ആനപപ്പടം..!

pappadam

അപ്പൂപ്പന്‍ കുഴിമടിയനാണ്. തീറ്റയും ഉറക്കവുമാണ് അപ്പൂപ്പന്റെ പ്രധാന ജോലി. പാവം അമ്മൂമ്മ ഓടിനടന്ന് പണിയോട് പണിയാണ്. മാര്‍ക്കറ്റില്‍ പോയി വീട്ടുസാധനങ്ങള്‍ മുഴുവന്‍ വാങ്ങണം. ഇറച്ചിയും മീനും അപ്പൂപ്പന് നിര്‍ബന്ധമാണ്‌. പപ്പടം അതിലും നിര്‍ബന്ധം! സാധാ പപ്പടം പോര. ഏറ്റവും വലിയ പപ്പടം തന്നെ വേണം. അപ്പൂപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആനപപ്പടം!! ആനപപ്പടം മൂന്നുനെരോം കിട്ടിയില്ലെങ്കില്‍ അപ്പൂപ്പന്‍ ആഹാരം കഴിക്കില്ല. പാവം അമ്മൂമ്മ ആനപപ്പടം തിരക്കി കടകള്‍ മുഴുവന്‍ കയറിയിറങ്ങും. ആ സമയം അപ്പൂപ്പന്‍ വീട്ടില്‍ കട്ടിലില്‍ ചുരുണ്ടുകൂടി കിടന്നു ഉറക്കമായിരിക്കും.

മഴക്കാലമായി. കോരിച്ചൊരിയുന്ന മഴ. മഴക്കാലത്ത് പപ്പടം കിട്ടാന്‍ ബുദ്ധിമുട്ടാണ്. വെയിലില്ലാത്തത്‌ കാരണം പപ്പടം ഉണക്കി കിട്ടുകയില്ല. അതാ കാരണം. ചില കടകളില്‍ ചെറിയ പപ്പടം കിട്ടും. പക്ഷെ, വലിയ പപ്പടം കിട്ടുകയേയില്ല.

വീട്ടില്‍ പപ്പടം തീര്‍ന്നു. അമ്മുമ്മക്ക് ആധിയായി. വേവലാതിയായി. അന്ന് രാവിലെ മുതല്‍ അപ്പൂപ്പന്‍ നിരാഹാര- വൃതത്തിലാണ്. പപ്പടം തീര്‍ന്നതുകൊണ്ടു രാവിലെ കാപ്പി കുടിച്ചില്ല. ഉച്ചക്ക് ഊണും കഴിച്ചില്ല. വൈകിട്ട് എങ്ങനെയെങ്കിലും അപ്പൂപ്പന് ആഹാരം കൊടുത്തേ പറ്റൂ. അതിനു ആനപപ്പടം വാങ്ങാന്‍ അമ്മുമ്മ സഞ്ചിയും കുടയുമായി മാര്‍ക്കറ്റിലേക്ക് യാത്രയായി.

കടകള്‍ മുഴുവന്‍ കയറിയിറങ്ങിയിട്ടും ആനപപ്പടം കിട്ടിയില്ല!? ഒരു കടക്കാരന്‍ പറഞ്ഞു: “അമ്മൂമ്മേ..ആനപപ്പടം വാങ്ങണമെങ്കില്‍ ടൗണില്‍ പോകണം..”

അമ്മൂമ്മ ടൗണിലേക്ക് ബസ് കയറി. പല കടകളിലും കയറിയിറങ്ങി. എങ്ങുനിന്നും ആനപപ്പടം കിട്ടിയില്ല! ആരോ പറഞ്ഞു: ”പപ്പടം ഉണ്ടാക്കുന്ന കമ്പനിയില്‍ പോയാല്‍ ചിലപ്പോ ആനപപ്പടം കിട്ടിയേക്കും..”

അമ്മൊമ്മ കമ്പനിയിലെത്തി. കരഞ്ഞു പിഴിഞ്ഞ് പറഞ്ഞതുകൊണ്ട് അവര്‍ ആനപപ്പടം ഉണ്ടാക്കി കൊടുക്കാമെന്നേറ്റു. അങ്ങനെ അമ്മൂമ്മ ഒരു കെട്ട് ആനപപ്പടവുമായി രാത്രി തിരിച്ചു വീട്ടിലെത്തി. അപ്പോഴും അപ്പൂപ്പന്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടന്ന് കൂര്‍ക്കം വലിക്കുകയായിരുന്നു.

അമ്മൂമ്മ അടുക്കളയിലേക്കു കയറി. ചോറും കറികളും ഉണ്ടാക്കി. ആനപപ്പടം കാച്ചി.

“അപ്പൂപ്പാ..എണീക്ക്…ചോറ് കഴിക്കൂ…”

“…ആനപപ്പടമുണ്ടോ..?”

“ഉണ്ടല്ലോ..”

“എങ്കീ കഴിക്കാം..”

അപ്പൂപ്പന്‍ ഊണ് മുറിയിലെത്തി. ഊണ് മേശപ്പുറത്തിരുന്ന് ആനപപ്പടം അപ്പൂപ്പനെ മാടി വിളിക്കുന്നു…?

“ഹായ്..! എന്ത് വലിയ പപ്പടം!! ആദ്യം ഈ പപ്പടം കഴിച്ചിട്ടുതന്നെ കാര്യം..?”

അപ്പൂപ്പന്‍ പപ്പടം പൊട്ടിച്ചു. “ട..പ്..പ്പേ…”

പെട്ടെന്നാണത്‌ സംഭവിച്ചത്!

പൊട്ടിയ പപ്പടത്തില്‍ നിന്നും അതാ ഒരു നീണ്ട് കറുത്ത തുമ്പിക്കൈ നീണ്ടു വരുന്നു!! പിന്നാലെ വെളുത്ത രണ്ട് കൊമ്പുകളും!! അതിനും പിന്നാലെ ഭീമന്‍ കുട്ടകം പോലുള്ള കറുകറുത്ത ശരീരവും!!!??

“..അ..യ്‌..യ്യോ…!!??” അപ്പൂപ്പന്‍ പേടിച്ചു വിറച്ച് പുറകോട്ടു വീണു.

തുമ്പിക്കൈ നീണ്ടുവന്ന് അപ്പൂപ്പനെ വട്ടം പിടിച്ചു കഴിഞ്ഞു.

“..അ..യ്‌..യ്യോ..!! എന്നെ ഒന്നും ചെയ്യല്ലേ…ഞാന്‍ പാവമാണേ..” അപ്പൂപ്പന്‍ വിളിച്ചു കൂവി.

പക്ഷെ ഭീകരന്‍ ആനയുണ്ടോ വിടുന്നു?

ആന സംസാരിക്കാന്‍ തുടങ്ങി!

“അയ്യടാ…ഒരു പാവം..!?..എന്റെ അപ്പൂപ്പാ..അപ്പൂപ്പന്‍ പാവമാണെന്നോ..? എന്നിട്ടാണോ ഈ പാവം അമ്മൂമ്മയെ ഇട്ട് ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നേ..? അടുക്കളപ്പണീം മാര്‍ക്കറ്റില്‍പ്പോക്കും എല്ലാം ഈ പാവം അമ്മുമ്മ തന്നെ ചെയ്യണം അല്ലേ..? അപ്പുപ്പന് സുഖമായി കിടന്നുറങ്ങിയാല്‍ മതിയല്ലോ..? മാത്രമല്ല…ആനപപ്പടമില്ലെങ്കില്‍ ആഹാരം തോണ്ടയില്‍നിന്നും താഴേയ്ക്ക് ഇറങ്ങത്തുമില്ല അല്ലേ..?..ഇനി ആനപപ്പടം വേണമെന്ന് നിര്‍ബന്ധം പിടിക്കുമോ..?”

“..ഇ..ല്ലേ….ഇനി ഞാന്‍ ഏതു പപ്പടോം കഴിച്ചോളാമേ…എന്നെ വിടോ…”

“വിടാം..ഒരു കാര്യം കൂടി…നാളെ മുതല്‍ മാര്‍ക്കറ്റില്‍ പോ യി സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടു വരണം…അടുക്കളയില്‍ അമ്മൂമ്മയെ സഹായിക്കണം…സമ്മതിച്ചോ..?

“..സ..മ്മ..തി..ച്ചു….”

ആന പിടിവിട്ടു. അപ്രത്യക്ഷനായി.

അതോടെ അപ്പൂപ്പന്‍ പിടിവാശി ഉപേക്ഷിച്ചു. നല്ല അപ്പൂപ്പനായി ജീവിച്ചു. അമ്മൂമ്മക്ക് സന്തോഷമായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here