ആനയെ മുതല പിടിച്ചു

anaകബനി നദിയുടെ തീരത്ത് അഴകില്‍ കുളിച്ചു കിടക്കുന്ന പെപ്പര്‍ ഗ്രീന്‍ വില്ലേജ് വയനാട് ജില്ലയില് ‍തിരുനെല്ലി പഞ്ചായത്തില്‍ പാല്‍വെളിച്ചം എന്ന പ്രദേശത്താണ്. ഇവിടെ എട്ടു റിസോര്‍ട്ടുകളുണ്ട്. ഷിപ്പിലെ ക്യാപ്റ്റന്‍ സാജുവിന്റെതാണ് ഈ സ്ഥാപനം

കുറവ  ദ്വീപ് സന്ദര്‍ശിക്കുന്നതിനും തോല്‍പ്പെട്ടി വനം കാണുന്നതിനു വേണ്ടി പോയപ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് സിനമണ്‍ റിസോര്‍ട്ടിലാണ്. ഭിത്തി മുളകൊണ്ട് പാനല്‍ ചെയ്ത് മുകള്‍ഭാഗം പുല്ല് മേഞ്ഞ് കണ്ണിനു കൗതുകം നല്‍കുന്ന സൗധം. മനോഹരമായ ഉദ്യാനവും പാത്ത, ഗിനി തുടങ്ങിയ പക്ഷികളും മുയലുകളും ഇവിടെയുണ്ട്. മനസിനു കുളിര്‍മ നല്‍കുന്ന കാഴ്ചകള്‍.

ഇവിടെ നിന്ന് രാവിലെ ഏഴു മണിക്ക് തോല്പ്പെട്ടി വനത്തിലേക്കു പോയി. മുപ്പതു കിലോമീറ്റര്‍ ദൂരം വന മധ്യത്തിലേക്ക് ജീപ്പിലാണ് യാത്ര ചെയ്തത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഗൈഡിനെ കൂട്ടിയാണ് വനത്തിലേക്ക് അയച്ചത് . ഗൈഡ് ആദിവാസിയാണ്. മൃഗങ്ങളുടേയും പക്ഷികളൂടേയും ഭാഷ അയാള്‍ക്ക് അറിയാം.

വനത്തിലേക്ക് പോകുന്ന വഴി ആന, മാന്‍, കുരങ്ങ് എന്നീ മൃഗങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന കണ്ടു.

കാലിനു പരുക്കേറ്റ ഒരു കൊമ്പനാനയെ കണ്ടു. അടുത്തെത്തിയിട്ടും ആന അനങ്ങാതെ നില്‍ക്കുകയായിരുന്നു. ആ കാഴ്ച കണ്ടപ്പോള്‍ ആദിവാസി  ആനക്കു പരിക്കു പറ്റിയ കഥ പറഞ്ഞു.

” ഈ ആന ഒരു ശല്യക്കാരനായിരുന്നു. വനത്തിലുള്ള മൃഗങ്ങളെ പല വിധത്തിലും ദ്രോഹിച്ചിരുന്നു. ആനയുടെ ഉപദ്രവം സഹിക്കാതായപ്പോള്‍ മൃഗങ്ങള്‍ സുരക്ഷിതമായ സ്ഥലം തേടിപ്പോയി.

ആന തോല്പ്പെട്ടി വനത്തില്‍ യഥേഷ്ടം വിഹരിച്ചു . ആരേയും ഭയപ്പെടാതെ, താന്‍ ശക്തനാണ് തന്നെ ജയിക്കാന്‍ ആരുമില്ല എന്ന ഭാവത്തിലാണ് ആന നടന്നിരുന്നത്.

ഇല്ലിമുളം കാട്ടില്‍‍ ചെന്ന് ആന നിത്യവും ഇല്ലി ഇല ഒടിച്ചു തിന്നാറുണ്ട്. ഇല്ലിമുളം കാട്ടില്‍ ഒരു കൂട്ടം മുയലുകള്‍ താവളമടിച്ചിരുന്നു. ആന മുയലുകളുടെ മാളങ്ങള്‍ ചവിട്ടി നിരത്തി.

ഒരു ദിവസം രാത്രി പൂര്‍ണ ചന്ദ്രന്‍ ഉദിച്ചപ്പോള്‍ മുയലുകള്‍ പാറയുടെ മുകളില്‍ ഒത്തുകൂടി യോഗം ചേര്‍ന്നു. ആനയുടെ ശല്യത്തില്‍ നിന്നും എങ്ങനെ രക്ഷ നേടാം എന്ന കാര്യം ചര്‍ച്ച ചെയ്തു.

” നമുക്ക് എല്ലാവര്‍ക്കും കൂടി ആനയുടെ അടുത്ത് ചെന്ന് മാളങ്ങള്‍ ചവിട്ടി നിരത്തരുതെന്ന് അപേക്ഷിക്കാം” ഒരു വയസന്‍ മുയല്‍ പറഞ്ഞു.

കാരണവര്‍ പറഞ്ഞ അഭിപ്രായം എല്ലാവരും അംഗീകരിച്ചു. പിറ്റെ ദിവസം കാരണവരുടെ നേതൃത്വത്തില്‍ സംഘടിച്ച് മുയലുകള്‍ ആനയുടെ മുമ്പില്‍ ചെന്ന് സങ്കടം ഉണര്‍ത്തിച്ചു.

”അല്ലയോ ശക്തനായ ആനത്തമ്പുരാനേ , ഞങ്ങള്‍ക്ക് അങ്ങയോട് ഒരു സങ്കടം ഉണര്‍ത്തിക്കാനുണ്ട് കേട്ടാലും”

ആന തല ഉയര്‍ത്തി ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

” എന്താണ് സങ്കടം പറഞ്ഞു കൊള്ളുക”

മുയല്‍ മുത്തച്ഛന്‍ പറഞ്ഞു.

”ഇല്ലിമുളം കാട്ടിലെ ഞങ്ങളുടെ മാളങ്ങള്‍ ചവിട്ടി നിരത്തി കളയരുത്, ഞങ്ങള്‍ പാവങ്ങളാണ്”

”ഞാന്‍ നിങ്ങളുടെ മാളങ്ങള്‍ ചവിട്ടി നിരത്തിയില്ല ഇല്ലിയില തിന്നാന്‍‍ വരാറുണ്ട്. വഴിയില്‍ കൊണ്ടു വന്ന് എന്തിനാണ് മാളങ്ങള്‍ ഉണ്ടാക്കിയത്? വേറെ എവിടെയെങ്കിലും പോയി മാളങ്ങള്‍ ഉണ്ടാക്ക് എനിക്ക് അതുവഴി വന്ന് ഇല്ലിയില തിന്നെണ്ടെ? സങ്കടം പറയാന്‍ നില്‍ക്കാണ്ട് വന്ന വഴി പൊയ്ക്കൊള്ളു ” ആന പറഞ്ഞു.

മുയലുകള്‍ സങ്കടത്തോടെ ആനയുടെ അടുത്ത് നിന്നും പോന്നു. പോകുന്ന വഴി നദിയിലറങ്ങി വെള്ളം കുടിച്ചു. നദിയുടെ കരയിലിരുന്ന് ഇനി എന്താണ് മാര്‍ഗം എന്ന് ആലോചിച്ചു.

ആ സമയം നദിയില്‍ താമസിച്ചിരുന്ന മുതല പൊങ്ങി വന്നു. മുയലുകളെ കണ്ട് മുതല ചോദിച്ചു.

” എന്താണ് മുയലുകളെല്ലാം നദിയുടെ തീരത്ത് കൂടിയിരിക്കുന്നത്”

മുയല്‍ മുത്തച്ഛന്‍ ഉണ്ടായ കാര്യങ്ങള്‍ വിശദീകരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.

മുതല പറഞ്ഞു ” ഞാന്‍ നിങ്ങളെ സഹായിക്കാം  പാവങ്ങളെ ദ്രോഹിക്കുന്ന അഹങ്കാരികളെ നിലക്കു നിറുത്തിയില്ലെങ്കില്‍ പാവങ്ങള്‍ക്ക്ക് ജീവിക്കാന്‍ പറ്റാതെ വരും.  ആന വെള്ളം കുടിക്കാന്‍  ഇവിടെ വരും അപ്പോള്‍ ഞാന്‍ ആനയോടെ ചോദിക്കാം”

ഒരു ദിവസം ആന നദിയില്‍ വന്ന് വെള്ളം കുടിക്കുന്നത് മുതല കണ്ടു. മുതല ചോദിച്ചു.

” ആനച്ചേട്ടാ എന്തിനാണ് ആ പാവം മുയലുകളുടെ മാളങ്ങള്‍ എല്ലാം ചവിട്ടി തകര്‍ത്തു കളഞ്ഞത് ?”

” നീ ആരാ ചോദിക്കാന്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും” എന്നു പറഞ്ഞ് കൊണ്ട് ആന പുഴയിലെ വെള്ളം ചവിട്ടി കലക്കി.

കണ്ടു നിന്ന മുതല പറഞ്ഞു.

” ഈ ഭൂമിയില്‍ എനിക്കും നിനക്കും മുയലുകള്‍ക്കും എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം ദൈവം തന്നിട്ടുണ്ട്. നീ എന്തിനാണ് മുയലുകളെ ജീവിക്കാന്‍ അനുവദിക്കാത്തത് ? നീ വെള്ളം കുടിച്ചു കഴിഞ്ഞില്ലേ ഇനി പോകാന്‍ പാടില്ലേ? എന്തിനാണ് വെള്ളം കലക്കി മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നത് ?”

മുതലയുടെ സംസാരം ആനക്ക് ഒട്ടും ഇഷ്ടമായില്ല. ആന പറഞ്ഞു.

” നീ എന്നെ ഉപദേശിക്കാന്‍ വരാതെ പോയില്ലെങ്കില്‍ നിന്നെയും ചവിട്ടി ഞാന്‍ ചമ്മന്തിയാക്കും. ”

എന്നു പറഞ്ഞ് ചവിട്ടാന്‍ കാലു പൊക്കി. മുതല ആനയുടെ കാലില്‍ കടിച്ചു പിടിച്ചു വലിച്ചു നദിയിലേക്കു താഴ്ത്തി എത്ര ശ്രമിച്ചിട്ടും, മുതലയുടെ കടി  വിടുവിക്കാന്‍ ആനക്ക് കഴിഞ്ഞില്ല.

നദിയില്‍ മുങ്ങിത്താണപ്പോള്‍ ആന അപേക്ഷിച്ചു.

” മുതലയച്ച എന്നെ വിടു മേലില്‍ ഞാന്‍ ആരേയും ഉപദ്രവിക്കുകയില്ല ” ആനയുടെ അഹങ്കാരം ശമിച്ചു.

മുതല ആനയെ വിട്ടു. അന്നു തുടങ്ങി ആന മര്യാദക്കാരനായി.

ആദിവാസി കഥ പറഞ്ഞ് അവസാനിപ്പിച്ചു. ഞങ്ങള്‍ തോല്പ്പെട്ടു വനത്തില്‍ നിന്ന് കുറുവ ദ്വീപിലേക്കു പോയി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English