അനിലിന്റെ വീട്ടില്‍ അനവധി ഇനം നായകള്‍, പലതരം പശുക്കള്‍ കോഴി, പാത്ത, ഗിനി, താറാവ് എന്നിവയുണ്ട് . മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തി വില്‍ക്കലാണ് അനിലിന്റെ ജോലി.
ഒരു ദിവസം അനിലിന്റെ ഡാഷ് വര്‍ഗത്തില്‍ പെട്ട നായ പ്രസവിച്ച് ഒരു കുഞ്ഞുണ്ടായി . അമ്മയും കുഞ്ഞും കൂട്ടില്‍ സുഖമായി കഴിഞ്ഞു വന്നു. ആവശ്യം പോലെ ആഹാരം കൂട്ടില്‍ കിട്ടിയിരുന്നു. വളര്‍ന്നു വന്നപ്പോള്‍ നായക്കുട്ടി കൂട്ടില്‍ നിന്നു പുറത്തു കടന്ന് മുറ്റത്തു കൂടെ ഓടി നടക്കാന്‍ തുടങ്ങി. . അമ്മ മകനോട് കൂട്ടില്‍ നിന്നു പുറത്തു കടന്ന് ഒറ്റക്കു ഓടി നടക്കരുതെന്നു പറയാറുണ്ട്. പക്ഷെ അവന്‍ അതു കാര്യമാക്കാറില്ല.
ഒരു ദിവസം നായക്കു ഭക്ഷണം തയാറാക്കുന്ന വീട്ടമ്മ ഇറച്ചി വേവിക്കുന്നതു കണ്ടു . ഇറച്ചിയുടെ മണം മൂക്കില്‍ വന്നു അടിച്ചപ്പോള്‍ നായക്കുട്ടിയുടെ വായില്‍ വെള്ളമൂറി. ഇറച്ചി തിന്നണമെന്നു തോന്നി , നായക്കുട്ടിയുടെ അമ്മ നല്ല ഉറക്കമാണ്. നായക്കുട്ടി പതുക്കെ കൂട്ടില്‍ നിന്നും പുറത്തു കടന്നു. വീട്ടമ്മയുടെ അടുത്തെ ചെന്നു പറഞ്ഞു.
‘അമ്മേ എനിക്കു ഇറച്ചി തിന്നാന്‍ കൊതിയാകുന്നു.’
നായക്കുട്ടിയുടെ പറച്ചില്‍ കേട്ടപ്പോള്‍ വീട്ടമ്മ ഒരു എല്ലിന്‍ കഷണം ഇട്ടു കൊടുത്തു. അതെടുത്തുകൊണ്ട് നായക്കുട്ടി ഓടി. ഓടിപ്പോകുമ്പോള്‍ നായ്ക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ അടുക്കി വച്ചിരിക്കുന്ന പാത്രങ്ങളില്‍ തട്ടി പാത്രങ്ങള്‍ മറിഞ്ഞു വീണൂ കിലു കിലു ശബ്ദം ചുറ്റുപാടും മുഴങ്ങിക്കേട്ടു.
നായക്കുട്ടി അതു ശ്രദ്ധിക്കാതെ ഓടിപ്പോയി കൂട്ടിലിരുന്ന് എല്ലിന്‍ കഷണം കടിച്ചു മുറിച്ചു തിന്നുകൊണ്ടിരുന്നു.
കോഴിക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ ചികഞ്ഞിട്ടു കൊണ്ടു നിന്ന തള്ളക്കോഴി ശബ്ദം കേട്ടു ഭയന്നു കരഞ്ഞു കൊണ്ട് പറന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു എന്തെങ്കിലും സംഭവിച്ചോ എന്നതായിരുന്നു തള്ളക്കോഴിയുടെ ഭയത്തിനു കാരണം.
കോഴിക്കുഞ്ഞുങ്ങള്‍ ഓടിച്ചാടി കരിയിലയില്‍ ഒളീച്ചു. നിലത്തു കൂടി ഓടിക്കളീച്ചു നടന്ന അണ്ണാറക്കണ്ണന്മാര്‍ ശബ്ദം കേട്ട് പേടിച്ച് അടുത്തു നിന്ന മൂവാണ്ടന്‍ മാവിലേക്ക് ഒറ്റ ചാട്ടം. ചില്ലക്കൊമ്പിലൂടേ നടന്നു അപ്പോള്‍ മാവില്‍ പടര്‍ന്നു കയറിക്കിടന്ന ഫാഷന്‍ഫ്രൂട്ടിലെ പഴുത്ത പഴങ്ങള്‍ ഞെട്ടറ്റു വീണൂ.
താഴെ തീറ്റ തിന്നു കൊണ്ടു നിന്ന ഗിനികളുടെ മേലാണ് ഫാഷന്‍ ഫ്രൂട്ട് വന്നു വീണത്. ഗിനികള്‍ ഭയന്ന് കരഞ്ഞ് കൂട്ടത്തോടെ പറന്നു നാലുപാടും പോയി. അവയുടെ കരച്ചില്‍ വലിയ ബഹളമായി ഗിനികളുടെ കരച്ചിലും പറക്കലും ഉണ്ടാക്കിയ ബഹളം കേട്ട് പാത്തകള്‍ പരിഭ്രാന്തരായി. നായ കൂട്ടില്‍ നിന്ന് പുറത്തു കടന്ന് തങ്ങളെ ഓടിക്കാന്‍ വരുകയാണോ എന്നു സംശയിച്ച് അവ കരഞ്ഞു കൊണ്ട് നാലുപാടും ഓടി.
ഗിനികളുടെ കൂട്ടക്കരച്ചിലും പറക്കല്‍ കണ്ടും ആഞ്ഞിലിമരത്തില്‍ ആഞ്ഞിലി പഴം തിന്നിരുന്ന കാക്കള്‍ കരഞ്ഞു കൊണ്ട് നാലുപാടും പറന്നു. ഗിനികളുടെയും കാക്കകളുടേയും കരച്ചിലും ബഹളവും കേട്ട് തൊഴുത്തില്‍ നിന്ന പശുക്കള്‍ ഭയന്നു കൂട്ടക്കരച്ചിലായി. ഈ ഒച്ചയും ബഹളവും കേട്ട് കൂട്ടില്‍ കിടന്ന നായകള്‍ കുരയ്ക്കാന്‍ തുടങ്ങി . നായകളുടെ നിറുത്താതെയുള്ള കുര അയല്ക്കാരുടെ ശ്രദ്ധയില്‍ പെട്ടു.
എന്തിനധികം പറയുന്നു നായകളുടെയും പശുക്കളുടെയും ഗിനികളുടെയും കോഴികളുടെയും കാക്കകളുടെയും ബഹളം നാടു മുഴുവന്‍ മുഴങ്ങിക്കേട്ടു.
ഇതൊന്നുമറിയാതെ നമ്മുടെ നായക്കുട്ടി എല്ലിന്‍ കഷണം കടിച്ചു മുറിച്ചു അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയോടു ചോദിച്ചു.
‘ എന്താ അമ്മേ ഇത്ര വലിയ ബഹളം ആകാശം ഇടിഞ്ഞു വീണോ?”