ആശ്രമത്തിലെ വടക്കുഭാഗത്തുള്ള വിശ്രമമുറിയുടെ ജാലകം തുറന്നിട്ടാല്‍ പെരുംകുള വരമ്പിലെ പാണ്ഡവപ്പനകള്‍ കാണാം. പങ്കജത്തിന്റെ ചിതയെ രിയുമ്പോള്‍ അര്‍ജുനപ്പന കടപുഴകിവീണതില്‍ പിന്നെ ശേഷിച്ച പനകളില്‍ ആരും സ്പര്‍ശിച്ചിട്ടില്ല. ഇടിമിന്നലേറ്റ് കത്തിപ്പോയ യക്ഷിപ്പനയുടെ സ്ഥാനത്ത് മൂന്നാല് കുറ്റിപ്പനകള്‍ തലപ്പൊക്കിയിരിക്കുന്നു.
പ്രഭാഷണവും പ്രവചനവും കഴിഞ്ഞ് വിശ്രമമുറിയിലെത്തുന്ന അപ്പുമണിസ്വാമികള്‍ ചിലപ്പോള്‍ ജാലകം തുറന്നിട്ട് മണിക്കൂറുകളോളം പാണ്ഡവപ്പനകളെ നോക്കിനില്‍ക്കാറുണ്ട്. സ്വാമികളുടെ ഇന്നലെകളെക്കുറിച്ച് അറിയാവുന്ന ആരും ആ സമയത്ത് അദ്ദേഹത്തെ സമീപിക്കാറില്ല.
ഒരുനാള്‍ ജാലകത്തിലൂടെ അങ്ങനെനോക്കി നില്‍ക്കുമ്പോള്‍ അരികിലെത്തിയ ശിഷ്യനോട് സ്വാമികള്‍ മനസ്സുതുറന്നു.
“ആ നാലുപനകള്‍ക്കിടയില്‍ ഒരു പനകൂടി ഉണ്ടായിരുന്നു.”
കഥയറിയാത്ത ആ ശിഷ്യന്‍ ഇല്ലാതായ ആ പനയെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി.
“അതാണ് ഈ ഞാന്‍.” – സ്വാമികള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
ആ ശിഷ്യന് ഒന്നും മനസ്സിലായില്ല. മിഴിച്ചു നില്‍ക്കുന്ന ശിഷ്യനോട് സ്വാമികള്‍ തുടര്‍ന്നു.
“എങ്ങനെയാണ് അവളുടെ സമനിലതെറ്റിയതെന്നറിയില്ല. കാഞ്ഞിരക്കൊമ്പില്‍ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച വികാരമെന്തെന്നും നിശ്ചയമില്ല. പക്ഷെ, അതു സംഭവിച്ചു.
പിന്നീടുള്ള എന്റെ ജീവിതം എന്തിനെന്നറിയാത്ത യാത്രകളായിരുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പലതും പിന്നിട്ട് എപ്പോഴോ കാശിയിലെത്തി. അവിടെ ഒരാശ്രമത്തില്‍ വര്‍ഷങ്ങളോളാം കഴിച്ചുക്കൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത ഒരു ജീവിതം ഗുരുവിനെ അനുസരിക്കുന്നതിനപ്പുറം മറ്റൊന്നും ആലോചിച്ചില്ല.
ഗുരു അവസാനിച്ചതോടെ അവിടെനിന്നും ഇറങ്ങി. എവിടെയൊക്കെയോ അലഞ്ഞു. ഒരുപാട് തീര്‍ത്ഥങ്ങളില്‍ പലവട്ടം മുങ്ങിനിവര്‍ന്നു. ഒടുവില്‍ പെറ്റവയറിന്റെ വിളികേട്ട് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി.
ഒരു പക്ഷേ, അമ്മയുടെ ആ വിളിയാണ് എന്റെ ആറാമിന്ദ്രിയത്തിന്റെ പിറവിക്കുപിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേ, ആറാമിന്ദ്രിയം എന്നൊന്നുണ്ടങ്കില്‍ അത് അമ്മയാണ്. ആ മനസ്സാണ്.”
അല്പനേരത്തെ മൗനത്തിനൊടുവില്‍ സ്വാമികള്‍ തുടര്‍ന്നു:
“നിനക്കൊന്നും മനസ്സിലാകുന്നില്ലെങ്കില്‍ അത്രയും നല്ലത്. ഇനിയിപ്പോള്‍ മറിച്ചാണെങ്കില്‍ അതും നല്ലതിനെന്നെ കരുതുക. അല്പനേരംകൂടി ഞാനിങ്ങനെ ഈ ജാലകത്തിനരികില്‍ നില്‍ക്കട്ടെ.”
ഗുരുവിനെ നമസ്ക്കരിച്ച് ആ ശിഷ്യന്‍ അപ്പോള്‍തന്നെ പുറത്തിറങ്ങി. അതിനുശേഷം ആ ശിഷ്യനെ ആശ്രമത്തില്‍ ആരും കണ്ടിട്ടില്ല.
“അയാള്‍ അയാളുടെ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു; ലക്ഷ്യവും.”
മറ്റുള്ളവരുടെ അന്വേഷണത്തിനുള്ള മറുപടിയായി സ്വാമികള്‍ അറിയിച്ചു.
അത് സത്യമായിരുന്നു. ആ ചെറുപ്പക്കാരന്‍ അയാളുടെ അമ്മയുടെ അടുത്തുതന്നെ തിരിച്ചെത്തിയിരുന്നു.