This post is part of the series ആരും കേണലിന് എഴുതുന്നില്ല
Other posts in this series:
- ആരും കേണലിന് എഴുതുന്നില്ല – 2 (Current)
- ആരും കേണലിന് എഴുതുന്നില്ല – 1
(വിവര്‍ത്തനം : പരമേശ്വരന്‍)
സബാസ് തൊണ്ടയനക്കി. അയാള്‍ക്ക് കേണലിനേക്കാള്‍ ഉയരം കുറവായതുകൊണ്ട് കുട ഇടത്തെ കയ്യില്‍ തലയ്ക്കു മീതെ ഉയര്‍ത്തിപ്പിടിച്ചു. ജാഥ കവല വിട്ടപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. സബാസ് ശോകപൂര്‍ണ്ണമായ മുഖത്തോടെ കേണലിനെ നോക്കി പറഞ്ഞു:
‘ചങ്ങാതീ, പൂവന്റെ വിശേഷമെന്താണ്?’
‘അവനിപ്പോഴും അവിടെയുണ്ട്.’ കേണല്‍ പറഞ്ഞു.
ആ നിമിഷം ഉച്ചത്തില്‍ ഒരു കൂവല്‍ കേട്ടു:
‘ആ ശവശരീരവുമായി അവര്‍ എങ്ങോട്ടാണ് പോകുന്നത്?’
കേണല്‍ ദൃഷ്ടിയുയര്‍ത്തി. ബാരക്കിന്റെ ബാല്‍ക്കണിയില്‍ മേയര്‍ വിജൃംഭിതമായ ഭാവത്തില്‍ നില്ക്കുന്നത് കേണല്‍ കണ്ടു. ഫ്‌ളാനല്‍ കൊണ്ടുള്ള അയഞ്ഞ അടിവസ്ത്രം മാത്രമേ അദ്ദേഹം ധരിച്ചിരുന്നുള്ളു. വടിക്കാത്ത താടി തടിച്ചുവീര്‍ത്തിരുന്നു. ഗായകസംഘം നിന്നു. ഒരു നിമിഷത്തിനു ശേഷം മേയറോട് ഉച്ചത്തില്‍ വിളിച്ചുപറയുന്ന ആഞ്ചലച്ചന്റെ ശബ്ദം കേണല്‍ തിരിച്ചറിഞ്ഞു. കുടയുടെ പുറത്ത് മഴയുടെ താളത്തിനിടയിലൂടെ അവരുടെ സംസാരം അയാള്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു.
‘എന്താ?’ സബാസ് ചോദിച്ചു.
‘ഏയ് ഒന്നുമില്ല’ കേണല്‍ പറഞ്ഞു. ‘പോലിസ് കെട്ടിടങ്ങള്‍ക്കു മുന്നിലൂടെ ശവം കൊണ്ടുപോകാന്‍ പാടില്ലായിരിക്കാം.’
‘ഓ, ഞാന്‍ അതു മറന്നുപോയി.’ സബാസ് ഉച്ചത്തില്‍ പറഞ്ഞു. ‘നമ്മള്‍ പട്ടാളനിയമത്തിലാണെന്ന് ഞാന്‍ എപ്പോഴും മറക്കും.’
‘പക്ഷെ, ഇതൊരു വിപ്ലവമല്ലല്ലോ,’ കേണല്‍ പറഞ്ഞു, ‘ഇത് മരിച്ചുപോയ ഒരു പാവം ഗായകനാണ്.’
ജാഥ വഴിമാറി. അയല്പക്കത്തെ പാവപ്പെട്ട സ്ത്രീകള്‍ നഖം കടിച്ചുകൊണ്ട് ജാഥ പോകുന്നത് നിശ്ശബ്ദം നോക്കിനിന്നു. പെട്ടെന്ന് അവര്‍ വീഥിയുടെ മദ്ധ്യത്തിലേക്കു വന്ന് പ്രശംസയുടേയും കൃതജ്ഞതയുടേയും വിടയുടേയും ഭേരികള്‍ മുഴക്കി, ശവപ്പെട്ടിയിലിരുന്ന് പരേതന്‍ അവരുടെ ശബ്ദം ശ്രവിക്കുന്നു എന്ന് കരുതിയിട്ടെന്നപോലെ.
ശവം ചുമക്കുന്നവര്‍ക്കു പോകാനായി സബാസ് കേണലിനെ മതിലിനു നേരെ ഉന്തുകയും പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കുകയും ചെയ്തു. എന്നാല്‍, കേണലിന്റെ മുഖം ഗൗരവത്തിലായിരുന്നു.
‘എന്തുപറ്റി, സ്‌നേഹിതാ?’ സബാസ് ചോദിച്ചു.
കേണല്‍ നെടുവീര്‍പ്പിട്ടു. ‘ഇത് ഒക്‌ടോബറാണല്ലോ!’ അതേ തെരുവിലൂടെ തന്നെ അവര്‍ തിരിച്ചു നടന്നു. തിരക്കൊഴിഞ്ഞിരുന്നു. ആകാശം കടും നീലയായി.
‘ഇനിയും മഴ പെയ്യുകയില്ല.’ കേണലിനു തോന്നി. അയാള്‍ക്കല്പം സുഖം തോന്നി. എങ്കിലും മ്ലാനത വിട്ടുമാറിയില്ല.
‘ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചു കൂടെ?’ സബാസ് അയാളുടെ ചിന്തകളുടെ ഗതി തടസ്സപ്പെടുത്തി.
‘എനിയ്ക്കസുഖമൊന്നുമില്ല,’ കേണല്‍ പറഞ്ഞു. ‘കുഴപ്പമെന്താണെന്നുവെച്ചാല്‍, ഒക്‌ടോബറില്‍ എനിക്ക് കുടലില്‍ ജന്തുക്കളുണ്ടെന്നു തോന്നും.’
സബാസ് ‘ഹാ’ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു.
സ്വന്തം വീടിനു മുന്നില്‍ വെച്ച് അയാള്‍ വിടപറഞ്ഞു. പച്ചിരുമ്പിന്റെ ജനലഴികള്‍ വെച്ച ഒരു പുതിയ ഇരുനിലക്കെട്ടിടം. കേണല്‍ തന്റെ സൂട്ട് മാറാനുള്ള വ്യഗ്രതയോടെ വീട്ടിലേക്കു നടന്നു. അല്പനേരം കഴിഞ്ഞ് അയാള്‍ ഒരു ടിന്‍ കാപ്പിയും കോഴിക്ക് അര റാത്തല്‍ ധാന്യവും വാങ്ങാന്‍ അടുത്തുള്ള കടയിലേക്കു പോയി.
വ്യാഴാഴ്ച്ചകളില്‍ സ്വന്തം തൂക്കുമഞ്ചത്തില്‍ വെറുതെ കിടക്കാനാണ് അയാള്‍ക്കിഷ്ടമെങ്കിലും അയാള്‍ കോഴിയെ പരിചരിച്ചു. കുറെ ദിവസത്തേക്ക് തെളിച്ചമുണ്ടായില്ല. ആഴ്ച്ചയുടെ പോക്കില്‍ വയറ്റിലെ സസ്യങ്ങള്‍ പൂത്തു. ഒട്ടു വളരെ രാത്രികള്‍ അയാള്‍ ഭാര്യയുടെ ശ്വാസകോശത്തിന്റെ ചൂളം വിളി സഹിച്ച് ഉറക്കമില്ലാതെ കഴിച്ചുകൂട്ടി. പക്ഷെ, വെള്ളിയാഴ്ച്ച വൈകുന്നേരം ഒക്‌ടോബര്‍ അല്‍പ്പം ആനുകൂല്യമനുവദിച്ചു. അഗസ്റ്റിന്റെ കൂട്ടുകാര്‍-അവനെപ്പോലെ തുന്നല്‍ക്കടയിലെ ജോലിക്കാരും കോഴിപ്പോര്‍ കമ്പക്കാരും-കോഴിയെ പരിശോധിക്കാന്‍ ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. കോഴി നല്ല സ്ഥിതിയില്‍ തന്നെയായിരുന്നു.
വീട്ടില്‍ ഭാര്യയോടൊപ്പം തനിച്ചായപ്പോള്‍ കേണല്‍ കിടപ്പുമുറിയിലേക്കു മടങ്ങി. അവള്‍ സുഖം പ്രാപിച്ചിരുന്നു.
‘അവരെന്തു പറയുന്നു?’ അവള്‍ ചോദിച്ചു.
‘വലിയ ഉത്സാഹം,’ കേണലറിയിച്ചു. ‘എല്ലാവരും കോഴിയുടെ പേരില്‍ പന്തയം വെക്കാന്‍ പണം മിച്ചം പിടിച്ചുകൊണ്ടിരിക്കുകയാണ്.’
‘എനിക്കു മനസ്സിലാവുന്നില്ല, അവരെന്താണ് ആ വൃത്തികെട്ട കോഴിയില്‍ കാണുന്നതെന്ന്,’ സ്ത്രീ പറഞ്ഞു. ‘അവന്‍ വിലക്ഷണനായിട്ടാണ് എനിക്കു തോന്നുന്നത്. അവന്റെ തല കാലുകളെ അനുസരിച്ച് വളരെ ചെറുതാണ്.’
‘അവര്‍ പറയുന്നു അവന്‍ ജില്ലയിലെ ഏറ്റവും മികച്ചവനാണെന്ന്.’ കേണല്‍ പറഞ്ഞു ‘അവന് അമ്പത് പെസോ വിലമതിക്കും.’
ഒമ്പതു മാസം മുമ്പ് കോഴിപ്പോര് നടക്കുമ്പോള്‍ രഹസ്യസാഹിത്യം വിതരണം ചെയ്തതിന് വെടിവെച്ചുകൊല്ലപ്പെട്ട തന്റെ മകന്റെ സ്വത്തായ കോഴിയെ വിടാതിരിക്കാനുള്ള തന്റെ തീരുമാനത്തെ ഈ വാദം സാധൂകരിക്കുന്നു എന്നയാള്‍ക്കുറപ്പായിരുന്നു.
‘ഒരു വിലയേറിയ സ്വപ്നം തന്നെ’, ആ സ്ത്രീ പറഞ്ഞു. ‘ധാന്യം തീരുമ്പോള്‍ അവനെ നമ്മുടെ കരള്‍ തീറ്റേണ്ടി വരും.’
കേണല്‍ ചിന്തിക്കാന്‍ ഒരുപാട് സമയമെടുത്തു. ആ സമയം മുഴുവനും അയാള്‍ അലമാറയിലുള്ള വെളുത്ത ട്രൗസര്‍ നോക്കിയിരിക്കുകയായിരുന്നു.
‘ഇത് ഏതാനും മാസങ്ങളേ വേണ്ടൂ.’ അയാള്‍ പറഞ്ഞു. ‘ജനവരിയില്‍ അങ്കമുണ്ടാവുമെന്ന് ഇപ്പോഴേ അറിയാവുന്നതാണ്. അന്നവനെ കൂടിയ വിലയ്ക്ക് വില്‍ക്കാം.’
കാലുറകള്‍ ഇസ്തിരിയിടാന്‍ വൈകിയിരിക്കുന്നു. സ്ത്രീ അവ അടുപ്പിന്‍ തിണ്ണയില്‍ വിരിച്ച് ഇസ്തിരിപ്പെട്ടികള്‍ കരിയിട്ടു ചൂടാക്കാന്‍ തുടങ്ങി.
‘പുറത്തു പോകാന്‍ എന്താണിത്ര ധൃതി?’ അവള്‍ ചോദിച്ചു.
‘തപാല്‍.’
‘ഇന്ന് വെള്ളിയാഴ്ചയാണെന്ന കാര്യം ഞാന്‍ മറന്നുപോയി.’ കിടപ്പുമുറിയിലേക്കു തിരിച്ചുവരുമ്പോള്‍ അവള്‍ പറഞ്ഞു.
കേണല്‍ വേഷമണിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ കാലുറയില്ലായിരുന്നു. അവള്‍ അയാളുടെ ഷൂസുകള്‍ ശ്രദ്ധിച്ചു.
‘ആ ഷൂസുകള്‍ വലിച്ചെറിയാറായിരിക്കുന്നു. പാറ്റന്റ് ലെതര്‍ ഷൂ ധരിച്ചുകൂടേ?’
കേണല്‍ ആകെ തകര്‍ന്നപോലെ തോന്നിച്ചു. ‘അവ അനാഥന്റെ ഷൂസുകള്‍ പോലെ തോന്നിക്കുന്നു,’ അയാള്‍ പ്രതിഷേധിച്ചു. ‘അവ ധരിക്കുമ്പോഴെല്ലാം ഒരു അനാഥാലയത്തില്‍ നിന്നും ചാടിപ്പോന്നപോലെയാണ് എനിക്കു തോന്നുന്നത്.’
‘നമ്മുടെ മകന്‍ അനാഥരാക്കിയവരാണല്ലോ നാം’ ആ സ്ത്രീ പറഞ്ഞു. വീണ്ടും അവള്‍ അയാളെ നിര്‍ബ്ബന്ധിച്ചു.
യന്ത്രബോട്ടുകളുടെ ചൂളംവിളി ഉയരുന്നതിനു മുമ്പ് കേണല്‍ തുറമുഖത്തേക്കു നടന്നു. പാറ്റന്റ് ലെതര്‍ ഷൂസുകളും വെള്ള കാലുറയും കഴുത്തില്‍ ചെമ്പുകൊണ്ടുള്ള കുടുക്കു കൊണ്ട് മുറുക്കിയ കോളറില്ലാത്ത ഷര്‍ട്ടും. സിറിയക്കാരന്‍ മോസസിന്റെ കടയില്‍ നിന്നും യന്ത്രബോട്ടുകള്‍ കരയ്ക്കണയുന്നത് അയാള്‍ക്ക് കാണാമായിരുന്നു. എട്ടൂ മണിക്കൂര്‍ നേരത്തെ നിശ്ചലതകൊണ്ടു മരവിച്ച യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരുന്നു. എല്ലായ്‌പോഴും ഒരേ ആള്‍ക്കാര്‍ തന്നെ. വാണിജ്യാവശ്യത്തിനായി യാത്രചെയ്യുന്നവരും തലേ ആഴ്ച പോയി പതിവുപോലെ ഈ ആഴ്ച്ച തിരിച്ചെത്തുന്ന പട്ടണത്തില്‍ നിന്നുള്ള ആള്‍ക്കാരും. അവസാനത്തേതാണ് തപാല്‍ ബോട്ട്. അത് കരയ്ക്കണയുന്നത് ഉത്ക്കടമായ അസ്വാസ്ഥ്യത്തോടെ അയാള്‍ നോക്കിനിന്നു. ബോട്ടിന്റെ മേല്‍ക്കൂരയില്‍ പുകക്കുഴലുകളോട് ബന്ധിച്ച് നനയാത്ത തുണികൊണ്ട് പൊതിഞ്ഞ തപാല്‍സഞ്ചി അയാള്‍ കണ്ടു. പതിനഞ്ചു കൊല്ലത്തെ കാത്തിരിപ്പ് അയാളുടെ സഹജാവബോധത്തിന് മൂര്‍ച്ച കൂട്ടിയിരുന്നു, കോഴി അയാളുടെ ഉല്‍ക്കണ്ഠയ്ക്കും. പോസ്റ്റ്മാസ്റ്റര്‍ ബോട്ടില്‍ കയറിയതു മുതല്‍ സഞ്ചിയുടെ കെട്ടഴിച്ച് തോളത്ത് വെക്കുന്നതുവരെ കേണല്‍ അദ്ദേഹത്തെ തന്റെ ദൃഷ്ടിപഥത്തില്‍ തന്നെ നിര്‍ത്തി. തുറമുഖത്തിനു സമാന്തരമായി, വര്‍ണ്ണശബളമായ കച്ചവടസാധനങ്ങള്‍ നിരത്തിയ നിരവധി ചെറുതും വലുതുമായ കടകള്‍കൊണ്ട് ശബ്ദഖമുരിതമായ തെരുവിലൂടെ കേണല്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. എല്ലാ തവണയും പോലെ, ഇതാവര്‍ത്തിക്കുമ്പോള്‍, ഭയത്തില്‍ നിന്ന് വ്യത്യസ്തമായ, എന്നാല്‍, അതുപോലെ അസഹ്യമായ ഒരു ഉല്‍ക്കണ്ഠ അയാളെ മഥിച്ചു. തപാലാപ്പീസില്‍ ഡോക്ടര്‍ തന്റെ പത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു.
”ഞങ്ങളുടെ വീട്ടില്‍ വെച്ച് ഡോക്ടറുടെ മേല്‍ ഞങ്ങള്‍ തിളച്ച വെള്ളം കോരിയൊഴിച്ചോ” എന്ന് എന്റെ ഭാര്യ ചോദിക്കുന്നു,’ കേണല്‍ പറഞ്ഞു.
തലയില്‍ തിളങ്ങുന്ന കറുത്ത മുടിയോടുകൂടിയ ഒരു ചെറുപ്പക്കാരനായിരുന്നു ഡോക്ടര്‍. അദ്ദേഹത്തിന്റെ ദന്തചികിത്സയുടെ പൂര്‍ണ്ണതയ്ക്ക് അവിശ്വസനീയമായ എന്തോ ഉണ്ടായിരുന്നു. ഡോക്ടര്‍ ആസ്ത് മക്കാരിയുടെ ക്ഷേമമന്വേഷിച്ചു. ചെറിയ കള്ളികളിലേക്ക് കത്തുകളിടുന്ന പോസ്റ്റ്മാസ്റ്ററില്‍ നിന്ന് കണ്ണുകളെടുക്കാതെ തന്നെ അയാള്‍ വിശദമായ ഒരു വിവരണം നല്‍കി. പോസ്റ്റ്മാസ്റ്ററുടെ മന്ദഗതി അയാളെ അരിശം കൊള്ളിച്ചു. ഡോക്ടര്‍ പത്രങ്ങളോടൊപ്പം തനിക്കുള്ള എഴുത്തുകളും വാങ്ങി. അദ്ദേഹം വൈദ്യസംബന്ധമായ പരസ്യലഘുലേഖകള്‍ ഒരു വശത്തേക്കു വെച്ച് സ്വകാര്യ എഴുത്തുകളിലൂടെ കണ്ണോടിച്ചു. ആ സമയം പോസ്റ്റ്മാസ്റ്റര്‍ അവിടെ കൂടിയിരുന്നവര്‍ക്ക് എഴുത്തുകള്‍ കൊടുത്തുകൊണ്ടിരുന്നു. കേണല്‍ തന്റെ പേരിന്റെ ആദ്യാക്ഷരത്തിനായിട്ടുള്ള കള്ളി ശ്രദ്ധിച്ചു. നീല വക്കുകളുള്ള ഒരു എയര്‍ മെയില്‍ കത്ത് അയാളുടെ ഞെരമ്പുകളുടെ പിരിമുറുക്കം കൂട്ടി. ഡോക്ടര്‍ പത്രങ്ങളുടെ സീല്‍ പൊട്ടിച്ച് പ്രധാനവാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി. കേണല്‍ കണ്ണുകള്‍ ആ ചെറിയ കള്ളിയിലുറപ്പിച്ച് പോസ്റ്റ്മാസ്റ്റര്‍ അടുത്തുവന്നു നില്ക്കുന്നതും കാത്തു നിന്നു. പക്ഷെ, പോസ്റ്റ്മാസ്റ്റര്‍ വന്നില്ല. ഡോക്ടര്‍ വായന നിര്‍ത്തി കേണലിനെ നോക്കി. എന്നിട്ട് ടെലഗ്രാഫ് സ്വിച്ചിന്റെ മുന്നിലിരിയ്ക്കുന്ന പോസ്റ്റ്മാസ്റ്ററെ നോക്കി. വീണ്ടും കേണലിനെ നോക്കി.
‘ഞങ്ങള്‍ പോവുകയാണ്.’ അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മാസ്റ്റര്‍ തലയുയര്‍ത്തിയില്ല.
‘കേണലിനൊന്നുമില്ല’ അയാള്‍ പറഞ്ഞു.
കേണലിന് ലജ്ജ തോന്നി.
‘ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല’ അയാള്‍ നുണ പറഞ്ഞു.
തികച്ചും ബാലിശമായ ഭാവത്തോടെ അയാള്‍ ഡോക്ടറുടെ നേരെ തിരിഞ്ഞു. ‘എനിക്കാരും എഴുതാറില്ല’
അവര്‍ നിശബ്ദരായി തിരിച്ചുനടന്നു. ഡോക്ടര്‍ പത്രങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു. കേണല്‍, തന്റെ സ്വാഭാവികമായ, നഷ്ടപ്പെട്ട നാണയം തിരഞ്ഞ് തിരിച്ചു നടക്കുന്ന ആളുടെ ഭാവത്തില്‍ നടന്നു.
അതൊരു പ്രകാശമാനമായ സായാഹ്നമായിരുന്നു. കവലയിലെ ബദാം മരങ്ങള്‍ അവസാനത്തെ ചീഞ്ഞ ഇലകള്‍ പൊഴിച്ചുകൊണ്ടിരുന്നു.
അവര്‍ ഡോക്ടറുടെ ഓഫീസിന്റെ മുന്നിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
‘എന്താണ് പത്രത്തിലെ വിശേഷങ്ങള്‍?’
ഡോക്ടര്‍ അയാള്‍ക്ക് ഏതാനും പത്രങ്ങള്‍ നല്‍കി.
‘ആര്‍ക്കുമറിയില്ല,’ ഡോക്ടര്‍ പറഞ്ഞു. ‘സെന്‍സര്‍കാര്‍ അച്ചടിക്കാനനുവദിക്കുന്ന വരികള്‍ക്കിടയിലൂടെ വായിക്കുക ദുഷ്‌കരമാണ്.’
കേണല്‍ പ്രധാന തലക്കെട്ടുകള്‍ വായിച്ചു. ലോകവാര്‍ത്ത. മുകളില്‍ നാലുകോളങ്ങളിലായി സൂയസ് കനാലിനെപ്പറ്റി ഒരു റിപ്പോര്‍ട്ടുണ്ട്. മുന്‍പേജ് മുഴുവന്‍ പണം നല്‍കി പ്രസിദ്ധീകരിക്കുന്ന ചരമ അറിയിപ്പുകളാണ്.