ആനമണ്ടന്‍ അന്തപ്പന്‍ ആലുപുരം ചന്തയില്‍ നിന്നും അന്‍പതു രൂപ കൊടുത്ത് ഒരു ആടിനെ വാങ്ങി.
അന്തപ്പന്‍ രൂപ എണ്ണിക്കൊടുത്ത് കച്ചവടക്കാരനോട് ചോദിച്ചു.
” ആടിന്റെ പേരെന്താണ്?”
അന്തപ്പന്റെ ചോദ്യം കേട്ടപ്പോള്‍ കച്ചവടക്കാരന്‍ അന്തപ്പനെ ഒന്നു കളിയാക്കണമെന്നു തോന്നി.
”നശിച്ചു പോകട്ടെ” എന്നാണ് ഇവന്റെ പേര്. കച്ചവടക്കാരന്‍ പറഞ്ഞു. അന്തപ്പന്‍ അത് വിശ്വസിച്ചു.
അതിരു കവിഞ്ഞ ആനന്ദത്തോടെ ആടിനെ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു. ആടിനെ പുല്ലും പിണ്ണാക്കും കൊടുത്തു വളര്‍ത്തി.
ഒരു ദിവസം ആട് കെട്ടഴിഞ്ഞു പോയി. അന്തപ്പന്‍ ആടിനെ അന്വേഷിച്ചു ഗ്രാമത്തില്‍ ചുറ്റി നടന്നു.
അങ്ങനെ നടന്നു പോക്കുമ്പോള്‍ വയലില്‍ ഒന്നു രണ്ടു ആടുകള്‍ നില്‍ക്കുന്നതു കണ്ടു.
തന്റെ ആട് ആ കൂട്ടത്തിലെങ്ങും ഉണ്ടോ എന്നറിയാനായി അന്തപ്പന്‍ ” നശിപോകട്ടെ” എന്ന് ഉറക്കെ വിളീച്ചു.
അന്തപ്പന്റെ ആട് ആ കൂട്ടത്തിലുണ്ടായിരുന്നില്ല.
കൃഷിക്കാരന്‍ വയലില്‍ നിന്ന് കരക്കു കയറി വന്ന് അന്തപ്പനെ ശകാരിച്ചു.
” നീ എവിടെ നിന്നു വരുന്ന മണ്ടനാടാ? വിതക്കുന്നതു കണ്ടാല്‍ നശിച്ചു പോകട്ടെ എന്നല്ല പറയേണ്ടത് നന്നായി വരട്ടെ എന്നു പറയണം കെട്ടോ പൊയ്ക്കോ”
അന്തപ്പന്‍ അവിടെ നിന്ന് അല്പ്പം നടന്നപ്പോള്‍ ഒരു വീടിനു തീ പിടിച്ചിരിക്കുന്നതു കണ്ടു. ആ കാഴ്ച കണ്ട അന്തപ്പന്‍ ” നന്നായി വരട്ടെ” എന്നു വിളീച്ചു പറഞ്ഞു.
തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവര്‍ അന്തപ്പനെ ചീത്ത വിളീച്ചു.
” എവിടെ കിടന്ന ആനമണ്ടനാടാ ഇവന്‍ വീടിനു തീ പിടിച്ചിരിക്കുന്നതു കണ്ടാല്‍ നന്നായി വരട്ടെ എന്ന് പറയുകയല്ല വേണ്ടത് വാഴ വെട്ടി തീ തല്ലിക്കെടുത്തണം മേലില്‍ ഇങ്ങനെ കണ്ടാല്‍ തല്ലിക്കെടുത്താന്‍ ശ്രമിക്കണം കെട്ടോ!”
അന്തപ്പന്‍ സമ്മതിച്ചു.
അവന്‍ അവിടെ നിന്നും ആടിനെ അന്വേഷിച്ചുള്ള യാത്ര തുടര്‍ന്നു. കുറെ ചെന്നപ്പോള്‍ കുശവന്റെ ചൂളയില്‍ കലങ്ങള്‍ വെന്ത് ചുവന്നിരിക്കുന്നതു കണ്ടു. പുകയും തീയും ഉണ്ടായിരുന്നു. അടുത്ത് ആരേയും കണ്ടില്ല. അന്തപ്പന്‍ അടുത്തു നിന്ന വാഴ പറിച്ചു തല്ലി തീ കെടുത്താന്‍ ശ്രമിച്ചു. കലങ്ങള്‍ എല്ലാം പൊട്ടി തകര്‍ന്നു പോയി.
ഈ കാഴ്ച കണ്ട് കൊണ്ട് കുശവനും ഭാര്യയും ഓടി വന്നു അന്തപ്പനെ പൊതിരെ തല്ലി. ചീത്തയും പറഞ്ഞു.
” ഏത് മലമുക്കില്‍ കിടന്ന മരമണ്ടനാടാ ഇവന്‍ ! മേലില്‍ ഇതു പോലെ ചെയ്യരുത്. കലം കണ്ടാല്‍ മുട്ടി നോക്കണം വില ചോദിക്കണം അല്ലാതെ തല്ലിത്തകര്‍ക്കരുത് ”
അന്തപ്പന്‍ കുശവന്‍ പറഞ്ഞത് സമ്മതിച്ചു അവിടെ നിന്ന് യാത്ര പുറപ്പെട്ടു. അല്പ്പ ദൂരം ചെന്നപ്പോള്‍ നാല കഷണ്ടിത്തലയന്‍മാര്‍ നാല്‍ക്കവലയില്‍ നിന്നും സംസാരിക്കുന്നതു കണ്ടു. അന്തപ്പന്‍ അവരെ കണ്ടപ്പോള്‍ അടുത്ത് ചെന്ന് തലക്കു മുട്ടി നോക്കി കൊണ്ടു ചോദിച്ചു.
” എന്താ വില?”
കഷണ്ടിക്കാര്‍ നാലുപേരും കൂടി അന്തപ്പനെ കളിയാക്കി.
” എടാ മരത്തലയ പ്രായമായവരെ കണ്ടാല്‍ ബഹുമാനിച്ച് തൊഴുത് വണങ്ങണം. മനസിലായോ മേലില്‍ അങ്ങനെ ചെയ്തു കൊള്ളണം ”
അന്തപ്പന്‍ സമ്മതിച്ചു. അവന്‍ അവിടെ നിന്ന് പോയി കുറച്ചു നടന്നപ്പോള്‍ ഒരു വയസന്‍ ഭിക്ഷക്കാരന്‍ എതിരെ വരുന്നതു കണ്ടു അയാളെ തൊഴുതു വണങ്ങി.
അപ്പോള്‍ ഭിക്ഷക്കാരന്‍ പറഞ്ഞു.
”എനിക്ക് ഭിക്ഷ തരാന്‍ കഴിയില്ലെങ്കില്‍ എന്നെ ഇങ്ങനെ തൊഴുവുകയൊന്നും വേണ്ട. പോടാ തെണ്ടി എന്റെ കയ്യില്‍ ഒന്നും ഇല്ലാ എന്ന് പറഞ്ഞാല്‍ മതി . മേലില്‍ എന്നെപ്പോലെയുള്ളവരെ കണ്ടാല്‍ അങ്ങനെ ചെയ്താല്‍ മതി കെട്ടോ!”
അന്തപ്പന്‍ അത് സമ്മതിച്ചു. അവന്‍ അവിടെ നിന്ന് യാത്ര തുടര്‍ന്നു. അങ്ങനെ പോകുമ്പോള്‍ ഗ്രാമത്തലവന്‍ വരുന്നതു കണ്ടു അന്തപ്പന്‍ പറഞ്ഞു. ” പോടാ തെണ്ടി എന്റെ കയ്യിലൊന്നുമില്ല”
അന്തപ്പന്റെ സംസാരം കേട്ടപ്പോള്‍ ഗ്രാമത്തലവന്റെ സേവകന്മാര്‍ക്ക് ദേഷ്യം വന്നു. അവര്‍ അന്തപ്പനെ തല്ലി.
” മേലില്‍ തന്നേക്കാള്‍ വലിയവനെ കണ്ടാല്‍ തൊഴുതു ബഹുമാനിക്കണം കെട്ടോ” അവര്‍ അന്തപ്പനോടു പറഞ്ഞൂ.
അന്തപ്പനങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു അവിടെ നിന്നും നടന്നു. കുറെ നടന്നപ്പോള്‍ തന്നേക്കാള്‍ വലിയ ഒരു ആന മദമിളകി വരുന്നതു കണ്ട് ബഹുമാനത്തോടെ തൊഴുതു നിന്നു.
ആന അന്തപ്പനെ ചവിട്ടിക്കൊന്നു.
കാര്യങ്ങള്‍ വേണ്ട പോലെ ഗ്രഹിക്കാനുള്ള വിവേക ബുദ്ധിയില്ലെങ്കില്‍ അപകടത്തില്‍ ചാടും.