(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പത്താമത്തെ
കഥാപ്രസംഗം)
ഗുരുവിനെ ഈശ്വരതുല്യം സ്നേഹിച്ചിരുന്ന പാരമ്പര്യമാണ് ഭാരതീയരായ നമുക്കുള്ളത്. ‘ മാതാ പിതാ, ദൈവം’ എന്ന മുദ്രാവാക്യം ഒരു കാലത്ത് ഇവിടെ ഓരോ കുഞ്ഞിന്റെയും ചുണ്ടില്‍ തിളങ്ങി നിന്നിരുന്നു.
ഗുരുവിനു വേണ്ടി പ്രാണന്‍ പോലും
കുരുതി കൊടുക്കാന്‍ തയ്യാറായ്
ഒരുങ്ങി നിന്നു നല്ലവരാകും
ഗുരുകുല വാസികള്‍ ശിഷ്യന്മാര്‍
അതെ, ഗുരുഭക്തിയുടെ ചൈതന്യം തുടിക്കുന ഒരു കഥയാണ് ഇവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുന്നത്. അതാണ് ആരുണി. അണപൊട്ടിയൊഴുകുന്ന ഗുരുഭക്തിയുടെ ഉദാത്തമായ കഥ.
സഹൃദയരെ,
ഗുരുവിന്റെ കാല്പ്പാടുകള്‍ പതിഞ്ഞ മണ്ണിനു പോലും വിശുദ്ധിയുണ്ടെന്നു സങ്കല്പ്പിച്ചിരുന്ന പഴയ കാലഘട്ടത്തിലേക്ക് നമുക്കല്പ്പനേരം കടന്നു ചെല്ലാം.
അതാ, അങ്ങോട്ടു നോക്കു അക്കാണുന്നതാണ് അയോധ ധൗമ്യന്‍ മഹര്‍ഷിയുടെ ആശ്രമപാഠശാല.
കാനനമലരുകള്‍ നൃത്തം വയ്ക്കും
പ്രശാന്തമാകും താഴ്വരയില്‍
ഉയര്‍ന്നു കേള്‍ക്കാം ശിഷ്യന്മാരുടെ
മന്ത്രോച്ചാരണ നാദങ്ങള്‍
അവിടെ മിടുമിടുക്കന്മാരായ പല വിദ്യാര്‍ത്ഥികളും പഠിച്ചിരുന്നു. അവരില്‍ പ്രധാനിയായിരുന്നു ആരുണി. ഗുരുവിനോടൊപ്പം ആശ്രമപാഠശാലയില്‍ തന്നെയാണ് അവനും താമസിച്ചിരുന്നത്. ആശ്രമത്തിന്റെ കീഴില്‍ ഗോശാലകളും വയലേലകളും പച്ചക്കറിത്തോട്ടങ്ങളും മറ്റുമുണ്ടായിരുന്നു. ഗുരുവും ശിഷ്യന്‍മാരും ചേര്‍ന്നാണ് അവിടുത്തെ ജോലിയെല്ലാം ചെയ്തു വന്നത്.
ഇതിനിടയില്‍ ഹേമന്തകാലം വന്നു. എങ്ങും മരം കോച്ചുന്ന തണുപ്പ്. ആരുണീ ഒരു ദിവസം അതിരാവിലെ ഉണര്‍ന്ന് കാട്ടിലേക്കു യാത്രയായി.
കല്ലും മുള്ളും നിറഞ്ഞ പാതകള്‍
പിന്നിട്ടങ്ങനെ മുന്നേറി
കാട്ടില് നിന്നും വിറകു പെറുക്കാന്‍
ഒറ്റക്കങ്ങനെ മുന്നേറി
ആശ്രമത്തിലേക്കു വേണ്ട വിറകു ശേഖരിക്കാനാണ് ആരുണി പോയത്. സന്ധ്യക്കു മുമ്പായി ഒരു വലിയ കെട്ട് വിറകു ശേഖരിച്ചു. അതു ചുമന്നു കൊണ്ട് അവന്‍ വിയര്‍ത്തൊലിച്ച് ആശ്രമ വളപ്പിനു സമീപമെത്തി.
അപ്പോഴാണ് ആരുണി ആ കാഴ്ച കണ്ടത് കൃഷിപ്പാടത്തിന്റെ വരമ്പ് മുറിഞ്ഞ് വെള്ളം ചോര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഇനിയും വെള്ളമൊഴുകിപ്പോയാല്‍ കൃഷിയാകെ നശിക്കും. ആശ്രമം മുഴുവന്‍ പട്ടിണിയിലാകും.
വിറകു താഴെയിട്ടിട്ട് വരമ്പു ശരിയാക്കിയാലോ? അവന്‍ ചിന്തിച്ചു. അപ്പോഴാണ് ആശ്രമത്തില്‍ അത്താഴം വയ്ക്കാന്‍ വിറകില്ലെന്ന കാര്യം അവന് ഓര്‍മ്മ വന്നത്. അവന്‍ വിറകുകെട്ടുമായി ആശ്രമത്തിലേക്കോടി.
കൂമന്‍ കൂരിരുള്‍ തിങ്ങീ മാനത്ത്
വിറകിനു പോയവനെത്താത്തതിനാല്‍
വിഷണ്ണനായി ഗുരുനാഥന്‍
അദ്ദേഹം ആശ്രമപാഠശാലയുടെ മുറ്റത്ത് ആരുണിയേത്തേടി വഴിക്കണ്ണൂമായി നോക്കി നില്ക്കുകയായിരുന്നു. അപ്പോഴാണ് അവന്‍ ഓടിക്കിതച്ചെത്തിയത്.
” എന്താ, എന്തു പറ്റി? നേരം വല്ലാതെ വൈകിയല്ലോ? നീ എന്താണിങ്ങനെ കിതക്കുന്നത്?” ഗുരു അന്വേഷിച്ചു.
” ഗുരോ നമ്മുടെ പാടത്തിന്റെ വരമ്പു മുറിഞ്ഞു വെള്ളമെല്ലാം ഒഴുകിക്കൊണ്ടിരിക്കുകയാണ് ”
ആരുണീ വെപ്രാളത്തോടെ പറഞ്ഞു.
” എന്ത് വരമ്പു മുറിഞ്ഞെന്നോ? എന്നിട്ട് നീ അതു ശരിയാക്കാതെ ഇങ്ങോട്ടു പോന്നോ? ഗുരു അല്പ്പം പരുഷ ഭാവത്തില്‍ ചോദിച്ചു.
”വിറകുകെട്ട് അവിടെ ഇറക്കി വച്ച് വരമ്പ് ശരിയാക്കാമെന്ന് ഞാന്‍ വിചാരിച്ചതാണ്. എങ്കിലും ഇവിടെ ഇന്നത്തേക്ക് വിറകില്ലായിരുന്നതു കൊണ്ട് വേഗം വന്നിട്ടു പോകാമെന്നു കരുതി ” ആരുണി വിനയപൂര്‍വം അറിയിച്ചു.
” ശരി വിറകിറക്കി വച്ചിട്ട് നീ ഉടനെ അങ്ങോട്ടു പൊയ്ക്കോളൂ ” ഗുരു പറഞ്ഞു.
വിറകിന്‍ കെട്ടുകള്‍ താഴെയിറക്കി
ട്ടോടിപ്പോയി പ്രിയ ശിഷ്യന്‍
ഗുരുവിന്‍ കല്പ്പന പാലിക്കാനായി
വേഗം പോയി പ്രിയ ശിഷ്യന്‍
അവിടെ ചെന്നപ്പോള്‍ വയല്‍ വരമ്പാകേ നാശമായി കിടക്കുന്നതാണ് ആരുണി കണ്ടത്. കുറെ തടിക്കഷണങ്ങളൂം പുല്ലും മണ്ണും ചെളിയുമൊക്കെയിട്ട് അവന്‍ വരമ്പ് ശരിയാക്കാന്‍ തുടങ്ങി. വളരെ നേരം പാടുപെട്ട് അവനവിടെ ഉറപ്പുള്ള ഒരു ചിറകെട്ടി. ഭേഷ്… വെള്ളത്തിന്റെ വരവു പെട്ടന്നു നിന്നു. അവന്റെ മനസ് സന്തോഷം കൊണ്ടു കുളീര്‍ത്തു. അഭിമാനത്താല്‍ അവന്റെ ഹൃദയം പുളകമണിഞ്ഞു.
താമസിയാതെ ആരുണി അവിടെ നിന്നും മടങ്ങി. അല്പ്പദൂരം ചെന്നതേയുള്ളു അപ്പോഴതാ, ‘ ബ്ലും’ എന്നൊരു വലിയ ശബ്ദം.
ആരുണി തിരിഞ്ഞു നിന്നു എന്താണത്? അവന്‍ ശ്രദ്ധിച്ചു. അയ്യോ ….താനുണ്ടാക്കിയ ചിറ പൊട്ടിപ്പോയിരിക്കുന്നു. വെള്ളം വീണ്ടും ശക്തിയായി ഒഴുകിപ്പോകുന്നു.
” ഗുരുവിന്‍ വയലുകള്‍ സംരക്ഷിക്കാന്‍
എന്താണിനി ഞാന്‍ ചെയ്യേണ്ടൂ
പോംവഴിയൊന്നും കാണാതാരുണീ
മിഴിച്ചു നിന്നൊരു നിമിഷം
പിന്നെ അവന്‍ പാടത്തിനരിലേക്ക് ഓടിച്ചെന്നു. താന്‍ ഒറ്റക്ക് ഈ രാത്രിയില്‍ എന്താണു ചെയ്യുക? ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. പെട്ടന്ന് ആരുണിക്ക് ബോധോധയമുണ്ടായി. വെള്ളം ഒഴുകിപ്പോകുന്ന സ്ഥാനത്ത് ചിറക്കു പകരമായി അവന്‍ തന്നെ വിലങ്ങനെ കിടന്നു.
അതോടെ വെള്ളത്തിന്റെ ഒഴുക്ക് വീണ്ടും നിലച്ചു. തണുത്തു വിറക്കുന്ന ശരീരത്തോടേ ആരുണി ചേറും ചെളീയും നിറഞ്ഞ ആ പാടവരമ്പില്‍ വളരെ നേരം കിടന്നു.
അധികം വൈകാതിടിയും മഴയും
തുടികൊട്ടും പോല്‍ വന്നെത്തി
വയലിലെ വെള്ളം കുതിച്ചുയര്‍ന്നു
കാറ്റും കോളും നടമാടി
വെള്ളം ശക്തിയായി കുതിച്ചൊഴുകാന്‍ വെമ്പല്‍ കൊണ്ടൂ. പക്ഷെ ആരുണീ അവിടെ നിന്നും അനങ്ങിയില്ല. അനങ്ങിയാല്‍ വെള്ളം മുഴുവന്‍ പുറത്തേക്ക് ഒഴുകിപോകുമെന്ന് അവന് നന്നായി അറിയാമായിരുന്നു.
നേരം വളരെ ഇരുട്ടി. വയലിലേക്കു പോയ ആരുണീ ഇതുവരെ തിരിച്ചെത്തീട്ടില്ല. എന്താണവന്‍ ഇനിയും വരാത്തത്? ഗുരുവിനു വല്ലാത്ത ആശങ്കയായി.
വലിയൊരു പന്തം തയാറാക്കി
ധൗമ്യമുനീന്ദ്രന്‍ വേഗത്തില്‍
ശിഷ്യരെയെല്ലാം വിളീച്ചു കൂട്ടി
പാടത്തേക്കു പുറപ്പെട്ടു
പാടവരമ്പത്തെത്തിയ ഗുരുവും ശിഷ്യന്‍മാരും ആര്‍ത്തി പൂണ്ട കണ്ണുകളോടെ ആരുണിയെ അന്വേഷിച്ചു. പക്ഷെ അവിടെയെങ്ങാനും അവനെ കാണാന്‍ കഴിഞ്ഞില്ല.
ഗുരുവിനു പരിഭ്രമമായി. അദ്ദേഹം ഉറക്കെ വിളീച്ചു.
” ആരുണീ ആരുണീ ഈ ഇരുട്ടില്‍ നീയെവിടെയാണ്?”
അപ്പോള്‍ ഒരു നേര്‍ത്ത നാദം ഒഴുകി വന്നു.
” ഗുരോ ഞാനിതാ ഈ വയല്‍വരമ്പിലുണ്ട്”
ഗുരുവും ശിഷ്യന്മാരും ശബ്ദം കേട്ട ദിക്കിലേക്കൂ ഓടി. അതാ വയല്‍ വരമ്പില്‍ വെട്ടിയിട്ട വാഴത്തടി പോലെ ആരുണി കിടക്കുന്നു.
എന്തീക്കാണ്‍മതു പാടവരമ്പില്‍
ആരുണീ തന്നുടെ ജഡമാണോ
ചേറില്‍ പൂണ്ടു കിടക്കുന്നല്ലോ
യാതൊരു ചലനവുമില്ലാതെ
” ആരുണീ കുഞ്ഞേ നിനക്കെന്തു പറ്റി?” ഗുരു അമ്പരപ്പോടെ ചോദിച്ചു. തല്‍ക്ഷണം അവന്റെ ഞരക്കം കേട്ട് എല്ലാവര്‍ക്കും സന്തോഷമായി.
” ഗുരോ ഞാന്‍ കെട്ടിയ ചിറ ഒലിച്ചു പോയി. പിന്നെ വെള്ളത്തിന്റെ ഒഴുക്കു തടയാന്‍ ഞാന്‍ തന്നെ പാടവരമ്പില്‍ ഒരു ചിറ പോലെ കിടന്നു ” ആരുണീ ഇഴഞ്ഞ സ്വരത്തില്‍ പറഞ്ഞൊപ്പിച്ചു.
ചേറും ചെളിയും കഴുകീട്ടവനെ
തഴുകി നന്നായ് ഗുരുദേവന്‍
ആരുണി തന്നുടെ വാക്കുകള്‍ കേള്‍ക്കാന്‍
സതീര്‍ത്ഥ്യരെല്ലാം കാതോര്‍ത്തു.
”ഗുരോ വെള്ളം മുഴുവന്‍ ഒഴുകിപ്പോയാല്‍ നമ്മുടെ കൃഷിയിടമാകെ നശിക്കില്ലേ? ആ ഒഴുക് തടയാനല്ലേ അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്? അങ്ങയുടെ വാക്കു നിറവേറ്റാതെ തിരികെ പോരുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി ” ആരുണി അഭിമാനത്തോടേ അറിയിച്ചു.
ശിഷ്യന്റെ പ്രവ്രൃത്തിയില്‍ ധൗമ്യമുനി അങ്ങേയറ്റം സന്തോഷിച്ചു. ഗുരുവിനു വേണ്ടി സ്വന്തം ജീവ ന്‍ പോലും നല്‍കാന്‍ ആരുണി സന്നദ്ധനായല്ലോ. അദ്ദേഹം അവനെ വീണ്ടും തഴുകിക്കൊണ്ടു പറഞ്ഞു.
”ആരുണി നിന്റെ കര്‍ത്തവ്യബോധവും ഗുരുഭക്തിയും എന്നെ പുളകം കൊള്ളിക്കുന്നു. വരൂ നമുക്ക് ആശ്രമത്തിലേക്കു പോകാം”
” അപ്പോള്‍ വരമ്പ് ശരിയാക്കേണ്ടേ ഗുരോ?” അതിനിടയിലും അവനാക്കാര്യം മറന്നില്ല.
” അതൊക്കെ ഞാന്‍ ശരിയാക്കിക്കൊള്ളാം”
ധൗമ്യമഹര്‍ഷി അവനെ താങ്ങിയെടുത്ത് ആശ്രമത്തിലേക്കു കൊണ്ടു പോയി.
സന്തോഷത്താല്‍ നിറഞ്ഞു പോയി
ഗുരുനയനങ്ങള്‍ നൊടിയിടയില്‍
രോമാഞ്ചത്താല്‍ കുളീര്‍ത്തു പോയി
അന്തേവാസികളിതിനിടയില്‍
ഗുരുദേവന്‍ അവന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചിട്ടു പറഞ്ഞു.
”മകനേ ആരുണി വരമ്പ് പിളര്‍ന്നു പുറത്തു വന്ന നീ ഇനിമേല്‍ ‘ഉദ്ദാലകന്‍’ എന്ന പേരില്‍ അറിയപ്പെടും. നിന്റെ പ്രവൃത്തികള്‍ നിന്റെ സതീര്‍ത്ഥ്യരിലും വെളിച്ചം വിതറും ! നിനക്കു നന്മ വരട്ടെ!”
ആരുണി നമ്രശിരസ്കനായി ഗുരുവിന്റെ തിരുമുമ്പില്‍ കൈകൂപ്പി നിന്നു.