൽനിന്നും കപ്പിലല്പം വെള്ളമെടുത്ത് കയ്യിലാക്കി തെളിച്ചു. ഇപ്പഴാണ് തറയുടെ ഭംഗി പോയതെന്ന് തോന്നി.
ബാക്കിയായ ആ രണ്ടിഡ്ഡലിയിൽ നിന്നും അപ്പോൾ ആവി പറക്കുന്നുണ്ടായിരുന്നില്ല.

അകത്തോട്ട് നോക്കിയാൽ ചിലപ്പോൾ ബൊമ്മക്കൊലു കാണുമായിരിക്കും. എങ്കിലും ആ സമയവും എനിക്ക് അതിനുള്ള ധൈര്യം വന്നില്ല. വരാന്തയിൽ വെച്ച എന്റെ പുസ്തകവും എടുത്ത് ഞാൻ കാർത്തിക്കിന്റെ വീട് ഇറങ്ങാൻ തുടങ്ങി.

പടി ഇറങ്ങാൻ നേരം കാർത്തിക്കിന്റെ പാട്ടി, ഉമ്മറത്തേക്ക് വന്നതും, ശേഷിച്ച ആ രണ്ടിഡ്ഡലി എച്ചിലിലയിട്ട പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇടുന്നതും ഞാൻ കണ്ടു. അന്നേരം വിശപ്പ് ഒട്ടും ഉണ്ടായിരുന്നില്ല. നെയ്മണത്തിന്റെ ഓർമ്മ മറയുകയും അമ്മക്ക് ബാക്കിവെക്കാതെ കഴിച്ചു തീർത്ത പുഴുക്കിനെയോർത്തുള്ള സങ്കടം ഏറിവരുകയും ചെയ്തു.

പഴയ വലിയ വീടുകളുടെ ഇടയിൽക്കൂടി പുറത്തേക്ക് ഇറങ്ങിയപ്പോൾ വഴി തെറ്റുന്നതുപോലെ തോന്നി തോന്നി.
വീട്ടിലേക്ക് തിരികെ നടന്ന് ചെന്നുകേറുമ്പോൾ ഉച്ചയായ പോലെ തോന്നി. നടക്കാൻ എടുത്ത സമയം ഏറെ ആയതുപോലെ. അമ്മ വന്നിരിക്കുന്നു.

“ഞാൻ കാർത്തിക്കിന്റെ വീട്ടിലേക്ക് പോയതാണ്”

“എന്തിന്?”

“ബൊമ്മക്കൊലു കാണാൻ”

“എന്നിട്ട് കണ്ടോ?”

“ഇല്ല”

“എന്തേ?”

മുറി അടിച്ചുവാരുന്ന ചൂലുകൊണ്ടാണ് അന്നേരം അമ്മ എന്നെ തുടക്ക് അടിച്ചത്. പിന്നെ അമ്മ ഒന്നും പറയാതെ അവിടെയാകെ ചിതറിപ്പോയ പൊരി, കോരിയിലേക്ക് ചൂലുകൊണ്ടു വാരിയിട്ടു. അമ്മ അടിച്ചതിലല്ല. അടിച്ച ശേഷം ഒന്നും പറയാത്തതിലാണ് എനിക്ക് അന്നേരം സങ്കടം തോന്നിയത്. അമ്മ ചിലപ്പോൾ അങ്ങനെയാണ് അറിഞ്ഞാലും ചിലത് പറഞ്ഞുതരില്ല.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English