ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്രയൊന്നുമല്ല എന്റേത്. എന്റെ മോളുടെ വല്ല്യമ്മയായി, നിങ്ങളുടെ ഒപ്പം ഞാനുണ്ടാകും. എന്നാലും ഹിമാലയയാത്രയല്ലേ! കാലം നമുക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് ഇനിയും നമുക്കറിയാനായിട്ടില്ലല്ലോ…. അതുകൊണ്ടുതന്നെ ഡോക്ടറോടും മീരയോടും എനിക്കൊരപേക്ഷയുണ്ട്. മോള്‍ക്ക് തിരിച്ചറിവാകുമ്പോള്‍ അവളേയും കൊണ്ട് തിരുനെല്ലി വരെ ഒന്നു പോകണം. അവളുടെ സ്വന്തം അച്ഛനല്ലെങ്കിലും അവളെക്കൊണ്ട് നന്ദേട്ടനുവേണ്ടി പിതൃദര്‍പ്പണം നടത്തണം. സ്വന്തമല്ലെന്നുറപ്പായിട്ടും മോളോട് അത്രയ്ക്കടുപ്പമായിരുന്നു നന്ദേട്ടന്. അവളുടെ കൈകൊണ്ട് ഒരുരുളചോറും തിലകവും….അത് മതി നന്ദേട്ടന് എല്ലാം ക്ഷമിക്കാന്‍…..
“ഭസ്മാ… നീ എന്റേതാണ്…… എന്റേത് മാത്രം….” നന്ദേട്ടന്റെ ശബ്ദം ഏതുറക്കത്തിലും അവള്‍ക്കത് തിരിച്ചറിയാനാവും. ഷോക്കെറ്റതുപോലെ അവള്‍ ഞെട്ടിത്തിരിഞ്ഞ് നാലുപാടും നോക്കി. മഞ്ഞുപാളികള്‍ കാറ്റിനൊത്തു പതിയെ തുഴഞ്ഞുനീങ്ങിയപ്പോള്‍ പിന്നില്‍ വന്ന മീരയേയും പ്രസാദിനെയും ലച്ചുമോളേയും അവള്‍ കണ്ടു.
പക്ഷേ, അവള്‍ പിന്തിരിഞ്ഞില്ല.
നന്ദേട്ടന്‍…. തന്റെ നന്ദേട്ടന്റെ ആത്മാവ് തന്നോട് ക്ഷമിച്ചിരിക്കുന്നു. മനസ്സുകൊണ്ട് താന്‍ തര്‍പ്പണം ചെയ്ത ഈ കൈകുമ്പിളിലെ തീര്‍ത്ഥം നന്ദേട്ടന്റെ ആത്മാവ് സ്വീകരിച്ചിരിക്കണം. ഈ മേഘക്കീറുകളിലെവിടെയോ ഒളിച്ച് നന്ദേട്ടന്‍ തന്നെ വന്നു തൊട്ടിരിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു കുളിര്‍ക്കാറ്റ് തന്നെയാകെ വന്നുപൊതിയുന്നതറിഞ്ഞു ഭസ്മ….
ജീവിത പ്രയാണത്തിന്റെ ആനന്ദവും ഉദ്വേഗവും പ്രണയവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന ഗിരിജ സേതുനാഥിന്റെ ഈ നോവല്‍ അറിഞ്ഞോ അറിയാതെയോ നാമൊക്കെ ഒരേപോലെ തെറ്റുകാരും ഇരകളുമാകുന്നതിന്റെ അമ്പരപ്പിക്കുന്ന ഒരു കഥ പറയുന്നു.
ഈ കൈക്കുമ്പിളില്‍, ഗിരിജാ സേതുനാഥ്, നോവല്‍, വില: 240.00